അക്ബർ സലാല മരണപ്പെട്ടു!!
വിശ്വസിക്കാൻ കഴിഞ്ഞില്ല ആ വാർത്തകൾ!!
വീണ്ടും വീണ്ടും ഞാൻ ഉറപ്പ് വരുത്താൻ ശ്രമിച്ചു.
ഏറ്റവും വേണ്ടപ്പെട്ടവരെ വിളിച്ചു ചോദിച്ചറിഞ്ഞു,
പക്ഷെ എന്നിട്ടും വിശ്വസിക്കാൻ മനസ്സ് പാകപ്പെട്ടിരുന്നില്ല.
അത്യാവശ്യമായി ചെയ്തു തീർക്കേണ്ട ഒന്ന് രണ്ടു കാര്യങ്ങൾക്കായി കഴിഞ്ഞ വ്യാഴം വെള്ളി ശനി ദിവസങ്ങൾ നാട്ടിലായിരുന്നു.അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വരാനും കഴിഞ്ഞിരുന്നില്ല. ഇന്ന് ദുബായിൽ തിരിച്ചെത്തിയപ്പോൾ സോഷ്യൽ മീഡിയകളിൽ അക്ബർ സാഹിബിനെ കുറിച്ചുള്ള കണ്ണീർ പടർത്തുന്ന ഓർമ്മ കുറിപ്പുകൾ - ജീവിതത്തിൽ ഒരിക്കൽ പോലും കാണാതെ സോഷ്യൽ മീഡിയയിലൂടെ ബന്ധം കാത്തു സൂക്ഷിച്ചവരയിരുന്നു അവരിൽ കൂടുതലും- ഹൃദയം വേവുകയാണ്...
സുന്നത്ത് ജമാഅത്തിനു വേണ്ടി, ആശയത്തിന് ഊർജ്ജം പകരുന്ന സംഘ കുടുംബത്തിനു വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അക്ബർ. സലാലയിലെ പ്രവർത്തന രംഗത്ത് സജീവ സാനിധ്യമായി നിലകൊണ്ടു. അൽ ഇർഫാദ് മാസികക്ക് വേണ്ടി വന്ദ്യരായ പി എംകെ ഫൈസിയുമായി (അല്ലാഹു അദ്ദേഹത്തിന്റെ ദറജയെ ഉയർത്തുമാറാകട്ടെ - ആമീൻ) സലാലയിൽ എത്തിയപ്പോഴും പിന്നീട് ഞാനും ഇ വി അബ്ദു റഹ്മാൻ സാഹിബും ഷൌകത്തും കൂടെ സാംസ്കാരിക പൈത്രുകം മാസികയുടെ പ്രചരണ ത്തിന്നായി സലാലയിൽ എത്തിയപ്പോഴും ഞങ്ങൾക്കൊപ്പം കൂട്ട് കൂടി ഓടിനടന്നത് സ്മരിക്കുകയാണ്. കൂട്ടത്തിലെപ്പോഴോ സലാലയിൽ നിന്നും കുറച്ചു കാലം ദുബായിൽ വന്നപ്പോൾ ഞങ്ങളുടെ കൂടെ സത്വയിലായിരുന്നു താമസം.
ഓൺ ലൈനിൽ എപ്പോഴും നിറസാനിധ്യമായി വരികളും വാക്കുകളുമായി ഇടപെടലുകൾ നടത്തി സുന്നീ പ്രാസ്ഥാനിക മുന്നേറ്റത്തിൽ ലയിച്ചു ചേരുകയും ചെയ്ത അക്ബർ സാഹിബ് ഇനി പച്ച പിടിച്ച ഓർമ്മ മാത്രമായി അവശേഷിക്കുന്നു. ഇന്നലെ ഇസ്റയിൽകൂടിയ ദഅവാ സമിതിയുടെ യോഗത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയും പ്രാർഥിക്കുകയും ചെയ്യുമ്പോൾ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. ഇന്ന് രാവിലെ അനിയനുമായി സംസാരിക്കുമ്പോഴും അക്ബർ മരണപ്പെട്ടത് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. തന്റെ പ്രവർത്തന കേന്ദ്രമായ സലാലയിൽ തന്നെ അദ്ദേഹത്തിനു വേണ്ട മണ്ണും ഒരുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു, വിശുദ്ധ ഖുർആൻ പാരായണത്തോടും ത ഹ് ലീലും മറ്റു അമലുകളുമൊക്കെയായി പ്രാർഥനയോടെ അദ്ദേഹത്തെ നാം ഓർക്കുന്നതോടൊപ്പം ചില കടമകൾ കൂടി നമുക്ക് ബാക്കിയുണ്ടെന്ന കാര്യം മറന്നു പോകരുത്.
അല്ലാഹു അദ്ധേഹത്തിന്റെ വീഴ്ചകൾ പൊറുത്ത് ബർസഖിയായ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ. ആമീൻ