ആത്മീയ പ്രവേശത്തിനുള്ള യോഗ്യതകൾ (2)
(സിറാജ് യു എ ഇ പതിപ്പിലെ അടയാളം പംക്തിയിൽ നിന്നും- മാർച്ച് 4 വെള്ളി, 2016)
മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്തി അല്ലാഹുവിൽ ലയിക്കാൻ ഏഴു കാര്യങ്ങൾ വിശ്വാസികൾ ശ്രദ്ധിക്കുകയും അതനുസരിച്ച് ജീവിത ക്രമം കെട്ടിപ്പടുക്കണമെന്നും കഴിഞ്ഞ കോളത്തിൽ നാം പറഞ്ഞു. അതിൽ മുജാഹദ, തവക്കുൽ എന്നിവയെയാണ് നാം പരാമർശിച്ചത്.
മൂന്നാമതായി മഹാന്മാർ പറയുന്നത് സൽ സ്വഭാവത്തെ കുറിച്ചാണ്. മനുഷ്യൻ എത്ര ധര്മ്മിഷ്ട്ട്നും ആബിദും ആയിട്ടും ഒരു കാര്യവുമില്ല, അവന്റെ സ്വെഭാവം നന്നായില്ലെങ്കിൽ. സൽസ്വെഭാവം എന്നത് ദൈവ ദാസന്റെ ഏറ്റവും ശ്രേഷ്ട്ടമായ ഗുണമാണ്. അതിലൂടെയാണ് ഓരൊരുത്തരുടെയും തനിമ പ്രകടമാകുന്നത്. മനുഷ്യന്റെ സ്വെഭാവം രഹസ്യവും ശരീര ഘടന പരസ്യവുമാണ്. അല്ലാഹുവിന്റെ മുന്നില് സൽ സ്വെഭാവി എന്നാൽ അവന്റെ കൽപ്പനകൾ നിറവേറ്റുകയും വിരോധിച്ച കാര്യങ്ങൾ വർജ്ജിക്കുകയും പ്രതിഫലെച്ച കൂടാതെ മുഴുവൻ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെ അനുസരിക്കുകയും യാതൊരു പരാതിയും പറയാതെ തന്റെ മേൽ നടപ്പിലാകുന്ന ദൈവ ഹിതത്തിനു വിധേയമാകുകയും അല്ലാഹുവേ മാത്രം ആരാധിച്ചു അനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യുക എന്നതാണ്. അതോടൊപ്പം യാതൊരു വിധ സൃഷ്ട്ടികൾക്കും താൻ കാരണമായി യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
4) നന്ദി പ്രകടനം: അല്ലാഹു പറയുന്നുണ്ട് "നിങ്ങൾ നന്ദി കാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് അനുഗ്രഹം വര്ദ്ധിപ്പിച്ചു തരുന്നതാണ്" വിനയാന്വിതനായി അനുഗ്രഹ ദാതാവിന്റെ അനുഗ്രഹം തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്യുക എന്നതാണ് നന്ദി പ്രകടനത്തിന്റെ പൊരുൾ. നന്ദി പ്രകടനത്തെ വിവിധ ഇങ്ങനളിലായി തിരിക്കാം. നാവു കൊണ്ടുള്ള നന്ദി പ്രകടനം, ശരീരാവയവങ്ങൾ കൊണ്ടുള്ള നന്ദി പ്രകടനം, ഹൃദയം കൊണ്ടുള്ള നന്ദി പ്രകടനം. ചുരുക്കത്തിൽ അല്ലാഹു ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങൾ നിഷേധിക്കാതെ അവ അംഗീകരിച്ചു അവനെ വാഴ്ത്തുകയാണ് നന്ദി പ്രകാശനം.
5) ക്ഷമ: അല്ലാഹുവിലേക്കുള്ള സഞ്ചാര പാതയിലെ പ്രധാനപ്പെട്ട അടിസ്ഥാനമാണ് ക്ഷമ. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും സച്ചരിതരുടെയും ഗുണ വിശേഷമാണത്. ക്ഷമ മൂന്നിനമുണ്ട്. 1) അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നതിൽ ക്ഷമ 2) ദൈവ ധിക്കാരത്തിൽ നിന്നും അള്ളാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനുമുള്ള ക്ഷമ 3) പരീക്ഷണങ്ങളും ആപത്തുകളും സഹിക്കാനുള്ള ക്ഷമ.
വിശപ്പ്, ദാരിദ്ര്യം, ക്ഷാമം, ജനങ്ങളുടെ അവഗണന, പരിഹാസം, നിന്ദ്യത, സന്താന നഷ്ട്ടം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും സച്ചരിതരെ അല്ലാഹു പരീക്ഷിക്കും. ഷെയ്ഖ് ജീലാനി തങ്ങൾ പറഞ്ഞു "ക്ഷമ പിന്തുടരുക, ടെഹെച്ചയെ നേരിടുക, ദൈവ നിശ്ചയത്തിൽ സംത്രുപ്തനാവുക. എന്നാൽ അല്ലാഹുവിൽ നിന്നുള്ള ദാനവും അനുഗ്രഹവും നിങ്ങൾക്ക് ലഭിക്കും. അല്ലാഹു പറയുന്നു "ക്ഷമാ ശീലർക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കു നോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്" ക്ഷമിക്കുക, ധൃതി കാട്ടാതിരിക്കുക, ക്ഷമാ ശീലം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാഹുവിന്റെ കാവൽ ലഭിക്കാൻ കാരണമാകും (തുടരും)