സഹവര്‍ത്തനത്തിന്റെ പ്രവാചകമാതൃക

8 views
Skip to first unread message

asas foundation

unread,
Feb 23, 2014, 9:18:57 AM2/23/14
to ii...@googlegroups.com

സഹവര്‍ത്തനത്തിന്റെ പ്രവാചകമാതൃക

ഡോ. റാഗിബ്‌ അസ്സര്‍ജാനി


ഒരു ജന വിഭാഗം മറ്റൊരു വിഭാഗത്തിന്റെ അസ്‌തിത്വവും നിലനില്‍പ്പും അംഗീകരിക്കുകയെന്നത്‌ സംഭവ്യമായ ഒരു കാര്യമാണ്‌. പക്ഷേ, അവരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യണമെന്നില്ല. യൂറോപ്യര്‍, അവരുടെ തൊട്ടടുത്ത കാലത്തെ ചരിത്രത്തില്‍ വരെ, അവരുടെ ഭക്ഷണശാലകളുടെയും കടകളുടെയും മുമ്പില്‍ എഴുതിവെച്ചിരുന്നത്‌ `ജൂതനും പട്ടിക്കും പ്രവേശനമില്ല' എന്നതായിരുന്നു! ക്രൈസ്‌തവതയില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്നതും സ്വതന്ത്രാസ്‌തിത്വമുള്ളതും ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടതുമായ ഒരു വിഭാഗമെന്ന നിലക്ക്‌ ജൂത വിഭാഗത്തെ അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അവരെ ആദരിച്ചിരുന്നില്ല. ബന്ധങ്ങളിലും ഇടപാടുകളിലും പട്ടികളോട്‌ തുല്യമായിട്ടാണവരെ കണ്ടിരുന്നത്‌. എന്നല്ല, പട്ടികളെ ഇണക്കുകയും കൂടെ കൊണ്ടുനടക്കുകയും ചെയ്യും. എന്നാല്‍ ജൂതരെ അടുപ്പിക്കുകയില്ല!

ഇതേപോലെത്തന്നെയായിരുന്നു വെള്ള അമേരിക്കക്കാര്‍, ആഫ്രിക്കന്‍ വേരുകളുള്ള കറുത്തവരോടും ചെയ്‌തിരുന്നത്‌. കടകള്‍ക്ക്‌ മുമ്പില്‍ എഴുതിവെച്ചിരുന്നത്‌ ഇങ്ങനെയായിരുന്നു: `നീഗ്രോകള്‍ക്കും പട്ടിക്കും പ്രവേശനമില്ല'! മനുഷ്യാത്മാവിന്‌ ഒരു പരിഗണനയും അംഗീകാരവും നല്‍കാത്ത സംസ്‌കാരം! എന്നാല്‍ ഇസ്‌ലാമിലെ അനുഭവം വ്യത്യസ്‌തമാണ്‌. മുസ്‌ലിംകളല്ലാത്ത ജനവിഭാഗങ്ങളോട്‌ വര്‍ത്തിക്കേണ്ട ഉത്തമ മാതൃക തിരുദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. അവരുടെ അസ്‌തിത്വം അംഗീകരിക്കുകയെന്നത്‌ മാത്രമല്ല അവരെ ആദരിക്കുക കൂടി ചെയ്യേണ്ടതുണ്ട്‌. ഇതാകട്ടെ, പ്രവാചക തിരുമേനിയുടെ ഭാഗത്ത്‌ നിന്നുള്ള വ്യക്തിപരമായ ഒരു കണ്ടെത്തലായിട്ടല്ല, പ്രത്യുത, ഇസ്‌്‌ലാമികാധ്യാപനങ്ങളുടെ മൗലികാടിത്തറയില്‍ നിന്നുകൊണ്ടുള്ള ഒരു സമീപനമാണ്‌.


ഇസ്‌ലാമേതര വിഭാഗങ്ങളുമായുള്ള സംവാദത്തിന്റെ രീതി എങ്ങനെയെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ നോക്കുക: ``ചോദിക്കുക, ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നവന്‍ ആരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീര്‍ച്ചയായും ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍. പറയുക: ഞങ്ങള്‍ കുറ്റം ചെയ്‌തതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങള്‍ പ്രവൃത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല. പറയുക: നമ്മുടെ രക്ഷിതാവ്‌ നമ്മെ തമ്മില്‍ ഒരുമിച്ചു കൂട്ടുകയും അനന്തരം നമുക്കിടയില്‍ അവന്‍ സത്യപ്രകാരം തീര്‍പ്പ്‌ കല്‍പ്പിക്കുകയംു ചെയ്യുന്നതാണ്‌. അവന്‍ സര്‍വ്വജ്ഞനായ തീര്‍പ്പുകാരനത്രെ.'' (34:24, 25,26)


ദൃഢമായ സത്യത്തിലും സന്മാര്‍ഗത്തിലുമാണ്‌ താനെന്ന്‌ അല്ലാഹുവിന്റെ ദൂതര്‍ക്ക്‌ തീര്‍ച്ചയായും അറിയാം. എന്നിട്ടും അല്ലാഹു അദ്ദേഹത്തോട്‌ `മുശ്‌രിക്കു'ക(ബഹുദൈവാരാധകര്‍)ളോടുള്ള സംവാദത്തില്‍ ഇങ്ങനെ പറയാന്‍ വേണ്ടി കല്‍പ്പിക്കുന്നു. `തീര്‍ച്ചയായും ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍, വ്യക്തമായ ദൂര്‍മാര്‍ഗത്തില്‍' ഇരുവിഭാഗത്തിനും ഒരുപോലെ പങ്കാളിത്തമുള്ള ഒരു ഭൂമികയില്‍ നിന്നുകൊണ്ട്‌, സത്യവും അസത്യവും തമ്മിലുള്ള ഒരു സംവാദത്തിലൂടെ യഥാര്‍ഥ സത്യത്തിലേക്ക്‌ എത്തിച്ചേരാം... ഇത്‌ സംവാദത്തിന്റെ ഉന്നതമായ മാതൃകയാണ്‌! സംസ്‌കാരത്തിന്റെ ഉയര്‍ന്ന രൂപമാണ്‌! തുടര്‍ന്ന്‌, അങ്ങേയറ്റത്തെ മര്യാദയോടു കൂടി പറയാന്‍ വേണ്ടി അല്ലാഹു കല്‍പ്പിക്കുന്നതു നോക്കുക: `പറയുക! ഞങ്ങള്‍ കുറ്റം ചെയ്‌തതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല'!! ഇവിടെ `കുറ്റം' എന്ന പദം തന്നിലേക്കും `പ്രവൃത്തി' എന്ന പദം -ഇത്‌ നന്മക്കും തിന്മക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്‌- അവരിലേക്കും ചേര്‍ത്താണ്‌ പറയുന്നത്‌! അവസാനം, അവിടുന്ന്‌ കാര്യങ്ങളെല്ലാം തീര്‍പ്പു കല്‍പ്പിക്കാന്‍ വേണ്ടി അല്ലാഹുവിലേക്ക്‌ വിടുന്നു! അല്ലാഹു നമ്മെയെല്ലാം ഒരുമിച്ച്‌ കൂട്ടി ഈ വിഷയത്തില്‍ തീര്‍പ്പ്‌ കല്‍പ്പിക്കും. ആരാണ്‌ സത്യത്തിലെന്നും ആരാണ്‌ അസത്യത്തിലെന്നും അന്ന്‌ തിരിച്ചറിയാമെന്ന്‌ പറഞ്ഞവസാനിപ്പിക്കുന്നു!


സംവാദത്തില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ഗമാണിത്‌. ഏതെങ്കിലും തരത്തിലുള്ള പക്ഷപാതിത്വമോ വിഭാഗീയതയോ ഇവിടെയില്ല. എതിര്‍കക്ഷിയെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണിവിടെ സംസാരിക്കുന്നത്‌. ഇതുപോലെ മറ്റൊന്നാണ്‌, വേദക്കാരായ ജൂതക്രൈസ്‌തവ വിഭാഗങ്ങളോട്‌ സംവദിക്കുമ്പോള്‍ സ്വീകരിക്കേണ്ട അതിരുകള്‍ നിശ്ചയിച്ചുകൊണ്ടുള്ള ഖുര്‍ആനിന്റെ പ്രസ്‌താവം: 
``വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌. അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്‌പ്പെട്ടവരുമാകുന്നു.'' (29:46). എത്ര ആകര്‍ഷകമായ ശൈലി! വേദക്കാരോട്‌ നല്ല രീതിയില്‍ സംവദിക്കണമെന്നല്ല പറയുന്നത്‌, ഏറ്റവും നല്ല രീതിയും ശൈലിയും സ്വീകരിക്കണമെന്നാണ്‌ പറയുന്നത്‌. ഏതെങ്കിലും മനുഷ്യനിര്‍മ്മിത ദര്‍ശനങ്ങളിലോ തത്വങ്ങളിലോ ഇതിന്‌ തുല്യമായ സാംസ്‌കാരിക സൗന്ദര്യം കണ്ടെത്താനാവുമോ?


നോക്കുക, ബുദ്ധിയെ അടുപ്പിക്കുകയും ആകര്‍ഷിക്കുകയും മനസ്സിനെ നേര്‍പ്പിക്കുകയും ചെയ്യുന്ന ശൈലി: ``നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്‌പ്പെട്ടവരുമാകുന്നു.'' നമ്മുടെയെല്ലാം ദൈവം ഒന്നാണ്‌, ഞങ്ങളിലേക്കും നിങ്ങളിലേക്കും വേദഗ്രന്ധം അവതരിപ്പിച്ചിട്ടുണ്ട്‌. ഞങ്ങളതിലെല്ലാം വിശ്വസിക്കുന്നു. അതിനാല്‍ നമുക്കിടയില്‍ ഭിന്നിപ്പിന്റെയും വിയോജിപ്പിന്റെയും പ്രശ്‌നങ്ങള്‍ ഉത്ഭവിക്കേണ്ടതില്ല. എന്ന പ്രസ്‌താവത്തിലൂടെ വേദക്കാരെ അടുപ്പിക്കുകയും ഇണക്കുകയും ചെയ്യുന്നു!
ഈ തത്വത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്‌ ഖുര്‍ആന്‍ നടത്തുന്ന പ്രസ്‌താവനകള്‍ വായിച്ചു നോക്കുക. സംസ്‌കാരത്തിന്റെയും സ്വഭാവ മഹിമയുടെയും നിര്‍ഝരി തന്നെ നിനക്ക്‌ കാണാം.
``(നബിയേ) പറയുക: വേദക്കാരേ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്‌ നിങ്ങള്‍ വരുവീന്‍. അതായത്‌, അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട്‌ യാതൊന്നിനെയും പങ്ക്‌ ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിന്‌ പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌). എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്‌) കീഴ്‌പ്പെട്ടവരാണ്‌ എന്നതിന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക.'' (3:64)
മറ്റൊരു ഖുര്‍ആന്‍ വാക്യം നോക്കുക: ``നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ്‌ (അവര്‍ നിലപാട്‌ സ്വീകരിക്കുന്നത്‌). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പ്പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം, അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.'' (2:109)


ഇതുപോലുള്ള സൂക്തങ്ങള്‍ ഒട്ടനവധിയാണ്‌. അതെല്ലാം ഇവിടെ ഉദ്ധരിക്കുന്നില്ല. ഇതുപോലുള്ള സൂക്തങ്ങള്‍ പ്രവാചക തിരുമേനിയുടെ സമീപനത്തിലുണ്ടാക്കിയ സ്വാധീനം എത്രയെന്ന്‌ ബോധ്യപ്പെടുത്തുക മാത്രമേ ഇവിടെ ഉദ്ദേശ്യമുള്ളൂ.


സംവാദത്തിന്റെ ഒരു സുന്ദര ചിത്രം നോക്കുക. പ്രതിയോഗിയുടെ ആശയങ്ങള്‍ തീര്‍ത്തും അസ്വീകാര്യമായിട്ടും അത്‌ പറയാനും മൗനമായി അത്‌ കേള്‍ക്കാനും അവസരം സൃഷ്ടിക്കുന്നു. ഇതുവഴി, അയാളെ ക്ഷണിക്കുന്ന സത്യം അയാളെ വിശദീകരിച്ചു കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നു. ഖുറയ്‌ശ്‌ നേതാവും താത്വികനുമായ റബീഅയുടെ പുത്രന്‍ ഉത്‌്‌ബയുമായുള്ള സംവാദം നോക്കുക:
ഉത്‌ബ നബി തിരുമേനിയെ ഇസ്‌്‌ലാം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ വില പേശുകയാണ്‌. സഹോദര പുത്രാ: `നീ ഞങ്ങള്‍ക്കിടയില്‍ വംശപരമായും കുടുംബപരമായും ഉന്നത സ്ഥാനീയനാണ്‌. നീ കൊണ്ടുവന്നത്‌ വളരെ ഗൗരവമുള്ള ഒരു വിഷയമാണ്‌. ഇതുവഴി നീ അവരുടെ ഐക്യം തകര്‍ത്തു, അവരുടെ വിവേകത്തെ അവിവേകമാക്കി, അവരുടെ ദൈവങ്ങളെയും മതത്തേയും ആക്ഷേപിച്ചു. പൂര്‍വ്വ പിതാക്കളെ അവിശ്വാസികളാക്കി. ഞാന്‍ പറയുന്നത്‌ നീയൊന്ന്‌ കേള്‍ക്കുക, ചിലപ്പോള്‍ അതില്‍ ചിലതെങ്കിലും നിനക്ക്‌ സ്വീകാര്യമായേക്കും. റസൂല്‍ (സ്വ) പറഞ്ഞു: `അബുല്‍ വലീദ്‌ പറയു, ഞാന്‍ കേള്‍ക്കാം' തുടര്‍ന്നദ്ദേഹം പറഞ്ഞു തുടങ്ങി. സഹോദര പുത്രാ : `നീ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ധനസമ്പാദനമാണെങ്കില്‍ ഞങ്ങള്‍ നിനക്ക്‌ ധനം സ്വരൂപിച്ചുതരാം, അങ്ങനെ നീ ഞങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സമ്പന്നനാകും. നേതൃത്വമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ നിന്നെ ഞങ്ങള്‍ നേതാവാക്കാം. നിന്റെ അഭിപ്രായമാരായാതെ ഒരു കാര്യവും ഞങ്ങള്‍ തീരുമാനിക്കുകയില്ല. രാജാധികാരമാണ്‌ ആഗ്രഹമെങ്കില്‍ നിന്നെ ഞങ്ങളുടെ രാജാവായി വാഴിക്കാം. ഇതൊന്നുമല്ല, നിനക്ക്‌ തിരസ്‌കരിക്കാനാവാത്ത വല്ല ബാധയുമാണെങ്കില്‍ ഞങ്ങളതിന്‌ ചികിത്സിക്കാം. അതിനായി ഞങ്ങള്‍ പണം ചെലവഴിക്കാം. ചികിത്സിച്ചാല്‍ ചിലപ്പോള്‍ ഇതെല്ലാം ഒഴിവായിക്കിട്ടിയേക്കും.' ഇത്രയും പറഞ്ഞ്‌ ഉത്‌ബ നിര്‍ത്തിയപ്പോള്‍ റസൂല്‍(സ്വ) ചോദിച്ചു : `അബുല്‍ വലീദ്‌ ! താങ്കള്‍ അവസാനിപ്പിച്ചോ?' അദ്ദേഹം : `അതെ.' റസൂല്‍ (സ്വ) പറഞ്ഞു : `എങ്കില്‍ ഞാന്‍ പറയുന്നതൊന്ന്‌ കേള്‍ക്കുക.' അദ്ദേഹം : `കേള്‍ക്കാം.' അനന്തരം റസൂല്‍ (സ്വ) അദ്ദേഹത്തിനു മുമ്പില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഈ ഭാഗം ഓതിക്കേള്‍പ്പിച്ചു : `പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. ഹാമീം, പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ ഇത്‌. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം). സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത്‌ നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം). എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞു കളഞ്ഞു. അവര്‍ കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ പറഞ്ഞു : നീ ഞങ്ങളെ എന്തൊന്നിലേക്ക്‌ വിളിക്കുന്നുവോ അത്‌ മനസ്സിലാക്കാനാവാത്തവിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക്‌ ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുമുണ്ട്‌....' (41:1-5) തുടര്‍ന്നുള്ള ഭാഗങ്ങളും അവിടുന്ന്‌ പാരായണം ചെയ്‌തുകൊടുത്തു. 


തന്റെ ഇരുകൈകളും പിന്നിലേക്ക്‌ വെച്ച്‌ അതില്‍ ചാരിയിരുന്നു മുഴുവന്‍ അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. പാരായണത്തിനിടെ `സുജൂദ്‌' (സാഷ്ടാംഗം) പരാമര്‍ശിക്കുന്ന ഭാഗം വന്നപ്പോള്‍ അവിടുന്ന്‌ അല്ലാഹുവിന്റെ മുമ്പില്‍ സുജൂദ്‌ അര്‍പ്പിച്ചു. തുടര്‍ന്നവിടുന്ന്‌ പറഞ്ഞു : `അബുല്‍ വലീദ്‌, താങ്കളിപ്പോള്‍ കേട്ടത്‌ കേട്ടല്ലോ, ഇനി നിങ്ങള്‍ക്ക്‌ വിട്ടുതരുന്നു' . ഇത്‌ കഴിഞ്ഞ്‌ ഉത്‌ബ തന്റെ ആളുകളുടെ അടുത്തേക്ക്‌ തിരിച്ചുപോയി. അവര്‍ പറഞ്ഞു : `അല്ലാഹുവില്‍ സത്യം! അബുല്‍ വലീദ്‌ പോയ മുഖവുമായിട്ടല്ല തിരിച്ചു വന്നിരിക്കുന്നത്‌.' അദ്ദേഹം അവരുടെ കൂടെ ഇരുന്നപ്പോള്‍ അവര്‍ പറഞ്ഞു : `എന്തുപറ്റി അബുല്‍ വലീദ്‌? അദ്ദേഹം പറഞ്ഞു : `ഞാന്‍ ചില വാക്കുകള്‍ കേട്ടു. അല്ലാഹുവില്‍ സത്യം! അതുപോലൊന്ന്‌ ഞാനിതുവരെ കേട്ടിട്ടില്ല. അതൊരിക്കലും കവിതയോ മാരണമോ, ജ്യോത്സ്യമോ ഒന്നുമല്ല. ഖുറയ്‌ശ്‌ സമൂഹമേ, നിങ്ങള്‍ എന്നെ അനുസരിക്കുക, ഇതെനിക്ക്‌ വിട്ടു തരിക. 


ഈ മനുഷ്യനേയും അവന്‍ കൊണ്ടുവന്നതിനേയും അതിന്റെ വഴിക്ക്‌ വിടുക. അല്ലാഹുവില്‍ സത്യം! ഞാന്‍ അവനില്‍ നിന്ന്‌ കേട്ട വാക്കുകള്‍ക്ക്‌ വന്‍ വാര്‍ത്തയുണ്ടാകും. അറബികള്‍ അവനെ കൈകാര്യം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്കത്‌ മറ്റുള്ളവരിലൂടെ നേടാനായി. അവന്‍ അറബികളെ അതിജയിക്കുകയാണെങ്കിലോ അവന്റെ അധികാരം നിങ്ങളുടേതുകൂടിയാണല്ലോ. അവന്റെ അന്തസ്സ്‌ നിങ്ങളുടേതുകൂടിയാണല്ലോ. നിങ്ങളതുവഴി ജനങ്ങളില്‍ ഏറ്റവും സൗഭാഗ്യവാന്മാരായിത്തീരും' അവര്‍ പറഞ്ഞു: `അബുല്‍ വലീദ്‌, താങ്കളെ അവന്‍ അവന്റെ നാവിന്റെ മാസ്‌മരികത കൊണ്ട്‌ വീഴ്‌ത്തിയിരിക്കുന്നു!!' അദ്ദേഹം പറഞ്ഞു : `ഇതാണെന്റെ അഭിപ്രായം ഇനി നിങ്ങള്‍ക്ക്‌ വ്യക്തമായത്‌ നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക' (മുസ്‌്‌നദ്‌ അബൂയഅ്‌ലാ, ഇബ്‌്‌നു ഹിശാം, ബൈഹഖി).


ഈ സംവാദം ഏറെ പ്രധാനപ്പെട്ട ഒന്നാണ്‌. ഇവിടെ ഉത്‌ബ നബി തിരുമേനിയുടെ നേരെ അനേകം ആരോപണങ്ങള്‍ ഒന്നിച്ചുന്നയിക്കുകയാണ്‌ അതെല്ലാം ശാന്തമായിരുന്ന്‌ കേള്‍ക്കുകയും വികാര പ്രകടനങ്ങള്‍ക്ക്‌ വശംവദനാകാതെ സംയമനം പാലിച്ച്‌ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇതിന്‌ പുറമെ, ഇസ്‌്‌ലാമിക പ്രബോധനത്തില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ നിസ്സാരമായ ധാരാളം ഭൗതിക പ്രലോഭനങ്ങള്‍ അവിടുത്തെ മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. അതും അവിടുന്ന്‌ കേട്ടുകൊടുക്കുന്നു. എന്നല്ല, ഇടക്ക്‌ വെച്ച്‌ അവിടുന്ന്‌ ഉത്‌ബയോട്‌ ആദരപൂര്‍വ്വം പറയുന്നു: `പറയൂ അബുല്‍ വലീദ്‌ ഞാന്‍ കേള്‍ക്കാം' ഇവിടെ, അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കാതെ, സ്ഥാനപ്പേര്‌ അബുല്‍ വലീദ്‌ എന്നുപയോഗിച്ചുകൊണ്ട്‌ അദ്ദേഹത്തെ കൂടുതല്‍ അടുപ്പിക്കുകയും മനസ്സ്‌ നേര്‍പ്പിക്കുകയും ചെയ്യുന്നു. പ്രലോഭനമെന്ന നിലക്ക്‌ പ്രവാചകന്റെ മുമ്പില്‍ സമര്‍പ്പിച്ച ലൗകികമായ കാര്യങ്ങളെയൊന്നും ഖണ്ഡിക്കാതെ ക്ഷമിച്ചിരുന്ന തിരുദൂതര്‍ അവസാനം അങ്ങേയറ്റം ആദരപൂര്‍വ്വം ചോദിക്കുന്നത്‌: `അബൂല്‍ വലീദ്‌ താങ്കള്‍ അവസാനിപ്പിച്ചോ? എന്നാണ്‌. അതെ എന്ന്‌ ഉത്തരമുണ്ടായപ്പോള്‍ അവിടുന്ന്‌ പറഞ്ഞത്‌ : `എന്നാല്‍ ഞാന്‍ പറയുന്നത്‌ ഒന്ന്‌ കേള്‍ക്കുക' എന്നാണ്‌.


ഉത്‌ബക്ക്‌ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ സമര്‍പ്പിക്കാനുള്ള പൂര്‍ണ്ണാവസരം റസൂല്‍(സ്വ) ഇവിടെ നല്‍കുന്നു. അദ്ദേഹം വിരമിച്ചതിന്‌ ശേഷം മാത്രം അദ്ദേഹത്തിന്റെ അനുമതിയോടെ സംസാരം തുടങ്ങുകയുമാണ്‌ ചെയ്യുന്നത്‌. ഇതെല്ലാം, വിശ്വാസ കാര്യങ്ങളില്‍ തന്നെ പൂര്‍ണ്ണമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നവരാണെങ്കില്‍ പോലും അവരോട്‌ സംവദിക്കുമ്പോള്‍ സ്വീകരിക്കേണ്ട ആദരവിന്റെ പാഠം നമുക്ക്‌ പകര്‍ന്ന്‌ തരാന്‍ വേണ്ടിയാണ്‌. 

Reply all
Reply to author
Forward
0 new messages