ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ: സി) ഹിജ്റ 470 - 561 (രണ്ട്)
ബാഗ്ദാദ് നഗരം അന്ന് എല്ലാ തിന്മകളുടെയും കേന്ദ്രമായി വർത്തിച്ചു. സമൂഹം ദീനിനെതിരായി പ്രവർത്തിച്ചു. ബാഗ്ദാദിൽ കഴിയുകയെന്നത് ശൈഖവർകൾക്ക് വെറുപ്പുളവാക്കുന്ന കാര്യമായി അനുഭവപ്പെട്ടു. ഒരു പ്രത്യേക അവസ്ഥയിൽ മഹാൻ ആയി തീർന്നു.
ആധ്യാത്മിക സൂക്ഷ്മ ജ്ഞാനികൾക്ക് അനുഭവപ്പെടുന്ന പല തരത്തിലുള്ള അനുഭവങ്ങളും ശൈഖിനു അനുഭവപ്പെട്ടു. ഒറ്റപ്പെട്ടു ജീവിക്കുക, ഭൗതികമായ വിരക്തിയാവുക തുടങ്ങി പലതും ശൈഖിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജീലാനി തങ്ങൾ തന്നെ പറയുന്നു "ഒരിക്കൽ എനിക്ക് ബുദ്ധിഭ്രംശം സംഭവിച്ചു. ഉന്മാദാവസ്ഥ പിടികൂടി. ആളുകൾ എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഞാൻ മരിച്ചു എന്ന് ആളുകൾ കണക്ക് കൂട്ടി. കഫൻ പുടവ കൊണ്ട് വന്നു. എന്നെ മയ്യിത്ത് കുളിപ്പിക്കാൻ കിടത്തി. അപ്പോഴാണ് എനിക്ക് ബോധം തിരിച്ചു കിട്ടിയത്, ഞാൻ ഉണർന്നെണീറ്റു" (സിയരു അഅലാമുന്നുബലാഅ - 20 / 444)
"ഒരിക്കൽ വൈജ്ഞാനിക വൃത്തിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കെ ഉന്മാദാവസ്ഥ എന്നെ പിടികൂടി, അതെന്നെ മരുഭൂമിയിലേക്ക് കൊണ്ട് പോയി. ഞാൻ അലറി വിളിച്ചു, രാത്രിയിൽ ഞാൻ അട്ടഹസിച്ചു. സഞ്ചാരികൾ ഗർജ്ജനം കേട്ട് ഭയപ്പെട്ടു. അവരെന്നെ തിരിച്ചറിഞ്ഞു. ഭ്രാന്തൻ അബ്ദുൽ ഖാദിർ ഞങ്ങളെ ഭയപ്പെടുത്തി കളഞ്ഞു എന്നവർ പ്രതികരിച്ചു" (അദ്ദയ്ലു അലാ ത്വെബകാത്തിൽ ഹനാബില)
ബാഗ്ദാദ് നഗരത്തിൽ നിന്നകന്ന് വിജനമായ സ്ഥലങ്ങളിലും മറ്റും പരദേശിയെ പോലെ താമസിച്ചു. പൊട്ടി പൊളിഞ്ഞു ഉപേക്ഷിക്കപ്പെട്ട ഒരു ടവറിനുള്ളിലും ശൈഖ് അവർകൾ താമസിച്ചു. അതിനാൽ ആ ടവർ "പരദേശിയുടെ ടവർ" എന്ന പേരിൽ അറിയപ്പെട്ടു.
അങ്ങിനെ ഏകാന്തമായ ധ്യാനത്താലും പരിശീലനത്താലും ശൈഖവർകൾ ഉന്നത സ്ഥാനം കൈവരിച്ചു. അക്കാലത്ത് ബാഗ്ദാദിലെ പ്രശസ്തനായ സൂഫി ഗുരു ശൈഖ് ഹമമാദ് ഇബ്നു മുസ്‌ലിം (റ) എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇസ്ലാമിക വിജ്ഞാനീയങ്ങളിലും ആത്മീയ സൂക്ഷമ ജ്ഞാനത്തിലും അഗാദ പാണ്ടിത്യമായിരുന്നു ഷെയ്ഖ് ഹമമാദ് തങ്ങളുടേത്. ശൈഖ് ഹമമാദ് തങ്ങൾ കഠിന പരീക്ഷണങ്ങളിലൂടെ തന്റെ ശിഷ്യനെ സംസ്കരിച്ചു. പരീക്ഷിച്ചു.തന്റെ പിൻഗാമിയായി സമൂഹത്തിൽ തജ്ദീദ് ചെയ്യാൻ എല്പ്പിക്കേണ്ട അരുമ ശിഷ്യൻ പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ നിൽക്കാൻ പരിശീലിപ്പിക്കെണ്ടാത് ഗുരുവിന്റെ കർത്തവ്യത്തിൽ പെട്ടതാണ്. ജീലാനി തങ്ങൾ പറയുന്നു "ഒരിക്കൽ ഞങ്ങൾ ഗുരുവര്യരുടെ കൂടെ ജുമുഅ നിസ്ക്കരിക്കനായി യാത്ര പോവുകയാണ്. ടൈഗ്രിസ് നദിയുടെ പാലത്തിലൂടെയാണ് യാത്ര. പാലത്തിലെത്തിയപ്പോൾ ഗുരു പെട്ടെന്ന് നിൽക്കുകയും എന്നെ പിടിച്ചു നദിയിലേക്ക് തള്ളിയിടുകയും ചെയ്തു. വെള്ളത്തിനു അതി കഠിനമായ തണുപ്പായിരുന്നു. 'ജുമുഅക്ക് വേണ്ടി കുളിക്കുന്നു' എന്ന നിയ്യത്ത് ചെയ്തു ഞാൻ മുങ്ങി. കമ്പിളി ജുബ്ബയയിരുന്നു ഞാൻ ധരിച്ചിരുന്നത്. പോക്കറ്റിലെ പഠന കുറിപ്പുകളും നോട്സുകളും നനയാതിരിക്കാൻ ഞാനവ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചു. ഗുരുവും സംഘവും എന്നെയും വിട്ടേച്ചു നടന്നു നീങ്ങി. ഞാൻ കരക്ക് കയറി ജുബ്ബ പിഴിഞ്ഞെടുത് അവരെ പിന്തുടർന്നു" (ഖലാഇദുൽ ജവാഹിർ) തന്റെ ശിഷ്യനായ അബ്ദുൽ ഖാദിർ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനും സത്യത്തിൽ അചഞ്ചലനായി ഉറച്ചു നിൽക്കാനും വേണ്ടിയാണ് താനത് ചെയ്തതെന്ന് ശൈഖ് ഹമ്മാദ് (റ) തന്നെ പറഞ്ഞിട്ടുണ്ട്.
നാല് മദ്ഹബുകളിലും അവഗാഹം നേടിയ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) ശാഫി ഹമ്പലീ മദ്ഹബുകളുടെ ആധികാരിക സ്രോതസ്സ് കൂടിയായിരുന്നു. ഫിഖ്ഹിൽ (ശരീഅത്തിൽ) അവഗാഹം നേടിയതിനു ശേഷം മാത്രമേ ഒരാൾക്ക് തസവ്വുഫിൽ എത്തിച്ചേരാൻ കഴിയൂ. അല്ലെങ്കിൽ പിഴച്ചുപോകും.
ഖാളിയും മഹാ പണ്ടിതനുമായിരുന്ന ശൈഖ് അബൂ സഈദ് മുബാറക് ബിൻ അലി മുഖർറമി (റ) യുടെ ശുശ്യത്വം സ്വീകരിച്ച മഹാൻ അധെഹത്തിൽ നിന്നും ഫിഖ്ഹും ത്വേരീഖത്തും സ്വീകരിച്ചു. ബാഗ്ദാദിലെ ബാബുൽ അസജ് എന്ന പ്രദേശത്ത് മുഖർറമി സ്ഥാപിച്ച മദ്രസ്സയുടെ ഉത്തരവാദിത്ത്വം ജീലാനി തങ്ങളെ അദ്ദേഹം ഏൽപ്പിച്ചു.
പ്രധാന ഉസ്താദുമാർ
ശൈഖ്വർകളുടെ ഉമ്മയും മാതൃ പിതാവും അവിടത്തെ പ്രധാന ഗുരുക്കളാണ്. കൂടാതെ ശൈഖ് അബൂ സഈദ് മുബാറക് ബിൻ അലി മുഖർറമി, ശൈഖ് അബൂ ഗാലിബ് മുഹമ്മദ് ഇബ്നു ഹസൻ ബാഖില്ലാനി, ഷെയ്ഖ് അബൂബക്കർ മുഹമ്മദ് ബിൻ മുസഫർ, ശൈഖ് അബുൽ ഖാസിം, ഷെയ്ഖ് മുഹമ്മദ് ജാഫർ ബിൻ അഹമ്മദ് സിറാജ്, ശൈഖ് അബുൽ വഫാ അലി ബിൻ അഖീൽ, ശൈഖ് അബുൽ ഹസൻ മുഹമ്മദ് ബിൻ ഖാദി അബൂ യഅലാ, ശൈഖ് അബൂ സക്കരിയ്യാ യഹയാ തബ്രീസി തുടങ്ങി അതി പ്രഗൽഭരായ പണ്ഡിത വരേണ്യരാണ് ശൈഖവർകളുടെ ഉസ്താദുമാർ.
വിവാഹം
മുത്ത് നബി (സ്വ) തങ്ങളുടെ നിർദേശ പ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്ന് ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങൾ പറയാറുണ്ടായിരുന്നു.
ഹിജ്റ 506 / 507 ഇൽ ശൈഖ് വിവാഹം കഴിച്ചു. നാല് വിവാഹം കഴിച്ചിട്ടുണ്ട്. മുപ്പത്തി അഞ്ചു വയസ്സ് പിന്നിട്ടതിനു ശേഷം. നാല് ഭാര്യമാരിലുമായി ഇരുപത്തി ഏഴു ആൺ കുട്ടികളും ഇരുപത്തി രണ്ടു പെൺകുട്ടികളും ഉൾപ്പടെ 49 മക്കൾ ജനിച്ചു. പക്ഷെ അതിൽ 13 ആൺ കുട്ടികളും ഒരു പെൺ കുട്ടിയും മാത്രമേ ജീവിച്ചിരുന്നുള്ളൂ. അബ്ദുള്ള, അബ്ദുൽ വഹ്ഹാബ്, അബ്ദുൽ റസാഖ്, അബ്ദുൽ ജബ്ബാർ, അബ്ദുൽ അസീസ്, ഈസാ, മൂസാ, മുഹമ്മദ്, ഇബ്റാഹീം, യാഹയാ, അബ്ദുൽ റഹ്മാൻ, സ്വലിഹ്, അബ്ദുൽ ഗനി എന്നീ ആൺകുട്ടികളും ഫാത്തിമ എന്ന പെൺകുട്ടിയും.
ജീവിതം
ആദ്യമാദ്യം ശൈഖവർകൾ അധ്യാപന വൃത്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ ഗുരുനാഥൻ ശൈഖ് മുഖർറമിയുടെ മദ്രസ്സയിൽ തന്നെ അവിടുന്ന് അധ്യാപന വൃത്തിയിൽ ഏർപ്പെട്ടു. തുടർന്ന് മഹാൻ വലിയ ആത്മീയ ജ്ഞാനിയായി മാറി. തർബിയത് ചെയ്യാനുള്ള അപാര സിദ്ധി അദ്ദേഹത്തിനു കൈവന്നു. അല്ലാഹുവിന്റെയും തിരു ദൂതരുടെയും മാർഗ്ഗത്തിൽ ദീനിനെ അവിടുന്ന് പുഷ്ട്ടിപ്പെടുത്തി. ആരുടെ മുന്പിലും തല കുമ്പിട്ടില്ല, കൈ നീട്ടിയുമില്ല. ഐഹിക ജീവിത വിരക്തനായി. ധനത്തോടും സൌകര്യത്തോടും വിരക്തിയായി. അപ്പോൾ ജനം അദ്ദേഹത്തെ തേടിയെത്തി. ലോകം തന്നെ തേടിവന്നു. ഖലീഫമാരും മന്ത്രിമാരും ഉന്നതന്മാരും അവിടത്തെ മുന്നിൽ വിനയാന്വിതരായി നിലകൊണ്ടു.
മദ്രസ്സ പിന്നീട് വലിയൊരു ആത്മ കേന്ദ്രമായി തീർന്നു, മാഹാന്റെ ഉപദേശം കേൾക്കാൻ, അവിടത്തെ മൊഴി മുതുകളിൽ ജീവിതം കുളിർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി. ഓരോ ദിവസവും എഴുപതിനയിരത്തിലധികം ആളുകൾ ആത്മീയ സദസ്സിൽ എത്തിച്ചേർന്നു. മഹാന്റെ ഉപദേശം കെട്ട് പലരും ഹൃദയം പൊട്ടി മരിച്ചു, കണ്ണീർ കടലായി, കൊടിയ തെറ്റിലും പാപത്തിലും അകപ്പെട്ടവർ ഖേദിച്ചു മടങ്ങി നല്ല ജീവിതം നയിക്കാൻ ആ പർണ്ണ ശാലയിലേക്ക് ഒഴുകി. ശിർക്കിന്റെ വഴികേടിൽ നിന്നും അനേകായിരം അവിശ്വാസികൾ ആ നക്ഷത്ര ശോഭയിൽ ഇസ്‌ലാം സ്വീകരിച്ചു, ഒരു ലക്ഷത്തിലധികം ആളുകൾ തൗഹീദിന്റെ ദിവ്യ കലിമ മൊഴിഞ്ഞു പരിശുദ്ധ മതത്തിട്നെ പ്രകാശ തീരത്തണഞ്ഞു. ആളുകൾ നിറഞ്ഞു കവിഞ്ഞു മഹാനവർകളുടെ മജ്ലിസ് ബാഗ്ദാദിന്റെ നഗരാതിർത്തി വരെ വ്യാപിച്ചു. (തുടരും)