ആത്മീയ പ്രവേശത്തിനുള്ള യോഗ്യതകൾ
(സിറാജ് യു എ ഇ പതിപ്പിലെ അടയാളം പംക്തിയിൽ നിന്നും- ഫെബ്രുവരി 26 വെള്ളി, 2016)
ശരീരവും മനസ്സും അല്ലാഹുവിൽ ലയിപ്പിച്ചു ആത്മീയ ജീവിതം സാധ്യമാക്കാൻ ഒരാൾ ഉദ്ദേശിച്ചാൽ ഏഴു കാര്യങ്ങൾ അയാൾ ശ്രദ്ധിക്കണമെന്നു മഹാന്മാരായ ആധ്യാത്മിക ഗുരുക്കൾ പഠിപ്പിക്കുന്നുണ്ട്. ആ കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചു കൊണ്ട് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിയെടുത്താൽ ഉന്നതിയുടെ സ്വോപാനത്തിലെത്തിച്ചേരാം. ആ ഏഴു കാര്യങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാം.
1) മുജാഹദ: കഠിനമായ പരിശ്രമം, സമരം ചെയ്യുക എന്നൊക്കെയാണ് മുജാഹദ എന്ന വാക്കിന്റെ അർത്ഥം. മുജാഹദ തന്നെയാണ് ഏതൊരാൾക്കും ആത്മീയ വഴിയിലേക്ക് പ്രവേശിക്കാനുള്ള പ്രഥമ പാത. മനസ്സിന്റെ ദുഷ്ട്ട വികാരങ്ങളോടും ചാപല്യങ്ങളോടും സമരം ചെയ്തു കഠിന പരിശ്രമം നടത്തിയാലല്ലാതെ ആത്മീയ വഴിയുടെ ശരിയായ ദിശയിലേക്ക് ഒരാൾക്ക് പ്രവേശിക്കാൻ കഴിയില്ല. എഴുതാനും പ്രസംഗിക്കാനും എളുപ്പവും ജീവിതത്തിൽ കൊണ്ടുവരാൻ പ്രയാസവുമുള്ള കാര്യമാണിത്. ദേഹേച്ചകളോട് പൊരുതി ഇച്ചകളെ നിയന്ത്രിക്കാനുള്ള തീവ്ര പരിശ്രമാണ് മുജാഹദ. മനസ്സിനെ തഖ് വയുടെയും ഇലാഹീ സ്നേഹത്തിന്റെയും ഭയത്തിന്റെയും കടിഞ്ഞാണിൽ ബന്ധിപ്പിക്കണം. മുറാഖബ (ഏകാന്ത ധ്യാനം) കൊണ്ട് മാത്രമേ മുജാഹദ പൂർത്തിയാവുകയുള്ളൂ. "അല്ലാഹുവിനെ നീ കാണുന്നുണ്ടെന്ന പോലെ അവനു ഇബാദത്ത് ചെയ്യുക, അവനെ നീ കാണുന്നില്ലെങ്കിലും നിന്നെയവൻ കാണുന്നുണ്ട് " ഇതാണ് ശരിയായ അർത്ഥത്തിലുള്ള 'മുറാഖാബ'. നാലുകാര്യങ്ങൾ ശരിയായ അർത്ഥത്തിൽ അറിഞ്ഞാൽ മാത്രമേ 'മുറാഖബ' ശരിയാവുകയുള്ളൂ. 1) അല്ലാഹുവിനെ അറിയുക 2) അല്ലാഹുവിന്റെയും മനുഷ്യന്റെയും ശത്രുവായ ഇബലീസിനെ അറിയുക 3) തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന മനസ്സിനെ അറിയുക 4) അല്ലാഹുവിനു വേണ്ടിയുള്ള കർമ്മങ്ങളെ കുറിച്ചുള്ള ശെരിയായ ബോധ്യമുണ്ടാവുക. നന്മ കൽപ്പിക്കലും തിന്മ തടയലും അല്ലാഹുവിനു വേണ്ടിയുള്ള കർമ്മങ്ങളിൽ പെട്ടത് തന്നെയാകുന്നു.
2) തവക്കുൽ : അല്ലാഹുവിൽ എല്ലാം ഭരമെൽപ്പിക്കുന്ന അപാരമായ ഗുണമാണിത്. തനിക്കുണ്ടാകുന്ന വിഷമാവസ്ഥയിൽ പോലും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന തവക്കുൽ - ഒരു നിലക്കും ആരോടും ഒരു പരാതിയും പറയാത്ത അവസ്ഥയിൽ അവന്റെ തവക്കുലിന് ശക്തിയുണ്ടാകണം. ജീവിതത്തിൽ ദുഖ:വും വെദനയൂം വിഷമാവസ്ഥയും ഉണ്ടായിട്ടു പോലും അതിനെ ചൊല്ലി അല്ലാഹുവോട് പരാതിയോ പരിവേദനങ്ങളോ പറഞ്ഞു കണ്ണീരോലിപ്പിക്കാൻ യദാർത്ത ആത്മീയ വഴിയിൽ പ്രവേശിച്ചവന് സാധിക്കില്ല. അതേ സ്ഥാനത്ത് അവന്റെ ആധിയും ആവലാതിയും പരലോകത്തെ അവസ്ഥയെ കുറിച്ചായിരിക്കും. എന്റെ നാഥാൻ എന്നെ കൈവിട്ടു കളയില്ല എന്ന അപാരമായ തവക്കുൽ ഒരു വിശ്വാസിയെ ആത്മീയതയുടെ മഹത്തായ പടവുകൾ കയറാൻ സഹായിക്കുന്നു.
കാര്യങ്ങളെല്ലാം അല്ലാഹുവിൽ ഏൽപ്പിച്ചു കൊടുക്കുക എന്നതാണ് തവക്കുൽ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. അള്ളാഹു പറയുന്നു "വല്ലവനും അല്ലാഹുവിന്റെ മേൽ ഭരമെൽപ്പിക്കുന്ന പക്ഷം അവനു അല്ലാഹു തന്നെ മതിയാകുന്നതാണ്" (വിശുദ്ധ ഖുർആൻ) അതായത് കാര്യങ്ങളെല്ലാം അല്ലാഹുവിൽ ഏല്പ്പിച്ചു കൊടുക്കുക എന്നതാകുന്നു തവക്കുലിന്റെ പൊരുൾ.
തവക്കുലിനു മൂന്നു പദവികളുണ്ട്. 1) തവക്കുൽ - ഭരമേൽപ്പിക്കൽ 2) തസ്‌ലീം - വിധേയത്വം 3) തഫവീദ് - ഏൽപ്പിച്ചു കൊടുക്കൽ . തവക്കുലിന്റെ സ്ഥാനം ഹൃദയമാണ്. ഈമാന്റെ സാക്ഷാൽക്കാ രമാണത്. (തുടരും)