അക്ഷര വെളിച്ചം അണയുന്നിടത്ത് സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നു...

26 views
Skip to first unread message

asas foundation

unread,
Mar 18, 2017, 2:53:08 AM3/18/17
to ii...@googlegroups.com

അക്ഷര വെളിച്ചം അണയുന്നിടത്ത് സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നു...

എ ജമീല ടീച്ചര്‍

അക്ഷര വെളിച്ചം എവിടെ അണയുന്നുവോ അവിടെ ഇരുട്ടുണ്ടാകും. ഇരുട്ടിന്‍റെ മറവില്‍ അന്ധവിശ്വാസങ്ങളുണ്ടാകും, അനാചാരങ്ങളുണ്ടാകും. അടിച്ചമര്‍ത്തലുകളുണ്ടാകും, അസമത്വമുണ്ടാകും. ഈ അടിച്ചമര്‍ത്തലുകളില്‍ ഏറ്റവും വിധേയമാക്കപ്പെട്ട് താഴെത്തട്ടിലേക്ക് ഒതുക്കപ്പെടുന്നത് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായ സ്ത്രീകളും കുട്ടികളും തന്നെയായിരിക്കും. എക്കാലത്തും സമൂഹത്തിന് ഇഷ്ടമുള്ള ഒരു വിനോദമാണിത്. 

സ്ത്രീയെ മുഖമറയ്ക്കു പിന്നിലുള്ള റാണിയെന്ന് പുകഴ്ത്തുക. പൂത്താലമേന്തുന്ന സുന്ദരി മാത്രമായി കാണുക. സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളായി ചിത്രീകരിക്കുക. അവളെ പഞ്ചവം പാടുന്ന പൈങ്കിളിയായി, നാണം കുണുങ്ങിയായ പച്ചപ്പനം തത്തയായി വിശേഷിപ്പിക്കുക. ഇതിലപ്പുറം ഒരു സ്ത്രീയ ശൗര്യവും ധൈര്യവുമുള്ളവളായി കാണാന്‍ സമൂഹം ഒരിക്കലും ഇഷ്ടപ്പെടാറില്ല. അതുകൊണ്ടു തന്നെ എക്കാലത്തും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിലാണ് സ്ത്രീ ഉള്ളത്, അന്നും ഇന്നും എന്നും അങ്ങനെ തന്നെ. എന്നും തളച്ചിടപ്പെട്ടവളാണ് സ്ത്രീ.
ഇത്തരമൊരു കാലഘട്ടത്തിലാണ് വക്കം മൗലവി വിപ്ലവകരമായ ചിന്തകളുമായി സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇസ്ലാം മതത്തിലേക്കും മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലേക്കും മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ നിയോഗം. സാമൂഹിക രാഷ്ട്രീയ രംഗത്തെ ഒരു അതികായനായിരുന്നു അദ്ദേഹം. പരിഷ്കര്‍ത്താവായിരുന്നു, നവോത്ഥാന നായകനായിരുന്നു. ആ നവോത്ഥാന നായകന്‍ കൊളുത്തിവെച്ച കൈത്തിരിയുടെ പിന്തുടര്‍ച്ച തന്നെയാണ് ഇവിടെ അവാര്‍ഡ് നല്‍കി ആദരിച്ച ബഹുമാന്യ സഹോദരന്‍ അബ്ദുസ്സലാം സുല്ലമി ഏറ്റെടുത്തത്. അദ്ദേഹത്തിന്‍റെ ചിന്തകളും എഴുത്തും ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീ പക്ഷ വായനായിരുന്നുവെന്നു കാണാം. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കു വേണ്ടിയാണ് അബ്ദുസ്സലാം സുല്ലമി പോരാടിയതും എഴുതിയതും. അതോടൊപ്പം അക്ഷരങ്ങളെ തെറ്റായി വ്യാഖ്യാനിച്ചവര്‍ക്കെതിരെയും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. 

അക്ഷരത്തെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴും ഇരുട്ട് സമൂഹത്തിലേക്കു പടര്‍ന്നു കയറാറുണ്ട്. അങ്ങനെയുള്ള തെറ്റായ വായന മുന്‍കാലത്തും ഇക്കാലത്തും നടന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രമാണങ്ങളെ അക്ഷരത്തില്‍ ഒതുക്കി സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വായിക്കുന്ന പ്രവണത സമൂഹത്തില്‍ ഇരുട്ടു പടര്‍ത്തും. ഈ പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകളെയും മറ്റ് വിഭാഗങ്ങളും അടിച്ചമര്‍ത്താനും ഈ രീതിയാണ് സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് അബ്ദുസ്സലാം സുല്ലമി വളരെയേറെ സംസാരിച്ചിരിക്കുന്നത്. 

ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്, വീടിന്‍റെ പരിസരങ്ങളില്‍ നിന്ന് വൈകുന്നേരങ്ങളില്‍ സ്ത്രീകളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നു. അക്കാലത്ത് അതിനെ ശൈത്വാന്‍ കൂക്ക് എന്നു വിളിച്ചു അരുക്കാക്കുകയായിരുന്നു ചെയ്തത്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ വികാരങ്ങളായിരുന്നു തേങ്ങലുകളായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുവന്നിരുന്നത്. അവള്‍ക്കന്ന് കുടുംബത്തില്‍ ശബ്ദമുണ്ടായിരുന്നില്ല, അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സമൂഹത്തിേലക്ക് വാ തുറക്കാന്‍ അവള്‍ക്ക് അവകാശമില്ലായിരുന്നു. മിണ്ടാനും പറയാനും പാടില്ലാത്ത സവിശേഷ ജന്മങ്ങള്‍. 

ഇവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍, വിങ്ങലുകള്‍ തേങ്ങലും കരച്ചിലുമായി പുറത്തേക്കു വരുമ്പോള്‍ അതിനെ  പിശാചു ബാധയായി ചിത്രീകരിച്ച് ചികിത്സിക്കാനാണ് സമൂഹം താല്പര്യം കാണിച്ചത്. ജിന്ന് ചികിത്സക്കും ക്രൂരപമായ അടി ചികിത്സക്കും പീഡനങ്ങള്‍ക്കും വരെ അവള്‍ വിധേയമാക്കപ്പെട്ടു. ഈ കാലത്തായിരുന്നു, പതിതമായ കാഴ്ചകള്‍ക്കിടയിലായിരുന്നു ഞങ്ങള്‍ വളര്‍ന്നത്. അതിനെതിരെ ശബ്ദിക്കേണ്ടത് സാഹചര്യത്തിന്‍റെ അനിവാര്യതയാണെന്നു തിരിച്ചറിഞ്ഞ അബ്ദുസ്സലാം സുല്ലമി, വളരെ കണിശമായിത്തന്നെ അന്ധ വിശ്വാസങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ രംഗത്തുവന്നു. ശക്തവും സുവ്യക്തവുമായ ഭാഷയില്‍ തന്നെ. അതുകൊണ്ടു അദ്ദേഹം പറയുന്ന സത്യങ്ങള്‍ പലര്‍ക്കും രുചിച്ചില്ല, അപ്രിയ സത്യങ്ങളായിരുന്നു അവ. അതുള്‍ക്കൊള്ളാന്‍ പലര്‍ക്കുമായില്ല, അതിനാല്‍ മിത്രങ്ങളെക്കാള്‍ ശത്രുക്കളെ ശേഖരിച്ച നിര്‍ഭാഗ്യവാനാണ് എന്‍റെ സഹോദരന്‍ അബ്ദുസ്സലാം സുല്ലമി. അതുകൊണ്ട് ഇത്തരമൊരു പുരസ്കാരം നല്‍കാന്‍ സന്മനസ്സു കാണിച്ച വക്കം മൗലവി പഠനകേന്ദ്രത്തിന്‍റെ ശ്രമം അങ്ങേയറ്റം അഭിനന്ദനീയമാണ്. വല്ലാത്ത കൃത‍ജ്ഞതയുണ്ട്. 
സമൂഹത്തില്‍ ഇന്നും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും സജീവമാണ്, അന്ധവിശ്വാസത്തിന്‍റെ ഭാഗമായി ജിന്ന് ചികിത്സയുടെയും മറ്റും ഇരകളായി സ്ത്രീകള്‍ മാറിക്കൊണ്ടിരിക്കുന്നു, അവള്‍ പിടഞ്ഞുവീണ്, പൊള്ളലേറ്റു മരിച്ചുകൊണ്ടിരിക്കുന്നു. ശരിക്കും സ്ത്രീ പീഡനങ്ങള്‍. ലൈംഗിക പീഡനം മാത്രമല്ല അവളിന്നു നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി മാനസിക- ശാരീരിക പീഡനങ്ങള്‍. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ രാജ്യത്തെ നിയമങ്ങള്‍ക്കു കഴിയേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും നിയമം മൂലം തുടച്ചനീക്കാന്‍ സാധിച്ചേക്കും. അതിനു നേതൃത്വം നല്‍കേണ്ടത് ഭരണകര്‍ത്താക്കളാണ്. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞുവരാന്‍ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരെല്ലാം പരിശ്രമിക്കേണ്ടതുണ്ടെന്ന് വിനയപൂര്‍വം ഓര്‍മിപ്പിക്കട്ടെ. 

ഇസ്ലാം മതത്തില്‍ സ്ത്രീ ഒരിക്കലും അടിച്ചമര്‍ത്തപ്പെട്ടവളല്ല. സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം മിത്രങ്ങളാണ്, ശത്രുക്കളല്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനം. അകന്നു കഴിയേണ്ടവരല്ല, പര്സപരം സഹകരിക്കേണ്ടവരാണ് എന്നാണ് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നത്. അവര്‍ പരസ്പരം സദാചാര മൂല്യങ്ങള്‍ ഉപദേശിക്കേണ്ടവരാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു തരുമ്പോള്‍, ആ മതത്തിലെ സ്ത്രീ വിഭാഗത്തെ എങ്ങനെ സമൂഹത്തിന് മാറ്റിനിര്‍ത്താന്‍ കഴിയും. അതാണ് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന അധപ്പതനം. 
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എഴുതിയത് ഓര്‍ക്കുകയാണ്. സ്ത്രീക്ക് സ്വാതന്ത്ര്യ ബോധം വേണം, പക്ഷെ അവള്‍ സ്വാതന്ത്ര്യം നേടേണ്ടത് പുരുഷനില്‍ നിന്നല്ല. പുരുഷനെ ശത്രുവായി കാണാന്‍ പാടില്ല. അവളുടെ സ്വത്വവും ശക്തിയും തിരിച്ചറിഞ്ഞാണ് സ്ത്രീ സ്വതന്ത്രയാകേണ്ടത്. 
ഇസ്ലാം ലോകത്തോടു വിളംബരം ചെയ്തതും അതു തന്നെയായിരുന്നു. സ്ത്രീക്ക് ശക്തിയുണ്ട്, കഴിവുണ്ട്. അവളുടെ ഉള്ളില്‍ വെളിച്ചമുണ്ട്. ആ തെളിച്ചമുള്ള വെളിച്ചം പുറത്തേക്കു വരാന്‍ അവസരമൊരുക്കി സ്ത്രീയെക്കൂടി മുന്നോട്ടു കൊണ്ടുവന്നെങ്കില്‍ മാത്രമേ സമൂഹത്തിന് യഥാര്‍ഥ പുരോഗതി കൈവരികയുള്ളൂ. 
അസ്സമിലെ ഗുവാഹത്തിയില്‍ നടന്നുവെന്നു പറയുന്ന ഒരു സംഭവം നാമൊക്കെ വായിച്ചിരിക്കുന്നു. നന്നായി പാടാന്‍ ദൈവം കഴിവു നല്‍കി അനുഗ്രഹിച്ച പെണ്‍കുട്ടി റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവക്കുകയും മുകളിലേക്കുള്ള പടവുകള്‍ കയറിപ്പോവുകയും ചെയ്തപ്പോള്‍, പൊടുന്നനെ പൗരോഹിത്യത്തിന്‍റെതേയി ചില പ്രമേയങ്ങള്‍ അവള്‍ക്കെതിരെ വന്നുവെന്നാണ് നാം വായിച്ചത്. സ്ത്രീ മിണ്ടാനും പാട്ടു പാടാനും പാടില്ല. പ്രത്യേകിച്ച് പാട്ടു പാടുന്നത് ഇസ്ലാമില്‍ വിരോധിച്ച കാര്യമത്രെ, അതുകൊണ്ട് പള്ളിയുടെയും മദ്റസയുടെയും സമീപത്തുവെച്ച് പാട്ടു പാടിയാല്‍ ദൈവ കോപത്തിനിരയാകുമെന്നാണ് പ്രമേയം. 

ഇതു വലിയൊരു കണ്ടുപിടിത്തമായിരിക്കുന്നു. പ്രമാണങ്ങളെ വളച്ചൊടിച്ചും അവസരത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയും നടത്തിയ അക്ഷര വായനയാണിത്. അതു വലിയ ബഹളത്തിനും ഇസ്ലാമിനെ കരിവാരിത്തേക്കാനും കാരണമായിത്തീര്‍ന്നിരിക്കുന്നു. സത്യത്തില്‍ പ്രമാണങ്ങളെ ശരിയാം വിധം വായിക്കുകയാണെങ്കില്‍ സംഗീതത്തോട് ഇത്രമേല്‍ വിരോധവും ചതുര്‍ത്ഥിയും ഉണ്ടാകാന്‍ സാധ്യതയില്ല. നമുക്കറിയാം, ഈ പ്രപഞ്ചത്തിന് ഒരു തളാത്മകതയുണ്ട്, സംഗീതമുണ്ട്. മഴയ്ക്ക് സംഗീതമുണ്ട്, പുഴയ്ക്ക്, വെള്ളത്തിന്‍റെ ഒഴുക്കിന് താളമുണ്ട്. ഖുര്‍ആന് പാരായണത്തില്‍, ബാങ്കില്‍ ഈണമുണ്ട്. മനുഷ്യരില്‍ സംഗീതം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ആ സംഗീതം പ്രകടിപ്പിക്കുന്നത് അത്ര വലിയ പാപമാകുമെന്ന് നമ്മുടെ സ്രഷ്ടാവായ പടച്ച തമ്പുരാന്‍ കാണിച്ചു തന്നിട്ടില്ലെന്നു നമുക്കു മനസ്സിലാക്കാം. 

മതത്തെ ശരിയായ അന്തസ്സത്തയില്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപാകാനാണ് വക്കം മൗലവി പ‌ഠിപ്പിച്ചു തന്നിട്ടുള്ളത്. ആ ഒരു കാഴ്ചപ്പാടിലേക്ക് സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ പ്രചോദനമാകുന്ന കാര്യങ്ങള്‍ സമൂഹത്തില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം അക്ഷര വായനകള്‍ക്കെതിരെയായിരുന്നു അബ്ദുസ്സലാം സുല്ലമിയുടെ ഭൂരിഭാഗം രചനകളും. അതുകൊണ്ട് തന്നെ ആ രചനകള്‍ അകമഴിഞ്ഞ പ്രോത്സാഹനത്തിന് അര്‍ഹമാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കണം എന്നു കൂടി അഭ്യര്‍ഥിക്കുന്നു. 

കേരളത്തിന്‍റെ പ്രിയങ്കരനായ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക് സാറിനെയും ചരിത്ര പണ്ഡിതനായ കെ എന്‍ പണിക്കരെയും അടുത്തു കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചത് വലിയൊരു അനുഭവമാണ്. ഇവിടെ എത്താനും സഹോദരനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങാനും സാധിച്ചതില്‍ സര്‍വ ശക്തനായ അല്ലാഹുവിനോടും സംഘാടകരോടും നന്ദി പറയുന്നു. 
👆🏻
(വക്കം മൗലവി പഠനകേന്ദ്രം പുരസ്കാരം എ അബ്ദുസ്സലാം മൗലവിക്കു വേണ്ടി സ്വീകരിച്ച ശേഷം സാമൂഹിക പ്രവര്‍ത്തകയും പണ്ഡിതയുമായ സഹോദരി എ ജമീല ടീച്ചര്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)

Reply all
Reply to author
Forward
0 new messages