'എന്ന് സ്വന്തം റെയിൽവേ ഗേറ്റ്'
വർഷങ്ങൾക്കുമുൻപ് കൗതുകം തോന്നിയ ഒരു കാഴ്ചയായിരുന്നു SN കോളേജ് ജംഗ്ഷന് എതിർവശത്തായി റെയിൽവേ പാളത്തോട് ചേർന്നു,റോഡിന് പടിഞ്ഞാറായി വെളുത്ത പെയിന്റ് അടിച്ച ഒരു മണിമാളികയും,ആ മാളികയിലേക്കു മാത്രമായി ഒരു റെയിൽവേ ഗേറ്റും.
സാധാരണ റെയിൽവേ ക്രോസിൽ കാണുന്നപോലെ രണ്ടു റെയിലുകൾക്കിടയിൽ മണ്ണുപാകി ഉറപ്പിച്ച റോഡിലൂടെ വാഹനങ്ങൾക്ക് പാളം കടക്കാം.
ഒരു സ്വകാര്യ വ്യക്തിക്ക് ഇന്ത്യൻ റെയിൽവേ അങ്ങെയൊരു ഗേറ്റ് കൊടുക്കുവാനുണ്ടായ കാരണം,ആ ഗേറ്റിന്റെ ചരിത്രം, തുടങ്ങിയവയൊക്കെ ഒന്ന് നോക്കാം.
അതിന്റെ പിന്നിൽ ഒരു കഥയുണ്ടത്രേ.
1904 ൽ ആണ് റെയിൽവേ സംവിധാനം കൊല്ലത്തു ആരംഭിക്കുന്നത്. അക്കാലം പല വ്യവസായങ്ങൾക്കും വളർച്ചയുള്ള കൊല്ലത്ത് മേച്ചിൽ ഓട് വ്യവസായം പ്രധാന ഒന്നായിരുന്നു. H&C കമ്പനി ഓടും, ശ്രീരാമവിലാസം ഓടും വിപണിയിൽ നല്ല സ്വീകാര്യതയുള്ള ഓടുകളായിരുന്നു. H&C കമ്പനിയിലെ പ്രധാനപ്പെട്ട രണ്ടു മേസ്ത്രിമാരായിരുന്നു അച്യുതപണിക്കരും കൊച്ചേര പണിക്കരും. അച്യുതപ്പണിക്കർ ഒരു മാനേജ്‌മന്റ് വിദഗ്ദ്ധനും, കൊച്ചേര പണിക്കർ ഒരു എഞ്ചിനീയറിംഗ് വിദഗ്ദ്ധനും ആയിരുന്നു. കാലം കുറച്ചു കഴിഞ്ഞപ്പോൾ അവർ കമ്പനിയിൽ നിന്നും പിരിഞ്ഞ് സ്വന്തമായി "ദി യൂണിയൻ ഇൻഡസ്ട്രീസ്" എന്ന സ്വതന്ത്ര ഓട് നിർമ്മാണ കമ്പനി ആരംഭിച്ചു (1910). H&C യുടെ ഓടുകൾ ഒറ്റയാനഓട് എന്നായിരുന്നു വിപണിയിൽ അറിയപ്പെട്ടിരുന്നത്. (ഒരായനയുടെ ചിത്രം ഓടിൽ പതിച്ചിരുന്നു) യൂണിയൻ ഇൻഡസ്ട്രീസ് അവരുടെ ഓടിൽ രണ്ടാനയുടെ ചിത്രം പതിച്ച് വിപണിയിലെത്തിച്ചു. പവൻ നിറമുള്ള യൂണിയൻ മേച്ചിൽ ഓട് തേടി ധാരാളം ആളുകൾ എത്തിയതോടെ അവർ വിപണിയിൽ കത്തിക്കയറി. സംസ്ഥാനം വിട്ടു തമിഴ്നാട്ടിലേക്കും വിപണി വ്യാപിച്ചു. ധാരാളം എഴുത്തുകുത്തുകളും അക്കൗണ്ടിങ്ങും വേണ്ടാതായി വന്നപ്പോൾ അവർ H&C യിൽ സഹപ്രവർത്തകനായിരുന്ന ആംഗ്ലോ ഇന്ത്യനും, ഇംഗ്ലീഷ് പരിജ്ഞാനവമുള്ള തോമസ് സ്റ്റീഫനെ കൂട്ടത്തിൽ സ്വീകരിച്ചു. 1915 ൽ കമ്പനിയായി ROC യിൽ രജിസ്റ്റർ ചെയ്യാനായി തോമസ് സ്റ്റീഫനെ മദിരാശിയിൽ പോകാനായി കമ്പനി ചുമതലപെടുത്തി. അദ്ദേഹം മദിരാശിക്ക് പോയി കമ്പനി രജിസ്റ്റർ ചെയ്തു, 'തോമസ് സ്റ്റീഫൻ ആൻഡ് കോ' (Thomas Stephen & Co.') എന്ന പേരിൽ. ഒരു പേരിലെന്തിരിക്കുന്നു, രണ്ടാനയുടെ പേരിൽ അറിയപ്പെടുന്ന യൂണിയൻ ഓടുകൾക്ക് ഏതു പേരുവന്നാലും കുലുക്കമുണ്ടാവില്ല എന്ന വിശ്വാസത്തിൽ തോമസ് സ്റ്റീഫൻ ആൻഡ് കോ പ്രവർത്തനം തുടർന്നു.
വലിയ ഭൂപ്രമാണിയും ദാനശീലനുമായിരുന്ന കൊച്ചേര പണിക്കരുടെ മകൻ ഭാസ്കര പണിക്കരാണ് ഈ മനോഹര സൗധം, വഴിയില്ലാത്ത റെയിൽവേ ലൈനിന്റെ അരികിൽ പണിതീർത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. റെയിൽവേ ചട്ടങ്ങൾ ഇത്രമേൽ കർക്കശമല്ലാതിരുന്ന ആ കാലത്ത് ഒരു സ്വകാര്യ ഗതാഗത ക്രോസ് ലഭിക്കാൻ അത്രമാത്രം ബുദ്ധിമുട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ കർശന നിബന്ധനകളോടെ ഒരു സ്വകാര്യ റെയിൽവേ ഗേറ്റ് സ്ഥാപിക്കാൻ റയിൽവേ അനുവാദം കൊടുത്തു. തീവണ്ടി രണ്ടു വശത്തുനിന്നും വരുമ്പോൾ ഗേറ്റിനു കുറച്ചു അകലത്തിൽ നിർത്തി ചൂളം വിളിക്കും, വീട്ടുകാർ സ്വന്തം ചിലവിൽ നിയമിച്ച കാവൽക്കാരൻ വെളിയിറങ്ങി പച്ചക്കൊടി കാണിക്കണം, എന്നാൽ മാത്രമേ വണ്ടി പോകുള്ളൂ. വീട്ടിൽ നിന്നും വാഹനം മറ്റ് സമയങ്ങളിൽ ഇറങ്ങുമ്പോഴും അവർ വെളിയിൽ വന്ന് രണ്ടു വശവും നോക്കി തീവണ്ടി വരുന്നില്ല എന്ന് ഉറപ്പാക്കണം. ബാക്കി മുഴുവൻ സമയവും ഗേറ്റ് ചങ്ങല ഇട്ടു തടസ്സപ്പെടുത്തിയിരിക്കും. വർഷാവർഷം വലിയൊരു തുക റൈൽവേക്കു അടക്കണം.
രസകരമല്ലേ ഈ സംഭവം?
ബ്രോഡ്ഗേജ് പാതയും ഇരട്ട ലൈനും വന്നതോടുകൂടി ഈ ഗേറ്റ് സറൻഡർ ചെയ്തു എന്നാണ് അറിഞ്ഞത്.