കാരുണ്യം വിശ്വാസിയുടെ മുഖ മുദ്ര
(അടയാളം - സിറാജ് ദിനപത്രം യുഎഇ എഡിഷൻ, ഫെബ്രുവരി 12 വെള്ളി)
ഹുസൈൻ തങ്ങൾ വാടാനപ്പള്ളി
ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഏറ്റവും വലിയ ഗുണമായി മാറേണ്ട സ്വെഭാവമാണ് കാരുണ്യം. മുത്ത് നബി (സ്വ) പറഞ്ഞു "കരുണയുള്ളവരിൽ കരുണാ വാരിധിയായ അല്ലാഹു കരുണ ചെയ്യും, അതിനാൽ ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എങ്കിൽ ആകാശത്തിന്റെ അധിപൻ നിങ്ങളോടും കരുണ കാണിക്കും" മറ്റൊരിക്കൽ മുത്തു നബി (സ്വ) പറഞ്ഞു "കരുണ കാണിക്കുവോളം നിങ്ങളാരും വിശ്വാസിയാകില്ല" അനുയായികൾ പറഞ്ഞു "തിരുദൂതരെ, ഞങ്ങൾ പരസ്പരം കരുണ കാണിക്കുന്നവരാണല്ലോ?" മുത്ത് നബി (സ്വ) അപ്പോൾ അവരെ ഓർമ്മപ്പെടുത്തിയത് "നിങ്ങൾ പരസ്പരം കാണിക്കുന്ന കാരുണ്യത്തിന്റെ കാര്യമല്ല ഞാൻ പറഞ്ഞത്, മുഴുവൻ സൃഷ്ട്ടികലോടും കാണിക്കേണ്ട കാരുണ്യത്തെ കുറിച്ചാണ്"
ഒരാളുടെ വിശ്വാസം പരിപൂർണവും ഈമാൻ പ്രകാശ പൂരിതവുമാകണ മെങ്കിൽ അവനിൽ കാരുണ്യത്തിന്റെ മഹാ പ്രവാഹം ഉണ്ടായേ തീരൂ. ശത്രുക്കളോടു പോലും കാരുണ്യ സമീപനം കാണിച്ചു തന്ന മഹാ നായകനാണ് മുത്ത് റസൂൽ (സ്വ). മുത്ത് റസൂലിന്റെ മാർഗ്ഗം യഥാവിധി തുടർന്ന് പോകാനുള്ള ആധ്യാത്മിക മാർഗ്ഗവും കാരുണ്യം തന്നെയാണ് അടിസ്ഥാന ഘടകമായി വിശ്വാസിയോട് ആവശ്യപ്പെടുന്നത്. ഒരു പ്രബോധകന്റെ ജീവിത രീതിയിൽ ഉണ്ടായിതീരേണ്ട മഹനീയ ഗുണവും അത് തന്നെ.
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ: സി) തന്റെ മകൻ അബ്ദുൽ റസാഖിനെ ഉപദേശിക്കുന്നത് ഇങ്ങനെയാണ് "മകനെ, ഇഹലോകത്ത് നിനക്ക് രണ്ടു കാര്യം മതിയാകും. ദാരിദ്രരോടോന്നിച്ചു സഹവാസവും വലിയ്യിനോടുള്ള ബഹുമാനവും. ധനികരോട് പ്രതാപത്തോടെയും ദരിദ്രരോട് വിനയത്തോടെയും പെരുമാറുക" (അൽഫുയൂദാത്തുർറബ്ബാനിയ്യ) ജീലാനി തങ്ങൾ പറയുന്നു "ജനങ്ങളോടുള്ള ഗുണ കാംക്ഷ എന്റെ ഹൃദയത്തിൽ നിക്ഷേപിച്ച അല്ലാഹുവിനു സ്തുതി, അതിനെ എന്റെ ഏറ്റവും വലിയ ലക്ഷ്യവും താല്പര്യവുമാക്കാൻ അവന്റെ സഹായം കൊണ്ട് എനിക്ക് കഴിഞ്ഞു. ഞാൻ ഗുണകാംക്ഷയുള്ളവനാകുന്നു. അതിനു ഞാൻ പ്രതിഫലം കാംക്ഷിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം എന്റെ നാഥന്റെ പക്കൽ നിന്നും ഞാൻ കരസ്ഥമാക്കി. ഭൌതിക ലോകം അന്ന്വേഷിക്കുന്നവനല്ല ഞാൻ, ഇഹലൊകത്തിന്റെ ദാസനോ പരലോകത്തിന്റെ ദാസനോ അല്ല ഞാൻ. അല്ലാഹുവല്ലാതെ എനിക്കൊന്നുമില്ല. അതിനാൽ ഓരോ മനുഷ്യ സൃഷ്ട്ടിയുടെയും വിജയത്തിലാനെന്റെ സന്തുഷ്ട്ടി. അവരുടെ നാശം എന്റെ ദുഖവുമാകുന്നു. എനിക്ക് സാധ്യമാകുമായിരുന്നുവെങ്കിൽ, നിങ്ങളോടുള്ള സ്നേഹവും കാരുണ്യവും നിമിത്തം നിങ്ങളോരോരുത്തരുടെയും കൂടെ ഞാൻ നിങ്ങളുടെ ഖബറുകളിൽ പ്രവേശിക്കുകയും ചോദ്യോത്തര വേളയിൽ മുൻകറിനോടും നഖീറിനോടും പരേതനു പകരം ഞാൻ ഉത്തരം പറയുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ ദാസന്മാരെ! ഞാൻ നിങ്ങൾക്ക് ഗുണവും നന്മയും ആഗ്രഹിക്കുന്നു. നരക കവാടം അടക്കപ്പെടണമെന്നും അല്ലാഹുവിന്റെ സൃഷ്ട്ടികളിൽ ഒരാളും അതിൽ പ്രവേഷിക്കരുതെന്നും ഞാൻ ആഗ്രഹിക്കുന്നു. സ്വെർഗ്ഗ കവാടം തുറക്കപ്പെണമെന്നും അതിൽ പ്രവേശിക്കുന്നതിൽ നിന്നും സൃഷ്ട്ടികളിൽ ഒരാളെയും തടയരുതെന്നും ഞാൻ ആഗ്രഹിക്കുന്നു. സൃഷ്ട്ടികലോടുള്ള അല്ലാഹുവിന്റെ കാരുണ്യവും ദയാ വായ്പ്പും നോക്കിക്കണ്ടാതുകൊണ്ടാണ് ഞാനിത് മോഹിച്ചത്. നിങ്ങളിൽ ആരെങ്കിലും നിങ്ങളുടെ മകനെ സത്യാ നിഷേധികളുടെ കയ്യില ബന്ധനസ്ഥനായ നിലയിൽ കണ്ടെത്തിയാൽ മോചിപ്പിക്കാൻ പരിശ്രമിക്കാറില്ലേ? അപ്രകാരമാണ് ആത്മജ്ഞാനികളും. സൃഷ്ട്ടികളഖിലവും ആത്മജാനികൾക്ക് സന്താനങ്ങളെ പോലെയാകുന്നു" (അൽഫത്ഹുറബ്ബാനി)
ഒരു യദാർത്ത പ്രബോധകന്റെ മുന്നിൽ, ആത്മ ജ്ഞാനം സിദ്ധിച്ച വിശ്വാസിയുടെ മുന്നിൽ ആരും ശത്രുക്കളല്ല. എല്ലാവരും നന്നാകണമെന്ന ആഗ്രഹം മാത്രമേ അവരിൽ ഉണ്ടാകാൻ പാടുള്ളൂ. മതിലുകൾ സൃഷ്ടിച്ചു വകതിരിവുകൾ ഉണ്ടാക്കുന്നതിനു പകരം എല്ലാവരിലേക്കും കാരുണ്യത്തിന്റെ വിശ്വാസ ദീപങ്ങൾ വെളിച്ചമായി കടന്നു ചെല്ലണം. അതിനാകട്ടെ പ്രബോധന ദൌത്യത്തിലുള്ള ഓരോ വിസ്വസിയുടെയും പാദ മുദ്രകൾ. വാശിയും വീറും നല്ലതിന് മാത്രമകുക. അവസാന നാളിലെ തുലാസിൽ നന്മയുടെ ഭാഗമാണ് കനം തൂങ്ങേണ്ടത്. അവിടെയാണ് വലിപ്പം കൊണ്ട് പ്രയോജനം സിദ്ധിക്കെണ്ടാത്. അല്ലാഹു കാക്കട്ടെ