എന്താണ് സുന്നത്തു ജമാഅത്ത്? ആരാണ് അതിന്റെ പിന്‍മുറക്കാര്‍
സുന്നത്ത് എന്നതിന് ഭാഷാപരമായി മാര്‍ഗം, വഴി എന്നും മതപരമായി പ്രവാചകന്‍ അറിഞ്ഞ്, വിശ്വസിച്ച് പ്രാവര്‍ത്തികമാക്കി മാതൃക കാട്ടിയ നടപടികള്‍ എന്നുമാണ് അര്‍ഥം. നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, ആഗ്രഹപ്രകടനം എന്നിവയെല്ലാം മതപരമായി സുന്നത്തില്‍ പെട്ടതാകുന്നു. ഈ ചര്യകള്‍ സ്വഹാബികള്‍ സൂക്ഷ്മതയോടെ പ്രാവര്‍ത്തികതലത്തില്‍ കൊണ്ടുവന്നതുമാണ്. അത്തരം ചര്യകളെ അനുധാവനം ചെയ്യല്‍ സത്യവിശ്വാസികളുടെ കടമയാണ്. അത് പ്രവര്‍ത്തിക്കുന്നവന്‍ പ്രശംസിക്കപ്പെടുകയും നിഷേധിക്കുന്നവന്‍ ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.
‘ജമാഅത്ത്’ എന്നാല്‍ ഭാഷാപരമായി സംഘം, കൂട്ടം എന്നും മതപരമായി വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകചര്യകളുടെയും അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി ഒന്നിച്ചു സംഘമാവുക എന്നുമാണര്‍ഥം. സ്വഹാബികളും താബിഉകളും ഉന്നതരായ ഇമാമുകളും വിശ്വാസകര്‍മങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന മാതൃകകള്‍ അതേപടി അംഗീകരിക്കുന്നവര്‍ യഥാര്‍ഥ ജമാഅത്തിന്റെ വക്താക്കളാണ്. ഇവര്‍ മതത്തില്‍ കടന്നുകൂടിയ നൂതന പ്രവണതകള്‍ ഒഴിവാക്കുന്നവരും പ്രവാചകചര്യ പിന്‍തുടരുന്നവരും ഇസ്‌ലാമിന്റെ പൈതൃകങ്ങളെ പുനരുജ്ജീവിപ്പിക്കുന്നവരുമായിരിക്കും. അസത്യത്തില്‍ ഒരുമിച്ചുകൂടിയ ഭൂരിപക്ഷത്തെയോ വസ്തുതകള്‍ യഥാവിധി ഉള്‍ക്കൊണ്ടിട്ടില്ലാത്ത സാധാരണക്കാരെയോ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പദപ്രയോഗമല്ല അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ.
പ്രവാചകന്‍ പറഞ്ഞു: ”യഹൂദികളും ക്രിസ്ത്യാനികളും എഴുപത്തിരണ്ടു വിഭാഗമായി പിരിയും. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗവും. അവയില്‍ നിന്ന് ഒന്നൊഴികെ ബാക്കിയെല്ലാം അസത്യത്തിന്റെയാളുകളും ശിക്ഷാര്‍ഹരുമായിരിക്കും!” രക്ഷപ്പെടുന്ന വിഭാഗമാണ് ‘അല്‍ജമാഅ’. ഇവരാണ് സലഫുസ്സ്വാലിഹ്, അഹ്‌ലുല്‍ഹദീസ്, ഫിര്‍ഖത്തുന്നാജിയ, ത്വാഇഫതുല്‍മന്‍സ്വൂറ, അഹ്‌ലുല്‍ ഇത്തിബാഅ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത്.
അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ പ്രമാണങ്ങള്‍ മൗലികമായി രണ്ടെണ്ണമാണ്. ഒന്ന്; അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധഖുര്‍ആന്‍. രണ്ട്; പ്രവാചകനില്‍ നിന്ന് ന്യൂനതകളില്ലാതെ രേഖപ്പെടുത്തിയ ചര്യകള്‍. മൂന്നാമത്തെ മാനദണ്ഡമായി പരിഗണിക്കപ്പെടുന്നത് ഉത്തമ നൂറ്റാണ്ടുകളിലെ മഹാരഥന്മാര്‍ നിരാക്ഷേപം ഒന്നിച്ച് കൈക്കൊണ്ട നടപടിക്രമമാണ്. ഇതിന് സാങ്കേതികമായി ഇജ്മാഅ് എന്ന് പറയുന്നു. മറ്റൊരു രീതി ഖിയാസ് (തുലനം ചെയ്യല്‍) ആണ്. ഈ സമീപനവും മതപരമായി സ്വീകാര്യമാണ്. തത്വത്തില്‍ ഇജ്മാഅ് ആയാലും ഖിയാസ് ആയാലും വിശുദ്ധഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പരിധിയില്‍ നില്ക്കുന്നതുതന്നെയായതിനാല്‍ പ്രമാണങ്ങള്‍ വിശുദ്ധഖുര്‍ആനും സുന്നത്തുമാണെന്ന് പറഞ്ഞാല്‍ മതിയാകും. തന്നിമിത്തം ഇജ്മാഉം ഖിയാസും തള്ളിക്കളയുന്നുവെന്ന് ആക്ഷേപിക്കേണ്ടതുമില്ല. കാരണം അന്തിമ വിശകലനത്തില്‍ മുസ്‌ലിംകളുടെ അടിസ്ഥാന പ്രമാണങ്ങള്‍ വിശുദ്ധഖുര്‍ആനും നബിചര്യയും തന്നെയാണല്ലോ.
‘ഞാന്‍ നിങ്ങളില്‍ രണ്ട് പ്രമാണങ്ങള്‍ വിട്ടേച്ചുപോവുന്നുവെന്നും അവ രണ്ടും മുറുകെപ്പിടിക്കുന്ന കാലത്തോളം വഴി പിഴക്കില്ലെന്നും’ പ്രവാചകന്‍ ഓര്‍മപ്പെടുത്തിയത് വിശുദ്ധഖുര്‍ആനെയും നബിചര്യയെയും കുറിച്ചാണ്. അവ രണ്ടുമാണ് ശരീഅത്തിന്റെ ഉറവിടം. എന്നാല്‍ ഇതില്‍ നിന്നെല്ലാം അകന്ന് അല്ലാഹുവോ റസൂലോ അറിയിച്ചുതന്നിട്ടില്ലാത്ത തഖ്‌ലീദ് (അന്ധമായ അനുകരണം) ത്വരീഖത്തുകള്‍, സൂഫിസം എന്നീ ആശയങ്ങള്‍ക്ക് പ്രമാണങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കുന്ന സ്ഥിതിയാണ് ഇന്ന് മുസ്‌ലിംകളിലുള്ളത്. ഇത്തരം ചിന്താഗതികളെ നിരാകരിക്കുകയും തല്‍സ്ഥാനത്ത് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത് യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആളുകളാണ്; സുന്നത്തുജമാഅത്തുകാര്‍ എന്നവകാശപ്പെടുന്നവരല്ല. സുന്നത്തു ജമാഅത്ത് എന്നാല്‍ ഏതോ ഒരു സംഘത്തിന്റെ ചര്യ എന്ന് മാത്രമേ അര്‍ഥമാവുകയുള്ളൂ. ”എന്റെ സമുദായത്തില്‍ സത്യത്തിന്റെ പ്രയോക്താക്കളായി നിലക്കൊള്ളുന്ന ഒരു വിഭാഗം എന്നും നിലനില്ക്കും. അവരെ കൈയ്യൊഴിക്കുന്നവര്‍ അവര്‍ക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല. അല്ലാഹുവിന്റെ തീര്‍പ്പ് (ലോകാവസാനം) വരുംവരെ.” (മുസ്‌ലിം, തിര്‍മിദി) ഈ നബിവചനം ശരിയായ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയെപ്പറ്റിയാണ്.
മുസ്‌ലിംകളില്‍ ഐക്യവും സാഹോദര്യവും നിലനില്ക്കാനും അവര്‍ക്ക് മതപരവും ഭൗതികവുമായ നേട്ടങ്ങള്‍ കൈവരിക്കാനും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഈ നീക്കം കൊണ്ടുമാത്രമേ സാധ്യമാവുകയുള്ളൂ. കാരണം അവര്‍ വളച്ചുകെട്ടില്ലാതെ വിശുദ്ധഖുര്‍ആനിലേക്കും നബിചര്യയിലേക്കും സച്ചരിതരുടെ വഴിയിലേക്കുമാണ് ക്ഷണിക്കുന്നത്. ഈ ആശയം അംഗീകരിച്ച് ജീവിച്ചവരുടെ വിജയകരമായ അനുഭവങ്ങള്‍ ചരിത്രത്തിലുടനീളം കാണാന്‍ കഴിയും. ഉദാഹരണമായി ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടം, ഉമവീ-അബ്ബാസീ ഭരണകൂടങ്ങള്‍, ഉസ്മാനിയാ ഖിലാഫത്ത്, സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലം, സ്‌പെയിനിലെ മുസ്‌ലിം ഭരണം, സുഊദി ഭരണകൂടം. ഈ ഭരണകൂടങ്ങള്‍ ശരിയായ ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗവത്കരിച്ചപ്പോഴുണ്ടായ വിജയവും പിന്നീട് വന്നുചേര്‍ന്ന അരാജകത്വവും അതിന്റെ ദുരവസ്ഥകളും ലോകം അനുഭവിച്ചറിഞ്ഞതാണ്.
വിശുദ്ധഖുര്‍ആനും തിരുസുന്നത്തും കയ്യൊഴിക്കുമ്പോള്‍ വന്നുചേരുന്നത് വിശ്വാസപരമായ ദൗര്‍ബല്യവും ബഹുദൈവ വിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും പ്രചാരണവുമാണ്. അജ്ഞതയും അനൈക്യവും അതിന്റെ ഫലമായി സംഭവിക്കുന്നു. മതപരമായ അജ്ഞതയില്‍ നിന്നുടലെടുത്ത റാഫിദി, ബാത്വിനി, സൂഫി, ഖറാമിത്ത, ഫാത്വിമി ചിന്തകള്‍ എല്ലാം തന്നെ ഇതിന്നുദാഹരണങ്ങളാണ്. ഇത്തരം ആശയങ്ങള്‍ മുസ്‌ലിം സമൂഹത്തെ ഛിന്നഭിന്നമാക്കിയെന്ന് മാത്രമല്ല അവര്‍ക്കിടയില്‍ വികലമായ വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും ഒട്ടനേകം അവാന്തര വിഭാഗങ്ങള്‍ രൂപം കൊള്ളുകയും ചെയ്തു. തന്മൂലം യഥാര്‍ഥ അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകള്‍ പീഡിപ്പിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് അതുവഴി സംഭവിച്ചത്. പ്രമാണങ്ങളായി എന്താണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശകലനം ചെയ്തിട്ടായിരിക്കണം ഓരോരുത്തരുടെയും നിലപാടുകള്‍ കണ്ടെത്തേണ്ടത്.
ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്ന അടിസ്ഥാനപരമായ ആഹ്വാനം ആരാണ് ചെവിക്കൊള്ളുന്നതെന്ന് നോക്കിയായിരിക്കണം സത്യത്തിന്റെ പക്ഷത്തെ വിലയിരുത്തേണ്ടത്. ഒന്നുകൂടി വിശദമാക്കിയാല്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ലക്ഷണങ്ങള്‍ ഇതാണ്. വിശ്വാസപരമായ കാര്യങ്ങള്‍ അദൃശ്യജ്ഞാനങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ അവര്‍ അത്തരം അറിവുകളെ കുറിക്കുന്ന പദങ്ങള്‍ അതേപടി അംഗീകരിക്കുന്നു. അനാവശ്യമായ വ്യാഖ്യാനങ്ങള്‍ നല്കിക്കൊണ്ട് വിശ്വാസ കാര്യങ്ങളില്‍ തര്‍ക്കത്തിനോ വാദപ്രതിവാദത്തിനോ മുതിരുകയില്ല. ഇസ്‌ലാമിക ശരീഅത്തിന് എതിരായ ഒരു പ്രവൃത്തിയും അവര്‍ അംഗീകരിക്കുകയില്ല. അല്ലാഹുവിന്റെ വിശേഷണങ്ങള്‍, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, അന്ത്യദിനം, അല്ലാഹുവിന്റെ വിധി എന്നിവയില്‍ പ്രവാചകന്‍(സ) വളര്‍ത്തിയെടുത്ത, ഉത്തമ നൂറ്റാണ്ടിലെ മഹാരഥന്മാര്‍ ൈകക്കൊണ്ട അതേ നിലപാട് തന്നെയാണ് അവര്‍ക്കുണ്ടാവുക. അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധഖുര്‍ആന്‍ മറ്റ് കൃതികളെപ്പോലെയല്ലെന്നും പരമകാരുണികനായ അല്ലാഹുവിനെ നേരില്‍ കണ്ടുകൊണ്ട് സായൂജ്യമടയാന്‍ വിശ്വാസികള്‍ക്ക് അവസരമുണ്ടാകുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രവാചകന്റെ അനുഭവങ്ങളായ ഇസ്‌റാഇലോ മിഅ്‌റാജിലോ അവര്‍ സംശയിക്കുകയില്ല. പ്രവാചകന്‍ മഹ്ശറില്‍ വെച്ച് നടത്താനിരിക്കുന്ന ശുപാര്‍ശയെപ്പറ്റി ഖുര്‍ആനിലും സുന്നത്തിലും വ്യക്തമാക്കിയ പോലെ അവര്‍ അംഗീകരിക്കുന്നു. നബി(സ)യുടെ പ്രിയപത്‌നിമാരെപ്പറ്റിയും സ്വഹാബത്തിനെക്കുറിച്ചും നല്ലവിചാരമാണവര്‍ക്കുള്ളത്. അല്ലാഹുവിന്റെ പാശമായ വിശുദ്ധഖുര്‍ആന്‍ ശക്തമായി മുറുകെപ്പിടിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നവരാണവര്‍. നന്മ കല്പിക്കലും തിന്മ വിരോധിക്കലും അവരുടെ ശീലമായിരിക്കും. തന്നിഷ്ടപ്രകാരം ആരെയും അവര്‍ സ്വര്‍ഗാവകാശികളോ നരകാവകാശികളോ ആക്കുകയില്ല. അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുകയും കോപിക്കുകയും ചെയ്യുന്നവരാണവര്‍. അമാനുഷിക ദൃഷ്ടാന്തങ്ങളെ ഒരിക്കലും നിഷേധിക്കുകയില്ല. എന്നാല്‍ അവിവേകികള്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകളെയും അതിന്റെ മറവില്‍ സ്വാര്‍ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വെട്ടിപ്പുകളെയും തുറന്നുകാണിക്കാന്‍ അവര്‍ പരിശ്രമിക്കും.
ഇവിടെ വലിയൊരു ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്. അത് അശ്അരി ത്വരീഖത്തുകാര്‍ ‘തങ്ങളാണ് യഥാര്‍ഥ അഹ്‌ലുസ്സുന്നത്തിന്റെയാളുകള്‍’ എന്ന് പ്രചരിപ്പിച്ചതു കൊണ്ടുണ്ടായതാണ്. ധാരാളം വിഭാഗങ്ങള്‍ ഈ വിധം വാദിച്ചിട്ടുണ്ട്. സത്യത്തിന്റെ വക്താക്കള്‍ തങ്ങള്‍ മാത്രമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണവര്‍ ഈ വാദമുന്നയിക്കുന്നത്. എന്നാല്‍ ആരാണ് അശ്അരികള്‍? മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ച അബുല്‍ഹസന്‍ അശ്അരി (ഹി. 324) എന്ന വ്യക്തിയിലേക്ക് ചേര്‍ത്തിപ്പറയുന്ന വിഭാഗമാണിവര്‍. അദ്ദേഹം ആദ്യഘട്ടത്തില്‍ മുഅ്തസിലി ചിന്താഗതിക്കാരനായിരുന്നു. പിന്നീട് അതില്‍ നിന്ന് പിന്മാറുകയും അവര്‍ക്കെതിരില്‍ ന്യായവാദങ്ങളും മറുപടികളും നടത്തുകയും ചെയ്തു. ഇക്കാരണത്താല്‍ അബുല്‍ഹസന്‍ അശ്അരി ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെങ്കിലും അദ്ദേഹമാണ് വിജയം വരിച്ചത്. തനിക്ക് വിജയിക്കാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ സുന്നത്തും ആയുധമാക്കിയതിനാലാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നു. അങ്ങനെയദ്ദേഹം ശരിയായ അഹ്‌ലുസ്സുന്നത്തിന്റെ പാത പിന്തുടരുകയാണുണ്ടായത്. ഇന്ന് അഹ്‌ലുസ്സുന്നത്തുകാരാണെന്ന് വാദിച്ചുകൊണ്ട് നിലക്കൊള്ളുന്ന അശ്അരീ ത്വരീഖത്തുകാര്‍ യഥാര്‍ഥത്തില്‍ അബുല്‍ഹസന്‍ അശ്അരി കൈയൊഴിച്ച മുഅ്തസില ചിന്താഗതികള്‍ അവലംബിക്കുന്നവരാണ്. ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ പിളര്‍പ്പിന്റെയും നൂതനങ്ങളായ വാദഗതികള്‍ പ്രചരിപ്പിക്കുന്നതിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എങ്ങനെയാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാവുക? യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തുകാരും മുഅ്തസില ചിന്തകള്‍ സ്വീകരിക്കുന്ന അശ്അരീ ത്വരീഖത്തുകാരും തമ്മില്‍ മൗലിക വിഷയങ്ങളില്‍ ധാരാളം വ്യത്യാസമുള്ളവരാണ്. അതിലൊന്ന് അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ക്ക് അശ്അരികള്‍ പുതിയതരം വ്യാഖ്യാനങ്ങള്‍ നല്കുന്നുവെന്നതാണ്. അല്ലാഹുവിന്റെ കൈ, കണ്ണ്, ശരീരം, മുഖം, സിംഹാസനാരോഹണം, തൃപ്തി, കോപം, സ്‌നേഹം എന്നീ ഗുണങ്ങള്‍ക്കെല്ലാം ഉത്തമ നൂറ്റാണ്ടിലെ മഹാന്മാര്‍ക്കില്ലാത്ത വ്യാഖ്യാനമാണിവര്‍ക്കുള്ളത്. അതുപോലെത്തന്നെ ദൈവവിധി, അദൃശ്യജ്ഞാനങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ പ്രമാണങ്ങള്‍ക്കു പകരം അശ്അരികള്‍ അവരുടെ ബുദ്ധിയെ മാത്രം അവലംബിക്കുന്നു. തൗഹീദിനെ (ഏകദൈവ സിദ്ധാന്തം) അവര്‍ രക്ഷാകര്‍തൃത്വത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നു. അഥവാ ഉലൂഹിയ്യത്തിനെ അവഗണിച്ച് റുബൂബിയ്യത്ത് മാത്രം അംഗീകരിക്കുക. തര്‍ക്കശാസ്ത്രക്കാരുടെ ശൈലിയില്‍ സത്യവിശ്വാസം, ദൈവവിധി, പ്രവാചകത്വം എന്നിവയെ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുന്ന അശ്അരികള്‍ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅയുമായി യോജിക്കുന്നില്ല. സത്യം മനസ്സിലാക്കിയ ഒട്ടേറെ പണ്ഡിതന്മാര്‍ അശ്അരീ ത്വരീഖത്ത് വിട്ട് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ പാത സ്വീകരിച്ചിട്ടുണ്ട്.
”എന്റെ സമുദായത്തില്‍ നിന്ന് ഒരു ചെറുസംഘം സത്യത്തിന്റെ പ്രയോക്താക്കളായി ലോകാവസാനം വരെ നിലകൊള്ളും” എന്ന പ്രവാചക വചനം അന്വര്‍ഥമാക്കുന്നത് ആരാണോ അവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ. അവര്‍ ഒരു ചെറിയ ന്യൂനപക്ഷമായിരിക്കാം. എങ്കിലും പ്രവാചകന്റെ മംഗളാശീര്‍വാദങ്ങള്‍ അവര്‍ക്കാണനുഭവപ്പെടുക. അനിസ്‌ലാമികത്വവും പൈശാചികത്വവും വെച്ചുപുലര്‍ത്തുന്നതോടൊപ്പം ഞങ്ങളാണ് അഹ്‌ലുസ്സുന്നത്തുകാരെന്ന് പറയുന്നവര്‍ ഈ മഹത്തായ ആശയത്തെ അട്ടിമറിച്ചവരാണ്.