ഉര്‍വരമാക്കുക മണ്ണും മനസ്സും

23 views
Skip to first unread message

asas foundation

unread,
Jan 28, 2014, 2:28:17 AM1/28/14
to ii...@googlegroups.com

ഉര്‍വരമാക്കുക മണ്ണും മനസ്സും


ഈചേനയെന്താ പറിക്കാത്തത്‌?” ഒരൊഴിവു ദിവസത്തിന്റെ ആലസ്യത്തില്‍ വിശദമായ പത്രവായനയില്‍ മുഴുകിയിരുന്ന ഞാനൊന്ന്‌ ഞെട്ടി. നോക്കുമ്പോള്‍ അയലത്തെ മൈമൂനാത്തയുണ്ട്‌ ഞങ്ങളുടെ തൊടിയില്‍ നില്‍ക്കുന്നു. “അത്‌ ചേനയൊന്നും ആവൂല. ഇവിടെയിപ്പോ ആരാ ചേനയൊക്കെ നടാന്‍”. “ഇത്‌ ചേനതന്നെ നീയാ കൈക്കോട്ടെടുത്തൊന്നു കിളക്ക്‌”. ഞാന്‍ കൈക്കോട്ട്‌ തപ്പിയെടുത്ത്‌ പറമ്പിലിറങ്ങി. എനിക്ക്‌ ചേന കിളക്കാനറിഞ്ഞുകൂടാ.. എങ്ങനെയറിയും? ഇക്കണ്ട കാലം ചേനക്കൂട്ടാന്‍ തിന്നു എന്നല്ലാതെ മണ്ണിലെ ചേനയെ ഞാന്‍ കൈകൊണ്ട്‌ തൊട്ടിട്ടില്ല. ഇത്തവണ ഏതായാലും മൈമൂനാത്ത തന്ന ടിപിസ്‌ അനുസരിച്ച്‌ ഞാനൊന്നു ചേന കിളച്ചു. പടച്ചോനേ… നല്ല വട്ടത്തില്‍ മുഴുത്തൊരു ചേന… ആരാണിതിവിടെ കൊണ്ടുനട്ടത്‌? ആളെ പിടികിട്ടിയപ്പോള്‍ കണ്ണുനിറഞ്ഞു. ഉമ്മമ്മ… നേരത്തേ പിടിമുറുക്കിയ രോഗാതുരതകളെ കൂസാതെ അവധി ദിവസങ്ങളില്‍ തറവാട്ടില്‍ നിന്നൊരു വരവുണ്ടായിരുന്നു ഉമ്മമ്മാക്ക്‌. പിന്നെ ഞങ്ങളുടെ ഇത്തിരി തൊടിയില്‍ ചുറ്റി നടക്കും. അവിടെയും ഇവിടെയും കിളക്കും. ചേന, ചേമ്പ്‌, കറുമൂസ, മുളക്‌, കോഴികള്‍ തുടങ്ങിയവയെ പരിചരിക്കും. പാകമായത്‌ പറിച്ച്‌ കൂട്ടാനുണ്ടാക്കും. ഒപ്പമിരുന്ന്‌ കഴിക്കും…. എന്നും മണ്ണിനെ സ്‌നേഹിച്ച ആ സ്‌നേഹം മണ്ണോട്‌ ചേര്‍ന്നിട്ട്‌ രണ്ട്‌ വര്‍ഷത്തിലേറെയായി. ഞങ്ങളുടെ തൊടിയുണങ്ങി… കോഴിക്കൂടെന്നോ ഒഴിഞ്ഞു… ജോലിയും പഠനവും മറ്റു തിരക്കുകളുമെല്ലാം കൂടി പടര്‍ന്ന്‌ പന്തലിച്ചപ്പോള്‍ ഞങ്ങളുടെ കാഴ്‌ച വീടിനകത്തേക്ക്‌ ചുരുങ്ങി. പക്ഷേ, ഇന്നിതാ ഉമ്മമ്മ വീണ്ടും മണ്ണില്‍ നിന്നും ഞങ്ങളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നു. കണ്ണു നിറയാതെ എങ്ങനെ കഴിക്കും!


മണ്ണ്‌ എപ്പോഴും ഇത്തരം കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സ്രോതസ്സാണ്‌. ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും ജീവന്‍ മണ്ണിനെ ആശ്രയിച്ചാണ്‌ നില്‍ക്കുന്നത്‌. ഒടുക്കം അവ മണ്ണിനോട്‌ ചേരുകയും പുതിയ ജീവനുകള്‍ക്ക്‌ വളമാവുകയും ചെയ്യുന്നു. ചാക്രികമായ മണ്ണും ജീവനും തമ്മിലുള്ള ഈ പാരസ്‌പര്യമാണ്‌ ഭൂമിയുടെ നിലനില്‌പിനുതന്നെ ആധാരം. ഇതിന്‌ ഉപോല്‌ഘടകമായി മറ്റൊരുതരം ചാക്രികതകൂടി നിലനില്‍ക്കുന്നുണ്ട്‌. മണ്ണ്‌, സസ്യജന്തുജാലങ്ങളുടെ ഊര്‍ജത്തിന്‌ നിദാനമായി വര്‍ത്തിക്കുന്നു. അങ്ങനെ ലഭിക്കുന്ന ഊര്‍ജത്തിലൊരളവ്‌ മണ്ണിന്റെ നിലനില്‌പിനായി തിരിച്ചുകൊടുക്കേണ്ടതുണ്ട്‌. സസ്യങ്ങളും മനുഷ്യേതര ജീവികളും അവരുടെ പ്രകൃത്യാലുള്ള രീതിയില്‍ ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്‌. പക്ഷേ, മനുഷ്യനോ? വേണ്ടതിലധികം ഊര്‍ജം സ്വീകരിക്കുകയും ഒടുക്കം അത്‌ ചെലവഴിച്ച്‌ രക്ഷപ്പെടാന്‍ പണം മുടക്കുകയും ചെയ്യുന്ന വിഡ്‌ഢിത്തിന്നിടയില്‍ അവന്‍ മണ്ണിന്റെ കടം മറക്കുന്നു. ജീര്‍ണാവസ്ഥയിലുള്ള തന്റെ മൃതശരീരം മണ്ണ്‌ സ്വീകരിക്കുന്നതുവരെ ഈ മറവി നിലനില്‌ക്കുകയും ചെയ്യും.


മണ്ണിനോടുള്ള മനുഷ്യന്റെ കടം വീട്ടാന്‍ രണ്ട്‌ തരത്തിലുള്ള വഴികളാണുള്ളത്‌. ഒന്ന്‌, എറ്റവും അനുയോജ്യമായ രീതിയില്‍ മിതമായും ഉചിതമായും മണ്ണില്‍ കൃഷിചെയ്‌ത്‌ വിളവുകള്‍ സ്വീകരിക്കുക എന്നതുതന്നെ. രണ്ടാമത്തേത്‌ മണ്ണിന്റെ പരിപാലനമാണ്‌. ഫലഭൂയിഷ്‌ഠിയോടെ പ്രകൃതിയുടെ സ്ഥായീഭാവത്തിനും സ്വാഭാവികതക്കും കോട്ടം തട്ടാതെ മണ്ണിനെ പൊന്നായി കാത്തുവെക്കുക എന്നതാണ്‌. രണ്ടും രണ്ട്‌ വഴികളാണെന്നേയുള്ളൂ യഥാര്‍ഥത്തില്‍ ഒന്നുതന്നെ. `ജൈവകൃഷി’ എന്ന്‌ നാം ഓമനപ്പേരിട്ട്‌ വിളിക്കുന്നത്‌ മനുഷ്യനും മണ്ണും തമ്മിലുള്ള ഈ കൊടുക്കല്‍ വാങ്ങലിനെ തന്നെയാണ്‌. അതിന്‌ മണ്ണിനെക്കുറിച്ച്‌ ആഴത്തിലുള്ള അറിവും മണ്ണിനോടുള്ള സ്‌നേഹവും അത്യാവശ്യമാണ്‌. പക്ഷേ, നാം എന്‍ട്രന്‍സ്‌ എഴുതാന്‍ കുത്തിയിരുന്ന്‌ പഠിച്ച സമയംകൊണ്ട്‌ മണ്ണറിവ്‌ കളഞ്ഞുപോയി. മാര്‍ക്കറ്റില്‍നിന്ന്‌ വാങ്ങിയ പച്ചക്കറികളും ധാന്യങ്ങളും കഴിക്കല്‍ എന്നല്ലാതെ നമ്മുടെ സംസ്‌കാരത്തില്‍നിന്നും കൃഷി അമ്പേ മാഞ്ഞുപോയി.


ഇന്ത്യ ഒരു കാര്‍ഷികരാജ്യമെന്ന്‌ പണ്ട്‌ പരീക്ഷക്ക്‌ ഉത്തരമെഴുതിയിട്ടുണ്ട്‌ നാം. ഇന്നും അതുതന്നെ പഠിക്കുന്ന മലയാളിക്കുട്ടികള്‍ക്ക്‌ ഇക്കാര്യത്തില്‍ കടുത്ത സംശയം തോന്നും എന്നതുറപ്പാണ്‌. അവര്‍ കാണുന്നത്‌ ചുറ്റിനു ചുറ്റിലും കെട്ടിടക്കൃഷിയാണല്ലോ. കൂറ്റന്‍ ഫ്‌ളാറ്റുകള്‍ കായ്‌ക്കുന്ന വയലുകള്‍! ഒരു കാര്‍ഷികരാജ്യമാകാനുള്ള ഇന്ത്യയുടെ, പ്രത്യേകിച്ച്‌ കേരളത്തിന്റെ അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള ധാരണ അവര്‍ക്കന്യം തന്നെയാണ്‌. ഇന്ത്യക്ക്‌ സഹസ്രാബ്‌ദങ്ങളായി കാര്‍ഷിക ജീവിതമാണുള്ളത്‌. അതിനുകാരണം അതിന്റെ ഭൂമിശാസ്‌ത്ര പ്രത്യേകതയാണ്‌. നല്ല ഫലഭൂയിഷ്‌ഠമായ മണ്ണ്‌, നിബിഡമായ നദികള്‍, മറ്റു ജലസ്രോതസ്സുകള്‍, ഭൂമധ്യരേഖയോട്‌ ചേര്‍ന്ന കിടപ്പ്‌, വിവിധ കൃഷിക്കിണങ്ങുന്ന തരത്തില്‍ വ്യത്യസ്‌ത തരത്തിലുള്ള മറ്റു ഘടന തുടങ്ങിയവയൊക്കെ ഇന്ത്യന്‍ ജനതയെ കൃഷിക്കാരാക്കി മാറ്റി. മറ്റു ഭൂപ്രദേശങ്ങളിലെ ജനങ്ങള്‍ ജീവിതമാര്‍ഗങ്ങള്‍ തെരഞ്ഞ്‌ ഭൂഖണ്ഡങ്ങളില്‍ മാറി മാറി ജീവിതം നയിച്ചപ്പോള്‍ നമുക്ക്‌ ഉറച്ച സംസ്‌കാരങ്ങളുണ്ടായി. കേരളത്തിന്റെ കാര്‍ഷികാനുകൂലനങ്ങള്‍ തിരഞ്ഞാല്‍ നമുക്ക്‌ അത്ഭുതം തോന്നും. അത്രക്ക്‌ ഉര്‍വരമായാണ്‌ പടച്ചവന്‍ നമ്മുടെ നാടിനെ സംവിധാനിച്ചിരിക്കുന്നത്‌. 44 നദികള്‍. അവയുടെ തൊള്ളായിരത്തോളം കൈവഴികള്‍, മുപ്പതിലധികം തടാകങ്ങള്‍. ലക്ഷക്കണക്കിന്‌ കിണറുകള്‍, കുളങ്ങള്‍, അരുവികള്‍, ഉറവകള്‍, കുന്നുകള്‍, കാടുകള്‍, മലകള്‍, വിവിധതരം മണ്ണ്‌, മാറിവരുന്ന കാലാവസ്ഥ…… ഹാ….. ദൈവത്തിന്റെ സ്വന്തം നാടെന്ന പദം നമുക്ക്‌ ചേരുന്നതുതന്നെ. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അത്യാര്‍ത്തിക്കാരും സ്വാര്‍ഥരുമായ മനുഷ്യരാണ്‌ താമസമെങ്കിലോ?


കൃഷിയുമായി ഇഴചേര്‍ന്ന ഒരു ജീവിത സംസ്‌കൃതിയായിരുന്നു നമ്മുടെ പിതാക്കന്മാര്‍ അനുവര്‍ത്തിച്ചിരുന്നത്‌. ഫലം മറ്റൊന്നുമല്ല. ഒട്ടും വിഷമില്ലാത്ത ശുദ്ധമായ ഭക്ഷണം, ആരോഗ്യം, സുഖപ്രദമായ കാലാവസ്ഥ. ഫലത്തില്‍ സുഖജീവിതം. നാമിന്ന്‌ പണം കൊടുത്തിട്ടും കിട്ടാത്തത്‌ അവര്‍ തികച്ചും സ്വാഭാവികമായി നേടിയെടുത്തു. നമ്മുടെ കാര്‍ഷിക സംസ്‌കൃതിക്ക്‌ വന്ന ഈ നഷ്‌ടം അതിവേഗം നാം കണ്ടുകൊണ്ടിരിക്കെ, സംഭവിച്ച ഒന്നാണ്‌. കിലോമീറ്ററുകള്‍ താണ്ടി ഭക്ഷ്യവസ്‌തുക്കള്‍ നമ്മുടെ പണത്തുമ്പില്‍ വന്നു തുടങ്ങിയതോടെ നാം കൃഷി നിര്‍ത്തി. സര്‍ക്കാരുദ്യോഗസ്ഥരാകാന്‍, കച്ചവടക്കാരനാവാന്‍, വലിയ കമ്പനികളില്‍ വെള്ളക്കോളര്‍ ജോലി ചെയ്യാന്‍ ഉത്സാഹിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇയ്യാംപാറ്റകളെപ്പോലെ പണം തേടിപ്പോയി. സുഖജീവിതത്തോടുള്ള ആര്‍ത്തികൂടി. ജീവിതനിലവാരത്തെക്കുറിച്ചുള്ള സമീപനം തന്നെ മാറിയപ്പോള്‍, നാം പണം തിരഞ്ഞുപോയി. കുറച്ചുപണവും കൂടുതല്‍ ആരോഗ്യവും സംതൃപ്‌തിയും തന്നിരുന്ന കൃഷി മണ്ടന്മാരുടെ തൊഴിലായി. എന്‍ജിനീയര്‍മാരും ഡോക്‌ടര്‍മാരും ലക്ഷങ്ങള്‍ ശമ്പളം വാങ്ങി. വന്‍കാശ്‌ കൊടുത്ത്‌ അന്യദേശക്കാരുടെ ആഹാരസാധനങ്ങള്‍ വാങ്ങി. തുടക്കത്തില്‍ നമ്മുടെ കൃഷിസ്ഥലങ്ങള്‍ പാഴ്‌നിലങ്ങളായി കിടന്നു. പിന്നെ നമ്മള്‍ അവിടെ കെട്ടിടക്കൃഷിയും റിയല്‍ എസ്റ്റേറ്റ്‌ കൃഷിയും ആരംഭിച്ചു. അത്‌ തഴച്ചുവളര്‍ന്നു. വമ്പന്‍ ഫലങ്ങള്‍ തന്നു. കണ്ണ്‌ മഞ്ഞളിച്ച്‌ നാം ഒരോ ഇഞ്ച്‌ ഭൂമിയും പണത്തിനുമുമ്പില്‍ അടിയറവുവെച്ചു. അതോടെ പ്രകൃതിയും മനുഷ്യനോട്‌ പിണങ്ങി. മണ്ണിന്‌ ഫലഭൂഷിഠിയില്ലാതായി. മഴയും വെയിലും തോന്നുംപോലെയായി. വാഴത്തൈ വെക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക്‌ അതിനുപോന്ന സ്ഥലവും ഇല്ലാതായി. ചുരുക്കത്തില്‍ കൃഷി നമ്മുടെ സംസ്‌കാരമേ അല്ലാതായി. നാം അതിന്റെ ദുരന്തഫലങ്ങള്‍ ആവോളം അനുഭവിക്കുന്നുമുണ്ട്‌. കഷ്‌ടപ്പെട്ട്‌ സമ്പാദിച്ച പണം രോഗങ്ങളായി ഒഴുകിപ്പോകുന്നു. ഒരു ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം നമുക്ക്‌ അന്യദേശക്കാരുടെ ഔദാര്യമായി മാറി. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വാഭാവികമായ മണ്ണും കാലാവസ്ഥയും ഭക്ഷണവും നഷ്‌ടപ്പെട്ടു. ഒപ്പം കൃഷിയെ കുറിച്ചുള്ള, മണ്ണിനെക്കുറിച്ചള്ള സ്വാഭാവിക ജ്ഞാനവും, എത്ര വിലകൊടുത്താലും തിരിച്ചുനേടാനാവാത്ത അവയില്‍ ശേഷിക്കുന്നവയെ മാറോട്‌ ചേര്‍ത്ത്‌ സൂക്ഷിക്കുക മാത്രമേ ഇനി നിവൃത്തിയുള്ളൂ.


കാര്‍ഷികവൃത്തിയുടെ അസാന്നിധ്യംകൊണ്ട്‌ നമുക്ക്‌ നഷ്‌ടമായത്‌ ഭക്ഷണവും കാലാവസ്ഥയും മാത്രമല്ല. കൃഷി, മനുഷ്യനെ പഠിപ്പിക്കുന്ന അസാധാരണമായ ജീവിതകാഴ്‌ചപ്പാടുകളെയും മൂല്യങ്ങളെയും കൂടിയാണ്‌. കൃഷി എന്നത്‌ അതിസൂക്ഷ്‌മമായ ഒരു പ്രവര്‍ത്തനമാണ്‌. മനസ്സും ശരീരവും ഒരുപോലെ അധ്വാനിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന മുഹൂര്‍ത്തം. ഉല്‌പാദനമെന്ന ഏറെ പോസിറ്റീവായ പ്രവര്‍ത്തനം. നാം നട്ട ചെടിയില്‍ ഒരു പൂ വിരിയുമ്പോള്‍, തോട്ടത്തില്‍നിന്ന്‌ ഒരു കോവല്‍ പൊട്ടിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന നിഷ്‌കളങ്കമായ സംതൃപ്‌തി മറ്റൊന്നിനും തരാനാവില്ല. അങ്ങനെ തികച്ചും ഗുണാത്മകമായ ഊര്‍ജം നമ്മുടെ മനസ്സിലേക്ക്‌ പ്രസരിപ്പിക്കാന്‍ കൃഷിക്ക്‌ കഴിയുന്നു. അത്‌ മനുഷ്യനില്‍ നന്മ സൃഷ്‌ടിക്കുന്നു. മൂല്യങ്ങളെ ഉല്‌പാദിപ്പിക്കുന്നു. സ്‌നേഹരസം വ്യാപിപ്പിക്കുന്നു. ഇങ്ങനെ വ്യക്തിയെ ശുദ്ധനാക്കുന്നു. ഒരു പൂ വിരിയുമ്പോള്‍ ആനന്ദിച്ച്‌ ശീലിച്ച മനുഷ്യന്‍ മറ്റൊരുത്തന്റെ ജീവിതം നശിപ്പിക്കാന്‍ ഒരുമ്പെടുകയില്ല തന്നെ. കൃഷി അവനെ ക്ഷമാശീലനാക്കുന്നു. കൂട്ടത്തില്‍ നന്ദിയുള്ളവനും.


കൃഷി വ്യക്തിയെ സന്മാര്‍ഗിയാക്കുന്നതുപോലെ ഒരു കുടംബത്തിനെ ഇമ്പമുള്ളതാക്കുന്നുമുണ്ട്‌. ഒരു കുടുംബം ചെറുകിട കൃഷിക്കാരാണെങ്കിലും ശരി, വെറും അടുക്കളത്തോട്ടക്കാരാണെങ്കിലും ശരി ശക്തമായ ഒരു സ്‌നേഹബന്ധം വളര്‍ത്തിയെടുക്കുന്നുണ്ട്‌. കൃഷി കൂട്ടായ്‌മയുടെ വേദിയാണ്‌. കുടുംബത്തിലെ കൃഷി എന്നാല്‍ അതിലെ ചെറുതും വലുതുമായ ഓരോ അംഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്‌. കൃഷി ഒരു വ്യക്തിയിലേക്ക്‌ ഗുണപരമായ മൂല്യങ്ങള്‍ സംവേദനം ചെയ്യുന്നുണ്ടെങ്കില്‍ ഒരു കൂട്ടം വ്യക്തികളിലേക്ക്‌ അതിലും ആഴത്തിലാണ്‌ നന്മയുടെ വിത്തെറിയുക. കാരണം, ഒരു കൂട്ടം ഒരു വ്യക്തിയേക്കാള്‍ ഫലപുഷ്‌ടിയും കരുത്തുമുള്ളതാണ്‌ എന്നതുതന്നെ. അതുകൊണ്ടു തന്നെയാണ്‌ ഒരു കാര്‍ഷിക കുടുംബം മറ്റുള്ളവരേക്കാള്‍ ഈടുറപ്പുള്ളതാണെന്ന്‌ പറയാന്‍ കാരണം. ഒരുമിച്ചധ്വാനിക്കുകയും അതിന്റെ ഫലം ഒരുമിച്ചനുഭവിക്കുകയും ചെയ്യുന്നത്‌ കുടുംബജീവിതത്തെ നിര്‍മലമാക്കുക തന്നെ ചെയ്യും.


വ്യക്തിയും കുടുംബവും കൃഷിയിലൂടെ പരിവര്‍ത്തിക്കപ്പെടുമ്പോള്‍ ഒരു സമൂഹം മൂല്യാധിഷ്‌ഠിതമാകുക എന്നാണ്‌ അര്‍ഥം. സമൂഹത്തില്‍ കുമിഞ്ഞുകൂടിയിരിക്കുകയും തെറ്റായ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഉപയോഗിക്കുകയും ചെയ്യുന്ന പണം, മനുഷ്യാധ്വാനം, ബുദ്ധി തുടങ്ങിയവ പൂര്‍ണമായും ഉല്‌പാദനപരമായ കൃഷിയിലേക്ക്‌ മാറ്റിയാല്‍ സംഭവിക്കുന്ന പുരോഗതി ഏറെയായിരിക്കും. നാട്ടില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയുകയും ചെയ്യും. പൗരന്മാരുടെ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും വര്‍ധിക്കും. കാഴ്‌ചപ്പാടുകളില്‍ വരുന്ന മാറ്റം സംതൃപ്‌തമായ ജീവിതങ്ങളുണ്ടാക്കും. രാജ്യം പുരോഗതയിലേക്ക്‌ നീങ്ങും. ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്‌തമായ ഒരു സമൂഹത്തിന്‌ മറ്റെന്തും വരുതിയിലാക്കാവുന്നതാണ്‌.


കൃഷിയില്‍ നട്ടുപിടിപ്പിച്ച സമൂഹത്തിന്റെ നല്ല ജീവിതത്തെ ഭാവന ചെയ്യുമ്പോള്‍ പക്ഷേ, എന്നു സംശയിക്കാതിരിക്കാനാവില്ല. കാരണം അത്തരമൊരു ജീവിത വ്യവസ്ഥയിലേക്ക്‌ മാറ്റണമെന്നുണ്ടെങ്കില്‍ നാമേറെ പിറകോട്ടു നടക്കണമെന്നതു തന്നെ. കൃഷി വന്‍കിട കമ്പനികളുടെ കൈയിലാണിപ്പോള്‍. നമ്മുടെ വിത്തും മണ്ണും ജലവും ഏറെക്കുറെ നാം അവര്‍ക്കടിയറവു വെച്ചുകഴിഞ്ഞു. അതുകൊണ്ട്‌ തിരിച്ചുപോക്ക്‌ നമുക്ക്‌ അല്‌പം വിഷമകരം തന്നെയാണ്‌. എങ്കിലും നമ്മുടെ സംസ്‌കൃതിയുടെ, പ്രകൃതിയുടെ നിലനില്‌പിന്‌ നാം തിരിഞ്ഞുനിന്നേ പറ്റൂ.


ഒരര്‍ഥത്തില്‍ കാര്‍ഷിക വൃത്തി ചെയ്‌ത മുന്‍ തലമുറയില്‍ നിന്നും നമുക്കൊരു അനുകൂല ഘടകമുണ്ട്‌. ജാതിയുടെ പേരിലും സമ്പത്തിന്റെ പേരിലുമുള്ള സാമൂഹിക അസമത്വങ്ങള്‍ ഇല്ല എന്നതു തന്നെയാണ്‌ അത്‌. അതിലേക്ക്‌ കാര്‍ഷികവൃത്തികൂടി സമം ചേര്‍ത്താ ല്‍ പുരോഗതി നമ്മെ തേടിയെത്തുമെന്നതില്‍ സംശയമില്ല.


ലോകം യന്ത്രവല്‌ക്കരണത്തിന്റെയും പ്രകൃതി ചൂഷണത്തിന്റെയും കൊടുമുടിയിലെത്തിയ ഒരു കാലഘട്ടത്തിനു ശേഷം ലോകം കൃഷിയെ തിരിച്ചുവിളിക്കാന്‍ ഒറ്റപ്പെട്ടതെങ്കിലും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നത്‌ ആശ്വാസകരമാണ്‌. അതിലേറ്റവും പ്രധാനപ്പെട്ടതാണ്‌ ഐക്യരാഷ്‌ട്രസഭ ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര കുടുംബ കൃഷിയുടെ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത്‌. ലോകത്തിന്റെ ഭക്ഷ്യസമ്പത്തില്‍ 60 ശതമാനവും ചെറുകിട കൃഷിയില്‍ നിന്നുള്ളതാണെന്നാണ്‌ കണക്ക്‌. ഇത്‌ വ്യാപിപ്പിക്കുകയും ഓരോ രാജ്യവും ഓരോ പ്രദേശവും ഓരോ കുടുംബവും ഭക്ഷ്യസുരക്ഷനേടുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികള്‍ ഐക്യരാഷ്‌ട്രസംഭ ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഐക്യരാഷ്‌ട്ര സഭയെപ്പോലെ ആശാവഹമായ പല ശ്രമങ്ങളും നമ്മുടെ കേരളത്തിലും കാണുന്നുണ്ട്‌. ഉയര്‍ന്ന വൈറ്റ്‌ കോളര്‍ ജോലി ഉപേക്ഷിച്ച്‌ മണ്ണില്‍ പണിയെടുക്കാനിറങ്ങുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്‌. അവര്‍ക്ക്‌ കൃഷിപാഠങ്ങള്‍ പകര്‍ന്നുകൊണ്ട്‌ മുതിര്‍ന്നവരും സജീവമാണ്‌. പലരുടെയും ടറസുകളിലും അടുക്കളപ്പുറങ്ങളിലും വഴുതനയും വെണ്ടയും നിറയാന്‍ തുടങ്ങിയിട്ടുണ്ട്‌. കൃഷിയുടെ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളും കൂടിവരുന്നുണ്ട്‌. ഒപ്പം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള പരിശ്രമങ്ങള്‍ കൂടി ഉണ്ടായാല്‍ നമുക്കിനിയും കൃഷി സംസ്‌കൃതിയിലേക്ക്‌ മടങ്ങിപ്പോകാന്‍ സാധിക്കും. അഗ്രസീവായ പുതിയ ലോകത്തിന്‌ അഗ്രികള്‍ച്ചര്‍ എന്താണെന്ന്‌ കാണിച്ചുകൊടുക്കാനുള്ള ത്രാണി നമുക്കിനിയും കൈമോശം വന്നിട്ടില്ല. മണ്ണേറെ നഷ്‌ടപ്പെട്ടുപോയെങ്കിലും ശേഷിക്കുന്നവയൊക്കെ പൊന്നു വിളയിക്കട്ടെ. ശുദ്ധ ഭക്ഷണം കൊണ്ട്‌ നമ്മുടെ വയറു നിറയട്ടെ, മനസ്സും. l

Hakeem Cherushola

unread,
Jan 28, 2014, 4:18:02 AM1/28/14
to indian...@googlegroups.com, ii...@googlegroups.com

യുവാക്കൾക്കിടയിൽ ഫേസ് ബുക്ക്‌ ജ്വരം കയറിയ കാലത്ത് , കേരളീയ യുവ സമൂഹത്തിൽ നിന്നും കൃഷി അന്ന്യ മായി കൊണ്ടിരിക്കുന്ന കാലയളവിൽ , തമിൾ നാട്ടിൽ നിന്നും വിഷമടിച്ച പച്ചക്കറികൾ കേരളത്തിലേക്ക് ഒഴുകി കൊണ്ടിരിക്കുന്ന ഈ വേളയിൽ കേരളത്തിലെ ഓരോ വീട്ടിലും ഒരു ചെറിയ അടുക്കള തോട്ടം എന്ന പ്രതീക്ഷയുമായി “വിഷ മുക്തമായ ഭക്ഷണം” എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു സൈബർ ലോകത്തേക്ക് കയറി വന്ന കൃഷി ഗ്രൂപ്പ്‌ ഇന്ന് അതിന്റെ ജൈത്ര യാത്രയിൽ ആണ് ,  താങ്കളെയും ഈ കൂട്ടായ്മയുടെ കണ്ണിയാവാന്‍ ക്ഷണിക്കുന്നു , https://www.facebook.com/groups/krishi/




2014-01-28 asas foundation <asas...@hotmail.com>

--
--
Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate!
Visit: sultan.org
 
Subscribe: indianislah...@googlegroups.com
Post to group: indian...@googlegroups.com
---
You received this message because you are subscribed to the Google Groups "IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email to indianislahi...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.




Reply all
Reply to author
Forward
0 new messages