വാർഷികമാഘോഷിക്കുന്ന വാടാനപ്പള്ളി മദാറിനു ആശംസകൾ
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിന് അഭിവന്ധ്യരയാ ഇസ്മാഈൽ വഫാ സാഹിബിന്റെ നേത്രത്വത്തിൽ വാടാനപ്പള്ളി നോർത്തിലെ ബദറുൽ ഹുദാ മദ്രസ്സയിൽ നടന്ന ഒരു ബഹുജന കൺവെൻഷനിൽ വെച്ചാണ് വാടാനപ്പള്ളിയിൽ ഒരു സ്ഥാപനം എന്ന ആശയം ഉടലെടുക്കുന്നത്. പ്രസ്തുത യോഗത്തിൽ വെച്ച് പ്രഥമ കമ്മിറ്റിക്കും രൂപം കൊടുത്തു. പി കെ ബാവ ദാരിമി പ്രസിഡണ്ടും സയ്യിദ് സി എസ് ഹുസൈൻ തങ്ങൾ ജനറൽ സെക്രട്ടറിയും വിനീതൻ വർക്കിംഗ് സെക്രട്ടറിയും സയ്യിദ് ഫസൽ തങ്ങൾ ട്രഷററും ആയാണ് കമ്മിറ്റി രൂപം കൊണ്ടത്. ഉണ്ടാക്കാൻ പോകുന്ന സ്ഥാപനത്തിന് മദാറുദ്ധഅവത്തിൽ ഇസ്‌ലാമിയ്യ എന്ന് പി കെ ബാവ ദാരിമി നാമകരണവും നൽകി.
പ്രസ്തുത കമ്മിറ്റി പലപ്പോഴും യോഗം ചേർന്നെങ്കിലും എവിടെയും എത്തിയില്ല. അങ്ങിനിനെയിരിക്കെ 1992 ഇലെ അവസാന മാസങ്ങളിലോന്നിൽ ഒരു ദിവസം അസർ നിസ്ക്കാരം കഴിഞ്ഞു വാടാനപ്പള്ളി വടക്കേ ജുമുഅത്ത് പള്ളിയുടെ കിഴക്ക് വശത്തെ ചവിട്ടു പടിയിൽ പി കെ മുഹമ്മദുണ്ണി മൗലവി, ഫസൽ തങ്ങൾ, അനസ് മൗലവി, പി കെ അബ്ദുൽ ജബ്ബാർ പിന്നെ ഈ വിനീതനും കൂടെ സംസാരിച്ചിരിക്കവേ ഇപ്പോൾ മദാർ നിൽക്കുന്ന സ്ഥലത്ത് വഹ്ഹാബികളുടെ ഒരു പ്രോഗ്രാം നടന്നതിനെ കുറിച്ച് മുഹമ്മദുണ്ണി മൗലവി സംസാരിച്ചു. അദ്ദേഹം ഒരു സന്ദേഹം കൂടി പങ്കു വെച്ചു, ഒരു പക്ഷെ ഈ സ്ഥലം അവർ കച്ചവടം ചെയ്തേക്കും, അവരുടെ കേന്ദ്രം അവിടെ വന്നേക്കും.(അന്ന് വാടാനപ്പള്ളിയിൽ ഈ വിഭാഗം തീരെ ഉണ്ടായിരുന്നില്ല. വടക്കേ ജുമുഅത്ത് പള്ളിക്കടുത്തുള്ള ഒരാളായിരുന്നു ആ പരിപാടിയുടെ മുഖ്യ സംഘാടകൻ) മുഹമ്മദുണ്ണി മൌലവിയുടെ സന്ദേഹം കേട്ടപ്പോൾ ഞങ്ങളിലെ സുന്നീ വികാരം ഉണർന്നെണീറ്റു. ആരുടെതാണ് സ്ഥലം എന്ന് ചോദിച്ചപ്പോൾ മൗലവി പറഞ്ഞു "വാടാനപ്പള്ളി സെന്ററിൽ സ്വെർണ്ണ കച്ചവടം നടത്തുന്ന ജോസിന്റെതാണ്" ഫസൽ തങ്ങളും ഞാനും കൂടെ പറഞ്ഞു "എന്നാ നമുക്കൊന്ന് പോയി ചോദിച്ചു നോക്കാം" അങ്ങിനെ ഞങ്ങൾ മൂന്നു പേർ (മുഹമ്മദുണ്ണി മൗലവി, ഫസൽ തങ്ങൾ, ഈ കുറിപ്പുകാരനും) വാടാനപ്പള്ളി സെന്ററിൽ വന്നു അന്നത്തെ മാർക്കറ്റിനു എതിർ വശത്തുള്ള സ്വെർണ്ണ കടയിൽ ചെന്ന് ജോസ് ചേട്ടനുമായി സംസാരിച്ചു. പതിനായിരവും ഒമ്പതിനായിരവും എട്ടായിരവും വില പറഞ്ഞു അവസാനം സെന്റിന് ഏഴായിരം രൂപ വെച്ച് ഞങ്ങൾ ഉറപ്പിച്ചു. ആയിരം രൂപ അച്ചാരം കൊടുത്തു. ഒരു ആവെഷത്തോടെയുള്ള എടുത്തു ചാട്ടമായിരുന്നു അത്. ടീനേജ് പ്രായം പൂര്ത്തിയായി വരുന്ന ഒന്നിനും വകയില്ലാത്ത രണ്ടു പേരുടെ എടുത്തു ചാട്ടം. . മുഹമ്മദുണ്ണി മൗലവി യാത്ര പറഞ്ഞു പോയി. ഫസൽ തങ്ങളുടെ പിതാവിനെയും എന്റെ പിതാവിനെയും കണ്ടു വിവരം പറഞ്ഞു സമ്മതം വാങ്ങിക്കലായിരുന്നു അടുത്ത ഊഴം. എന്റെ വന്ദ്യ പിതാവിനെ വാടാനപ്പള്ളി സെന്ററിൽ വെച്ച് തന്നെ കണ്ടു വിവരം പറഞ്ഞു. സയ്യിദ് സീതി കോയ തങ്ങളെ കാണാൻ വേണ്ടി മഹാനവരകളുടെ വീട്ടിലേക്ക് ഞങ്ങൾ നടന്നു നീങ്ങുകയായിരുന്നു. (രണ്ടു അഭിവന്ദ്യ പിതാക്കളും മണ്മറഞ്ഞു പോയി. അല്ലാഹു അവരിരുവരുടെയും പദവികളെ ഉയർത്തുമാറാവട്ടെ - ആമീൻ) ഏകദേശം വീടിനടുത്ത് എത്തിയപ്പോഴുണ്ട് തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്ന പോലെ ബാവ ദാരിമി അവിടെ നിന്നും തിരിച്ചു വരുന്നു. ഫസൽ തങ്ങളെയും എന്നെയും ഏതോ ഒരാവശ്യത്തിനായി അന്ന്വേഷിച്ചു വന്നതായിരുന്നു ദാരിമി. ദാരിമിയെ കണ്ടപ്പോൾ ഞങ്ങളുടെ ഹൃദയത്തിൽ സന്തോഷം അലയടിച്ചു. സന്തോഷത്തൊടെ ദാരിമിയോടു വിവരം പറഞ്ഞു.
ആദ്യം ദാരിമി ഞങ്ങളെ നിരുൽസാഹപ്പെടുത്തി. "എവിടുന്നു ഇത്ര വലിയ കാശുണ്ടാക്കും? ആര് സഹായിക്കും?" പക്ഷെ ദാരിമി ഞങ്ങളുടെ മനസ്സ് അളക്കുകയായിരുന്നു. ധൈര്യ പൂർവ്വമായിരുന്നു ഞങ്ങളുടെ മറുപടി. അങ്ങിനെ ഞങ്ങൾ മൂന്നു പേരും കൂടെ സീതി തങ്ങളെ കണ്ടു. അദ്ദേഹം ഞങ്ങൾക്ക് സമ്മതം തന്നു. അങ്ങിനെ ഞങ്ങൾ മൂന്നു പേരും കൂടെ അഭിവന്ധ്യരായ ശൈഖുനാ കൈപമംഗലം അബ്ദുൽ കരീം ഹാജിയുടെ അടുത്ത് പോയി. മഹാനവർകൾ അവിടെ ഉണ്ടായിരുന്നില്ല.ഏതോ പരിപാടിക്ക് പോയിരിക്കുന്നു. എന്തായാലും ഹാജിയാരവർകളെ കണ്ടേ തിരിച്ചു പോകൂ എന്നു ഞങ്ങൾ തീരുമാനിച്ചു. മൂന്നു പീടിക സെന്ററിലുള്ള പള്ളിയിൽ ഇഷാ നിസ്ക്കരിച്ചു,അതിനടുത്തുള്ള പീടിക മുറിയുടെ മുകളിൽ ടെറസിൽ വിശ്രമിച്ചു. പിറ്റേ ദിവസം രാവിലെ കരീം ഹാജിയുടെ വസതിയിലെത്തി വിവരം പറഞ്ഞു. വളരെ ആവേശ പൂർവ്വം സന്തോഷ പൂർവ്വം മഹാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. മദാറിനുള്ള ആദ്യത്തെ സംഭാവന കൈപംഗലം കരീം ഹാജി ഞങ്ങളെ ഏൽപ്പിച്ചു.
പിന്നീടങ്ങോട്ട് വിശ്രമമില്ലാത്ത ഓട്ടമായിരുന്നു. 1993 ഇൽ നടന്ന എസ്എസ്എഫ് ഇരുപതാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണവുമായി അന്നത്തെ എസ് എസ് എഫ് സംസ്ഥാന പ്രസിടണ്ടായ ദാരിമി യു എ ഇ പര്യടനം നടത്താൻ തീരുമാനിച്ചിരുന്നു, അപ്പോൾ ഫസൽ തങ്ങലോടും യാത്രക്കൊരുങ്ങാൻ ദാരിമി ആവശ്യപ്പെട്ടു. അന്നൊക്കെ ഒരു വിസിറ്റ് വിസ കിട്ടാനുള്ള പ്രയാസം അതികടിനമായിരുന്നു എന്നാലും ഫസൽ തങ്ങൾക്ക് വിസ കിട്ടി . (ആരാണ് വിസ തയ്യാറാക്കിയതെന്ന് എനിക്ക് ഓർമ്മയില്ല) ഫസൽ തങ്ങൾ യുഎഇയിലെക്ക് പോയി. അന്ന് എസ് എസ് എഫ് സമ്മേളന ആവശ്യത്തെക്കാളും വാടാനപ്പള്ളിയിലെ സ്ഥാപനത്തിനു പ്രാമുഖ്യം കൊടുക്കുന്നു എന്ന് പറഞ്ഞു ദാരിമിയെ പലരും എതിർത്തു. (ഫസൽ തങ്ങളുടെ ആ യാത്രയിൽ ജമാൽക്ക തളിക്കുളം, നാസർ കല്ലയിൽ, ഇബ്റാഹീം കുട്ടി ഹാജി തുടങ്ങിയവർ വളരെ ത്യാഗ മനസ്സോടെ ഫസൽ തങ്ങളോടൊപ്പം പ്രവര്ത്തിച്ചത് (ഇനിയും ഒരുപാട് പേരുകളുണ്ട്, എനിക്കോർമ്മയില്ല) ഫസൽ തങ്ങള് അനുസ്മരിക്കാറുണ്ട്)
എന്നാലും സ്ഥലം രെജിസ്ടർ ചെയ്യാനുള്ള കാശ് ഒത്തു കിട്ടിയില്ല. ആകെ ഓട്ടം തന്നെ. പലരുടെ വാതിലും ഞങ്ങൾ മുട്ടി. സാമ്പത്തികമായി ഒരു വകയുമില്ലാത്ത ഞങ്ങൾ രണ്ടു പേർ പലരുടെയും വീടുകൾ കയറിയിറങ്ങി. കടമായെങ്കിലും കുറച്ചു പൈസ ഒപ്പിക്കണമല്ലോ? വാടാനപ്പള്ളി പട്ടലങ്ങാടിയിൽ താമസിക്കുന്ന ഹംസ ഹാജിയുടെ വീട്ടിൽ പോയി ഞങ്ങൾ. അദേഹം ഭാര്യയുടെ സ്വെർണ്ണം കൊണ്ട് വന്നു തന്നു ഞങ്ങളെ എല്പ്പിച്ചിട്ടു പറഞ്ഞു "കാശൊന്നും എന്റെ കയ്യിലില്ല, ഇതാ സ്വര്ണ്ണം കടമായിട്ട്. കാശ് കിട്ടുമ്പോൾ തിരിച്ചു തരിക". നല്ലൊരു തുകക്കുള്ള സ്വെർണ്ണം ഉണ്ടായിരുന്നു അത്. വീണ്ടും ഒരുപാട് കാശ് വേണം. ആകെ ടെൻഷനായി. ഞങ്ങൾ രണ്ടു പേരും ഊണും ഉറക്കും നഷ്ട്ടപ്പെട്ടു. ദാരിമിയെ വിളിക്കും. അവസാനം സ്ഥലം രെജിസ്റ്റർ ചെയ്യേണ്ട ദിവസം വന്നെത്തി. അപ്പോഴാണ് ദാരിമി ബാക്കിയുള്ള കാശുമായി വരുന്നത്. തൃശൂർ ഖലീഫയുടെ ഫണ്ടിൽ നിന്നും ദാരിമിയുടെ തറവാട് വകയായുള്ള ഒരു സ്വകാര്യ ഫണ്ടിൽ നിന്നും കാശ് കടമായെടുത്തു, ചെന്ത്രാപ്പീനിയിലെ ഒരു സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വെർണ്ണം കടമായി തന്നു, ഒരുപാട് ആളുകൾ സ്ഥലം വഖഫ് ചെയ്തു സംഭാവന നൽകി. അങ്ങിനെ സ്ഥലം രെജിസ്റ്റർ ചെയ്തു. അൽ ഹംദുലില്ലാഹ്..............
സ്ഥലം കച്ചവടം ചെയ്തെങ്കിലും സ്ഥാപനം ഉടനെ തുടങ്ങുക എന്ന ലക്ഷ്യത്തോടെ വാടാനപ്പള്ളി വടക്കേ ജുമുഅത്ത് പലളിയിൽ സ്ഥാപനം തുടങ്ങാൻ അന്നത്തെ പള്ളി കമ്മിറ്റി അനുവദിച്ചു തന്നു. ബാവ ദാരിമി, വന്ദ്യരായ കരൂപ്പടന്ന ഉസ്താദ് തുടങ്ങിയവർ ദർസ് നടത്തി.
സ്ഥലം രജിസ്ട്രേഷൻ കഴിഞ്ഞതോടെ താല്ക്കാലിക ഷെഡിൽ ശരീഅത്ത് കോളേജ് ആരംഭിച്ചു. അസ്ഗർ അലി ഫൈസി മുടരരിസായി.
സ്ഥാപനം പിന്നീട് ഖലീഫ ഉമർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള പ്രവര്ത്തനം മുന്നോട്ടു പോയി.
കുട്ടികളുടെ ഭക്ഷണം വലിയൊരു പ്രശനമായിരുന്നു, പലചരക്ക് കടയിൽ പറ്റു വന്നു കൂടി. ഞാനും ദാരിമിയും കൂടെ പള്ളികളിൽ വെള്ളിയാഴ്ചകളിൽ ഉറുദി പറയാൻ പോകും. ഫസൽ തങ്ങൾ വിദേശ യാത്രകൾ നടത്തും. റമദാനിൽ തരാവീഹിനു ശേഷം പോയി പ്രസംഗിക്കും. പള്ളികൾ ബുക്ക് ചെയ്യുന്ന ജോലി ദാരിമിക്കായിരിക്കും. കാശ് കൊടുക്കാനുള്ളവർ പലപ്പോഴും സ്ഥാപനത്തിൽ വന്നു ബഹളം വെക്കും. പലപ്പോഴും രാത്രി ഭക്ഷണം കുട്ടികള്ക്ക് തികയാതെ വരും. ബൈക്കുമെടുത്ത് വീട്ടിലേക്കോടും. ഉമ്മ ബാക്കിയുള്ള ചോറ് എടുത്തു തരും. അത് കൊണ്ട് വന്നു കുട്ടികള്ക്ക് കൊടുക്കും. പലപ്പോഴും ഫസൽ തങ്ങളും ഞാനും ആസ്ഗർ അലി ഫിസിയും ബാവ ദാരിമിയും പട്ടിണി കിടക്കും. സാമ്പത്തിക ദുരിതം കാരണം ഞാനും അസ്ഗർ അലി ഫൈസിയും കൂടി ഒരിക്കൽ മദ്രാസിലേക്ക് വണ്ടി കയറി. എന്തെങ്കിലും സംഭാവാൻ കിടുമോ എന്ന് നോക്കാൻ. വണ്ടിക്കൂലി ഒത്തു എന്നതല്ലാതെ ഒന്നും കിട്ടിയില്ല, (അസ്ഗർ അലി ഫൈസിയും മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന്റെ പദവിയെ ഉയര്ത്തുമാരാവട്ടെ . ആമീൻ)
ആളുകള് വന്നു ശല്യപ്പെടുത്തിയപ്പോൾ ഒരു ദിവസം വൈകുന്നേരം കരീം ഹാജിയുടെ അടുത്തു പോയി സംകടം പറയാൻ. (എന്ത് പ്രയാസം ഉണ്ടായാലും ഓടി ചെന്നിരുന്ന മഹാനാനുഭാവനായിരുന്നു കരീം ഹാജി. പലപ്പോഴും ഹാജിയാരവര്കളുടെ കൂടെ പല പരിപാടിയിലും പ്രസംഗിക്കാൻ കൊണ്ട് പോകാറുണ്ട്) അരി തീരെ ഇല്ല, പല ചരക്കു കടയില ആകാശം മുട്ടെ കടം. ഒരു സമാധാനവുമില്ല. ഹാജി പൂഞ്ചിരിച്ചു കൊണ്ട് പറഞ്ഞു " ഒരു കാര്യം ചെയ്യ്, നാളെ രാവിലെ ഒരു രസീതുമായി ഇങ്ങോട്ട് പോരെ" പറഞ്ഞ പോലെ ഞങ്ങൾ ചെന്ന്. ഹാജിയുടെ വീട്ടിൽ നിത്യവും രാവിലെ മുതൽ ആളുകൾ ധാരാളം വരുമായിരുന്നു. ഞങ്ങളെ ഒരു കസേരയിൽ ഹാജിയുടെ ചാരു കസേരയുടെ അടുത്തു തന്നെ ഇരുത്തി. ആളുകൾ അവരുടെ ആവലാതികൾ ബോധിപ്പിച്ചു മടങ്ങുമ്പോൾ ഹാജിക്ക് കൊടുക്കുന്ന സന്തോഷം വാങ്ങിക്കാതെ ഹാജി അവരോടു പറയും :"എനിക്കൊന്നും വേണ്ട, ഇവർ ഇവിടെ ഇരിക്കുന്നത് പാവപ്പെട്ട കുട്ടികളെ പോറ്റാൻ കടം വന്നു കയറിയിട്ടാണ്, അത് കൊണ്ട് അവരെ സഹായിചോളൂ" ഉച്ചക്ക് പന്ത്രണ്ടു മണി ആകുമ്പോഴേക്ക് എട്ടു പത്തു ചാക്ക് അരിയുടെ ഓഫറും പലചരക്ക് കടയിൽ കൊടുക്കാനുള്ള പൈസയും ഹാജിയാരുടെ വീട്ടിലെ സന്ദർശകരിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. (മഹാനായ കരീം ഹാജിയുടെ ദീനി സേവനത്തിന്റെ മികച്ച ഒരു ഉദാഹരണമായിരുന്നു അത്. സമ്പത്ത് ശേഖരണം ലക്‌ഷ്യം വെച്ച് നടക്കുന്ന വ്യാജ ആത്മീയ വാദികൾ ഇത്തരം മഹാന്മാരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. അല്ലാഹു മഹാനവര്കളുടെ കൂടെ സ്വെർഗ്ഗത്തിൽ പ്രവേശിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ)
ഇപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്താൽ സ്ഥാപനം മുന്നോട്ടു വളരെയേറെ വളർന്നു വികസിച്ചു. നൂറിലധികം മുതഅല്ലിമുകൾ പഠിക്കുന്ന ശരീഅത് കോളേജ്, ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപങ്ങളിലൂടെ മാതൃകാ പരമായി മുന്നോട്ടു പോകുന്നു. അൽ ഹംദുലില്ലാഹ് . പ്രദെഷത്തിന്നാകമാനം വെളിച്ചം പ്രസരണം ചെയ്യുന്ന മഹത്തായ സ്ഥാപനമായി അല്ലാഹു മദാറിനെ ഉത്തരോത്തരം ഉയർത്തുമാറാവട്ടെ. ആമീൻ
പിന്തിരിഞ്ഞു നോക്ക്മ്പോൾ സ്ഥാപനത്തിന്റെ വളര്ച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച മഹത്തുക്കൾ, അതിനു വേണ്ട വെള്ളവും വളവും നൽകിയവർ - സയ്യിദ് സീതി കോയ തങ്ങൾ, സയ്യിദ് മുത്ത് കോയ തങ്ങൾ, മുറ്റിച്ചൂർ അഹമംദ് ഹാജി, കൈപമംഗലം അബ്ദുൽ കരീം ഹാജി, അന്ത്രുപ്പാപ്പ, ആർ പി അബൂബക്കർ ഹാജി, ഡോക്റ്റർ ഹയ്ദ്രൂസ് സാഹിബ്, ഫസൽ തങ്ങളുടെ സഹോദരൻ ഹുസൈൻ തങ്ങൾ ..... അങ്ങിനെ നിരവധി പേർ.. അല്ലാഹു അവരുടെയൊക്കെ ആഖിറം വെളിച്ഛമാക്കി കൊടുക്കട്ടെ (ഞാൻ പേര് വിട്ടു പോയ പലരുമുണ്ടാകും, അവരെയും അല്ലാഹു പ്രാർഥനയിൽ ഉള്പ്പെടുത്തി അനുഗ്രഹിക്കട്ടെ)
തൊഴിയൂര് സൈദു ഹാജിയെ പോലെ സാമ്പത്തികമായി ഉദാരമായി സഹായിച്ച ഒരുപാട് പേരുണ്ട്. കൂർക്കഞ്ചെരിയിലെ പേര് മറന്നു പോയ സാഹിബ് മദാ റിന് ആദ്യമായി ഒരു കെട്ടിടം എന്ന സ്വപനം പൂവണിയിക്കാൻ സഹായിച്ചതിൽ അദ്ധേഹത്തിന്റെ പങ്കു വളരെ വലുതാണ്.......
എല്ലാവരെയും നന്ദിയോടെ അനുസ്മരിക്കുന്നു, സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വളർച്ചയിൽ എല്ലാ സഹകാരികളുടെയും സഹായവും സഹകരണവും ഉണ്ടാവുകയും ദീനിനും സുന്നത്ത് ജമാത്തിനും പ്രഭ പരത്തുന്ന മഹത്തായ സ്ഥാപനമാക്കി അല്ലാഹു മദാറിനെ വളർച്ചയുടെ ഉന്നത സോപാനത്തിലേക്ക് ഉയർ ത്തുമാറാവട്ടെ എന്ന് പ്രാർതിക്കുന്നു.
വാർഷികം ആഘോഷിക്കുന്ന മദാറിനും അതിന്റെ ഭാരവാഹികൾക്കും മുതഅല്ലിമുകൾക്കും വിധ്യാര്ത്തി വിദ്യാർതിനികൽക്കും ഉസ്താദുമാർക്കും അദ്യാപകർക്കും ഇസ്റ വാടനപ്പള്ളിയുടെയും ഈ വിനീതന്റെയും എല്ലാ ആശംസകളും അറിയിക്കുന്നു ....
ഖമറുൽ ഉലമ കാന്തപുരം ഉസ്താദിനെ വാടനപ്പള്ളിയിലേക്ക് ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.
(ഫോട്ടോ: മദാറിലെ ആദ്യ ഓല ഷെഡിലെ ഓഫീസിൽ വിനീതനും സുഹൃത്ത് അബ്ദുൽ സലാമും)