ഇസ്‌റ പ്രവാസി സംഗമം:-
പ്രവാസി പുനരധിവാസത്തിനും പ്രവാസി സഹായങ്ങൾക്കും പ്രത്യേകം ശ്രദ്ധ ചെലുത്തും
ഉമർ ഖാളി (റ) നഗർ (വാടാനപ്പള്ളി) പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഇസ്‌റ പ്രവാസി സംഗമം തീരുമാനിച്ചു. യു എ ഇ കേന്ദ്രീകരിച്ചു ഇതിനാവശ്യമായ പദ്ധതികൾ ആരംഭിച്ചതായി ഇസ്‌റ യു എ ഇ കമ്മിറ്റി പ്രസിഡന്റ് പി എസ് മുഹമ്മദ് അലി സംഗമത്തെ അറിയിച്ചു. നാട്ടിൽ തിരിച്ചു വരുമ്പോൾ ജോലിയും വരുമാനവും എന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചാണ് പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതെന്നു അദ്ദേഹം അറിയിച്ചു. ഇസ്‌റയിൽ നടന്ന പ്രവാസി സംഗമത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സർക്കാർ വകുപ്പുകൾ പ്രവാസികൾക്ക് നൽകുന്ന വിവിധ സഹായങ്ങളെ കുറിച്ച് പഠിച്ചു പ്രവാസികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും അവരെ സഹായിക്കാനുമുള്ള പ്രത്യേക കൗണ്ടർ ഇസ്‌റ മെയിൻ ഓഫീസിൽ താമസിയാതെ തുടങ്ങാനും പ്രവാസി സംഗമത്തിൽ ആവശ്യമുയർന്നു. അതിനാവശ്യമായ എല്ലാ സഹായങ്ങളും കേരള പ്രവാസി സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു പ്രവാസി സംഘം പ്രതിനിധി ജമാൽ സാഹിബ് സദസ്സിനെ അറിയിച്ചു. പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യ, കുവൈറ്റ്, യുഎഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ സംബന്ധിച്ചു.
ഇസ്‌റ യുടെ കീഴിൽ നടക്കുന്ന ജോബ് ഹെല്പ് ലൈൻ പദ്ധതി കൂടുതൽ വിപുലീകരിക്കാനും ജോലി തേടുന്ന യുവാക്കൾക്ക് ഗൾഫ് ജോലികാവശ്യമായ പരിശീലന കോഴ്സുകൾ സ്ഥലസൗകര്യം ലഭ്യമായാൽ ഇസ്‌റയിൽ ആരംഭിക്കാനും പ്രവാസി സംഗമം ഇസ്‌റ സെന്ററൽ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു.
പ്രവാസി കുടുംബങ്ങളെ കേന്ദ്രീകരിച്ചു ധാർമിക അവബോധം സൃഷ്ടിക്കാനും സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക അച്ചടക്കവും നടപ്പിലാക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും സംഗമം തീരുമാനിച്ചു.
സംഗമത്തിൽ ഇസ്‌റ പ്രസിഡണ്ട് ബഷീർ റഹ്‌മാനി അധ്യക്ഷം വഹിച്ചു. സയ്യിദ് ഇൽയാസ് തങ്ങൾ, സയ്യിദ് ഷുക്കൂർ തങ്ങൾ, ഫൈസൽ ചേറ്റുവായ് (സൗദി അറേബ്യ) ഫദലു ഇ എം, ഫൈസൽ എ എം (യു എ ഇ) നവാസ്, നൗഷാദ്, ജൈസൽ (ഖത്തർ) എ കെ നസറുദ്ധീൻ (കുവൈറ്റ്) ശിഹാബ് (ഒമാൻ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സയ്യിദ് ബാദുഷ തങ്ങൾ,, ഉസ്മാൻ എ എം, ഉവൈസ് ആർ എ എന്നിവർ ആശംസകൾ നേർന്നു. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി സ്വാഗതവും ഹനീഫ ഹാജി കുട്ടമംഗലം നന്ദിയും പറഞ്ഞു