അകറ്റുകയല്ല; അടുപ്പിക്കുകയാണ് വിശ്വാസികളുടെ ബാധ്യത

59 views
Skip to first unread message

asas foundation

unread,
Nov 7, 2016, 3:29:17 AM11/7/16
to ii...@googlegroups.com

അകറ്റുകയല്ല; അടുപ്പിക്കുകയാണ് വിശ്വാസികളുടെ ബാധ്യത
പി കെ മൊയ്തീന്‍ സുല്ലമി

സ്വാര്‍ഥതയുള്ളവര്‍ മറ്റുള്ളവര്‍ക്ക് വിട്ടുവീഴ്ച ചെയ്യാന്‍ പിശുക്കു കാണിക്കുന്നവരായിരിക്കും. സ്വശരീരം, അഭിമാനം, സമ്പത്ത്, കുടുംബം എന്ന നിലയില്‍ മാത്രം ചിന്തിക്കല്‍ സ്വാര്‍ഥതയാണ്. മറ്റുള്ളവരുടെ കാര്യം എങ്ങനെയായാലും വേണ്ടില്ല, എന്റെ കാര്യം ശരിയാകണം എന്ന ചിന്തയാണ് സ്വാര്‍ഥതയുടെ അടിക്കല്ല്. ഒരു വ്യക്തി വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ മറ്റൊരു വ്യക്തിക്ക് ലഭിക്കുന്നത് ജീവിക്കാനുള്ള അവകാശമാണ്. മുസ്‌ലിംകളില്‍ നിന്നുതന്നെ നല്ലൊരു ശതമാനം ആളുകള്‍ ഈ അവകാശത്തെ മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്നവരാണ്. 

ഒരു സന്ദര്‍ഭത്തിലും ആരും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്ത ഏക സന്ദര്‍ഭം യുദ്ധവേളയാണ്. ഈ സന്ദര്‍ഭത്തില്‍ പോലും അതിക്രമം കാണിക്കാതെ മര്യാദ പാലിക്കണം എന്ന് കല്പിച്ച മതമാണ് ഇസ്‌ലാം.
”നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍. നിങ്ങള്‍ അതിക്രമം കാണിക്കരുത്. തീര്‍ച്ചയായും അല്ലാഹു അതിക്രമം കാണിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല”(വി.ഖു 2:190). 

യുദ്ധത്തില്‍ പിടിക്കപ്പെട്ട ബന്ധനസ്ഥരോടു പോലും പ്രവാചകന്‍(സ) കാണിച്ച വിട്ടുവീഴ്ചയും കാരുണ്യവും ലോകത്ത് തുല്യതയില്ലാത്തതാണെന്ന് ചരിത്രം പഠിച്ചവര്‍ക്കറിയാം. തങ്ങളുടെ പിതാക്കളെയും സഹോദരന്മാരെയും സന്താനങ്ങളെയും പിതൃവ്യരെയും നിഷ്ഠൂരമായി കൊല ചെയ്തവരെ കൈയില്‍ കിട്ടിയപ്പോള്‍ അവരോട് പ്രതികാരം ചെയ്യാതെ ‘നിങ്ങള്‍ പോയിക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്’ എന്നു പറഞ്ഞ മതം ഇസ്‌ലാമല്ലാതെ മറ്റേതുണ്ട്?
എന്നാല്‍ മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശം മുസ്‌ലിംകള്‍ക്കുമുണ്ട്. 

പ്രസ്തുത അവകാശ സംരക്ഷണത്തിനെതിരില്‍ കടുത്ത ചതികളും മര്‍ദനങ്ങളും യുദ്ധരംഗത്തും മറ്റും ഉണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട ചില ഖുര്‍ആന്‍ വചനങ്ങള്‍ രണ്ടു നിലയില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്. ഒന്ന്: മുസ്‌ലിംകളില്‍ പെട്ടവരും ദീനിനെ മനസ്സിലാക്കാത്തവരുമായ ചില തീവ്രവാദികള്‍ മേല്‍ വചനങ്ങള്‍ തങ്ങളുടെ തീവ്രവാദങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നു. രണ്ട്: ഇസ്‌ലാമിനോട് വിരോധം കാണിക്കുന്ന ചിലര്‍ പ്രസ്തുത വചനങ്ങള്‍ അത് അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭം പരിഗണിക്കാതെയും പഠനത്തിന്ന് വിധേയമാക്കാതെയും വിശുദ്ധ ഖുര്‍ആന്‍ തീവ്രവാദം പ്രചരിപ്പിക്കുന്നു എന്ന വിധം പ്രചരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഇസ്‌ലാം തീവ്രവാദങ്ങള്‍ക്കും വര്‍ഗീയതക്കും കടുത്ത എതിരായി നില്ക്കുന്ന മതമാണ്. 

വര്‍ഗീയത അക്രമത്തെ പ്രോത്സാഹിപ്പിക്കലാണെന്നാണ് നബി(സ) അരുളിയത്. വാസിലത്(റ) പറയുന്നു: ”ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് വര്‍ഗീയത? നബി(സ) പറഞ്ഞു: ആക്രമത്തിന്റെ കാര്യത്തില്‍ നീ നിന്റെ സമുദായത്തെ സഹായിക്കലാണ്”(അബൂദാവൂദ്). അഥവാ അന്യരെ ദ്രോഹിക്കുന്ന വിഷയത്തില്‍ സ്വന്തം സമുദായത്തിന് സഹായം നല്കലാണ് വര്‍ഗീയത എന്നാണ് നബി(സ) പഠിപ്പിച്ചത്.
”വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതക്കുവേണ്ടി പോരാടുന്നവനും നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതയുടെ പേരില്‍ വധിക്കപ്പെട്ടവനും നമ്മില്‍ പെട്ടവനല്ല”(അബൂദാവൂദ്). ഇസ്‌ലാം ജാതിയും മതവും നോക്കിയല്ല മനുഷ്യര്‍ക്ക് നന്മ ചെയ്യാന്‍ കല്പിച്ചിട്ടുള്ളത്.

 നബി(സ)യെ അല്ലാഹു നിയോഗിച്ചത് മുസ്‌ലിംകള്‍ക്ക് മാത്രം നന്മ ചെയ്യാനല്ല. മറിച്ച് ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും കാരുണ്യമായിട്ടാണ്. അല്ലാഹു പറയുന്നു: ”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല” (21:107). ഇസ്‌ലാം അന്യായമായ നിലയില്‍ ആരെ വധിക്കുന്നതും കുറ്റകരമായിട്ടാണ് കാണുന്നത്. അത് ലോകത്തുള്ള മുഴുവന്‍ ജനങ്ങളെയും വധിക്കുന്നതിന് തുല്യമാണെന്നും, ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നത് ലോകത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജീവന്‍ രക്ഷിക്കുന്നതിന് തുല്യമാണെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ”മറ്റൊരാളെ വധിച്ചതിനു പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു”(5:32). മാത്രവുമല്ല സത്യവും നീതിയും കൊണ്ട് കല്പിക്കുന്നവരെ അത് ഏത് മതത്തില്‍ പെട്ടവനായിരുന്നാലും അത്തരക്കാരെ കൊലപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാകുന്നു.


അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുകയും ഒരു ന്യായവുമില്ലാതെ പ്രവാചകന്മാരെ കൊലപ്പെടുത്തുകയും നീതി പാലിക്കാന്‍ കല്പിക്കപ്പെടുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് നീ സന്തോഷവാര്‍ത്ത അറിയിക്കുക.”(3:21). ഒരു മുസ്‌ലിമിന് ഒരിക്കലും തീവ്രവാദിയോ വര്‍ഗീയവാദിയോ ആകാന്‍ സാധ്യമല്ല. കാരണം ഇസ്‌ലാം മതത്തിന്റെ പകുതിയിലധികം ഭാഗം മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നന്മ ചെയ്യുകയെന്നതാണ്. അല്ലാഹു പറയുന്നു: ”മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു”(60:8). 

നബി(സ)യുടെ മനസ്സ് അങ്ങേയറ്റം വിട്ടുവീഴ്ചയുള്ളതായിരുന്നു എന്ന വസ്തുത ഹുദൈബിയയില്‍ വെച്ചു നടന്ന സന്ധിയില്‍ ഇരുകൂട്ടരും ഒപ്പിട്ട ഒരേയൊരു നിബന്ധനയില്‍ നിന്നും മനസ്സിലാക്കാം. അതിപ്രകാരമാണ്: ”ഒരു മുസ്‌ലിം ബഹുദൈവ വിശ്വാസികളുടെ അടുത്തേക്കു വന്നു ചേര്‍ന്നാല്‍ അവനെ തിരിച്ചയക്കേണ്ടതില്ല. മറിച്ച്, ഒരു ബഹുദൈവ വിശ്വാസി മുസ്‌ലിംകളുടെ അടുത്തേക്ക് വന്നാല്‍ അവനെ തിരിച്ചയയ്ക്കണം.” ഇങ്ങനെ ഒരു വിട്ടുവീഴ്ചക്ക് തയ്യാറായ വല്ല നേതാക്കളും ലോകത്തുണ്ടോ? ഇസ്‌ലാം പ്രാമുഖ്യം നല്കുന്നത് ജാതിക്കും മതത്തിനുമല്ല. മറിച്ച് സത്യത്തിനും നീതിക്കുമാണ്. അനീതി ആരോട് കാണിച്ചാലും ഇസ്‌ലാം അത് പാപമായിട്ടാണ് കണക്കാക്കുന്നത്.
”മസ്ജിദുല്‍ ഹറാമില്‍ നിന്നും നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്”(5:2). 

പ്രവാചകന്‍(സ) വളരെ വിശാല മനസ്‌കനായിരുന്നു. അദ്ദേഹം വിട്ടുവീഴ്ച കാണിക്കാത്ത ഒരു കഠിന ഹൃദയനായിരുന്നില്ല. അല്ലാഹു അരുളി: ”താങ്കള്‍ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു” (3:159). ശത്രുക്കളോട് പ്രതികാരം ചെയ്യാനല്ല ഖുര്‍ആനിന്റെ കല്പന. മറിച്ച് വിട്ടുവീഴ്ചയും നന്മയും ചെയ്യാനാണ്.
”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് തിന്മയെ തടയുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ ബന്ധുവിനെപ്പോലെ ആയിത്തീരുന്നു” (41:34). മതത്തിന്റെ നന്മയുള്‍ക്കൊള്ളുന്ന വശങ്ങള്‍ പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും ഭരണഘടന സ്വാതന്ത്ര്യം നല്കുന്നുണ്ട്. അതിന്റെ പേരില്‍ സ്പര്‍ധയും വൈരാഗ്യവും വെച്ചുപുലര്‍ത്തുന്നത് ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ട്.

Reply all
Reply to author
Forward
0 new messages