Fwd: അവധിക്കാലത്ത് കുട്ടികളെ കളിക്കാന്‍ അനുവദിക്കുക

1 view
Skip to first unread message

Shabeer V V

unread,
Apr 16, 2012, 5:06:59 AM4/16/12
to ITEC Group




അവധിക്കാലത്ത് കുട്ടികളെ കളിക്കാന്‍ അനുവദിക്കുക

 ജെ. ലളിതാംബിക ഐ.എ.എസ്
പരീക്ഷക്കാലം കഴിഞ്ഞു. ഇനി മധ്യവേനലവധി. കളിയും ചിരിയുമായി കഴിയേണ്ട കുട്ടികളെ പിടിച്ചിരുത്താന്‍ പറ്റിയ ഇടം എവിടെയെന്ന് അന്വേഷിക്കുകയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ കുട്ടികളുടെ ബാല്യം മുരടിപ്പിക്കുകയാണ്. ഇത് കുട്ടികളോടു ചെയ്യുന്ന വലിയൊരു അവകാശലംഘനമാണ്. മധ്യവേനല്‍ തുടങ്ങും മുമ്പുതന്നെ അവധിക്കാല ക്ളാസുകളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയായി. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍പോലും ഇന്ന് ഇത്തരം പരസ്യഫ്ളക്സുകളുടെ മേളമാണ്. സംഗീതം, നൃത്തം, ചിത്രകല, കരാട്ടെ, അബാക്കസ്, സ്പോക്കണ്‍ ഇംഗ്ളീഷ് തുടങ്ങി ഏതു വിഷയത്തിനും പരിശീലന ക്ളാസുകളുണ്ട്. ഇത്തരം അവധിക്കാല ക്ളാസുകള്‍ ഒരു വന്‍ബിസിനസായി മാറിയത് അടുത്തകാലത്താണ്. ചില കുടുംബങ്ങളില്‍ അച്ഛനമ്മമാര്‍ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാതെ വീട്ടിലെ ശല്യം ഒഴിവാക്കാനായി മാത്രം നിര്‍ബന്ധപൂര്‍വ്വം അവരെ ഇത്തരം ക്ളാസുകളില്‍ ചേര്‍ക്കാറുണ്ട്. അവധിക്കാലം ആസ്വദിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഇത്തരം ക്ളാസുകള്‍ ശിക്ഷയാവുകയാണെന്ന കാര്യം എത്ര പേര്‍ ഓര്‍ക്കുന്നു?
പോയകാലത്തെ കുട്ടികള്‍ എത്ര ഭാഗ്യവാന്മാര്‍!
കഴിഞ്ഞ തലമുറയിലെ കുട്ടികളുടെ അവധിക്കാലം എത്ര വ്യത്യസ്തമായിരുന്നു എന്നാലോചിക്കുന്നതുതന്നെ രസകരമാണ്. വര്‍ഷാവസാന പരീക്ഷ കഴിഞ്ഞാല്‍ പുസ്തകങ്ങളെല്ലാം വീടിന്റെ ഒരു മൂലയിലേക്കെറിയും. പിന്നെ രണ്ടുമാസം കൂട്ടുകാരുമൊത്ത് കളിച്ച് തിമിര്‍ക്കലാണ്. ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ കുംഭച്ചൂടും മീനച്ചൂടുമൊന്നും വകവയ്ക്കാതെ കുട്ടികള്‍ സൂര്യന്‍ മറയുവോളം പലതരം കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. ഇടയ്ക്ക് പച്ചമാങ്ങ ഉപ്പുംകൂട്ടി തിന്നാനും വേലിച്ചെടികള്‍ ചാടിക്കടന്ന് മാമ്പഴം എറിഞ്ഞുവീഴ്ത്തി തിന്നാനും എന്തൊരുല്‍സാഹമാണ് കുട്ടികള്‍ക്ക്. മാമ്പഴം പഴുക്കുന്നതോടെയാണ് ഉല്ലാസത്തിന് മുറുക്കം കൂടുക. അയലത്തെ പറമ്പിലെ മാവില്‍ കയറി ആരും കാണാതെ മാമ്പഴം കട്ടുപറിച്ചു തിന്നുന്നതിന്റെ രസം ഒന്നു വേറെ. അതൊരു തെറ്റായ കാര്യമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല. ഇന്ന് മതിലുകള്‍ക്കപ്പുറം മറ്റൊരു ലോകമാണല്ലോ. അവിടെ 'അന്യര്‍ക്കു പ്രവേശനമില്ല.' സ്വന്തക്കാര്‍ കഴിഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് മറ്റുള്ളവരെല്ലാം അന്യരാണ്. അങ്ങനെയാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. നഗരങ്ങളിലാണ് ഈ വേര്‍തിരിവ് കൂടുതല്‍. മതിലനിനപ്പുറത്തു നില്‍ക്കുന്ന മാവില്‍നിന്ന് ഇലയോ മാങ്ങയോ വീണാല്‍ മതി, പിറ്റേന്ന് അയല്‍ക്കാരനെതിരെ കേസാണ്. അത്തരക്കാരോട് ബാല്യത്തിന്റെ സ്വാതന്ത്യ്രത്തെക്കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം?
 
കളിക്കാനല്ല, കളി കാണാനാണ് ഇന്നത്തെ കുട്ടികള്‍ക്കിഷ്ടം
വര്‍ണ്ണക്കടലാസും ഈര്‍ക്കിളിയും കൊണ്ട് പട്ടമുണ്ടാക്കി പറത്തിക്കളിക്കുന്ന കുട്ടികളെ ഇന്ന് എവിടെ കാണാനുണ്ട്? മുട്ടിത്തടി ചെത്തിക്കൂര്‍പ്പിച്ച് അതിനുനടുവില്‍ ഒരു ഇരുമ്പാണി കുത്തിക്കയറ്റി പമ്പരമുണ്ടാക്കി കറക്കിവിടുന്ന കുട്ടികളെക്കുറിച്ചു പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ വിശ്വസിക്കുമോ? കുരുത്തോലകൊണ്ട് ഓലപ്പാമ്പും ഓലപ്പന്തും കണ്ണടയും കാറ്റാടിയുമൊക്കെയുണ്ടാക്കിയിരുന്ന കാലം പോയിമറഞ്ഞു. ഇന്നത്തെ കുട്ടികള്‍ പട്ടം പറപ്പിക്കുന്നുണ്ട്; ആരോ ഉണ്ടാക്കിയ പട്ടം. കണ്ണടയും വാച്ചും പമ്പരവുമൊക്കെ അവര്‍ക്കു ചോദിച്ചുംതീരും മുമ്പേ കയ്യില്‍ കിട്ടും. പക്ഷേ, അവര്‍ നിര്‍മ്മാതാക്കളാവുന്നില്ല. വെറും ഉപഭോക്താക്കള്‍ മാത്രം. ഫലമോ, ക്രിയേറ്റിവിറ്റി എന്നൊന്ന് കുട്ടികള്‍ക്കില്ലാതാവുന്നു.
 
അതുപോലെതന്നെയാണ് കളികളുടെ കാര്യവും. ഒരു കളിയും അവര്‍ക്ക് കളിക്കാനറിയില്ല. ടി.വി.ക്കു മുന്നിലിരുന്ന് കളി കാണാനാണ് അവര്‍ക്കിഷ്ടം. ഗ്രാമത്തിലെ കുട്ടികള്‍പോലും ഇന്ന് ടി.വി.യുടെയും കമ്പ്യൂട്ടറിന്റെയും അടിമകളായിക്കഴിഞ്ഞിരിക്കുന്നു.
 
ഇതു പറയുമ്പോള്‍ 28 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ അനുഭവമാണ് എനിക്കോര്‍മ്മ വരുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കു സ്ഥലം മാറി വന്ന ഞാന്‍ എട്ടു വയസുകാരനായ മകനെ ചേര്‍ക്കാന്‍ ലയോള സ്കൂളില്‍ പോയി. ഉച്ചയൂണിനുള്ള ഇടവേളയിലാണ് ഞാനവിടെ എത്തിയത്. കുട്ടികളെല്ലാം സ്കൂള്‍ കോമ്പൌണ്ടില്‍ കളിച്ചുതിമിര്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു വളരെ സന്തോഷം തോന്നി. ഉച്ചഭാഷിണിയിലൂടെ സംഗീതം ഒഴുകുന്നുണ്ടായിരുന്നു. കുറച്ചു കുട്ടികള്‍ ലൈബ്രറിയില്‍ ഇരുന്ന് വായിക്കുന്നതും കണ്ടു.
 
സ്കൂള്‍വിദ്യാഭ്യാസം മുഴുവന്‍ ആ സ്ഥാപനത്തില്‍ ചെലവഴിച്ച മകന്‍ അരവിന്ദിന് സ്കൂള്‍ ജീവിതത്തെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ. സ്കൂള്‍ സമയം കഴിഞ്ഞ് കളിക്കാനാഗ്രഹമുള്ള കുട്ടികള്‍ക്ക് സ്കൂളില്‍ അതിനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ക്കുവേണ്ടി സ്കൂള്‍ ബസ് രണ്ടാമത് ഒരു ട്രിപ്പുകൂടി ഓടിയിരുന്നു. എന്റെ മകന്‍ രാവിലെ ഇട്ടുകൊണ്ടുപോകുന്ന അലക്കിത്തേച്ച ക്രീം നിറത്തിളുള്ള ഷര്‍ട്ട് മടങ്ങിവരുമ്പോള്‍ പൊടിപുരണ്ട് തവിടുനിറമായി മാറും. അതില്‍ എനിക്കു പരാതിയില്ലായിരുന്നു. ഇപ്പോള്‍ ആ സ്കൂളിലെ രീതിയും മാറിക്കാണുമോയെന്നറിയില്ല.
 
ഉല്ലാസം കുട്ടികളുടെ മാനസികാരോഗ്യത്തിന് അത്യാവശ്യം
പരീക്ഷകഴിഞ്ഞാല്‍ പഠനഭാരം തലയില്‍നിന്നിറവയ്ക്കാനുള്ള അവസരമാണ് അവധിക്കാലം. ആ ദിവസങ്ങള്‍ ഉല്ലാസത്തിന്റേതാവണം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതുവരെയെങ്കിലും അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ കളിക്കാനും കൂട്ടുകാരുമൊത്ത് രസിക്കാനും അനുവദിക്കണം. അവരുടെ മാനസികാരോഗ്യത്തിന് അത്യാവശ്യമാണത്. വരുന്ന അദ്ധ്യായനവര്‍ഷത്തേക്കുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ ഈ ഇടവേള ഉപകരിക്കണം.
വര്‍ഷത്തിലെ പത്തു മാസക്കാലം കുട്ടികള്‍ക്ക് കളിക്കാന്‍ അവസരമില്ലാത്ത തരത്തിലാണ് ഇന്നത്തെ പാഠ്യക്രമങ്ങള്‍. സ്കൂളില്‍നിന്നു ട്യൂഷന്‍സെന്ററിലേക്ക്. അവിടെനിന്ന് മറ്റൊരു ട്യൂഷന്‍ സെന്ററിലേക്ക്. രാത്രി ഏറെ വൈകുംവരെ ഹോംവര്‍ക്കുകള്‍. അവധി ദിവസങ്ങളില്‍ ടെലിവിഷനു മുമ്പില്‍...ഇതിനിടയില്‍ കളിക്കാന്‍ എവിടെയാണ് സമയം?
 
ഉടുപ്പില്‍ ചെളി പുരളട്ടെ
അതുകൊണ്ട് അവധിക്കാലത്തു കിട്ടുന്ന രണ്ടുമാസമെങ്കിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കണം. അവരുടെ ഉടുപ്പില്‍ പൊടിയും ചെളിയും പുരളട്ടെ. അവരുടെ കൈമുട്ടും കാല്‍മുട്ടുമൊക്കെ ഉരയുകയും ചതയുകയുമൊക്കെ ചെയ്യട്ടെ. വേദനയെന്താണെന്ന് അവര്‍ അറിഞ്ഞാലേ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ കഴിയൂ. വേദനയെന്താണെന്ന് അറിയാത്ത കുട്ടികള്‍ റാഗിങ്ങു മുതല്‍ അധ്യാപകരെ വധിക്കുന്നതുവരെ ഏതുതരം നിഷ്ഠൂരകൃത്യങ്ങളും ചെയ്യുമെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു.
കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവുമൊക്കെ അവരുടെ ബോധമണ്ഡലത്തില്‍നിന്ന് കുറച്ച് നാളത്തേക്കെങ്കിലും മാറി നില്‍ക്കട്ടെ. രണ്ടു മാസത്തേക്കെങ്കിലും അവര്‍ വെറും കുട്ടികളാവട്ടെ. ഇല്ലെങ്കില്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത കുട്ടിക്കാലം അവര്‍ക്ക് എന്നത്തേക്കുമായി നഷ്ടപ്പെടും. നമ്മുടെ രാജ്യത്തിനാവശ്യം ആരോഗ്യവും സ്നേഹവും കാരുണ്യവും പ്രതികരണശേഷിയുമുള്ള ചുറുചുറുക്കുള്ള പൌരന്മാരെയാണ്. ബുദ്ധിശക്തികൊണ്ടു മാത്രം യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെയല്ല.
 
കളിയിലൂടെ കുട്ടികള്‍ക്കു കിട്ടുന്ന 9 നേട്ടങ്ങള്‍
അറിവിനേക്കാള്‍ മഹത്തരമാണ് ഭാവനയെന്നും കളികള്‍ ഗവേഷണത്തിന്റെ മികച്ച രൂപമാണെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ക്രിക്കറ്റ് പോലുള്ള കളികള്‍ വലിയ പങ്കുവഹിക്കുന്നു. കളികളിലൂടെ കടന്നുപോകുന്ന ബാല്യത്തില്‍ കുട്ടികള്‍ നേടിയെടുക്കുന്ന അമൂല്യമായ നേട്ടങ്ങളെക്കുറിച്ച് മനസിലാക്കിയാല്‍ അവധിക്കാലത്ത് അവരെ കൂട്ടിലടയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കില്ല.
1. ബന്ധങ്ങള്‍ വികസിക്കുന്നു (growth of relationship)
കുട്ടികള്‍ ഒത്തൊരുമിച്ചു കളിക്കുമ്പോള്‍ അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ വളരാനുള്ള അവസരം ലഭിക്കുന്നു. ഇണങ്ങിയും പിണങ്ങിയും പങ്കുവച്ചും കഴിയുന്നതിലൂടെ വീടിനുപുറത്ത് കുട്ടി മനുഷ്യബന്ധങ്ങളുടെ ഊടും പാവും നെയ്യുകയാണ് ചെയ്യുന്നത്.
 
2. ഉത്തരവാദിത്വബോധം വളരുന്നു
കള്ളനും പോലീസും കളിക്കുന്ന കുട്ടിയുടെ മനസില്‍ നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുന്നു. സമൂഹത്തില്‍ തങ്ങള്‍ പാലിക്കേണ്ട കര്‍ത്തവ്യങ്ങളെക്കുറിച്ച് അവര്‍ സ്വയം മനസിലാക്കുകയാണ് ഇതിലൂടെ.
3.ചിന്താശേഷി കൂടുന്നു
ഏതൊരു കളിയുടെയും പിന്നില്‍ ബുദ്ധിപരമായ ഒരാശയമുണ്ട്. കളിയിലൂടെ കുട്ടി അതു മനസിലാക്കുന്നു. ഒരു പാവയെ നിരീക്ഷിക്കുന്ന കുട്ടിക്ക് പാവനിര്‍മ്മാണത്തിനു പിന്നിലെ ആശയം, ഭാവന, സാങ്കേതികത തുടങ്ങി പലതും മനസിലാവുന്നു
 
4.ഇടപെടാനുള്ള കഴിവു വര്‍ദ്ധിക്കുന്നു
കൂട്ടുകൂടി കളിക്കുമ്പോള്‍ കുട്ടിയുടെ മനസിലെ ഉള്‍വലിയല്‍ സ്വഭാവം മാറിക്കിട്ടുന്നു. സംഘത്തിലെ ലീഡറാവാനുള്ള അവസരം ലഭിക്കുമ്പോള്‍ നേതൃത്വപാടവം എന്ന ഗുണം കുട്ടി സ്വായത്തമാക്കുന്നു.
 
5.ഭാവന വികസിക്കുന്നു
കളിസ്ഥലങ്ങളില്‍ വച്ച് പല ആശയങ്ങളും കുട്ടികള്‍ തമ്മില്‍ പങ്കുവയ്ക്കും. ഇത് അവരുടെ ഭാവന വികസിക്കാന്‍ പര്യാപ്തമാകുന്നു.
 
6.സ്വഭാവ രൂപീകരണം
സ്വഭാവരൂപീകരണം നടക്കുന്ന പ്രായത്തില്‍ കുട്ടികള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് അവരുടെ വ്യക്തിത്വവികാസത്തിന് സഹായിക്കും. സംഘബോധം, സാമൂഹ്യബോധം, നീതിബോധം, പെരുമാറ്റരീതി തുടങ്ങി മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒട്ടേറെ ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ കളിക്കൂട്ടങ്ങള്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നു.
 
7.കഴിവുകള്‍ തിരിച്ചറിയാനുള്ള അവസരം
ഒരു വ്യക്തിയില്‍ ഒമ്പതു കഴിവുകള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് മൈന്റ് പവര്‍ സയന്‍സിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കഴിവുകളില്‍ ഏതെങ്കിലുമൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വളര്‍ത്തിയെടുക്കുകയാണെങ്കില്‍ ആ വ്യക്തി അസാമാന്യ പ്രതിഭയുള്ള ആളായിത്തീരും. എന്നാല്‍ സ്വന്തം കഴിവുകള്‍ കണ്ടെത്താതെ പോകുമ്പോള്‍ യാതൊരു അഭിരുചിയുമില്ലാത്ത ഒരു മേഖലയില്‍ ജീവിതം കുടുങ്ങിക്കിടക്കും. ഇത്തരക്കാര്‍ക്ക് ഒരിക്കലും ജീവിതം ആസ്വദിക്കാനാവില്ല. കുട്ടിയെ കളിക്കാന്‍ അനുവദിക്കുമ്പോള്‍ അവന്റെ താല്‍പ്പര്യം ഏതു മേഖലയിലാണെന്ന് തിരിച്ചറിയാന്‍ കഴിയും. ചിത്രരചനയോ, ക്ളേ മോഡലോ, സംഗീതമോ, വായനയോ, സ്പോര്‍ട്ട്സോ ഏതുമാവട്ടെ, അവന്‍/അല്ലെങ്കില്‍ അവള്‍ തനിക്ക് പ്രിയപ്പെട്ട മേഖലയില്‍ കൂടുതല്‍ സമയം കളിക്കാന്‍ ഇഷ്ടപ്പെടുന്നതു കാണാം. അതിലൂടെ കുട്ടിയുടെ ഉള്ളിലെ സര്‍ഗ്ഗവാസന കണ്ടെത്താന്‍ കഴിയും.
 
8.വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു
കളികള്‍ക്കിടയില്‍ കുട്ടികള്‍ പരസ്പരം പല ചോദ്യങ്ങളും ചോദിക്കും. കളിക്കൂട്ടത്തില്‍നിന്നുതന്നെ അവര്‍ക്ക് ഉത്തരങ്ങളും ലഭിക്കും. ഇങ്ങനെ അറിവുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടാനുള്ള നല്ലൊരു വേദിയാണ് കളിസ്ഥലങ്ങള്‍.
 
9.ക്രിയാത്മകത വര്‍ദ്ധിക്കുന്നു
കുട്ടികളുടെ ക്രിയേറ്റിവിറ്റി വികസിപ്പിച്ചെടുക്കാന്‍ കളികളും കളിക്കൂട്ടുകളും സഹായിക്കുന്നുണ്ട്. പാട്ടു കേള്‍ക്കാന്‍ ചുറ്റും കൂട്ടുകാരുണ്ടെങ്കില്‍ സംഗീതവാസനയുള്ള കുട്ടി പാടാന്‍ താല്പര്യം കാണിക്കും. അതുപോലെ പ്രസംഗിക്കാന്‍ ഇഷ്ടമുള്ള കുട്ടി കൂട്ടുകാരുടെ മുന്നില്‍ പ്രസംഗകല അഭിനയിച്ചു പഠിക്കും. കമ്പുകള്‍ കൂട്ടിക്കെട്ടി മൈക്ക്സ്റ്റാന്റ് ഉണ്ടാക്കുകയും അതിനു മുന്നില്‍നിന്നു പ്രസംഗിക്കുന്നതുമൊക്കെ ഗ്രാമത്തിലെ കുട്ടിക്കൂട്ടങ്ങള്‍ക്കിടയിലെ സാധാരണ കാഴ്ചയാണ്. ഇതുപോലെ കരവിരുതുള്ള കുട്ടി ഓലപ്പന്തും ഓലത്തൊപ്പിയുമൊക്കെ മെടഞ്ഞ് കൂട്ടുകാര്‍ക്കു സമ്മാനിക്കുന്നു. ഇങ്ങനെ കുട്ടികളിലെ കഴിവ് വികസിപ്പിച്ചെടുക്കാനുള്ള അവസരംകൂടിയായിത്തീരുന്നു കളികള്‍.
  






    



--
Regards,
Shabeer
Reply all
Reply to author
Forward
0 new messages