പരിശുദ്ധനാകാൻ പത്ത് ഉപദേശങ്ങൾ
ആത്മാവിനെ സ്ഫുടം ചെയ്ത് നന്മ നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാനും, സമൂഹത്തിൽ ഇരുട്ട് വ്യാപിപ്പിക്കുന്ന ദുഷ്ട്ട ശക്തികളോട് സമരം ചെയ്ത് ശരീരത്തെ പാകപ്പെടുത്തിയെടുക്കാനും ആഗ്രഹിക്കുന്നവർക്കായി ശൈഖ് ജീലാനി (ഖ: സി) പത്ത് ഉപദേശങ്ങൾ നൽകുന്നുണ്ട്
1) സത്യമായാലും അസത്യമായാലും അല്ലാഹുവെ കൊണ്ട് സത്യം ചെയ്യാതിരിക്കുക.
2) തമാശയായിട്ടായാലും കാര്യമായിട്ടായാലും പരിഹാസമായിട്ടായാലും കളവു പറയാതിരിക്കുക
3) ഒരാളോട് ഒരു കാര്യം വാഗ്ദാനം ചെയ്യുകയും പിന്നീട് ആ വാഗ്ദാനം ലംഘിക്കാതിരികുകയും ചെയ്യുക
4) അല്ലാഹുവിന്റെ സൃഷ്ട്ടികളിൽ യാതൊന്നിനെയും ശപിക്കാതിരിക്കുക, യാതൊരു വസ്തുവിനെയും ഉപദ്രവിക്കാതിരിക്കുക
5) തന്നോട് എതിരുള്ളവനായാലും ശത്രുവായാലും തന്നെ കഠിനമായി ഉപദ്രവിച്ചവനായാലും അവനു എതിരായി, ദോഷത്തിന്നായി പ്രാർഥിക്കാതിരിക്കുക
6) ഖിബ്ലക്കഭിമുഖമായി നിന്നു നമസ്ക്കരിക്കുന്ന ഒരാളെയും മുശ്രിക്കെന്നോ മുനാഫിഖേന്നോ കാഫിറെന്നോ ഖണ്ടിത്മായി പറയാതിരിക്കുക. കാരണമത് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അടുപ്പിക്കുന്നതും ഉന്നത പദവിയിലേക്ക് ഉയർത്തുന്നതും അല്ലാഹുവിന്റെ അറിവിൽ പെട്ട കാര്യത്തിലേക്ക് കടക്കാതിരിക്കുന്നതിനു സഹായിക്കുന്നതുമായ സദ്‌ഗുണമാകുന്നു
7) കണ്ണിനെ സൂക്ഷിക്കുക, എല്ലാ നിഷിദ്ധങ്ങളെ തൊട്ടും അതിനെ സൂക്ഷിക്കുക, കാരണമത് ദൈവ നിഷേധ പരമായ കാര്യങ്ങളിലേക്ക് നിന്നെ എത്തിച്ചേക്കാം, അവയവങ്ങളെ പാപകർമ്മങ്ങളിൽ നിന്നും തടഞ്ഞു നിർത്തുക.
8) ജീവിത ചിലവിനു - അത് ചെറുതാവട്ടെ വലുതാവട്ടെ ഒരാളെയും ആശ്രയിക്കതിരിക്കുക. കാരണം നിരാശ്രയത്വം ഭക്തന്മാരുടെ മാന്യതയുടെയും അന്തസ്സിന്റെയും അടയാളമാകുന്നു. ഈ അവസ്ഥ ഒരാളിൽ ഉണ്ടാകുമ്പോൾ അവൻ നന്മ കൽപ്പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിന്നും ശക്തനായി തീരും.
9) അന്യരിൽ നിന്നും യാതൊന്നും മോഹിക്കരുത്. അത്തരം എല്ലാ മോഹങ്ങളെയും പരിത്യജിക്കുക. ജനങ്ങളുടെ കൈകളിലുള്ളതോന്നിനെയും ആഗ്രഹിക്കുകയോ മോഹിക്കുകയോ ചെയ്യരുത്. കാരണം അങ്ങനെ മോഹിക്കാതിരിക്കുന്നതാണ് വലിയ അന്തസ്സും പ്രതാപവും. നിഷ്ക്കളങ്കമായ വിശ്വാസവും ഫലപ്രദവും സുവ്യക്തവുമായ തവക്കലുമാകുന്നു അത്. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കവാടമാകുന്നു അത്. പരിത്യാഗത്തിന്റെ വാതിലും അത് തന്നെ. അതിലൂടെ ഭയ ഭക്തി കരസ്ഥമാക്കാൻ കഴിയുന്നു. ആത്മീയ ജീവിതം പൂർണത പ്രാപിക്കാൻ കാരണമാകുന്നു
10) എത്രത്തോളം വിനയാന്വിതനകാൻ കഴിയുമോ അത്രത്തോളം വിനയാന്വിതനാകുക. വിനയം കൊണ്ട് ഒരടിമ അല്ലാഹുവിന്റെ സന്നിധിയിലും ജനങ്ങളുടെ അടുത്തും ഉന്നതി പ്രാപിക്കുകയും പൂർണ അന്തസ്സ് നേടുകയും ചെയ്യുന്നു. സകല സദ് ഗുണങ്ങളുടെയും അടിസ്ഥാനം വിനയമാകുന്നു. വിനയമാകുന്ന മഹദ് ഗുണത്തിലൂടെ വിശ്വാസി സജ്ജനങ്ങളുടെ പദവിയിൽ എത്തിച്ചേരും. അത് ഭയഭക്തിയുടെയും തഖ്വയുടെയും പരിപൂർണതയാകുന്നു. (ഫുതൂഹുൽ ഗൈബ് )