നിങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണത്തിലാണ്, രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് (you are under surveillance for 24 hours and recorded) എന്ന മുന്നറിയിപ്പ് ഇന്ന് സര്‍വസാധാരണമാണ്. നേരത്തെ രാജ്യരക്ഷയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ മുന്നറിയിപ്പ് ഇന്ന് വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സമ്പന്നരുടെ വീടുകള്‍ എന്നിവിടങ്ങളിലെല്ലാം സര്‍വസാധാരണമായിരിക്കുകയാണ്. കാമറകള്‍ ഇരുട്ടിലും പ്രവര്‍ത്തിക്കാവുന്നവയാണ്. കുറെ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൊലീസ് ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നു. അടുത്ത കാലത്ത് നടന്ന കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍ എന്നിവയില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത് ഈ നിരീക്ഷണസമ്പ്രദായമാണ്. ഇത്തരം സംവിധാനമുള്ള സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവുമാണ്.
കാമറകളില്‍ നിന്ന് ലഭിക്കുന്ന ശബ്‌ദങ്ങളും ദൃശ്യങ്ങളും രേഖപ്പെടുത്താന്‍ ഇന്ന് അനേകം സംവിധാനങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാഗ്നറ്റിക് ടേപ്പുകള്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഡിജിറ്റല്‍ റിക്കാര്‍ഡിംഗ് ഉപയോഗിക്കുന്നു. നമ്മുടെ സംസ്ഥാന സമ്മേളനങ്ങളുടെ ആദ്യകാലത്ത് വീഡിയോ ടേപ്പുകളാണ് രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് വീഡിയോ കാസറ്റുകള്‍ നിലവില്‍ വന്നു. പക്ഷെ, സമ്മേളനങ്ങളിലെ മുഴുവന്‍ പരിപാടികളും രേഖപ്പെടുത്തുക അസാധ്യമായിരുന്നു. കാസറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവന്നു. ഡിജിറ്റല്‍ റിക്കാര്‍ഡിംഗ് നിലവില്‍ വന്നതോടെ രേഖപ്പെടുത്തല്‍ അനായാസമായി. പിന്നീട് ഇലക്‌ട്രോണിക്‌സ് രംഗത്തു വന്ന മാറ്റങ്ങള്‍ അത്ഭുതാവഹമായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്ത് ശാസ്‌ത്രം ഈ രംഗത്ത് കൈവരിച്ച നേട്ടം അതുവരെ കൈവരിച്ച നേട്ടങ്ങളെ മുഴുവന്‍ കവച്ചുവെക്കുന്നതായിരുന്നു.
1970-കളില്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെ കണ്ടുപിടുത്തത്തോടെയാണ് ഇലക്‌ട്രോണിക് രംഗത്തെ കുതിച്ചുചാട്ടം ആരംഭിക്കുന്നത്. ഗോര്‍ഡന്‍ മൂര്‍ എന്ന ശാസ്‌ത്രജ്ഞന്റെ പ്രവചനം അക്ഷരംപ്രതി ശരിയായിരിക്കയാണ്. ഓരോ ചിപ്പിലും (IC) ഉള്‍ക്കൊള്ളിക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഓരോ രണ്ടു വര്‍ഷങ്ങളിലും ഇരട്ടിയായിക്കൊണ്ടിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഇത് ഒരു പ്രവചനമാണെങ്കിലും, ശാസ്‌ത്രലോകത്ത് ഈ പ്രവചനം മൂര്‍സ് ലോ എന്നാണ് അറിയപ്പെടുന്നത്. 1970-കളില്‍ പരമാവധി 1000 ട്രാന്‍സിസ്റ്ററുകളാണ് ഒരു ഐ.സിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരുന്നതെങ്കില്‍ 2013 അവസാനിച്ചപ്പോള്‍ ഒരു ഐ.സിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം 100 കോടി കവിഞ്ഞു. ഓരോ ട്രാന്‍സിസ്റ്ററും ഒരു ബിറ്റിനെയാണ് പ്രതിനിധീകരിക്കുന്നത്. രേഖപ്പെടുത്താന്‍ സാധാരണ നാം ഉപയോഗിക്കുന്ന ഒരു സീഡിയില്‍ 700 മെഗാബൈറ്റ് വിവരങ്ങള്‍ രേഖപ്പെടുത്താമെങ്കില്‍ ഒരു ഡി വി ഡിയില്‍ അതിന്റെ ഏഴ് ഇരട്ടി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. നാലോ അതിലധികമോ വ്യത്യസ്‌ത വ്യക്തികളുടെ ഖുര്‍ആന്‍ പാരായണങ്ങള്‍ ഒരു ഡി വി ഡിയില്‍ മാത്രം രേഖപ്പെടുത്തിയത് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. മനുഷ്യകരങ്ങള്‍ കൊണ്ട് സാധ്യമായ രേഖപ്പെടുത്തല്‍ സംവിധാനത്തിന്റെ ഹ്രസ്വമായ വിവരണമാണ് മുകളില്‍ നല്‌കിയത്. ഇതു തന്നെ കുറ്റവാളികള്‍ക്ക് ഭയമുണ്ടാക്കുന്നതാണെങ്കില്‍ അല്ലാഹുവിന്റെ രേഖപ്പെടുത്തല്‍ നമുക്ക് തഖ്‌വ വര്‍ധിപ്പിക്കേണ്ടതല്ലേ.
കര്‍മങ്ങള്‍ രേഖപ്പെടുത്തുന്നതിന് അല്ലാഹു ഏര്‍പ്പെടുത്തിയ സംവിധാനം 100 ശതമാനം കുറ്റമറ്റതായിരിക്കുമെന്നതില്‍ വിശ്വാസിക്ക് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ല. സാധാരണക്കാരായ വിശ്വാസികള്‍ക്ക് രേഖകള്‍ എഴുതപ്പെട്ട ഒരു പുസ്‌തകമായി നല്‌കപ്പെടുമെന്നാണ് സങ്കല്‌പിക്കുന്നത്. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ ഈ വിഷയവുമായി ബന്ധപ്പെട്ടു വന്ന വചനങ്ങള്‍ പരിശോധിച്ചാല്‍ ഈ രേഖയില്‍ ശബ്‌ദവും ദൃശ്യവും ഉണ്ടാകുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഖുര്‍ആനിലെ പതിനാറിലധികം അധ്യായങ്ങളിലൂടെ 50-ല്‍പരം വചനങ്ങളിലൂടെ ഈ രേഖപ്പെടുത്തലിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നു.
``തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്‌ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു. വലതുഭാഗത്തും ഇടതുഭാഗത്തും രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. അവന്‍ ഏത് വാക്കു ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‌ക്കുന്ന നിരീക്ഷകന്‍ ഉണ്ടായിട്ടല്ലാതെ'' (50: 16,17,18). സൂറത്ത് ഖാഫിലെ ഈ വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത് അവന്റെ നാവില്‍ നിന്നു പുറത്തുവരുന്ന ഒരു വാക്കും രേഖപ്പെടുത്താതെ വിടുന്നില്ല എന്നാണ്. മനുഷ്യന്റെ ഏതൊരു അവയവങ്ങളെക്കാളും അല്ലാഹുവിന്റെ അറിവ് മുന്‍കടന്ന് നില്‌ക്കുന്നു. മനുഷ്യന്റെ നന്മ തിന്മകള്‍ രേഖപ്പെടുത്താന്‍ അല്ലാഹു നിശ്ചയിച്ച മലക്കുകളെ സംബന്ധിച്ചാണ് ഏറ്റെടുക്കുന്ന രണ്ടുപേര്‍ എന്ന് പറഞ്ഞത്. അല്ലാഹുവിന് നേരിട്ട് എന്ത് കാര്യവും ചെയ്യാന്‍ സാധിക്കും. അവന് സാധിക്കാത്തതായി ഒന്നും തന്നെയില്ല. മലക്കുകളെ നിയോഗിച്ച് അല്ലാഹു ചെയ്യിക്കുന്ന എന്ത് കാര്യവും ആരുടെയും സഹായമില്ലാതെ ചെയ്യാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്ന് 16-ാം വചനത്തില്‍ നിന്ന് വ്യക്തമാണ്.
``രേഖകള്‍ വെക്കപ്പെടും, അപ്പോള്‍ കുറ്റവാളികളെ അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലക്ക് നിനക്കു കാണാം. അവര്‍ പറയും: അയ്യോ ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്. ചെറുതോ വലുതോ ആയ യാതൊന്നും തന്നെ കൃത്യമായി രേഖപ്പെടുത്താതെ അത് വിട്ട് കളഞ്ഞില്ലല്ലോ. തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ അവരുടെ മുമ്പില്‍ ഹാജരാക്കിയതായി അവര്‍ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരു ആളോടും അനീതി പ്രവര്‍ത്തിക്കുകയില്ല.'' (18:49)
സൂറത്ത് കഹ്‌ഫിലെ ഈ വചനം രേഖ എത് തരത്തിലുള്ളതായിരിക്കുമെന്നതിന്റെ സൂചന നല്‌കുന്നു. മുമ്പ് കാലത്ത് ഈ ഗ്രന്ഥം നല്‌കുന്നതിന്റെ കാര്യം പറഞ്ഞ് അവിശ്വാസികള്‍ പരിഹസിക്കുമായിരുന്നു. നിരക്ഷരരായി മരണപ്പെട്ടുപോയ എത്രയോ ആളുകള്‍, അവര്‍ എങ്ങനെയാണ് ഈ ഗ്രന്ഥം വായിക്കുക. ഒന്നിലധികം ഭാഷ സംസാരിക്കുന്നവര്‍ക്ക് ഏത് ഭാഷയിലായിരിക്കും ഗ്രന്ഥം നല്‌കപ്പെടുക എന്നീ കാര്യങ്ങളാണ് അവര്‍ സംശയമായി ഉന്നയിക്കുക. തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ അവരുടെ മുമ്പില്‍ ഹാജരാക്കിയതായി അവര്‍ കണ്ടെത്തും എന്ന വചനം സൂചിപ്പിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളുടെ ഒരു തനിയാവര്‍ത്തനം അവര്‍ക്ക് നേരില്‍ കാണാന്‍ കഴിയുമെന്നതാണല്ലോ. ഈ വചനം നല്‌കുന്ന സൂചന അവരുടെ പ്രവര്‍ത്തനങ്ങളുടെ ഒരു ദൃശ്യാവിഷ്‌കരണം ഈ രേഖയിലൂടെ അവര്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്ന് തന്നെയാണ്. ഓരോ വ്യക്തിയുടെയും വിചാരണയിലൂടെ അവന്റെ പ്രവര്‍ത്തനങ്ങള്‍ അവനെ ബോധ്യപ്പെടുത്തുമെന്നാണ് ഖുര്‍ആന്‍ നല്‌കുന്ന സൂചന. ഓരോരുത്തര്‍ക്കും വിചാരണ കൂടാതെ തന്നെ സ്വയം തെറ്റുകാരനെന്ന് ബോധ്യപ്പെടുത്താന്‍ അല്ലാഹുവിന്റെ കോടതിക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക!
``നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസം. തന്റെയും തിന്മയുടെയും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും കൊതിച്ചുപോകും. അല്ലാഹു തന്നെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‌കുന്നു. അല്ലാഹു ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു'' (3:30). സൂറത്ത് ആലുഇംറാനിലെ ഈ വചനം മേല്‍പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി ബോധ്യപ്പെടുത്തുന്നു.
``ഓരോ മനുഷ്യനും അവന്റെ വിധി അവന്റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു. നിന്റെ രേഖ വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ചേടത്തോളം കണക്കുനോക്കാന്‍ നീ തന്നെ മതി'' (17:13,14). ``നിനക്കറിവില്ലാത്ത കാര്യത്തിന്റെ പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്‌ച, ഹൃദയം എന്നിവയെ പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്'' (17:36). ``അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും അവരുടെ കൈകളും അവരുടെ കാലുകളും അവര്‍ക്കെതിരെ സാക്ഷി പറയുന്ന ദിവസത്തിലത്രെ അത്''(24:24). ``തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്‌തുവെച്ചതും അവയുടെ അനന്തരഫലങ്ങളും നാം രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു.'' (36:12)
സൂറത്ത് ഇസ്‌റാഇലെ പതിനാലാം വചനം സൂചിപ്പിക്കുന്നത് ഓരോരുത്തര്‍ക്കും അവരവരുടെ കണക്ക് സ്വയം നോക്കി മനസ്സിലാക്കാന്‍ സാധിക്കും എന്ന് തന്നെയാണ്. ഓരോ മനുഷ്യന്റെയും പ്രവര്‍ത്തികള്‍ക്ക് സാക്ഷിയായി സ്വന്തം ശരീരത്തിലെ അവയവങ്ങള്‍ സംസാരിക്കുന്നതിനെപ്പറ്റി സൂറത്ത് യാസിന്‍ 65-ാം വചനം പറയുന്നു: ``അന്ന് നാം അവരുടെ വായകള്‍ക്ക് മുദ്ര വെക്കുകയും അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുകയും അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി കാലുകള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുന്നതാണ്.'' (36:65)
കൈകള്‍ സംസാരിക്കുന്നതും കാലുകള്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നതുമാണ് എന്ന് വ്യക്തമാക്കുന്നതാണ് സൂറത്ത് യാസീനിലെ വചനമെങ്കില്‍ ഈ കാര്യം ഒന്നുകൂടി വ്യക്തമാക്കുന്നു മറ്റുചില വചനങ്ങളില്‍: ``അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും കണ്ണുകളും തൊലികളും അവര്‍ക്കെതിരായി അവര്‍ പ്രവര്‍ത്തിച്ചതിനെ പറ്റി സാക്ഷ്യം വഹിക്കുന്നതാണ്'' (41:20). ``തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യംവഹിച്ചത്? അവ പറയും: എല്ലാ വസ്‌തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെയും സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്‌ടിച്ചത് അവനാണല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മിക്ക തും അല്ലാഹു അറിയില്ലെന്നാണ്.'' (41:21)
``നിങ്ങളുടെ കാതോ, നിങ്ങളുടെ കണ്ണുകളോ, നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്കെതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ ഒളിച്ചുവെക്കാറുണ്ടായിരുന്നില്ല. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മിക്കതും അല്ലാഹു അറിയില്ലെന്നാണ്. അതത്രെ നിങ്ങളുടെ രക്ഷിതാവിനെ പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ. അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്‌ടക്കാരില്‍ പെട്ടവരായിത്തീര്‍ന്നു.'' (41:22,23)
സൂറത്ത് ഫുസ്സിലത്തിലെ ഈ വചനങ്ങള്‍ വായിച്ചാല്‍ ഒരു നിമിഷം ആരും തരിച്ചിരുന്നുപോകും. സ്വന്തം അവയവങ്ങള്‍ അറിയാതെ നമുക്ക് എന്തെങ്കിലും പ്രവര്‍ത്തിക്കാനാകുമോ? അതായത് ഈ ശരീരത്തെ കൊണ്ട് തെറ്റ് ചെയ്യിക്കുന്നത് നമ്മുടെ നഫ്‌സ് തന്നെ. എത്ര സ്‌നേഹത്തോടെയാണ് നാം ശരീര അവയവങ്ങളെയും തൊലിയെയും പരിപാലിക്കുന്നത്. പക്ഷെ, അവയിലെല്ലാം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെട്ടു കിടക്കുന്നു എന്നതാണ് പ്രസ്‌തുത വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ഭൗതികമായ രേഖപ്പെടുത്തല്‍ സംവിധാനത്തിന് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. പക്ഷെ, വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ മനസ്സിലുള്ളത് രേഖപ്പെടുത്തുമെന്ന് അനേകം വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
``ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവര്‍ പൊറുത്തു കൊടുക്കുകയും അവനുദ്ദേശിക്കുന്നവരെ അവര്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.''(2:284). ``നിങ്ങളുടെ ഹൃദയത്തിലുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.'' (3:29)
ഇതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ സൂറത്ത് ഹൂദ്, നംല്, സബഅ്, ഖാഫ് എന്നീ അധ്യായങ്ങളിലും കാണാം. സൂറത്ത് ബഖറയിലെ ഈ വചനം അവതരിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് അത് വളരെ മനപ്രയാസമുണ്ടാക്കി. സൂറത്ത് ബഖറയിലെ അവസാനത്തെ വചനമായ `അല്ലാഹു ഒരാളോടും അവരുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല' എന്ന വചനം അവതരിച്ചപ്പോള്‍ മാത്രമാണ് അവര്‍ക്ക് ആശ്വാസമായത്.
പരലോകത്തെ വിചാരണ വ്യക്തമായ രേഖകള്‍ മുന്‍കൂട്ടി നല്‌കിയാണെന്നുള്ളതു കൊണ്ടുതന്നെ മനസ്സിലുള്ള വിചാരവികാരങ്ങള്‍ മുഴുവനായി ആ രേഖയിലുണ്ടാവും. ഇതിന്റെ ഗൗരവം മനസ്സിലാക്കാന്‍ നമസ്‌കാരത്തിന്റെ കാര്യം മാത്രം പരിഗണിച്ചാല്‍ മതിയാകും. ഓരോരുത്തരും നമസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം നമസ്‌കാരത്തില്‍ അവര്‍ ചിന്തിച്ച കാര്യങ്ങളും മാധ്യമങ്ങളായി പ്രത്യക്ഷപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ! നമസ്‌കാരത്തിനിടയില്‍ ഓരോരുത്തരും അല്ലാഹുവിന്റെ സ്‌മരണ വിട്ടുകൊണ്ട് ദുന്‍യാവിന്റെ കാര്യങ്ങള്‍ ചിന്തിക്കുക സ്വാഭാവികം. നമസ്‌കാരത്തിലെ ഓരോ റക്‌അത്തിലും ചിന്തിച്ച അനാവശ്യ കാര്യങ്ങള്‍ അതാതിന്റെ കൃത്യസമയത്ത് സ്‌ക്രീനില്‍ തെളിഞ്ഞാലുള്ള അവസ്ഥ ഭീകരംതന്നെ. നമസ്‌കാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഈ രേഖപ്പെടുത്തലിനെ കുറച്ച് ബോധവാനായാല്‍ തീര്‍ച്ചയായും നമ്മുടെ ചിന്ത അല്ലാഹുവിന്റെ സ്‌മരണ വിട്ടുപോകാന്‍ സാധ്യതയില്ല. പരലോകത്ത് വെച്ച് നമസ്‌കാരത്തിലെ ചിന്തകള്‍ക്കനുസരിച്ച് മാര്‍ക്കിട്ടാല്‍ ഈ നിര്‍ബന്ധ കര്‍മത്തിന്റെ പരീക്ഷയില്‍ എത്ര പേര്‍ പാസ്സാകും?
വിചാരണ ആരംഭിക്കുന്നതിന്റെ മുമ്പായി തന്നെ നരകത്തിലോ സ്വര്‍ഗത്തിലോ എന്ന കാര്യം ഓരോരുത്തര്‍ക്കും ബോധ്യമാകും വിധമാണ് രേഖകള്‍ നല്‌കുന്നത്. വലത് കൈയില്‍ രേഖ ലഭിച്ചാല്‍ ലളിതമായ വിചാരണക്കു ശേഷം സ്വര്‍ഗത്തിലേക്ക്. ഇടത് കൈയില്‍ രേഖ ലഭിച്ചാല്‍ നരകത്തിലേക്കാണെന്ന് ഉറപ്പിക്കാം. ``വലത് കൈയില്‍ തന്റെ രേഖ നല്‌കപ്പെട്ടവന്‍ പറയും. ഇതാ എന്റെ രേഖ വായിച്ചു നോക്കുക. തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്റെ വിചാരണ നേരിടേണ്ടി വരുമെന്ന്. എന്നാല്‍ ഇടത് കൈയില്‍ രേഖ നല്‌കപ്പെട്ടവന്‍ ഇപ്രകാരം പറയും: ഹാ എന്റെ രേഖ എനിക്ക് നല്‌കപ്പെടാതിരുന്നെങ്കില്‍. എന്റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍. അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍. എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്റെ അധികാരം എനിക്ക് നഷ്‌ടപ്പെട്ടുപോയി.''(69:19,20,25,26,28,29)
``എന്നാല്‍ ഏതൊരുവന് തന്റെ രേഖ വലത് കൈയില്‍ നല്‌കപ്പെട്ടുവോ അവന്‍ ലഘുവായ വിചാരണക്ക് വിധേയനാകുന്നതാണ്''(84:7,8). ``അവര്‍ അവരുടെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്‌ടരായി തിരിച്ചുപോകുകയും ചെയ്യും''(84:9). എന്നാല്‍ ഏതൊരുവന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ നല്‌കപ്പെടുന്നുവോ, അവന്‍ നാശമേ എന്ന് നിലവിളിക്കുകയും ആളിക്കത്തുന്ന നരകാഗ്നിയില്‍ കിടന്നു എരിയുകയും ചെയ്യും.'' (84:10,11,12)
ഹാഖ്‌ഖ, ഇന്‍ശിഖാഖ് എന്നീ അധ്യായങ്ങളിലെ ഈ വചനങ്ങള്‍ പരലോകത്തുവെച്ച് ഇരു വിഭാഗത്തിന്റെയും മാനസികാവസ്ഥ വരച്ചുകാട്ടുന്നു. വലതുപക്ഷത്തിന് അവരുടെ രേഖ എല്ലാവരെയും കാണിക്കാനുള്ള ആവേശം. ഇടതു പക്ഷത്തിനാകട്ടെ രേഖകള്‍ കിട്ടാതിരുന്നെങ്കില്‍ എന്ന വിലാപം. ഭീകരമായ അവസ്ഥ തന്നെ.
ഭൗതിക ജീവിതത്തില്‍ കാമറയെയും രേഖപ്പെടുത്തലിനെയും എല്ലാവരും ഭയപ്പെടുന്നു. ഒരുപാട് ന്യൂനതകളുള്ള രേഖപ്പെടുത്തലാണ് അത്. പക്ഷെ, യഥാര്‍ഥ രേഖപ്പെടുത്തലിനെ ആരും ഭയപ്പെടുന്നില്ല. ആരോടും അതിക്രമം കാണിക്കാനോ അപവാദങ്ങള്‍ പ്രചരിപ്പിക്കാനോ കളവ് പറയാനോ വിശ്വാസികളെന്ന് സ്വയം വിളിക്കുന്നവര്‍ക്ക് ഒരു മടിയുമില്ല. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ആരും അറിയില്ല എന്ന് ഉറപ്പായാല്‍ കൃത്രിമം കാണിക്കാന്‍ മടിക്കാത്ത എത്രപേര്‍ നമുക്കിടയിലുണ്ട്. ഒരിക്കലും മാഞ്ഞുപോകാത്ത, മായ്‌ക്കാന്‍ കഴിയാത്ത ഈ രേഖയെക്കുറിച്ച് ഓര്‍ത്താല്‍ ആര്‍ക്കാണ് നടുക്കമുണ്ടാകാത്തത്? ഖലീഫ ഉമറിന്റെ(റ) കാലത്ത് സ്വന്തം മാതാവ് ഉപദേശിച്ചിട്ടും അല്ലാഹു കാണുമെന്ന കാരണത്താല്‍ പാലില്‍ വെള്ളം ചേര്‍ക്കാത്ത പെണ്‍കുട്ടി ഈ രേഖയെ ഭയന്നവളായിരുന്നു.