സുനില്‍ ടീച്ചര്‍ ഈ വീടിന്‍െറ ഐശ്വര്യം...article from മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ്

7 views
Skip to first unread message

Help&Support Group

unread,
Mar 12, 2015, 10:38:06 AM3/12/15
to kudiv...@googlegroups.com
സുനില്‍ ടീച്ചര്‍ ഈ വീടിന്‍െറ ഐശ്വര്യം

അരുണ്‍ എഴുത്തച്ഛന്‍....മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ്

തിരുവനന്തപുരം ശംഖുമുഖത്തെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ്
ഡിപ്പാര്‍ട്ട്മെന്റില്‍ ഗവേഷണം നടത്തുന്ന യുവതി അവിടെ കടപ്പുറത്തു
ഭിക്ഷയാചിച്ചു നടക്കുന്ന കുട്ടികള്‍ക്കു ഹോസ്റ്റല്‍ മെസ്സിലെ ഭക്ഷണം
കൊണ്ടുക്കൊടുക്കുമായിരുന്നു. പിന്നെ, സ്വന്തം കയ്യിലുള്ള വസ്ത്രങ്ങള്‍ ആ
കുട്ടികള്‍ക്കു കൊടുത്തു. പിന്നെപ്പിന്നെ, കൂട്ടുകാരികളില്‍നിന്നു
വസ്ത്രങ്ങള്‍ ശേഖരിച്ച് അവര്‍ക്കു നല്‍കി. അഞ്ചുവര്‍ഷംകൊണ്ട് ഗവേഷണം
കഴിഞ്ഞു മടങ്ങിയപ്പോള്‍ ഗവേഷക അറിയാതെ മറ്റൊരു ഗവേഷണം മനസ്സില്‍
ആരംഭിച്ചിരിക്കണം: പാവങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന
ഗവേഷണം.

പേരിനൊപ്പം ഡോക്ടര്‍ എന്ന് എഴുതിച്ചേര്‍ത്തിട്ട് 20 വര്‍ഷമായെങ്കിലും
എം.എസ്. സുനില്‍ എന്ന ആ പഴയ ഗവേഷക ഇന്നും ഗവേഷണം തുടരുകയാണ്. ആ ഗവേഷണ
യാത്രയില്‍ ചില കണ്ടെത്തലുകളും സുനില്‍ ടീച്ചര്‍ നടത്തിയിട്ടുണ്ട്.
വീടിനെക്കുറിച്ച് പലര്‍ക്കും പലപല സ്വപ്നങ്ങളായിരിക്കാമെങ്കിലും
വീടില്ലാത്തവര്‍ക്കു വീട് എന്ന ഒറ്റ സ്വപ്നം മാത്രമേ കാണൂ എന്നതാണ്
അതില്‍ ആദ്യത്തേത്. വീട് ഒരു സ്വപ്നം മാത്രമായി കഴിയുന്ന
കുടുംബങ്ങള്‍ക്ക് ആരുടെയെങ്കിലും നന്മയുടെ അടിത്തറയില്‍ ഒരു വീട്
ഉയര്‍ന്നാല്‍ പിന്നെ, അവര്‍ക്ക് കൂടുതല്‍ സ്വപ്നങ്ങള്‍ കാണാനൊരിടമായി
എന്നും സുനില്‍ പറഞ്ഞുതരുന്നു. ആരും പറഞ്ഞുകൊടുത്തതല്ല ഇത്. സ്വന്തം
അനുഭവങ്ങളിലൂടെ കണ്ടെത്തിയ സത്യങ്ങള്‍. ഒന്നും രണ്ടുമല്ല, അന്‍പതു
സാക്ഷ്യങ്ങള്‍ സുനിലിന് നിരത്താനുണ്ട്. പുതിയ സ്വപ്നങ്ങള്‍കണ്ട്
അന്തിയുറങ്ങാന്‍ സുനില്‍ നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ എണ്ണം
അന്‍പതാവുകയാണ്. അന്‍പതാമത്തെ വീടിന്റെ താക്കോല്‍ദാനം മാര്‍ച്ച് ആദ്യം.

പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ സുവോളജി വിഭാഗം മേധാവിയാണ് ഡോ.
എം.എസ്. സുനില്‍. മൂത്തത് ആണ്‍കുഞ്ഞായിരിക്കുമെന്ന കണക്കുകൂട്ടലില്‍
അച്ഛന്‍ കരുതിവച്ച പേരായിരുന്നു സുനില്‍. കണക്കുകൂട്ടല്‍ തെറ്റിയെങ്കിലും
പേരു തെറ്റിച്ചില്ല. അങ്ങനെ വേറിട്ടൊരു പേരായി ആ പെണ്‍കുട്ടിക്ക്. ഇന്ന്
ടീച്ചര്‍ സുനില്‍ എന്ന പേരു പറയുമ്പോള്‍, കേട്ടതു ശരിയോ എന്ന സംശയത്തില്‍
കേട്ടവര്‍ ചോദ്യം ആവര്‍ത്തിക്കും. പക്ഷേ, സഹായിക്കാന്‍ ഉള്ളുകൊണ്ടു
തോന്നിയാല്‍ സുനില്‍ രണ്ടാമതൊന്നു ചോദിക്കാറില്ല, സ്വന്തം
മനസ്സിനോടുപോലും.

പ്രായത്തിലേറെ വാര്‍ധക്യം ബാധിച്ച അറുപത്തഞ്ചുകാരിയായ കൊടുമണ്ണിലെ
കുറുമ്പയ്ക്ക് വീടുവച്ചു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍തന്നെ
കുറ്റപ്പെടുത്തിയവരുണ്ട് എന്ന് സുനില്‍ ഓര്‍ക്കുന്നു. ഈ പ്രായത്തിലെത്തിയ
ഇവര്‍ക്കിനി ഒരു വീട്...? ആ പണം വെറുതെയാകില്ലേ? അങ്ങനെ പലരും ചോദിച്ചു.
പക്ഷേ, ടീച്ചര്‍ നിര്‍മിച്ചു നല്‍കിയ സ്വന്തം വീട്ടില്‍ കുറുമ്പ ഇന്ന്
ചുറുചുറുക്കോടെ നിങ്ങളെ വരവേല്‍ക്കും.

ഒരു കുടയുടെ കീഴില്‍ അന്തിയുറങ്ങിയിരുന്ന സുശീല മറ്റൊരു സാക്ഷ്യം. ആ
കുടയുടെ കീഴിലായിരുന്നു സുശീല ഭക്ഷണം പാകം ചെയ്തിരുന്നതും. അഥവാ, ആ
കുടയായിരുന്നു അന്‍പത്തഞ്ചുകാരിയായ സുശീലയുടെ വീട്. സിവില്‍
എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ എടുത്ത സുശീലയ്ക്ക് സ്വന്തം വീടിനായി ഒരു
രൂപരേഖയും തയാറാക്കാനായില്ല. സ്വന്തംപേരില്‍ അവര്‍ക്ക് ഒരുതുണ്ടു ഭൂമി
ഉണ്ടായിരുന്നില്ല. സുശീല താമസിച്ചിരുന്ന ഭൂമി പുറമ്പോക്കായതിനാല്‍
അവര്‍ക്ക് അവിടെ വീടുവച്ചു കൊടുക്കാന്‍ പഞ്ചായത്തിനും ആവില്ലായിരുന്നു.
നിയമത്തിന്റെ കുരുക്കുകള്‍ സര്‍ക്കാര്‍ സഹായത്തിനു തടസ്സമാകും. പക്ഷേ,
നന്മയുടെ കൈകള്‍ക്കു കുരുക്കിടാന്‍ ആര്‍ക്കുമാവില്ലല്ലോ? സുനില്‍
സുശീലയ്ക്കു വീടുവച്ചു നല്‍കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. സുശീല
ഇപ്പോള്‍ സ്വന്തം വീട്ടില്‍ സുഖമായി കഴിയുന്നു.

കോന്നി അരുവാപ്പുലം സ്വദേശി രവിയുടെ കുടുംബവും സുനിലിന്റെ
നന്മയറിഞ്ഞതാണ്. മൂന്നു മക്കളാണു രവിക്ക്. അതിലൊരാള്‍ പോളിയോ ബാധിതന്‍.
പരാധീനതകള്‍ മാത്രം പങ്കുവയ്ക്കാനുണ്ടായിരുന്ന ആ കുടുംബം ഒരു
ടാര്‍പോളിന്‍ ഷീറ്റിനു താഴെയാണു കഴിഞ്ഞിരുന്നത്. നിയമക്കുരുക്കുകള്‍ക്കു
സാമ്പത്തിക പ്രതിസന്ധികളും കൂട്ടുണ്ടായിരുന്നതിനാല്‍ വീട് എന്നൊന്ന്
അവരുടെ സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു. അവിടെയും നന്മയുടെ
ചുടുകട്ടകള്‍ ചേര്‍ത്തു സുനില്‍ വീടുവച്ചു. വീടായപ്പോള്‍ അവര്‍ക്കു പുതിയ
സ്വപ്നങ്ങളായി. ആ സ്വപ്നങ്ങള്‍ കൂട്ടുപിടിച്ച് അവരിപ്പോള്‍ സുനില്‍
നിര്‍മിച്ചു നല്‍കിയ വീടിന്റെ അടുക്കളയ്ക്കു ടൈല്‍സ് പാകിക്കഴിഞ്ഞു.
മറ്റെല്ലാ വീട്ടുകാരെയുംപോലെ പുതിയ പുതിയ സ്വപ്നങ്ങളുമായി അവരും
കഴിയുന്നു, അവരുടെ വീട്ടില്‍.

കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എന്ന നിലയ്ക്കാണ് സുനില്‍ സാമൂഹിക
പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 2005-06ല്‍ തന്റെ എംഎസ്സി ക്ളാസിലെ
വിദ്യാര്‍ഥിയായ കൊടുമണ്ണിലെ ആശയുടെ കഥകേട്ട ടീച്ചര്‍ അവള്‍ക്ക് ഒരു
വീടുവച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരും
പരിചയക്കാരുമെല്ലാം സഹായിച്ചാല്‍ വീട് ആവുമെന്നൊരു തോന്നല്‍. സുനിലിന്റെ
ആ ആശ വെറുതെയായില്ല. ആശയ്ക്കു വീടായി.

പക്ഷേ, അപ്പോഴാണ് അതിരുങ്കല്‍ സ്വദേശി ഉദയഭാനുവിന്റെ കഥ സുനിലിന്റെ
ചെവിയിലെത്തുന്നത്. മരം ദേഹത്തു വീണു കാലിലെ എല്ലുകള്‍ തകര്‍ന്ന
ഉദയഭാനുവിന്റെ ഭാര്യ ഒരുവശം തളര്‍ന്നു കിടക്കുകയായിരുന്നു. മകള്‍ക്കു
തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ചികില്‍സയിലും. ആ കഥ കേട്ടപ്പോള്‍
അവിടെവരെ ചെല്ലാതിരിക്കാനായില്ല. ചെന്നപ്പോള്‍ അവര്‍ക്കൊരു വീടുവച്ചു
കൊടുക്കണമെന്ന് ആരും ടീച്ചറോടു പറഞ്ഞില്ല. പക്ഷേ, അടുത്ത വീടിന് അവിടെ തറ
ഉയര്‍ന്നു.

വീടുവച്ചു നല്‍കുന്നതറിഞ്ഞ്, തങ്ങളുമുണ്ട് കൂടെ എന്നു പറഞ്ഞെത്തിയ
എത്രയെത്ര പേര്‍... അവര്‍ ഒരുതുക സുനിലിനു കൈമാറും. ആ തുകകൊണ്ടു വീടുപണി
തുടങ്ങും. തികയാതെ വരുന്നതു സുനില്‍ കയ്യില്‍നിന്നെടുക്കും. ഇതിനിടെ വീട്
ആവശ്യമുള്ളവരെന്നു ബോധ്യപ്പെട്ടാല്‍ ആരും സഹായിക്കാനില്ലെങ്കിലും വീടു
നിര്‍മിക്കും. യുഎസില്‍ ബിസിനസുകാരനായ കോന്നി സ്വദേശി പ്രസാദ് ജോര്‍ജും
യുഎസില്‍തന്നെ ജോലിയുള്ള കോട്ടയം സ്വദേശി ജിഷിയും എട്ടു വീടുകള്‍ക്കു
വീതം ഇതിനകം സഹായം നല്‍കിക്കഴിഞ്ഞു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
വലിയ മെത്രാപ്പൊലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ് ഡോ.
കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്ത, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.
കുര്യന്‍, ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ സുനിലിന്റെ
പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായി ഓരോ വീടിനു പണം കൈമാറിയിരുന്നു.
പേരുപറഞ്ഞാല്‍ ആരുമറിയാത്ത പിന്നെയും ആരൊക്കെയോ ഇനിയുമുണ്ട്. ഇതില്‍
ചിലരെയൊന്നും ഇതുവരെ നേരിട്ടു കണ്ടിട്ടുപോലുമില്ലെന്ന് സുനില്‍ പറയുന്നു.

പത്തനംതിട്ട നഗരത്തിനടുത്ത് അഴൂരില്‍ ടീച്ചറുടെ വീടിന്റെ പേരുതന്നെ 'കൃപ
എന്നാണ്. സഹായങ്ങള്‍തേടി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആ
വീട്ടിലെത്താം. മറ്റുള്ളവര്‍ക്കു വേണ്ടിയായിരിക്കണം നിങ്ങളുടെ സന്ദര്‍ശനം
എന്നുമാത്രം. കാരണം, യഥാര്‍ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത്
എവിടെനിന്നു കിട്ടുമെന്നുപോലും അറിയില്ല എന്നാണ് സുനില്‍ ഇത്രയുംകാലത്തെ
ഗവേഷണത്തിനിടെ മനസ്സിലാക്കിയിരിക്കുന്നത്.

ആവശ്യക്കാരെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകേട്ടാല്‍, അവിടെയെത്തി സ്ഥിതി
വിലയിരുത്തും. നാട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിക്കും. വീടുപണി
എല്ലാ ദിവസവും നേരിട്ടുചെന്നു വിലയിരുത്തണമെന്നും സുനിലിന്
നിര്‍ബന്ധമുണ്ട്. അതുകൊണ്ട്, പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് ഇതുവരെ
വീടു നിര്‍മിച്ചു നല്‍കിയിട്ടില്ല. നിര്‍മിച്ച വീടുകളില്‍ ഓണത്തിനു
പുടവയുമായി ഒരു സന്ദര്‍ശനം സുനിലിന് നിര്‍ബന്ധമാണ്. അവര്‍ അവിടെ
സന്തോഷമായിരിക്കുന്നുവെന്ന് അറിയാന്‍വേണ്ടി മാത്രം.

കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസറും എംജി സര്‍വകലാശാല എന്‍എസ്എസ്
ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ സുനില്‍ മികച്ച പ്രോഗ്രാം ഓഫിസര്‍ക്കുള്ള
സംസ്ഥാനതല അവാര്‍ഡ് ഒരുതവണയും എംജി സര്‍വകലാശാലാതല അവാര്‍ഡ് രണ്ടുതവണയും
നേടി. രക്തദാന പ്രചോദകര്‍ക്കുള്ള അവാര്‍ഡ് നാലുവര്‍ഷം സുനിലിനായിരുന്നു.
കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള റെഡ് റിബണ്‍
ക്ളബ്ബിന്റെ പ്രോഗ്രാം ഓഫിസറുമായിരുന്നിട്ടുണ്ട്. 2008ല്‍ എയര്‍
ഇന്ത്യ-മനോരമ അധ്യാപക അവാര്‍ഡും നേടി.

കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആദിവാസി മേഖലയിലും സുനില്‍ പരിചിതയാണ്.
ധാന്യങ്ങളും വസ്ത്രവുമായി എല്ലാമാസവും സുനില്‍ അവരുടെ കോളനികളിലെത്തും.
ഭിന്നശേഷിയുള്ളവര്‍ക്കും വയോധികര്‍ക്കും വീല്‍ചെയറുകള്‍ നല്‍കാറുണ്ട്.
നേരത്തെ, ചടങ്ങായിട്ടായിരുന്നു വീല്‍ചെയര്‍ വിതരണം. ആവശ്യക്കാരെ ഒരു
ചടങ്ങിനുവേണ്ടിപ്പോലും കാത്തുനിര്‍ത്തുന്നത് അനീതിയാണെന്നു
തോന്നിയതിനാല്‍ ഇപ്പോള്‍, ആവശ്യക്കാരെ കണ്ടാല്‍ അപ്പോള്‍ വീല്‍ചെയര്‍
വാങ്ങി നല്‍കുക എന്നതായിരിക്കുന്നു രീതി. പല സ്ഥാപനങ്ങളിലായി 13
കുട്ടികളുടെ പഠനച്ചെലവു മുഴുവന്‍ വഹിക്കുന്നതു സുനില്‍ ആണ്. നിര്‍മിച്ച
വീടുകളില്‍ പലതിലും സോളര്‍ വിളക്കുകള്‍ ടീച്ചര്‍ സ്ഥാപിച്ചിട്ടുണ്ട്.
വനിതാ ശാക്തീകരണ പരിപാടികളിലും സുനില്‍ മുന്‍പന്തിയില്‍തന്നെയുണ്ട്.

അങ്ങനെ, പറഞ്ഞാല്‍ തീരാത്ത മറ്റെന്തൊക്കെയോ പിന്നെയുമുണ്ട്. എല്ലാം, പഴയ
ഗവേഷകയുടെ പഴയ ഗവേഷണത്തിന്റെ ഭാഗം മാത്രം. പാവങ്ങള്‍ക്കുവേണ്ടി എന്തൊക്കെ
ചെയ്യാന്‍ പറ്റുമെന്ന ഗവേഷണം

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18511260&tabId=11&programId=1073753770&BV_ID=@@@

--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍
ഒഴിവാക്കുന്നതാണ്
Reply all
Reply to author
Forward
0 new messages