പരിണാമത്തിലെ സമാനതകളും വൈരുധ്യങ്ങളും: ഒരു ചര്‍ച്ച
പൊതു പരിസരം:
മലയാള കഥയും കവിതയും കഴിഞ്ഞ അമ്പതു വര്‍ഷക്കാലം ഭാവ-ഭാവുകത്വ- രൂപ തലങ്ങളില്‍ ഒട്ടേറെ പരിണാമങ്ങള്‍ക്ക് വിധേയം ആയിട്ടുണ്ട്. എവിടെയെല്ലാം ആണ് അവ കൂട്ടി മുട്ടുന്നത്? എവിടെ എല്ലാം സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു? എവിടെ പരസ്പരം പുറം തിരിഞ്ഞിരിക്കുന്നു ?
ചോദ്യങ്ങള്‍ അഥവാ പ്രമേയങ്ങള്‍ :
൧. . മലയാള കഥയിലും കവിതയിലും ആധുനികതയുടെ അര്‍ഥം എന്തെല്ലാം ആയിരുന്നു? അവ ഒന്ന് തന്നെ ആയിരുന്നുവോ? പുതിയ മനുഷ്യാവസ്ഥ എന്ന് ചുരുക്കി പറയാമെങ്കിലും അവയെ രണ്ടു രൂപങ്ങളും അഭിമുഖീകരിച്ച , ആവിഷ്കരിച്ച, രീതികള്‍, ഉപയോഗിച്ച ഭാഷാരീതികളും രചനാ തന്ത്രങ്ങളും, ഒന്നായിരുന്നോ?
൨. രണ്ടിനും പൊതുവായ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നോ? എലിയട്ടും കാഫ്കയും എല്ലാം ചേര്‍ന്ന ഒരു പൊതു പരിസരം ഉണ്ടായിരുന്നു എന്ന് പറയാമോ? ആധുനികതയുടെ പ്രാരംഭകര്‍ ഏറെയും പാശ്ചാത്യ സാഹിത്യം പഠിച്ചവരോ , പഠിപ്പിച്ചവരോ , വായിക്കുന്നവരോ ആയിരുന്നു എന്ന കാര്യം കൂടി ശ്രദ്ധിക്കുമ്പോള്‍? ഈ സ്വാധീനങ്ങള്‍ പ്രമേയത്തോടൊപ്പം രൂപപരീക്ഷണങ്ങള്‍ക്കുള്ള ധീരതയും സ്വാതന്ത്ര്യവും നല്‍കി എന്ന് പറയാമോ?
൩. ഈ മാറ്റത്തെ സമീപനത്തിലും ശൈലിയിലും സംഭവിച്ച ഒരു 'നഗരവല്‍ക്കരണം' ആയി കാണാമോ? എങ്കില്‍ മുകുന്ദന്റെയും പത്മരാജന്റെയും മറ്റും കഥകളിലെ ഗ്രാമത്തെ നാം എങ്ങിനെ വിശദീകരിക്കും? ഒരു അവശിഷ്ടം എന്ന നിലയില്‍? അത് പോലെ കടമ്മനിട്ടയുടെ കവിതയില്‍, കാവാലത്തിന്റെ കവിതാരചനകളില്‍,ഒക്കെ ഗ്രാമം ശൈലിയിലും പ്രമേയത്തിലും ഉണ്ടല്ലോ, പലപ്പോഴും ഒരു ഗൃഹാതുരത്വം പോലും ആയി? അതോ "നാടോടി " എന്ന അന്യവത്കൃത നാഗരിക സങ്കല്പമാണോ അവരെ സ്വാധീനിച്ചതു?
൪.അന്ന് ആധുനികതയുടെ ലക്ഷണങ്ങള്‍ ആയി നിരൂപകര്‍ പല കുറി പറഞ്ഞ കാര്യങ്ങള്‍ -മോഹഭംഗം, അന്യതാബോധം, ഏകാന്തത, സ്വത്വ നഷ്ടം, അധി ഭൌതികത, ഉദ്വിഗ്നത, ഒപ്പം ഇതൊക്കെ ആവിഷ്കരിക്കുന്ന പുതിയ ബിംബങ്ങള്‍, ഘടനകള്‍, - രണ്ടിനെയും സംബന്ധിച്ച് ശരി ആയിരുന്നോ? താരതമ്യത്തിന്: കുരുക്ഷേത്രം ( അയ്യപ്പ പണിക്കര്‍) / പാറകള്‍( ഓ. വി. വിജയന്‍) ; ദിവ്യ ദുഖത്തിന്റെ നിഴലില്‍( ആര്‍. രാമചന്ദ്രന്‍) / ഒരിടത്ത് ( സക്കറിയ), ബാലചന്ദ്രന്റെയും അയ്യപ്പന്റെയും കവിതകളും യൂ. പീ. ജയരാജിന്റെ കഥകളും ..ചിലപ്പോള്‍ തീക്ഷ്ണത സ്വയം ഒരു സൌന്ദര്യ മൂല്യം ആയി മാറുന്നത് പോലെ..
൫, ആധുനികതയുടെ പില്‍ക്കാല പരിണാമങ്ങളിലെ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ എന്തെല്ലാം ആയിരുന്നു? എഴുപതുകള്‍, എന്പതുകള്‍, തൊണ്ണൂറുകള്‍, ഈ പോയ ദശകം ഇവയിലെല്ലാം എങ്ങിനെയാണ് ഭാവുകത്വത്തിന്റെ പുതിയ പടവുകള്‍ രൂപം കൊണ്ടത്? എന്തെല്ലാം പുതിയ പ്രമേയങ്ങള്‍ ആണ് കൈകാര്യം ചെയ്യപ്പെട്ടത്? അവയുടെ സാമൂഹ്യ സ്രോതസ്സുകള്‍ എന്തെല്ലാം ആയിരുന്നു? അവ അവതരിപ്പിക്കപ്പെട്ട പരിപ്രേക്ഷ്യങ്ങള്‍ എന്തെല്ലാം ആയിരുന്നു? മൂര്‍ത്ത ജീവിതത്തെയും ഭാവനാ ജീവിതത്തെയും അവ എങ്ങിനെ സമീപിച്ചു?( പ്രത്യക്ഷം , പരോക്ഷം, സാമാന്യം, പ്രത്യേകം, സൂക്ഷ്മം , സ്ഥൂലം)
൬. എന്തായിരുന്നു അവയുടെ വികാരഘടനകള്‍:സ്വത്ത്വ നഷ്ടം, മൂല്യലോപവിഷാദം, വിപ്ലവബോധം, പുതിയ സ്വാതന്ത്ര്യബോധം,പരിസ്ഥിതിബോധം , ലിന്ഗബോധം, ജാതിബോധം തുടങ്ങിയവ എങ്ങിനെ ഏത് രൂപങ്ങളില്‍ കൈകാര്യം ചെയ്യപ്പെട്ടു? അധികാരവുമായി ഈ വ്യവഹാരങ്ങളുടെ ബന്ധത്തിന്റെ സ്വഭാവം എന്തായിരുന്നു? കെ. ജീ. ശങ്കരപ്പിള്ളയുടെ കവിതകളും എം. സുകുമാരന്റെ കഥകളും ഒന്നിച്ചു മനസ്സില്‍ വരുന്നത്, അഥവാ ചര്‍ച്ച ചെയ്യപ്പെട്ടത് എന്ത് കൊണ്ടാവാം? രാഷ്ട്രീയം കൊണ്ടു മാത്രം? അഥവാ സ്വാഗതാഖ്യാനവും ( ഉദാ: ബംഗാള്‍) അന്യാപദേശവും ( ഉദാ: തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്) പോലുള്ള രൂപങ്ങളുടെ പുതുമ കൊണ്ടു? അഥവാ ആറ്റൂരിന്റെ 'ക്യാന്‍സര്‍' ഇനും കടമ്മനിട്ടയുടെ " മത്തങ്ങ' യ്ക്കും പട്ടത്തുവിളയുടെ കഥകള്‍ക്കും ( അല്ലോപനിഷാദ്, രാഷ്ട്രപിതാവ്) പൊതുവായ കറുത്ത നര്‍മം കൊണ്ടു? രണ്ടിലും ഉള്ള ഭാഷയുടെ പുതിയ ഊര്‍ജസ്വലത കൊണ്ടു? സമീപനത്തിലെ അടിയന്തിര സ്വഭാവം (urgency) കൊണ്ടു?
൭. അടിയന്തിരാവസ്ഥയെ കഥയും കവിതയും എങ്ങിനെ നേരിട്ടു? പലപ്പോഴും പരോക്ഷ സമ്പ്രദായങ്ങള്‍ ഉപയോഗിക്കപ്പെട്ടില്ലേ? എണ്ണ, അരിമ്പാറ, മഞ്ഞു, നാവുമരം: അക്കാലത്തു നിന്ന് അവശേഷിക്കുന്ന ഇത്തരം കൃതികളില്‍ അടിയന്തിരാവസ്ഥയെ മനുഷ്യാവസ്ഥയുടെ ഒരു രൂപകം ആക്കാനുള്ള ശ്രമം ഇല്ലേ ? അങ്ങിനെ അവ എല്ലാ കാലത്തെയും ആകുന്നില്ലേ? ഇതില്‍ നിന്ന് കൂടുതല്‍ പോയ്ഹു ആയ ഒരു ചോദ്യം: കഥയും കവിതയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതികള്‍ എന്തെല്ലാമാണ്, ആയിരുന്നിട്ടുണ്ട്?
൭. പില്‍കാല കഥയിലെ ആഖ്യാന തന്ത്രങ്ങള്‍ എന്തായിരുന്നു? കവിതയിലെ ആഖ്യാനാംശത്തെ അവ എങ്ങിനെ സ്വാധീനിച്ചു? കഥയേയും കവിതയേയും കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ അവ എങ്ങിനെഅട്ടി മറിച്ചു അഥവാ നവീകരിച്ചു? പുരാണം , മിത്ത്, ആദിരൂപം ഇവയെ എല്ലാം എങ്ങിനെ പ്രയോജനപ്പെടുത്തി അഥവാ പുനര്‍ വ്യാഖ്യാനിച്ചു? ( ഉദാ: സാറാ ജോസെഫിന്റെ രാമായണ കഥകള്‍)
൮. രേഖീയം ആയ ആഖ്യാനത്തിന് എന്ത് സംഭവിച്ചു? എങ്ങിനെ പഴയ ശൈലികള്‍ വീന്ടെടുക്കപ്പെടുകയോ പരിഹാസരൂപത്തില്‍ തിരിച്ചു വരികയോ ചെയ്തു?(വീ. പീ. ശിവകുമാര്‍, , ബീ. മുരളി, കെ.ആര്‍ . ടോണി) എന്തായിരുന്നു രണ്ടിലും ഹാസ്യത്തിന്റെ സ്വരൂപം- (കറുത്ത നര്‍മം , ആക്ഷേപഹാസ്യം, രാഷ്‌ട്രീയ ഹാസ്യം )?വാഗ്സംയോജന രീതികളില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടായി? ഗ്രാമീണ ശൈലികള്‍, വാമൊഴികള്‍, എങ്ങിനെ എല്ലാം ഉപയോഗിക്കപ്പെട്ടു? ഭാഷയുടെ സംസ്കൃത ഘടകം എങ്ങിനെ ലഘൂകരിക്കപ്പെട്ടു?
൯. സ്ത്രീ, ദളിത, ന്യൂനപക്ഷ ആഖ്യാനങ്ങള്‍ക്കും ഭാവ ആവിഷ്കാരങ്ങള്‍ക്കും എന്ത് മാറ്റം സംഭവിച്ചു? (മാധവിക്കുട്ടിയും സാറയും ഗ്രേസിയും ചന്ദ്രമതിയും മുതല്‍ സിതാരയും ഇന്ദു മേനോനും കെ. ആര്‍ . മീരയും മറ്റും വരെ, സീ. അയ്യപ്പന്‍ മുതല്‍ നാരായന്‍ വരെ കഥയില്‍,സാവിത്രി രാജീവനും വിജയലക്ഷ്മിയും മുതല്‍ അനിതയും ഗിരിജയും മറ്റും വരെ , എസ. ജോസഫ് മുതല്‍ രേണു കുമാറും എം. ബീ മനോജും വിജിലയും മറ്റും വരെ കവിതയില്‍ )
൧൦. കലയുടെ ലീലാംശം എങ്ങിനെ രണ്ടിടത്തും പ്രയോഗിക്കപ്പെട്ടു? ബിംബം, രൂപകം ഇവ എങ്ങിനെ മാറി? ( ടീ. പീ. രാജീവന്‍, , ഗോപീകൃഷ്ണന്‍ അന്‍വര്‍, പീ പീ രാമചന്ദ്രന്‍, പീ രാമന്‍, റഫീക്ക് അഹമ്മദ് തുടങ്ങിയവര്‍ മുതല്‍ ലതീഷ് മോഹന്‍ വരെ, എന്‍ പ്രഭാകരനുംസീ വീ ബാലകൃഷ്ണനും മുതല്‍ സുഭാഷ് ചന്ദ്രനും അമ്ബികാസുതനും ഈ സന്തോഷ്കുമാരും സന്തോഷ് എചിക്കാനവും മറ്റും വരെ ) എങ്ങിനെ ഉപയോഗിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്തു?
൧൧. എങ്ങിനെ അവന്ഗ് ഗാര്‍ഡ് സങ്കല്‍പ്പങ്ങള്‍ ഓരോ തലമുറയിലും മാറിക്കൊണ്ടിരുന്നു? പുതിയ സാങ്കേതിക വിദ്യകളും മാധ്യമങ്ങളും എന്ത് മാറ്റങ്ങള്‍ ആണ് കഥയിലും കവിതയിലും കൊണ്ടു വരുന്നത്? ( ബ്ലോഗുകള്‍, ഫേസ് ബുക്ക്, ഇന്റര്‍നെറ്റ് സംവേദന വിധങ്ങള്‍ ) ചെറു മാസികകള്‍ ഈ മാറ്റത്തില്‍ എന്ത് പങ്കു വഹിച്ചു?
൧൨. വിപണിയുമായി പുതിയ കഥയും കവിതയും എങ്ങിനെ സമരസപ്പെടുകയോ കലഹിക്കുകയോ ചെയ്യുന്നു?
൧൩, വായനാ സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഈ മാറ്റങ്ങള്‍ക്കു എന്ത് തരം സ്വീകരണം ആണ് ലഭിച്ചത്?
൧൪. ഈ ദശകങ്ങളിലെ ഭാവുകത്വതിന്റെ ചരിത്രം നിര്മിക്കുകയാണെങ്കില്‍ നിര്‍ണായകം ആയ കൃതികളും പ്രവണതകളും ഇതെല്ലാം ആയിരിക്കും?