ഒത്തുപോകുമോ
ബാബരി ഒത്തുതീര്‍പ്പ്?
✍ അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
അറുപത്തിയാറു വര്‍ഷം ഉന്നത കോടതികളുടെ മേശപ്പുറത്ത് തട്ടിക്കളിക്കുകയും നീണ്ടകാലം ഉറങ്ങിക്കിടക്കുകയും ചെയ്ത ബാബരി മസ്ജിദ് കേസ് വിധി കേള്‍ക്കാന്‍ നമുക്ക് വിധിയുണ്ടാകുമോ എന്നറിയില്ല. സുപ്രീംകോടതി ഇപ്പോള്‍ ഒരു നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നു; പ്രശ്‌നം കോടതിക്കുപുറത്ത്
ഒത്തുതീര്‍പ്പാക്കിക്കൂടേ എന്ന്. ആവാമെന്നോ ആവില്ല എന്നോ വ്യക്തമായി ആരും പറയുന്നില്ല. ഒത്തുതീര്‍പ്പ് ആവാമെന്നുവെച്ചാല്‍ ആരു മധ്യസ്ഥത വഹിക്കും? ഇരുകൂട്ടര്‍ക്കും സമ്മതമായ ഒരു തീര്‍പ്പ് സാധ്യമാണോ? ആരാണ് യഥാര്‍ഥത്തില്‍ ഇരു ഭാഗത്തുമുള്ളത്? അയോധ്യയിലെ മുസ്‌ലിംകളും
ഹിന്ദുക്കളുമാണോ? അതോ ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു മുസ്‌ലിം വിഭാഗങ്ങളോ? അങ്ങനെ ഒരു ഒത്തുതീര്‍പ്പ് സാധ്യമാണോ? ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ ഈ വിഷയത്തില്‍ അന്തര്‍ലീനമായിക്കിടപ്പുണ്ട്.
വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ് എന്നതാണ് പഴമൊഴി. ഏറെ വൈകിയിട്ടെങ്കിലും എത്തിച്ചേരുക നീതിയാകുമോ എന്നു ഉറപ്പിച്ചു പറയാനാവാത്ത രാഷ്ട്രീയ പശ്ചാത്തലമാണ് ഇന്ന് ഇവിടെയുള്ളത്. കെട്ടിക്കിടക്കുന്ന കേസുകള്‍ ഇന്ത്യയുടെ ശാപമാണ് എന്ന് സുപ്രീംകോടതി ചീഫ്
ജസ്റ്റിസ് തന്നെ കുറച്ചു മുന്‍പ് വ്യക്തമാക്കിയ കാര്യമാണ്. എങ്കിലും അടിയന്തിര പ്രാധാന്യമുള്ള പല കേസുകളും തീര്‍പ്പു കല്പിക്കപ്പെട്ടു പോകുന്നുണ്ടുതാനും. പക്ഷേ, അറുപത്തേഴു വര്‍ഷം തീര്‍പ്പാക്കാതെ നീണ്ടുപോയ കേസ്, ബാബരി പ്രശ്‌നമല്ലാതെ, വേറെയുണ്ടാവാന്‍ വഴിയില്ല.
ബാബരി മസ്ജിദ് കേസിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, അവകാശത്തര്‍ക്കം. രണ്ട്, രാജ്യദ്രോഹപരമായ ക്രിമിനല്‍ കേസ്. ഒന്നാമത്തേത് ഫയല്‍ ചെയ്യപ്പെട്ടത് 1950 ലാണെങ്കില്‍ രണ്ടാമത്തേത് വരുന്നത് 1992ലാണ്.
എ ഡി 1526 ല്‍ ഇന്ത്യ ഭരിച്ചിരുന്ന ഇബ്‌റാഹീം ലോധിയെ പാനിപ്പറ്റില്‍ വെച്ച് യുദ്ധത്തില്‍ തോല്‍പ്പിച്ച് ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ഭരണം സ്ഥാപിച്ച ബാബര്‍ ചക്രവര്‍ത്തി അയോധ്യയില്‍ ഒരു പള്ളി നിര്‍മിച്ചു. നാനൂറ് വര്‍ഷത്തിലേറെ മുസ്‌ലിംകള്‍ ആരാധന നടത്തിയ
പള്ളിയെപ്പറ്റി പില്‍ക്കാലത്ത് ചിലര്‍ അവകാശ വാദമുന്നയിച്ചു. ബാബര്‍ പള്ളിയുണ്ടാക്കിയത് ശ്രീരാമന്‍ ജനിച്ച സ്ഥലത്താണ്. രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അതിനാല്‍ അത് വിട്ടുകിട്ടണം. ഇതായിരുന്നു അവകാശവാദം. എന്നാല്‍ ശ്രീരാമന്‍ എന്നത് ഒരു മിത്ത് മാത്രമാണ്.
ഒരു കഥാപാത്രത്തിന് കഥയിലല്ലാതെ ജന്മസ്ഥലം ഉണ്ടാവില്ല. ആയതിനാല്‍ രാമജന്മഭൂമി എന്ന അവകാശവാദം നിരര്‍ഥകമാണ്. ഇതായിരുന്നു എതിര്‍വാദം.
1949 ല്‍ അയോധ്യയിലെ ജില്ല മജിസ്‌ട്രേറ്റ് കൂടിയായിരുന്ന മലയാളിയായ കെ കെ നായര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ് ഈ വലിയ പ്രശ്‌നം. ക്ഷേത്രത്തിനകത്ത് ആരോ ഒരു വിഗ്രഹം കൊണ്ടുപോയിട്ടു. ആ പേരില്‍ ആ പള്ളി കെ കെ കെ നായര്‍ പൂട്ടി. 1950 ല്‍ കേസ് കോടതിയിലെത്തി. അവകാശത്തര്‍ക്കമാണ്
കേസ്. കോടതിക്ക് വളരെ എളുപ്പത്തില്‍ തീര്‍പ്പു കല്പിക്കാമായിരുന്ന ഒരു കേസാണിത്. ഇരു വിഭാഗത്തിന്റെ കൈവശമുള്ള രേഖകള്‍ പരിശോധിച്ച് ആര്‍ക്കനുകൂലമാണോ രേഖകള്‍ സംസാരിക്കുന്നത് അവര്‍ക്ക് അതിന്റെ അവകാശം വിട്ടുകൊടുക്കുക. പക്ഷേ, എന്തു കൊണ്ടോ അതുണ്ടായില്ല. ഹൈക്കോടതി കയറി
സുപ്രീംകോടതിയിലെത്തി. പ്രശ്‌നം അയോധ്യക്ക് പുറത്തുള്ളവര്‍ ഏറ്റെടുത്തു. സംഘ്പരിവാര്‍ ഇത് രാഷ്ട്രീയമായി ഉപയോഗിച്ചു.
രാമക്ഷേത്ര നിര്‍മാണം ഇന്ത്യയിലെ ഹിന്ദുക്കളുടെ അവകാശമാക്കി നിര്‍ത്തി. ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ എന്‍ കെ അദ്വാനി ഒരു വലിയ ജനക്കൂട്ടത്തെ രോഷാകുലരാക്കി ഇറക്കിവിട്ടു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കി. ഒരു വര്‍ഗീയ
ലഹള അഴിച്ചുവിട്ടു. അയോധ്യയിലുണ്ടായിരുന്ന മുന്നൂറോളം മുസ്‌ലിം ഭവനങ്ങള്‍ ചുട്ടു ചാമ്പലാക്കി. അങ്ങനെ ഒരു പ്രദേശത്ത് നിലനിന്നിരുന്ന അവകാശത്തര്‍ക്കം, ലോകത്തിനു മുന്നില്‍ ഇന്ത്യാ മഹാരാജ്യത്തെ നാണം കെടുത്തിയ ഒരു വലിയ ക്രിമിനല്‍ കേസായി മാറി. ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞിട്ടും
ആ ക്രിമിനില്‍ ഗൂഢാലോചനക്കുറ്റം തീര്‍പ്പു കല്പിക്കാന്‍ സുപ്രീം കോടതിക്കു കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ദുര്യോഗം!
കോടതിയെ കുറ്റപ്പെടുത്താനാവില്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി സംഘ് പരിവാര്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക ധ്രുവീകരണവും രാഷ്ട്രീയ വൈര നിര്യാതനവും നിലനിര്‍ത്തപ്പെട്ട പശ്ചാത്തലത്തില്‍ നീതിയുടെ പക്ഷത്തു നില്ക്കാനോ അനീതിക്കു വേണ്ടി വിധി പറയാനോ കഴിയാത്ത
ആ നിസ്സഹായതയായിരിക്കാം, ഈ കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിക്കൂടേ എന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയുടെ സൂത്രധാരന്‍ പ്രധാന മന്ത്രിയും മുസ്‌ലിംകളെല്ലാം ഇന്ത്യ വിട്ടുപോകണണെന്ന് നിരന്തരം പറഞ്ഞുനടന്ന
ആദിത്യനാഥ് അയോധ്യ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയും ബാബരി മസ്ജിദ് ധ്വംസനത്തിന് നേതൃത്വം നല്കിയ അദ്വാനി ഇന്ത്യന്‍ യൂണിയന്റെ പരമോന്നത പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുകയും ചെയ്ത ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂപക്ഷത്തിന് എന്തു നീതിയാണ് ലഭിക്കുക
എന്നറിയില്ല.
ഏതായിരുന്നാലും നിര്‍മോഹി അക്കാരെയും വഖഫ് ബോഡും രണ്ടുപക്ഷത്ത് നില്ക്കുന്ന ബാബരി മസ്ജിദ് പ്രശ്‌നം മാന്യമായ ഒത്തുതീര്‍പ്പിലൂടെ അവസാനിക്കുകയാണ് എന്തുകൊണ്ടും നന്നാവുക എന്നു തോന്നുകയാണ്. അത്യുന്നതമായ സംയമനവും വളരെ വലിയ സഹനവും സര്‍വോപരി സമൂഹത്തില്‍ സമാധാനം നിലനില്‌ക്കേണ്ട
അനിവാര്യതയും കണക്കിലെടുത്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമിക്കലാവും നല്ലത്.
കണക്കിലെടുക്കേണ്ട ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ. (ഒന്ന്) തകര്‍ക്കപ്പെട്ട മസ്ജിദ് ഏതായാലും തിരിച്ചുകിട്ടില്ല. (രണ്ട്) ബാബരി മസ്ജിദ് എന്നതിനു പകരം പതിറ്റാണ്ടുകളായി മീഡിയ കൊടുത്ത പേരായ തര്‍ക്ക ഭൂമിയില്‍ താത്ക്കാലിക രാമജന്മ ക്ഷേത്രം അനധികൃതമാണെങ്കിലും
പണിയാരംഭിച്ചു. അത് പൊളിച്ചുകളയാന്‍ ഉത്തരവിട്ടാല്‍ ഇന്ത്യ കുട്ടിച്ചോറാക്കാന്‍ സംഘ് പരിവാറിന് മണിക്കൂറുകള്‍ മാത്രം മതി. അതിന്റെയും ദുരന്തം പേറേണ്ടി വരുന്നത് മുസ്‌ലിംകളായിരിക്കും. (മൂന്ന്) മുസ്‌ലിംകളെ സംബന്ധിച്ചേത്തോളം തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന് ഒരു പള്ളി
എന്നതില്‍ കവിഞ്ഞ് പ്രത്യേക പുണ്യമൊന്നുമില്ല. അതു നിന്നിരുന്ന സ്ഥലത്തിനും മതപരമായ പ്രാധാന്യമില്ല.
(നാല്) അയോധ്യക്ക് പുറത്ത് സരയൂ നദിയുടെ മറുകരയില്‍ എവിടെ വേണമെങ്കിലും പള്ളിയുണ്ടാക്കുന്നതില്‍ ഹിന്ദു വികാരജീവികള്‍ക്കു പോലും വിരോധമില്ലെന്നിരിക്കെ ആ നിര്‍ദേശം സ്വീകരിക്കാവുന്നതാണ്. (അഞ്ച്) ബാബരി തകര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇനിയൊരു പള്ളിക്കു നേരെയും ഇന്ത്യയിലെവിടെയും
ഇത്തരമൊരു നീക്കം ഉണ്ടാവുകയില്ല എന്നുറപ്പു വരുത്താന്‍ സര്‍ക്കാറിനും കോടതിക്കും സാധിക്കണം. ഒത്തുതീര്‍പ്പു വ്യവസ്ഥ അതിനു മാത്രം ശക്തമാവണം. (ആറ്) തങ്ങളുടെ ന്യായമായ നിലപാടില്‍ നിന്ന് പിറകോട്ടുപോകേണ്ടി വന്നാല്‍ പോലും ദൂരവ്യാപകമായ സമൂഹ നന്മയും ആത്യന്തിക സമാധാന സാഹചര്യവും
കണക്കിലെടുത്ത് ഒത്തു തീര്‍പ്പുകള്‍ക്ക് സന്നദ്ധമാവുകയെന്നത് ഇസ്‌ലാമിക സംസ്‌കാരവും പ്രവാചക മാതൃകയുമാണ്.
യഥാര്‍ഥത്തില്‍ കോടതിയും ഗവണ്‍മെന്റുകളും ചെയ്യേണ്ടതെന്തായിരുന്നു എന്നത് ചിന്തനീയമാണ്. ആറു പതിറ്റാണ്ടു മുന്‍പ് കോടതി കയറിയ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശ കേസ് (അയോധ്യ) രേഖകള്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കാമായിരുന്നു. എങ്കില്‍ ലോകം ഇക്കാര്യമറിയാതെ ഒരു പ്രാദേശിക
പ്രശ്‌നം തീരുമാനമായിരുന്നു. അതുണ്ടായില്ല. ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു ആ നിസ്സംഗതയുടെ അനന്തര ഫലം.
1992 ല്‍ നടന്ന പള്ളി തകര്‍ക്കല്‍ അന്യായവും അതിക്രമവും സമൂഹദ്രോഹവും മാത്രമല്ല, ദേശ ദ്രോഹപരമായ നടപടി കൂടിയായിരുന്നു. ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ത്തെറിഞ്ഞ കുറ്റവാളികളെയും ഗൂഢാലോചന നടത്തിയവരെയും ശിക്ഷിക്കുകയും മുസ്‌ലിം സമുദായത്തിന് നഷ്ടപരിഹാരം നല്കുകയുമായിരുന്നു
സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. നഷ്ടപ്പെട്ട പള്ളി തിരിച്ചുകിട്ടില്ല. പകരം പള്ളി നിര്‍മിച്ചുകൊടുക്കുക എന്നതാണ് ആ നഷ്ടപരിഹാരം. അതും ഉണ്ടായില്ല. ഏതായിരുന്നാലും സംഭവിച്ചതു സംഭവിച്ചു. രാജ്യത്തിന്റെ നല്ല ഭാവി ഓര്‍ത്ത് സഹനവും സംയമനവും കൈക്കലാക്കി വിവേക പൂര്‍ണമായ
ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെങ്കില്‍ അതായിരിക്കും എല്ലാവര്‍ക്കും നല്ലത്.