രോഗങ്ങള്‍ സമ്പാദ്യം.....

15 views
Skip to first unread message

Rolf Mathew

unread,
May 5, 2009, 7:29:45 AM5/5/09
to malayal...@googlegroups.com




---------- Forwarded message ----------





 
രോഗങ്ങള്‍ സമ്പാദ്യം
മരുപ്പച്ച തേടി അക്കരയ്‌ക്ക്‌, രോഗങ്ങളുമായി ഇക്കരയ്‌ക്ക്‌

പ്രവാസജീവിതംകൊണ്ട്‌ ആഗ്രഹിക്കാതെ ലഭിക്കുന്ന സമ്പാദ്യമാണ്‌ പ്രമേഹരോഗം. പ്രമേഹം സാധാരണമാണെങ്കിലും പ്രവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുംവിധം ഈ രോഗം വ്യാപകമാണ്‌.

രോഗങ്ങളില്‍ വ്യാപ്‌തിയും ചികിത്സാച്ചെലവും സാമൂഹികപ്രത്യാഘാതങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ഭീഷണിയാണ്‌ പ്രമേഹം. ലോകത്താകെ പ്രമേഹരോഗികള്‍ ആറുശതമാനമാണെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ്‌ മലയാളികളും പ്രവാസികളും അകപ്പെട്ട ഗുരുതരാവസ്ഥ മനസ്സിലാകുക. 'കേരളത്തില്‍ പ്രമേഹരോഗികള്‍ 20 ശതമാനമാണെങ്കില്‍ പ്രവാസിമലയാളികളില്‍ 40 ശതമാനവും അതില്‍ കൂടുതലുമാണ്‌. മുമ്പ്‌ 40-45 വയസിനു ശേഷംമാത്രം കണ്ടിരുന്ന ഇത്തരം രോഗങ്ങളൊക്കെ ഇന്ന്‌ പ്രവാസികളില്‍ 28 വയസ്സുമുതല്‍ കണ്ടുവരുന്നുണ്ട്‌'- പ്രമേഹരോഗ വിദഗ്‌ധനായ തിരുവനന്തപുരത്തെ ഡോ. ജോതിദേവ്‌ കേശവദേവ്‌ പറഞ്ഞു.

കേരളം ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമായിക്കൊണ്ടിരിക്കുകയാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. എന്നാല്‍ പ്രവാസികള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഈ രോഗങ്ങളുടെ ഇരയായിക്കഴിഞ്ഞിരുന്നു. 'ഇന്ന്‌ പ്രവാസി- സ്വദേശി വ്യത്യസമില്ലാതായിക്കഴിഞ്ഞ എല്ലാ ജീവിതശൈലീ രോഗങ്ങളും 10-15 വര്‍ഷംമുമ്പേതന്നെ പ്രവാസികളില്‍ കണ്ടുതുടങ്ങിയിരുന്നു. അമിത രക്തസമ്മര്‍ദം, പ്രമേഹം, അമിതകൊളസ്‌ട്രോള്‍, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളൊക്കെ പ്രവാസികളില്‍ അപായകരമായ അളവില്‍ വ്യാപകമാണ്‌. ആലപ്പുഴ മെഡിക്കല്‍കോളേജിലെ മെഡിസിന്‍വിഭാഗം അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. ബി. പദ്‌മകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ''കൊഴുപ്പധികമുള്ള അറബ്‌ ഭക്ഷണരീതിയാണ്‌ പ്രവാസികള്‍ക്ക്‌ പ്രധാനമായും പ്രശ്‌നമാകുന്നത്‌. എന്നാല്‍ അറബികള്‍ അവയോടൊപ്പം ധാരാളം പച്ചക്കറികളും പഴങ്ങളുമൊക്കെ കഴിക്കും. അവരുടെ ശരീരപ്രകൃതിയും അത്തരം ഭക്ഷണരീതിക്ക്‌ അനുയോജ്യമാണ്‌. എന്നാല്‍ പ്രവാസികള്‍ പച്ചക്കറികള്‍ കഴിക്കാന്‍ വിമുഖരാണ്‌.''പതിനാലുകൊല്ലം റിയാദില്‍ സേവനമനുഷ്‌ടിച്ച ഡോ. ടി. പി. നാസര്‍ പറയുന്നു.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ളത്‌ യു.എ.ഇ.യിലാണ്‌. ഗള്‍ഫ്‌ പ്രവാസികളുടെ 42 ശതമാനം. അതില്‍ മലയാളികള്‍ എട്ടുലക്ഷത്തോളം വരും. ഏറ്റവും കൂടുതല്‍ ഹൃദയാഘാതമരണങ്ങള്‍ നടക്കുന്നതും യു.എ.ഇ.യിലാണ്‌. അതില്‍ സ്വദേശവാസികളേക്കാള്‍ കൂടുതല്‍ പ്രവാസികളാണ്‌. ''ഒരുദിവസം കുറഞ്ഞത്‌ നാല്‌ പ്രവാസി മലയാളിയെയെങ്കിലും കടുത്ത ഹൃദയാഘാതവുമായി ദുബായിലെ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്‌. അവരില്‍ ഒന്നുരണ്ടുപേരെങ്കിലും മരണപ്പെടുന്നു. പ്രവാസി മലയാളികളില്‍ മുപ്പതുവയസ്സുമുതല്‍തന്നെ ഹൃദയാഘാതം കാണപ്പെടുന്നുണ്ട്‌''. ദുബായിലെ അല്‍ഷിഫ അല്‍ഖലീജ്‌ മെഡിക്കല്‍ സെന്റര്‍ ഡയറക്ടറും അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ്‌ ദുബായ്‌ ചാപ്‌റ്റര്‍ പ്രസിഡന്റുമായ ഡോ. മുഹമ്മദ്‌ കാസിം പറഞ്ഞു.
തൊഴിലാളി ക്യാമ്പുകളിലെ പരിതാപകരമായ ജീവിതസാഹചര്യവും മാനസികസമ്മര്‍ദവും വ്യായാമരഹിതജീവിതവുമാണ്‌ ഹൃദ്രോഗത്തിനു കാരണമാവുന്നത്‌. ബിരിയാണി, പൊരിച്ച സാധനങ്ങള്‍, മുട്ട, വെണ്ണ, പാല്‍, ചീസ്‌ തുടങ്ങിയവപോലുള്ള കൊഴുപ്പുകൂടിയ ഭക്ഷണങ്ങളാണ്‌ ഗള്‍ഫില്‍ കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കുന്നത്‌. അവയാണ്‌ നിര്‍മാണത്തൊഴിലാളികള്‍, ട്രക്ക്‌ ഡ്രൈവര്‍മാര്‍, സെയില്‍സ്‌ എക്‌സിക്യൂട്ടിവുകള്‍ തുടങ്ങിയവരെപ്പോലുള്ള സാധാരണക്കാര്‍ പതിവായി കഴിക്കുന്നത്‌. മാനസികോല്ലാസത്തിനും വ്യായാമത്തിനും തീരെ സമയവുമില്ല. പുകവലിയും വ്യാപകമാണ്‌. ഇതിനെല്ലാമുപരി നാട്ടില്‍നിന്നുള്ള ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളും ജോലിയിലെ അരക്ഷിതത്വവുമൊക്കെ ചേര്‍ന്നുണ്ടാക്കുന്ന മാനസികസമ്മര്‍ദവും കൂടിച്ചേരുമ്പോള്‍ ബി.പി, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ഗുരുതര രോഗങ്ങളുടെ കൃഷിയിടമായി പ്രവാസിയുടെ ജീവിതം മാറുന്നു- ഏറെക്കാലം ഗള്‍ഫ്‌ രാജ്യങ്ങളില്‍ സേവനമനുഷ്‌ടിച്ച പ്രശസ്‌ത ഹൃദ്രോഗ വിദഗ്‌ധനും കിംസ്‌ ഹോസ്‌പിറ്റല്‍ വൈസ്‌ ചെയര്‍മാനുമായ ഡോ. ജി. വിജയരാഘവന്‍ പറഞ്ഞു.

എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലെയും പ്രവാസികളില്‍ ഒരുപോലെ വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നം രോഗങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്ന അമിതരക്തസമ്മര്‍ദമാണ്‌. മാനസികസമ്മര്‍ദമാണിതിന്റെ പ്രധാന കാരണം. അമിതജോലിഭാരം മുതല്‍ വീട്ടുകാരെക്കുറിച്ചുള്ള ഉത്‌കണ്‌ഠവരെ നിരവധി ഘടകങ്ങള്‍ മാനസികസമ്മര്‍ദത്തിന്‌ ഇടയാക്കുന്നു. സാധാരണ തൊഴിലാളികളെയും ഉയര്‍ന്ന ശമ്പളക്കാരെയുമൊക്കെ ബി.പി. ഒരുപോലെ ബാധിക്കുന്നുണ്ട്‌. ഹൃദ്രോഗത്തിനും പ്രമേഹത്തിനും സ്‌ട്രോക്കിനുമൊക്കെ വഴിമരുന്നിടുന്ന വില്ലനും ഈ ബി.പി തന്നെയാണ്‌. മസ്‌തിഷ്‌കാഘാതം സംഭവിച്ച്‌ മരണത്തിനു കീഴടങ്ങുന്നവരും ഓര്‍മയും ബോധവും നഷ്‌ടപ്പെട്ട്‌ മൃതസമാനരായി നാട്ടിലേക്കെത്തുന്നവരും പ്രവാസികളില്‍ ഏറെയാണ്‌.
ഗള്‍ഫ്‌ രാജ്യങ്ങളിലെ കടുത്ത കാലാവസ്ഥയും അവയ്‌ക്ക്‌ അനുസൃതമായി ജോലിസമയത്തിലുണ്ടാകുന്ന മാറ്റവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ചൂടുകാലത്ത്‌ പാതിരാത്രിതന്നെ ജോലിയാരംഭിക്കുമ്പോള്‍ തണുപ്പുകാലത്ത്‌ ജോലി പാതിരാത്രിയോളം നീളുന്നു. ജനവരിമുതല്‍ ആഗസ്‌ത്‌വരെയുള്ള കടുത്ത പൊടിക്കാറ്റിന്റെ മാസങ്ങള്‍ ശ്വാസകോശ പ്രശ്‌നങ്ങളും അധികരിപ്പിക്കുന്നു. അലര്‍ജിയും, ആസ്‌ത്‌മയും, സൈനസൈറ്റിസും, മറ്റു ശ്വാസകോശ രോഗങ്ങളുമൊക്കെ മരുഭൂമിയിലും റിഗ്ഗിലും തോട്ടങ്ങളിലുമൊക്കെ ജോലിചെയ്യുന്ന തൊഴിലാളികളില്‍ വ്യാപകമാണ്‌. സ്‌പോണ്ടിലൈറ്റിസ്‌, അള്‍സര്‍, അസിഡിറ്റി, പൈല്‍സ്‌ പോലുള്ള രോഗങ്ങള്‍ ഇതിനുപുറമെ പ്രവാസികള്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്നവയാണ്‌.
എഴുപതുകളുടെ ഒടുവിലാണ്‌ ആലുവക്കാരന്‍ ഉസ്‌മാന്‍ ഗള്‍ഫിലെത്തുന്നത്‌. ഗള്‍ഫ്‌ കുടിയേറ്റം ശക്തി പ്രാപിച്ച അതേകാലത്ത്‌. സൗദി, ഖത്തര്‍, യു.എ.ഇ എന്നിങ്ങനെ പല രാജ്യങ്ങളില്‍ പലജോലികളില്‍ ഏര്‍പ്പെട്ടു. തോട്ടപ്പണിക്കാരന്‍ മുതല്‍ അംബാസഡറുടെ കുശിനിക്കാരന്‍ വരെ പലവേഷങ്ങളില്‍ മൂന്നു പതിറ്റാണ്ട്‌. ഒടുവില്‍ 2008ല്‍ മടങ്ങുമ്പോള്‍ സമ്പാദ്യമായുണ്ടായിരുന്നത്‌ ഇവയാണ്‌. ഫാസ്റ്റിങ്‌ ബ്ലഡ്‌ഷുഗര്‍ 350, കൊളസ്‌ട്രോള്‍ 400, ബി.പി180/120. പിന്നെ അള്‍സറിന്റെ പ്രശ്‌നങ്ങളും. എന്നിട്ടും ഇഷ്‌ടത്തോടെയായിരുന്നില്ല മടക്കം. ഡോക്ടര്‍ ഇന്‍സുലിനെടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ നാട്ടിലെത്തി ആയുര്‍വേദം പരീക്ഷിക്കാമെന്ന്‌ പറഞ്ഞുപോന്നതാണ്‌. മരുന്നിനുംമറ്റും മക്കളുടെ മുന്നില്‍ കൈനീട്ടേണ്ടിവരുമ്പോള്‍ ഇപ്പോള്‍ അയാള്‍ വീണ്ടുമൊരു മടക്കയാത്രയെക്കുറിച്ച്‌ ചിന്തിക്കാറുണ്ട്‌. അതസാധ്യമാണെങ്കിലും. ദുരിതമയമായ ഈ ജീവിത സായന്തനത്തിലും നഗരത്തിലെ സെക്യൂരിറ്റി ഏജന്‍സിയില്‍ രാത്രി കാവല്‍ജോലിക്ക്‌ പോവുകയാണയാള്‍ ഇപ്പോള്‍.
 
 

.

__,_._,___

 
ROLF MATHEW
 
DUBAI - U.A.E




Reply all
Reply to author
Forward
0 new messages