ഡൽഹിയിൽ കേജ്‌രിവാൾ ഗവൺമെന്റിന്റെ പതനത്തിൽ അസാധാരണമായോ അസംഭവ്യമായോ ഒന്നുമില്ല. എഴുപതംഗ നിയമസഭയിൽ 28 പേരുടെ അംഗബലവുമായി, ബദ്ധവൈരികളായ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ 49 ദിവസം മുൻപ് അധികാരത്തിൽ കയറിയപ്പോൾത്തന്നെ അറിയാവുന്ന കാര്യമാണിത്. എത്ര ദിവസമെന്നേ അറിയേണ്ടിയിരുന്നുള്ളൂ. ഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും യോജിക്കാവുന്ന മേഖലകൾ തുലോം കുറവാണ്. മാത്രമല്ല, അഴിമതിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചുകൊണ്ട് ഭരണത്തിൽ കയറിയ കേജ്‌രിവാളിന്റെ നീക്കങ്ങൾ എപ്പോൾ കോൺഗ്രസിന്റെ താത്പര്യങ്ങൾക്കെതിരെ തിരിയുന്നുവോ ആ നിമിഷം മന്ത്രിസഭയുടെ പതനവും സുനിശ്ചിതമായിരുന്നു. അഴിമതിക്കാരെ കുടുക്കാനുള്ള ജനലോക്പാൽ ബില്ലിന്റെ അവതരണം പോലും മുടങ്ങിയപ്പോഴാണ് നേരത്തേ പ്രഖ്യാപിച്ചതുപോലെ രണ്ടാമതൊരു ആലോചനയ്ക്കു മുതിരാതെ കേജ്‌രിവാൾ രാജിവച്ചൊഴിഞ്ഞത്. കോൺഗ്രസുകാർ പാലം വലിക്കുന്നതിനു കാത്തിരിക്കാതെ തന്നെ അധികാരമൊഴിയുന്നതിൽ കേജ്‌രിവാളും അദ്ദേഹത്തിന്റെ ഒരു വർഷം മാത്രം പ്രായമെത്തിയ പാർട്ടിയും കാണിച്ച ആർജവം അഭിനന്ദനീയമാണ്.
ആർക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭ പിരിച്ചുവിട്ട് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഡൽഹിയിലും വോട്ടെടുപ്പു നടത്തണമെന്നാണ് രാജിക്കത്തിൽ കേജ്‌രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. സഭയിൽ ഏറ്റവും കൂടുതൽ പേരുടെ പിന്തുണയുള്ള ബി.ജെ.പി ആവശ്യപ്പെടുന്നതും അതുതന്നെയാണ്. പുതിയ മന്ത്രിസഭയ്ക്ക് തങ്ങൾ ശ്രമം നടത്തുകയില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ചു വർഷം തുടർച്ചയായി ഡൽഹി ഭരിച്ച് പടിയിറങ്ങേണ്ടിവന്ന കോൺഗ്രസിനാകട്ടെ സഭയിൽ എട്ടുപേർ മാത്രമാണുണ്ടായിരുന്നത്.
അധികാരത്തിലേറിയപ്പോഴും ഇറങ്ങിയപ്പോഴും കേജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും മുഖ്യ ദേശീയ പാർട്ടികളുടെ നേതാക്കളിൽ നിന്ന് ഇനി കേൾക്കാൻ ഒന്നുമില്ല. തട്ടിപ്പുകാരൻ, അരാജകവാദി, ചെപ്പടിവിദ്യക്കാരൻ, ഭീരു, ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടക്കാരൻ തുടങ്ങി വിശേഷണങ്ങൾ പലതാണ്. കോൺഗ്രസ് പിന്തുണ തുടരുമ്പോഴും ഭരണം ഇട്ടെറിഞ്ഞുപോയതിലൂടെ സ്വയം രക്തസാക്ഷി ചമയാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ വിമർശിക്കുന്നു. തങ്ങൾ തള്ളിയിടുന്നതിനുമുമ്പ് സ്വയം പുറത്തു പോയതിൽ കോൺഗ്രസിനുണ്ടായ ഇച്ഛാഭംഗം മനസിലാക്കാവുന്നതേയുള്ളൂ. കോൺഗ്രസിനോട് കൈകോർത്ത് ജനലോക്പാൽ ബില്ലിന്റെ അവതരണം പോലും മുടക്കിയ ബി.ജെ.പിയുടെ അഴിമതിവിരുദ്ധ നിലപാടിന്റെ പൊയ്മുഖം അഴിഞ്ഞുവീണതും മാലോകർ കണ്ടുകഴിഞ്ഞു.