മരണാനന്തര ജീവിത സാധ്യത ശാസ്‌ത്രയുക്തികള്‍ക്ക്‌ പുറത്തല്ല

11 views
Skip to first unread message

asas foundation

unread,
Jan 25, 2014, 4:44:56 AM1/25/14
to ii...@googlegroups.com

മരണാനന്തര ജീവിത സാധ്യത ശാസ്‌ത്രയുക്തികള്‍ക്ക്‌ പുറത്തല്ല

പി കെ ശബീബ്‌


അറിവിന്റെ ചക്രവാളം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്‌. മനുഷ്യന്റെ ജനിതകഘടന മുതല്‍ അന്യഗ്രഹ ജീവന്‍ വരെ ജീവശാസ്‌ത്രം പഠനവിധേയമാക്കുന്നു. ഭൗതിക ശാസ്‌ത്രമാകട്ടെ കണികാഭൗതികം (particle physics) മുതല്‍ പ്രപഞ്ചശാസ്‌ത്രം (cosmology) വരെ വ്യത്യസ്‌ത ശാഖകളിലായി വ്യാപിച്ചുകിടക്കുന്നു. ശാസ്‌ത്ര വിഷയങ്ങളേതുമാവട്ടെ, അവ പഠനവിധേയമാക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ ദ്രവ്യവും ഊര്‍ജവുമാണ്‌ (mass and energy); അറിവിന്റെ മാര്‍ഗമാവട്ടെ പരീക്ഷണ നിരീക്ഷണങ്ങളും. 

ജീവന്‍ എന്ന യാഥാര്‍ഥ്യത്തെ തികച്ചും ഭൗതിക പ്രതിഭാസമായി നോക്കിക്കാണാനാണ്‌ ശാസ്‌ത്രം ശ്രമിക്കുന്നത്‌. ഒരു ജീവിയുടെ ജീവ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ണയിക്കുന്നത്‌ ജീനുകളും അവയിലെ തന്മാത്രകളുടെ വ്യത്യസ്‌ത ശ്രേണികളുമാണെന്ന്‌ ജനിതക ശാസ്‌ത്രം വിലയിരുത്തുന്നു. രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ രാസപ്രക്രിയയിലൂടെ കൃത്രിമജീവന്‍ സാധ്യമാക്കാമെന്ന്‌ അവര്‍ പ്രത്യാശിക്കുന്നു! ജീവനെ പദാര്‍ഥങ്ങളുടെ ചേരുവകൊണ്ട്‌ നിര്‍വചിക്കാമെങ്കില്‍ വാര്‍ധക്യത്തെയും അല്ലെങ്കില്‍ മരണത്തെയും തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന്‌ സാധിക്കാത്തതെന്തുകൊണ്ടാണ്‌? ജീവനെ കൃത്യമായി നിര്‍വചിക്കാത്തതുകൊണ്ട്‌ തന്നെ മരണത്തെയും ശാസ്‌ത്രത്തിന്‌ നിര്‍വചിക്കാന്‍ സാധിക്കുന്നില്ല.


ജീവന്‍-മരണ പ്രതിഭാസങ്ങളിലേക്ക്‌ ഖുര്‍ആന്‍ കൃത്യമായ വെളിച്ചം വീശുന്നു. റൂഹ്‌ അഥവാ ആത്മാവ്‌ (നഫ്‌സ്‌ എന്ന പദവും ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്‌) എന്ന അദൃശ്യ പ്രതിഭാസം മനുഷ്യന്റെ ഭൗതിക ശരീരത്തില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ ജീവന്‍ സാധ്യമാകുന്നു. റൂഹിനെപ്പറ്റി കൂടുതല്‍ അറിവ്‌ അല്ലാഹു മനുഷ്യന്‌ നല്‌കിയിട്ടില്ല. ``നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‌പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‌കപ്പെട്ടിട്ടില്ല'' (വി.ഖു 17:85). ശരീരത്തില്‍ നിന്ന്‌ ആത്മാവിനെ നീക്കം ചെയ്യുമ്പോള്‍ മരണം സംഭവിക്കുന്നു (വി.ഖു 6:93) എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.


ജീവനെ ഒരു ഭൗതിക പ്രതിഭാസമായി കാണുന്നതുകൊണ്ടാണ്‌ ശാസ്‌ത്രത്തിന്‌ മരണമെന്ന പ്രതിഭാസം മനസ്സിലാക്കാന്‍ സാധിക്കാത്തത്‌. അഭൗതികമായ റൂഹ്‌ എന്ന ആശയത്തിലൂടെ ജീവനെയും മരണത്തെയും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. റൂഹിനെക്കുറിച്ച്‌ നമുക്ക്‌ പകര്‍ന്നുതന്ന അറിവ്‌ തുച്ഛമാണെന്ന്‌ മാത്രം.


പ്രപഞ്ചത്തിന്‌ ഒരു താളമുണ്ട്‌. കണികകളുടെയും തരംഗത്തിന്റെയും കണ്ണിലൂടെ അതിലെ നിയമങ്ങളെ നോക്കിക്കാണാനാണ്‌ ശാസ്‌ത്രം ശ്രമിക്കുന്നത്‌. ആത്മാവ്‌ പോലുള്ള പ്രതിഭാസങ്ങളെ ദ്രവ്യത്തിന്റെയും ഊര്‍ജത്തിന്റെയും മാത്രം ഭാഷയില്‍ വായിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്‌ ശാസ്‌ത്രത്തിന്‌ ജീവനെയും മരണത്തെയും മനസ്സിലാക്കാന്‍ സാധിക്കാത്തത്‌. ശാസ്‌ത്രവിജ്ഞാനീയത്തിന്റെ പരിധിക്കപ്പുറം അനേകം സത്യങ്ങള്‍ പ്രപഞ്ചത്തിലുണ്ട്‌. മരണവും മരണാനന്തര ജീവിതവും സ്വര്‍ഗവും നരകവുമെല്ലാം അതില്‍ പെട്ടതാണ്‌. എങ്കിലും പരീക്ഷണങ്ങളുടെയും അനുബന്ധ സിദ്ധാന്തങ്ങളുടെയും വെളിച്ചത്തില്‍ ശാസ്‌ത്രം നടത്തുന്ന പ്രവചനങ്ങള്‍ മരണാനന്തര ജീവിതത്തെ നിരാകരിക്കുന്നില്ലെന്ന്‌ മാത്രമല്ല, മനുഷ്യന്‌ കൂടുതല്‍ വിശ്വാസ്യത പകരുകയും ചെയ്യുന്നു. 


ഇരുപതാം നൂറ്റാണ്ട്‌ ഭൗതിക ശാസ്‌ത്രത്തിന്റെ നൂറ്റാണ്ടായാണ്‌ അറിയപ്പെടുന്നത്‌. ശാസ്‌ത്രലോകത്തെ ചിന്താസരണിയെത്തന്നെ മാറ്റിമറിച്ച സുപ്രധാന സിദ്ധാന്തങ്ങള്‍ പിറവിയെടുത്തത്‌ ഇക്കാലത്താണ്‌. ആപേക്ഷികതാ സിദ്ധാന്തവും (theory of relativity) ക്വാണ്ടം സിദ്ധാന്തവും (quantum theory) മനുഷ്യന്റെ സാധാരണ ചിന്തകള്‍ക്കപ്പുറത്തുള്ള സാധ്യതകളാണ്‌ തുറന്നുവിട്ടത്‌. പ്രപഞ്ചം ഒരു മഹാ വിസ്‌ഫോടനത്തിലൂടെ രൂപപ്പെട്ടതാണെന്നും അത്‌ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്‌ത്രം കണ്ടെത്തി. ആകാശഭൂമികള്‍ക്കും അവയിലെ ജീവജാലങ്ങള്‍ക്കുമെല്ലാം ഒരു തുടക്കമുണ്ട്‌ എന്നത്‌ നിസ്‌തര്‍ക്കം സ്ഥാപിക്കപ്പെട്ടു. 
മരണം അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ്‌. മരണാനന്തര ജീവിതവും അന്ത്യനാളും സ്വര്‍ഗ നരകങ്ങളുമെല്ലാം വിശദീകരിക്കുമ്പോള്‍ അവയുടെ കാലദൈര്‍ഘ്യം വിവരിക്കപ്പെടാറുണ്ട്‌. ആകാശങ്ങളും ഭൂമിയും അവയ്‌ക്കിടയിലുള്ളതും ആറു നാള്‍ കൊണ്ടാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌ എന്ന്‌ ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. അന്ത്യനാളിനെക്കുറിച്ച്‌ `നിങ്ങള്‍ എണ്ണിവരുന്ന ആയിരം കൊല്ലം ദൈര്‍ഘ്യമുള്ള ദിവസം' (വി.ഖു 32:5) എന്നും `അന്‍പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിവസം' (70:4) എന്നും ഖുര്‍ആനില്‍ കാണാം. ആദിയും അന്ത്യവുമൊക്കെ സംഭവിക്കുന്നത്‌ നമ്മള്‍ കണക്ക്‌ കൂട്ടുന്ന സാധാരണ ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ രീതിയിലാണ്‌ എന്ന്‌ സാരം.


സമയത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നത്‌ എങ്ങനെയാണ്‌? സ്ഥലവും കാലവുമെല്ലാം ആപേക്ഷികമാണെന്ന്‌ ആപേക്ഷികതാ സിദ്ധാന്തം പ്രസ്‌താവിക്കുന്നു. വസ്‌തുവിന്റെ വേഗതക്കനുസരിച്ച്‌ അവ മാറിക്കൊണ്ടിരിക്കുന്നു. വേഗത കൂടുന്നതിനനുസരിച്ച്‌ സമയം പതുക്കെയാവുന്നു. അഥവാ ദിവസത്തിന്റെ ദൈര്‍ഘ്യം കൂടിവരുന്നു. പ്രകാശവേഗത്തോടടുക്കുന്നതനുസരിച്ച്‌ കാലദൈര്‍ഘ്യം എത്രയോ മടങ്ങ്‌ വര്‍ധിക്കുന്നു.
മരണാനന്തരം ഒരു ജീവിതമുണ്ടോ? തങ്ങളുടെ എല്ലുകള്‍ തുരുമ്പിച്ച ശേഷം പിന്നെ എങ്ങനെ അത്‌ സംഭവിക്കും? -നിഷേധികള്‍ എക്കാലത്തും ചോദിച്ച ചോദ്യമാണിത്‌. പക്ഷേ, ആധുനിക ഭൗതികശാസ്‌ത്രത്തിന്‌ പ്രകാശത്തില്‍ നിന്ന്‌ ദ്രവ്യം (mass) രൂപപ്പെടുത്താന്‍ സാധിക്കുമെന്ന്‌ കൃത്യമായ ബോധ്യമുണ്ട്‌. അഥവാ ഊര്‍ജത്തെ ദ്രവ്യമാക്കി മാറ്റാനും ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റാനും ഇന്ന്‌ മനുഷ്യ പരീക്ഷണങ്ങള്‍ക്ക്‌ തന്നെ സാധ്യമാണ്‌! ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ E=mc2 എന്ന സമവാക്യം ഈ പ്രക്രിയകളുടെ ഗണിത രൂപമാണ്‌ (E= ഊര്‍ജം (energy), (M= ദ്രവ്യം (Mass), (C= പ്രകാശവേഗത). ഒരു ഇലക്‌ട്രോണും അതിന്റെ എതിര്‍കണങ്ങളും ചേര്‍ന്ന്‌ പ്രകാശമായി മാറുന്ന പ്രതിഭാസം ഒരു ഉദാഹരണം മാത്രം! പ്രകാശത്തില്‍ നിന്ന്‌ തിരിച്ച്‌ ഈ കണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. പ്രകാശത്തില്‍ നിന്ന്‌ ദ്രവ്യം സൃഷ്‌ടിക്കാന്‍ മനുഷ്യപരീക്ഷണങ്ങള്‍ക്ക്‌ സാധിക്കുമെങ്കില്‍ പുനസൃഷ്‌ടിപ്പ്‌ പ്രപഞ്ചത്തിന്റെയും സകല വിജ്ഞാനങ്ങളുടെയും നാഥന്‌ എത്ര നിസ്സാരമായിരിക്കും. 


ആപേക്ഷികതാ സിദ്ധാന്തത്തിന്‌ മുമ്പ്‌ ശാസ്‌ത്രം വിശ്വസിപ്പിച്ചിരുന്നത്‌ സമയം സ്വതന്ത്രമാണ്‌ എന്നായിരുന്നു. സമയത്തിനനുസരിച്ച്‌ സ്ഥലസംവിധാനങ്ങള്‍ മാറുക എന്നല്ലാതെ സ്ഥലസംവിധാനങ്ങള്‍ക്കനുസരിച്ച്‌ സമയം മാറുക എന്നത്‌ അക്കാലത്ത്‌ അവിശ്വസനീയമായിരുന്നു. സ്ഥലവും കാലവും പരസ്‌പര പൂരകങ്ങളാണെന്നും രണ്ടും ആപേക്ഷികമാണെന്നും അതുകൊണ്ടുതന്നെ സ്ഥല-കാലം എന്ന്‌ ചേര്‍ത്തുവായിക്കുന്നതാണ്‌ (space-time) ഉചിതമെന്നും ആപേക്ഷികതാ സിദ്ധാന്തം അനുമാനിക്കുന്നു. സ്ഥലകാലങ്ങളുടെ വ്യത്യസ്‌ത ചേരുവകള്‍ വ്യത്യസ്‌ത ലോകങ്ങളായി അനുഭവപ്പെടാം. ഇഹലോകത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു പരലോകത്തെ ഭൗതിക ശാസ്‌ത്രപ്രകാരം ഇങ്ങനെ വ്യാഖ്യാനിക്കാം.


അതിസാന്ദ്രമായ ഒരു കേന്ദ്രബിന്ദുവില്‍ നിന്നും മഹാവിസ്‌ഫോടനത്തിലൂടെ (big bang) രൂപപ്പെട്ട ഈ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ പ്രപഞ്ചശാസ്‌ത്രം നിര്‍വചിക്കുന്നു. ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു എന്നും എന്നിട്ട്‌ അതിനെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും (21:30) അതിന്‌ വികാസമുണ്ടെന്നും (51:4-7) വിശുദ്ധ ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നുണ്ട്‌. പ്രപഞ്ചത്തിന്റെ അന്ത്യം എങ്ങനെയാണ്‌? പ്രപഞ്ചം വികസിക്കുന്നതിന്‌ വിപരീതമായി സങ്കോചിക്കുകയും പൂര്‍വ സ്ഥിതിയിലേക്ക്‌ മടങ്ങുകയും ചെയ്യുന്നതിനുള്ള സാധ്യത ശാസ്‌ത്രജ്ഞര്‍ അംഗീകരിക്കുന്നു. പ്രപഞ്ചം ഒരു ചെറിയ വലിപ്പത്തിലേക്ക്‌ ചുരുങ്ങിപ്പോകുന്ന ഈ പ്രക്രിയയെ മഹാപതനം (big crunch) എന്നാണ്‌ വിളിക്കപ്പെടുന്നത്‌. ``ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്‌ടി ആരംഭിച്ചതുപോലെ തന്നെ നാമത്‌ ആവര്‍ത്തിക്കുന്നതുമാണ്‌'' (21:104) എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ ലോകാന്ത്യത്തെക്കുറിച്ച്‌ പറഞ്ഞത്‌. ആദ്യസൃഷ്‌ടി മഹാവിസ്‌ഫോടനത്തിലൂടെ എന്ന പോലെ big crunch ല്‍ നിന്നും പുതിയ പ്രപഞ്ചം രൂപമെടുക്കാമെന്നും ശാസ്‌ത്രം പ്രവചിക്കുന്നു. ആദ്യസൃഷ്‌ടി പോലെ പുന:സൃഷ്‌ടിയുണ്ടാവുമെന്ന ഖുര്‍ആനിന്റെ അധ്യാപനത്തോട്‌ ഈ ശാസ്‌ത്ര സിദ്ധാന്തം യോജിക്കുന്നതായി കാണാം. പ്രപഞ്ചവികാസവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ തന്നെ ലോകാവസാനത്തെയും അതിനുശേഷം രണ്ടാമതൊരു ലോകത്തെയും സാധൂകരിക്കുന്നു.


ക്വാണ്ടം സിദ്ധാന്തത്തിന്റെ ആവിര്‍ഭാവത്തോടെ ഭൗതികശാസ്‌ത്രത്തിലെ പ്രതിഭാസങ്ങള്‍ക്ക്‌ പുതിയ വ്യാഖ്യാനം വന്നു. പ്രകാശവും സബ്‌ ആറ്റോമിക കണങ്ങളും കണികയായും തരംഗമായും പെരുമാറുമെന്ന ദൈ്വത സ്വഭാവം (Duality) അതില്‍ സുപ്രധാനമാണ്‌. 1999-ല്‍ താരതമ്യേന വലിയ കാര്‍ബണ്‍ നാനോകണങ്ങളും ദൈ്വത സ്വഭാവം കാണിക്കുന്നതായി തെളിയിക്കപ്പെട്ടു. അപ്പോള്‍ യാഥാര്‍ഥ്യമെന്താണ്‌? തരംഗമാണോ അതോ കണികയാണോ? അത്‌ പരീക്ഷണങ്ങള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെടുമെന്ന്‌ ക്വാണ്ടം സിദ്ധാന്തം പ്രസ്‌താവിക്കുന്നു. പ്രകാശമാവട്ടെ, ആറ്റോമിക കണങ്ങളാവട്ടെ, തന്മാത്രകളാവട്ടെ അവക്ക്‌ വ്യത്യസ്‌ത അവസ്ഥകളില്‍ നിലകൊള്ളാന്‍ സാധിക്കുമെന്നും അതുകൊണ്ട്‌ തന്നെ ഒരു പ്രതിഭാസത്തിന്‌ വ്യത്യസ്‌ത വഴികള്‍ (Alternate histories) സാധ്യമാണെന്നും എല്ലാ സാധ്യതകളും (probabilities) അനുവദനീയമാണെന്നും വിശദീകരിക്കപ്പെട്ടു. 


പ്രപഞ്ചാരംഭത്തെ ഒരു ക്വാണ്ടം പ്രതിഭാസമായി വ്യാഖ്യാനിച്ചാല്‍ പ്രപഞ്ചത്തിന്‌ അനേകം ചരിത്രങ്ങള്‍ സാധ്യമാണെന്നും ഓരോന്നും വ്യത്യസ്‌ത നിയമങ്ങളുള്ള വ്യത്യസ്‌ത പ്രപഞ്ചങ്ങളാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. പ്രപഞ്ചമല്ല, പ്രപഞ്ചങ്ങള്‍ (Multiverse) ആണെന്ന്‌ സ്റ്റീഫന്‍ ഹോക്കിങ്ങിനെ പോലുള്ളവര്‍ വിവരിക്കുന്നു. ജീവന്‌ അനുഗുണമായ നിയമങ്ങളുള്ള ഭൂമി ഉള്‍ക്കൊള്ളുന്ന പ്രപഞ്ചം പോലെ വ്യത്യസ്‌തങ്ങളായ സ്വഭാവ സവിശേഷതകളുള്ള പ്രപഞ്ചങ്ങള്‍ സാധ്യമാണ്‌ എന്ന്‌ ഇക്കൂട്ടര്‍ പ്രവചിക്കുന്നു. സ്ഥലകാലങ്ങളുടെ വ്യത്യാസമനുസരിച്ച്‌ ഏത്‌ രീതിയിലുള്ള പ്രപഞ്ചവും സാധ്യമാണെന്ന്‌ ഇവര്‍ വ്യാഖ്യാനിക്കുന്നു. അതിമനോഹരമായ സ്വര്‍ഗത്തോപ്പുകളും അതിഭീകരമായ നരകാഗ്നിയും അന്ത്യനാളിന്റെ ഭയാനകതയുമെല്ലാം വ്യത്യസ്‌ത പ്രപഞ്ചങ്ങള്‍ എന്ന സാധ്യതയിലുള്‍പ്പെടുത്താം. ലോകാവസാനവും പരലോകവുമെല്ലാം കൃത്യമായി അറിയുന്നത്‌ പ്രപഞ്ചനാഥന്‌ മാത്രമാണ്‌. ശാസ്‌ത്രം വികസിക്കുന്നതിനനുസരിച്ച്‌ ഇത്തരം സാധ്യതകളെ ശരിവെക്കുന്നതായി കാണാം. വിവരശേഖരണ സാങ്കേതിക വിദ്യ മനുഷ്യര്‍ക്ക്‌ തന്നെ എത്രയോ വിവരങ്ങള്‍ നിസ്സാരമായ സ്ഥലത്ത്‌ ശേഖരിക്കാന്‍ പ്രാപ്‌തി നല്‌കുന്നു. നന്മതിന്മകളുടെ രേഖപ്പെടുത്തല്‍ ഇന്ന്‌ നമുക്ക്‌ ഒരു അത്ഭുതമേ അല്ല. 


ഖുര്‍ആനിലെ വെളിപാടുകള്‍ ഖണ്ഡിക്കാനാവാത്ത വിധം സത്യാന്വേഷിയുടെ മുമ്പില്‍ തുറന്നുകിടക്കുകയാണ്‌. എല്ലാം പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കൂ എന്ന്‌ വാശിപിടിക്കുന്നവര്‍ക്ക്‌ പോലും ഖുര്‍ആനിലെ ഭാവി പ്രവചനങ്ങള്‍ പലതും ലഭ്യമായ ശാസ്‌ത്ര വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ ഗ്രഹിക്കാവുന്നതാണ്‌. അത്തരം തെളിവുകള്‍ അനേകം ലഭ്യമായിട്ടും ദൈവനിഷേധം മതമാക്കുന്നവര്‍ക്ക്‌ പരമസത്യം തിരിച്ചറിയാനാവില്ല. 

Reply all
Reply to author
Forward
0 new messages