
പുതുവത്സര ആഘോഷങ്ങള്‍ ആര്‍ഭാടങ്ങളോടെ കൊണ്ടാടുന്ന നവയുഗത്തില്‍ മുഹറം
ആരവങ്ങളില്ലാതെ കടന്നുപോകുകയും മുഹറം നല്‍കുന്ന പാഠങ്ങള്‍ പലരും
മറന്നുപോകുകയും ചെയ്യുന്നു. പുതുവത്സരപ്പുലരിയെ വരവേല്‍ക്കാന്‍
മാസങ്ങള്‍ക്ക് മുമ്പേ ലോകം ഒരുക്കുങ്ങള്‍ നടത്തുമ്പോള്‍ മുഹറത്തിന്റെ പുലരി
അറബ് രാഷ്ട്രങ്ങളിലും മുസ്‌ലിം നാഗരികതയില്‍ മാത്രം
ഒതുങ്ങിനില്‍ക്കുന്നുവെന്നത് സത്യമാണ്.
ക്രിസ്തു വര്‍ഷം ജനുവരിയിലും ചന്ദ്രവര്‍ഷം മുഹറത്തിലുമാണ് തുടക്കം
കുറിക്കുന്നത്. ഇസ്‌ലാമിക ദൃഷ്ട്യാ ഒരുപാട് മഹനീയത കല്‍പ്പിക്കപ്പെടുന്ന
മാസമാണ് മുഹറം. യുദ്ധം നിഷിദ്ധമാക്കിയ മാസങ്ങളില്‍ ഒന്നാണ് മുഹറം.
ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, റജബ് എന്നീ മാസങ്ങളും പോര് നിഷിദ്ധമാക്കപ്പെട്ട
മാസങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷെ, മുഹറമാണ് ഇതില്‍ പ്രത്യേകമായത്.
മുഹറം കൊണ്ടാണ് ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്നത്. മുഹറം കൊണ്ട് തുടങ്ങി
ദുല്‍ഹിജ്ജയില്‍ അവസാനിക്കുന്ന 12 മാസങ്ങളടങ്ങിയതാണ് അറബിയിലും ഒരു ഇസവി.
11 മാസങ്ങളാണ് ചന്ദ്രവര്‍ഷത്തിലുള്ളതെന്ന ചില വാദങ്ങള്‍ നിരര്‍ത്ഥകവും
ബാലിശവുമാണ്. ചിലഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ട ഇത്തരം ആശയങ്ങള്‍ തെറ്റാണ്
എന്നതാണ് ഇത്‌കൊണ്ട് വിവക്ഷ.
വിശുദ്ധ കഅ്ബാലയം തകര്‍ക്കാന്‍ വന്ന ആനപ്പടയും സംഘത്തെയും ആസ്പദമാക്കിയാണ്
ഹിജ്‌റ കലണ്ടറിന് മുമ്പ് ജനങ്ങള്‍ കണക്ക് കൂട്ടിയിരുന്നത്. ആനക്കലഹവര്‍ഷം
എന്നാണ് അതിന്റെ പേര്. വിശുദ്ധ ഖുര്‍ആനില്‍ പ്രസ്തുത സംഭവം വിവരിക്കുന്ന
ഒരു അദ്ധ്യായം തന്നെ അവതീര്‍ണ്ണമായിട്ടുണ്ട്. ഖുര്‍ആനിലെ 103-ാം
അദ്ധ്യായത്തില്‍ ഇത് വിവരിക്കുന്നുണ്ട്. പ്രധാന സംഭവത്തെ ആസ്പദമാക്കി
വര്‍ഷത്തെ എണ്ണുന്ന ഈ സംമ്പ്രദായം അറബികളില്‍ മാത്രമല്ല
ലോകത്തെല്ലായിടത്തുമുണ്ട്. ബി.സി, എ.ഡി ഇതിനുദാഹരണമാണ്.
ചന്ദ്ര വര്‍ഷവും സൗരവര്‍ഷവും അടിസ്ഥാനമാക്കിയാണ് കലണ്ടറുകള്‍ നിലവില്‍
വന്നത്. അതില്‍ അറബി മാസങ്ങള്‍ ചന്ദ്രവര്‍ഷ അടിസ്ഥാനത്തിലും ഇംഗ്ലീഷ്
മാസങ്ങള്‍ സൗരവര്‍ഷത്തെ ആസ്പദമാക്കാക്കിയാണ്. പിന്നീട് ഉമര്‍ (റ) ന്റെ
കാലത്ത് കാലഗണന സംമ്പ്രദായം നിലനിര്‍ത്തണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ്
ഹിജ്‌റ വര്‍ഷത്തിന് നാന്ദികുറിക്കുന്നത്. പ്രവാചകന്‍ (സ) മക്കയില്‍ നിന്നും
മദീനയിലേക്ക് പലായനം ചെയ്തതിനെ അടിസ്താനമാക്കിയാവണം എന്ന അഭിപ്രായങ്ങള്‍
സ്വീകരിച്ചാണ് ഹിജ്‌റ വര്‍ഷം രൂപീകൃതമാകുന്നത്. നബി (സ) തങ്ങള്‍ ഹിജ്‌റ
പോയത് റബീഉല്‍ അവ്വലില്‍ ആയതിനാല്‍ പ്രസ്തുത മാസം കൊണ്ടല്ലേ തുടങ്ങേണ്ടത്
എന്ന ചോദ്യം ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. പക്ഷെ, ഹിജ്‌റയുടെ
വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ട് മാസവും 11 ദിവസവും
മുമ്പുള്ള മുഹറം ഒന്നിനാണ്. അത്‌കൊണ്ടാണ് ഹിജ്‌റ കലണ്ടര്‍ മുഹറം കൊണ്ട്
തുടങ്ങിയത്. റമളാന്‍, ദുല്‍ ഹിജ്ജ എന്നീ മാസങ്ങള്‍ കൊണ്ട് ആരംഭിക്കണമെന്ന
അഭിപ്രായം ഉയര്‍ന്ന് വന്നെങ്കിലും മുഹറം കൊണ്ട് തുടങ്ങാനാണ് ഒടുവില്‍
ഐക്യഖണ്ഡേന പാസാക്കിയത്.
ക്രിസ്തു വര്‍ഷത്തെ വരവേല്‍ക്കുന്നത് പോലെ അങ്ങാടിയിലും തീരദേശങ്ങളിലു
മദ്യമോന്തിക്കുടിച്ച് പുലരുവോളം കോലാഹലങ്ങള്‍ കൊണ്ട് ഭീകരാന്തരീക്ഷം
സൃഷ്ടിക്കുന്ന പ്രവണതയെ ഇസ്‌ലാം നിരൂത്സാഹപ്പെടുത്തുകയും കഠിനമായി
എതിര്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങളെ
മായിച്ചുകളയും വിധത്തിലുള്ള നിഷ്‌കളങ്ക തൗബയുമായാണ് മുഹറത്തെ
വരവേല്‍ക്കാവൂ. എന്നതാണ് പണ്ഡിതവചനം.
ഓരോ പുതുവര്‍ഷവും കടന്നുപോകുമ്പോള്‍ മനുഷ്യന് അല്ലാവു നല്‍കിയ ആയുസ്സിന്റെ
ഒരു വര്‍ഷം ചുരുങ്ങിക്കഴിഞ്ഞു എന്ന ബോധം സത്യവിശ്വാസികളില്‍
കുടിയിരിക്കേണ്ടതുണ്ട്. പുതുവത്സര ആശംസകള്‍ പുണ്യകര്‍മ്മമാണ്. മാനവീക
ഐക്യത്തിനും സൗഹൃദത്തിനും പരസ്പര സ്‌നേഹം പ്രകടിപ്പിക്കാലാണ് ആശംസകളിലൂടെ
നടക്കേണ്ടത്.
മുഹറത്തെ അല്ലാഹു ബഹുമാനിച്ചതായി ഹദീസുകളില്‍ കാണാം. നബി (സ) പറയുന്നു.
“മുഹറം തീര്‍ച്ചയായും അല്ലാഹുവിന്റെ മാസമാകുന്നു”. കാലങ്ങളിലും മാസങ്ങളിലും
ദിനങ്ങളിലും സ്ഥാനവ്യത്യാസങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ
അവതീര്‍ണ്ണതകൊണ്ട് റമളാനും പുണ്യറസൂലിന്റെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ
റബീഉല്‍ അവ്വലും പുണ്യമേറിയതാണ്. ശാന്തിയുടെ മാസങ്ങളായി
അംഗീകരിക്കപ്പെട്ടുപോന്ന മുഹറം, റജബ്, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ എന്നീ
നാലുമാസങ്ങളില്‍ ഏറ്റവും പുണ്യം മുഹറത്തിനാണ്. യുദ്ധം നിഷിദ്ധമായ ഈ
മാസങ്ങളില്‍ അല്‍ മുഹറം യുദ്ധം പാടില്ലാത്തത് എന്ന അര്‍ത്ഥം വരുന്നത്
മുഹറത്തിനാണ്. അത് കൊണ്ട് തന്നെ അതിന്റെ മഹിമയും അനിര്‍വ്വചനീയം തന്നെ.
“യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളാണ്. റമളാന്‍ കഴിഞ്ഞാല്‍ മറ്റു
മാസങ്ങളില്‍ വെച്ച് നോമ്പിന് ഏറ്റവും ശ്രേഷ്ടമായതില്‍ പ്രഥമ സ്ഥാനം
മുഹറത്തിനാണ് പിന്നെ റജബിനും. ദുല്‍ ഹിജ്ജയും ദുല്‍ഖഅദും മൂന്നും നാലും
സ്ഥാനത്തു നില്‍ക്കുന്നു”. (ഫത്ഹുല്‍ മുഈന്‍)
മുഹറത്തിലെ വ്രതാനുഷ്ടാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പല ഹദീസുകളും
ഉല്ലേഖിതമായിറ്റുണ്ട്. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു. റമളാന്‍ കഴിഞ്ഞാല്‍
നോമ്പ്കള്‍ക്ക് വിശേഷം അല്ലാഹുവിന്റെ മാസമായ മുഹറമാണെന്ന് നബി (സ)
പറഞ്ഞിട്ടുണ്ട്. പലസംഭവബഹുലമായ പുരാതന ചരിതങ്ങള്‍ക്ക് മുഹറം
സാക്ഷിയായിട്ടുണ്ട്.
-ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്
--