1. കേരളത്തിന് ഐപിഎല്‍ ടീം അനുവദിച്ചതും ടീമിനെ പ്രഖ്യാപിച്ചതുമൊക്കെ ഐപിഎല്‍ കമ്മിഷണര്‍ എന്നവകാശപ്പെടുന്ന ഗുജറാത്തുകാരനായ ലളിത് മോഡി എന്നു പറയുന്ന ഒരാളാണ്. ഗുജറാത്തും മോഡിയും പാര്‍ട്ടിക്ക് അനഭിമതരാണ് എന്നത് ചൈനക്കാര്‍ക്കു പോലും അറിയാം. അതുകൊണ്ട് ഐപിഎല്‍ കമ്മിഷണര്‍ സ്ഥാനത്തു നിന്ന് ലളിത് മോഡിയെ ഐപിഎല്‍ എസ്ഐയോ കോണ്‍സ്റ്റബിളോ ആയി തരംതാഴ്‍ത്തുകയോ ലളിത് മോഡി ഗുജറാത്തുമായുള്ള ബന്ധം പാടെ ഉപേക്ഷിച്ച് ലളിത് മദനി എന്നോ മറ്റോ പേര് മാറ്റി പാര്‍ട്ടിയോടും ന്യൂനപക്ഷങ്ങളോടും സൗഹൃദം സ്ഥാപിക്കുകയോ ചെയ്യേണ്ടതാണ്.
2. ഐപിഎല്‍ കൊച്ചി ടീമില്‍ നിന്നും ശശി തരൂരിനെപ്പോലെയുള്ള പ്രായമായ ആളുകളെ മാറ്റി നിര്‍ത്തി ബിനീഷ് കോടിയേരിയെപ്പോലെയുള്ള ചെറുപ്പക്കാരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം. ഷാറൂഖ് ഖാനെപ്പോലെ ഒരേ സമയം ക്രിക്കറ്റിനോടും സിനിമയോടും അഭിനിവേശം വച്ചു പുലര്‍ത്തുന്ന കളിയറിയാവുന്ന ബിനീഷോ മറ്റോ ടീമിന്‍റെ ഐക്കണ്‍ പ്ലേയറായാലേ ശ്രീശാന്തിനെപ്പോലെയുള്ള താരങ്ങളെ വച്ച് അച്ചടക്കമുള്ള ഒരു ടീം ഉണ്ടാക്കാനാവൂ. കളിയില്‍ അല്‍പം മോശമായാല്‍പോലും അച്ചടക്കത്തില്‍ നമ്മള്‍ പിന്നിലാവാന്‍ പാടില്ല. കളി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് മുന്നറിയിപ്പില്ലാതെ വന്ന് ഓളമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കരുത്.
3. ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാം സുതാര്യമാക്കുന്നതിനായി ആ ജോലി പിഎസ്‍സിയെ ഏല്‍പിക്കണം. എഴുത്തു പരീക്ഷ, ഇന്‍റര്‍വ്യൂ എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം കളിക്കാരെ തിരഞ്ഞെടുക്കേണ്ടത്. മുമ്പ് പാര്‍ട്ടി സോറി, ടീം വിട്ടുപോയവരോ ടമീനെതിരേ സംസാരിച്ചിട്ടുള്ളവരോ ആയ ആളുകളെ ടീമിലുള്‍പ്പെടുത്താന്‍ പാടില്ല.എസ്എഫ്ഐ പോലെ കായികാധ്വാനമുള്ള വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് (സ്വാശ്രയമാനേജ്മെന്‍റ് സ്ഥാപനങ്ങളുടെ രണ്ടാം നിലയിലെ ഓഫിസ് ജനലുകളും കെഎസ്ആര്‍ടിസി ചില്ലുകളും 300 മീറ്റര്‍ ദൂരെ നിന്നു വരെ എറിഞ്ഞു തകര്‍ക്കാന്‍ കഴിവുള്ള ഇവരെ ടീമിലെടുത്താല്‍ ഒരു ബോളില്‍ മൂന്നു പേരെ വച്ച് ഔട്ടാക്കാം) വെയിറ്റേജ് നല്‍കണം. കോണ്‍ഗ്രസ്സിലെപ്പോലെ പഴയ കളിക്കാരുടെ മക്കള്‍ക്ക് ടീമില്‍ അംഗത്വം നല്‍കാനുള്ള നീക്കം സമ്മതിക്കില്ല.
4. കേരളത്തിന്‍റെ ഐപിഎല്‍ ടീം എന്ന നിലയില്‍ അതിന് കേരളത്തിന്‍റേതായ ഒരു വ്യക്തിത്വം ആവശ്യമാണ്. അതുപോലെ തന്നെ മല്‍സരങ്ങള്‍ ബൂര്‍ഷ്വാ ചാനലുകളും ഗൂഗിള്‍ പോലെ ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന കമ്പനികളുടെ ഉപോല്‍പന്നമായ യൂ ട്യൂബും സംപ്രേഷണം ചെയ്യാന്‍ പാടുള്ളതല്ല. മലയാളം, കേരളം എന്നര്‍ത്ഥം വരുന്ന പേരുള്ള ഏതെങ്കിലും ചാനലുകള്‍ക്ക് സംപ്രേഷണാവകാശം എക്സ്ക്ലൂസീവ് ആയി നല്‍കണം (ഉദാ- മൈരളി,ഗൈരളി).
5. ഐപിഎല്‍ മല്‍സരം നടത്തുന്നതിന് കേരളത്തില്‍ സ്റ്റേഡിയം സൗജന്യമായി വേണമെന്ന ആവശ്യം പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിക്കില്ല. അതെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളടങ്ങിയ ഒരു പുസ്തകം പിന്നാലെ പുറത്തിറക്കുന്നതായിരിക്കും. ഏക്കറിന് 30,0000 രൂപ വച്ച് കണക്കുകൂട്ടിയാവും സ്റ്റേഡിയം അനുവദിക്കുക. അപ്പോള്‍ ടീമിലോ ഗ്രൗണ്ടിലോ കമന്‍ററി ബോക്സിലോ ഒക്കെയായി കുറഞ്ഞത് ആയിരം യുവാക്കള്‍ക്കെങ്കിലും ഒരു വര്‍ഷം തൊഴില്‍ നല്‍കേണ്ട ബാധ്യതയും ടീം മുതലാളിമാര്‍ക്ക് ഉണ്ടായിരിക്കണം. തൊഴില്‍ നല്‍കിയില്ലെങ്കില്‍ അപ്പോള്‍ ഗ്രൗണ്ട് പിന്‍വലിക്കും.
6. കേരളത്തിനു ടീം ആയെന്നു കേള്‍ക്കുന്ന മാത്രയില്‍ പട്ടിണി കിടന്ന പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ടതുപോലെ ക്രിക്കറ്റ് കളിക്കാര്‍ ടെസ്റ്റ് പാസ്സായി ഇപ്പോള്‍ കളത്തിലിറങ്ങാം എന്നു കരുതുന്നത് ഗുരുതരമായ കളിയില്ലായ്മയ്‍ക്ക് വഴി തെളിക്കും. അതുകൊണ്ട് എപ്ലോയ്‍മെന്‍റ് എക്സ്ചേഞ്ച് പോലെ എല്ലാ ജില്ലകളിലും ഒരു കളി എക്സ്ചേഞ്ച് വീതം ആരംഭിക്കുന്നതായിരിക്കും. ഒപ്പം കേരളാ ക്രിക്കറ്റ് പ്ലേയേഴ്‍സ് യൂണിയന്‍ എന്ന പേരില്‍ ഞങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രേഡ് യൂണിയനില്‍ അംഗത്വവുമുള്ളവര്‍ക്കേ കേരളത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. ഏതെങ്കിലും ഘട്ടത്തില്‍ യൂണിയന്‍ വിലക്കിയിട്ടുള്ള കളിക്കാരെ കളിപ്പിക്കുന്നവരുടെ ടീമില്‍ നിന്ന് യൂണിയന്‍ ഉള്ള കളിക്കാരെ കൂടി പിന്‍വലിക്കുന്നതായിരിക്കും.
7. കേരളത്തിലെ എല്ലാ ചെറുപ്പക്കാരും ക്രിക്കറ്റിനോട് അഭിനിവേശമുള്ളവരും ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമുള്ളവരുമാണെന്നിരിക്കെ പിച്ചിലിറങ്ങി കളിക്കുന്നവര്‍ക്കു മാത്രം പ്രതിഫലം എന്ന നയം ഇവിടെ നടപ്പാക്കാന്‍ അനുവദിക്കുന്നതല്ല. കേരളാ ക്രിക്കറ്റ് പ്ലേയേഴ്സ് യൂണിയനില്‍ അംഗമായിട്ടുള്ളവര്‍ക്കു മാത്രമേ ക്രിക്കറ്റ് കളിക്കാന്‍ അനുവാദമുണ്ടായിരിക്കു എന്നതുപോലെ തന്നെ പിച്ചിലിറങ്ങാന്‍ അവസരം ലഭിക്കാത്ത യൂണിയനില്‍ അംഗങ്ങളായിട്ടുള്ള കളിക്കാര്‍ക്ക് ബോള്‍ ഒന്നിന് 2000 രൂപ എന്ന കണക്കിലും ഒറ്റ റണ്ണിന് 3000, ഫോറിന് 5000, സിക്സിന് 10000, വിക്കറ്റിന് 20000 എന്ന കണക്കിലും കളിക്കൂലി നല്‍കേണ്ടതാണ്.
8. ടീമംഗങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ക്രിക്കറ്റ് പ്ലേയേഴ്സ് യൂണിയനില്‍ മാത്രമേ ബോധിപ്പിക്കാവൂ. ടീം മുതലാളിയോടോ ഐപിഎല്‍ കമ്മിറ്റിയോടെ കൂറു പുലര്‍ത്തുന്നത് യൂണിയനോടുള്ള വ‍്ചനയായി കണക്കാക്കപ്പെടും. ഏതു സാഹചര്യത്തിലായാലും ശരി കളിക്കാര്‍ പരസ്യപ്രസ്താവന നടത്തുന്നത് കര്‍ശനമായ അച്ചടക്കലംഘനമായി കണക്കിലെടുക്കും. ക്രിക്കറ്റ് കാണാറില്ലാത്ത സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ളവര്‍ക്ക് ക്രിക്കറ്റിനെപ്പറ്റി അഭിപ്രായം പറയാനുള്ള യോഗ്യതയുമുണ്ടായിരിക്കില്ല.
9. ചിയര്‍ ഗേള്‍സ് എന്ന പേരില്‍ പെണ്ണുങ്ങളെ കളത്തിലിറക്കി തുള്ളിക്കുന്നതിന് പാര്‍ട്ടി അനുമതി നല്‍കില്ല. എന്നാല്‍ ആ മേഖല ഒഴിച്ചിടാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. കേരളത്തിന്‍റെ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ പരിഗണിച്ച് ചിലര്‍ ഗേള്‍സിനു പകരം ബിയര്‍ ബോയ്സിനെ കളത്തിലിറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബിവറേജസ് കോര്‍പറേന്‍റെ സഹായത്തോടെ കളിക്കിടെക്കിടെ കൊച്ചു കൊച്ചു മില്‍മ പായ്‍ക്കറ്റുകളില്‍ ബിയര്‍ കാണികള്‍ക്കിടയില്‍ വില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
10. കളിക്കുന്ന മാച്ചുകളില്‍ ഏതിലെങ്കിലും കേരള ടീം പരാജയപ്പെട്ടാല്‍ സര്‍വകക്ഷി സഹകരണത്തോടെ കേരളത്തില്‍ പാല്‍-പത്രം-ആശുപത്രി എന്നിവയെപ്പോലും ഒഴിവാക്കാതെ ഹര്‍ത്താല്‍ ആചരിക്കുന്നതാണ്. സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തിനു പുറത്ത് ആയിരക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതാണ്. ലോകത്ത് എത്രയോ എത്രയോ വലിയ കാര്യങ്ങള്‍ കേരളത്തിലെ മനുഷ്യച്ചങ്ങല വഴി നടത്തിയിട്ടുള്ള പാര്‍ട്ടിക്ക് അതേ മാര്‍ഗത്തിലൂടെ ടീമിനെ വിജയിപ്പിക്കാനും അറിയാം.
ഇനി വിവിധ കക്ഷികളും സാമുദായിക സംഘടനകളും വ്യവസായികളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഗ്രഹിച്ച ഒത്തുതീര്‍പ്പില്ലാത്ത അഞ്ചു തീരുമാനങ്ങള്‍-
1. അടുത്ത വര്‍ഷം മുതല്‍ കേരള സ്കൂള്‍ യുവജനോല്‍സവത്തില്‍ ക്രിക്കറ്റ് ഒരു കലാരൂപമായി ഉള്‍പ്പെടുത്തുക. ജില്ലാ, സംസ്ഥാനതലങ്ങളില്‍ സമ്മാനം നേടുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുക. കലാമണ്ഡലത്തില്‍ കഥകളിക്കു പുറമേ ക്രിക്കറ്റ് കൂടി പരിശീലിപ്പിക്കുക. എത്രയും വേഗം ശ്രീശാന്തിനു ഡിലിറ്റ് നല്‍കുക.
2. ടീമില്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഉറപ്പിക്കാനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരിക. ക്രിക്കറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഞ്ചായത്ത് ഗ്രാമസഭകളിലും കുടുംബശ്രീ യോഗങ്ങളിലും ഏകദിന മാച്ചുകള്‍ സംഘടിപ്പിക്കുക. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഒരു ക്രിക്കറ്റ് ബാറ്റും മൂന്നു സ്റ്റംപും എന്ന പേരില്‍ കുട്ടികള്‍ക്ക് ബാറ്റും സ്റ്റംപും സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക.
3. ഐപിഎല്‍ ടീമിന്‍റെയും കളിക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഐജി വിന്‍സെന്‍റ് എം പോളിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷാസേന രൂപീകരിക്കുക. ക്രിക്കറ്റ് കളിക്കാരുടെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് കേരളാ ടീമിന് ഉപയോഗിക്കാനായി എസ് ആകൃതിയിലുള്ള പ്രത്യേക ബാറ്റുകള്‍ നല്‍കുക.
4. കളിക്കാരും സിനിമാനടിമാരുമായി സൗഹൃദമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കളിക്കിടയിലെ ഇടവേളകളില്‍ ഇവളുമാര്‍ വന്ന് കളിക്കാരെ എണ്ണയിട്ടു തിരുമ്മിയിട്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഐപിഎല്‍ കളിയുമായി ബന്ധപ്പെട്ട എല്ലാ ടോയ്‍ലറ്റുകളിലും ഒളിക്യാമറ സ്ഥാപിക്കുക.ആ ടോയ്‍ലറ്റുകള്‍ക്ക് കോഴിക്കോട് നടക്കാവ് പോലീസിനെ കാവലേര്‍പ്പെടുത്തുക.
5. ഐപിഎല്‍ ക്രിക്കറ്റില്‍ ഗള്‍ഫുകാരുടെ മക്കളെക്കൂടി ഉള്‍പ്പെടുത്തുക, കളിഭ്രാന്തുള്ള ഗള്‍ഫുകാര്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്നതിനായി പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തുക തുടങ്ങി ഗള്‍ഫ് മേഖലയ്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. ഐപിഎല്ലിനായി വാങ്ങുന്ന സാധനങ്ങള്‍ കേരളസര്‍ക്കാര്‍ തന്നെ രഹസ്യമായി മറിച്ചു വില്‍ക്കാതിരിക്കുന്നതിന് അടിയന്തിരമായി എന്തെങ്കിലും ചെയ്യുക.
--