ജന്തുജാലങ്ങള്‍ക്കും അവകാശങ്ങളുണ്ട്

488 views
Skip to first unread message

asas foundation

unread,
Oct 3, 2015, 3:00:59 AM10/3/15
to ii...@googlegroups.com
ജന്തുജാലങ്ങള്‍ക്കും അവകാശങ്ങളുണ്ട്
ജാബിര്‍ അമാനി

ജൈവസാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ് ദൃശ്യപ്രപഞ്ചം. ജൈവചാക്രികതയുടെ ഭാഗമാണ് ഈ വൈവിധ്യം. രൂപവും ജീവിതശൈലിയും ധര്‍മവും ഘടനയും വെവ്വേറെയാണെങ്കിലും അവയെല്ലാം ഒരുമിക്കുന്ന ഘടകങ്ങളുമുണ്ട്. അവ സ്രഷ്ടാവിനോടുള്ള വിധേയത്വവും വഴിപ്പെടലും, സ്‌തോത്രകീര്‍ത്തനങ്ങള്‍, സാമൂഹിക ജീവിതക്രമവും സംവിധാനങ്ങളും എന്നിങ്ങനെ പരിഗണിക്കാം. മനുഷ്യനും ഇതര ജീവജാലങ്ങള്‍ക്കും ഖുര്‍ആന്‍ ദാബ്ബത്ത് എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത് (2:164, 11:6, 46:29, 45:4). ജൈവസന്തുലിതാവസ്ഥയും പാരസ്പര്യവും നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് മനുഷ്യര്‍ക്കായി സൃഷ്ടിച്ചിട്ടുള്ള ഇതര ജീവജാതികളിലുള്ളത് (വി.ഖു 55:10, 2:29). സ്രഷ്ടാവിന്റെ അസ്തിത്വത്തെയും അജയ്യമായ സംവിധാനങ്ങളെയും കണ്ടെത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതും ലക്ഷ്യമത്രെ. 

”അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനക്ക്) വിധേയമായിക്കൊണ്ട് പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്”(വി.ഖു.16:79). ഒട്ടകത്തിന്റെ ദൃഷ്ടാന്തങ്ങളെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട് (വി.ഖു 88:17). ഭക്ഷണം, വാഹനം, അലങ്കാരം എന്നീ ഉദ്ദേശ്യത്തോടെയും മനുഷ്യര്‍ ജീവികളെ പരിഗണിക്കുന്നു. ”കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്) തിരിച്ചുകൊണ്ടുവരുന്ന സമയത്തും നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൗതുകമുണ്ട്. ശാരീരിക ക്ലേശത്തോടുകൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ചുകൊണ്ട് പോവുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. കുതിരകളെയും കോവര്‍ കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അവയെ നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കാനും അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.” (വി.ഖു 16:5-8) വിശുദ്ധ ഖുര്‍ആനിന്റെ അധ്യായനാമങ്ങളായി ജീവികളുടെ പേരുകള്‍ ചേര്‍ത്തിരിക്കുന്നത്, അവ ഒരു സൃഷ്ടിയെന്ന പരിഗണനയും ആദരവും അര്‍ഹിക്കുന്നതിനെ ബോധ്യപ്പെടുത്തുന്നുവെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

പ്രളയത്തില്‍ നിന്ന് രക്ഷനേടാനായി നൂഹ്‌നബിക്ക് നല്‍കിയ നിര്‍ദേശത്തില്‍, ജീവികളില്‍ നിന്ന് ഒരോ ജോഡി ഇണകളെ കപ്പലില്‍ കയറ്റാനുള്ള നിര്‍ദേശവും (വി.ഖു 11:40) പ്രകൃതിയിലെ വിഭവ വിന്യാസത്തില്‍ ജീവികളെക്കൂടി പരിഗണിക്കുന്നുവെന്ന അധ്യാപനങ്ങളും (വി.ഖു 11:6, 15:20) അത്യത്ഭുതകരമായ സൃഷ്ടിവൈഭവം പ്രകടമാക്കുന്ന, തേനീച്ച, ബീവര്‍, ആരല്‍ മത്സ്യങ്ങള്‍, ആര്‍ട്ടിക് ടേണ്‍ പക്ഷികള്‍, ഒട്ടകം, ഉറുമ്പ് തുടങ്ങിയ ജീവികളെക്കുറിച്ച പ്രത്യക്ഷവും പരോക്ഷവുമായ ദൈവിക നിര്‍ദേശങ്ങളും ഈ യാഥാര്‍ഥ്യം ഒന്നുകൂടി ശക്തിപ്പെടുത്തുന്നു. ഇത്തരം നിയമവ്യവസ്ഥകളിലും ആദരവുകൡലും മാനദണ്ഡമാക്കുന്നത് മനുഷ്യന്റെ സൈ്വരജീവിതത്തിലെ ഗുണദോഷങ്ങളാണ്. മാനുഷികത, പരിസ്ഥിതി പരിപാലനം തുടങ്ങിയ വികാരതലമാണ് മിക്ക സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കുന്നത്. എന്നാല്‍ ജന്തുക്കളോടുള്ള മനുഷ്യന്റെ കടമയും കര്‍ത്തവ്യങ്ങളും വിശ്വാസത്തിന്റെയും ആരാധനകളുടെയും ഭാഗമായിട്ടുകൂടിയാണ് ഇസ്‌ലാം പരിരക്ഷിച്ചുപോന്നിട്ടുള്ളത്. ഒരു വിശ്വാസിക്ക് സൗകര്യംപോലെ സ്വന്തം ഇഷ്ടാനിഷ്ടമനുസരിച്ച് കൈകാര്യം ചെയ്യുന്ന ഒരു ജീവിയായിട്ടല്ല ആട്, മാട്, ഒട്ടകങ്ങളെ പ്രത്യേകമായി ഇസ്‌ലാം കാണുന്നത്. മറിച്ച്, തന്റെ അമാനത്തിന്റെ ഭാഗമായി പരിഗണിക്കാന്‍ മതം വിശ്വാസിയോട് ആഹ്വാനം ചെയ്യുന്നു. ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ അപാകതകള്‍ക്ക് ശിക്ഷയും നിര്‍ദേശിക്കുന്നു. 

ജീവികള്‍ ഒരു സമൂഹമാണ് മനുഷ്യനെപ്പോലെ ഒരു ജൈവസമൂഹമായാണ് ജീവജാലങ്ങളെ ഇസ്‌ലാം കാണുന്നത്. ”ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ടു ചിറകുകളില്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു.” (വി.ഖു 6:38) മൃഗങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍, പ്രാണികള്‍, മത്സ്യങ്ങള്‍ തുടങ്ങിയ ജൈവലോകം ഒരു സാമൂഹ്യജീവിതക്രമം പ്രകടമാക്കുന്നുവെന്നത് ശാസ്ത്രം തെളിയിച്ചിട്ടുള്ള വസ്തുതയാണ്. ഉറുമ്പ്, തേനീച്ച, ചില പക്ഷികള്‍ എന്നീ ജീവികള്‍ വളരെ വ്യവസ്ഥാപിതമായ ‘സാമൂഹികവ്യവസ്ഥ’ പാലിക്കുന്നവയാണ്. 

‘മനുഷ്യന്റെ സാമൂഹ്യവര്‍ത്തനങ്ങളെയും ജീവിതക്രമങ്ങളെയും പോലെ തന്നെ ഇതര ജീവിവര്‍ഗങ്ങളെയും പരിഗണിക്കണമെന്ന ദൈവിക ആഹ്വാനം തന്നെ, ഇസ്‌ലാമിന്റെ ജന്തുലോകത്തോടുള്ള വീക്ഷണത്തിന്റെ ഗൗരവവും മഹത്വവും ബോധ്യപ്പെടുത്തുന്നു. മനുഷ്യര്‍ പരസ്പരം പാലിച്ചുപോരുന്ന സാമൂഹിക സുരക്ഷയുടെ അടയാളങ്ങളെയും സാമൂഹ്യവികാരങ്ങളെയും ഒരു അളവോളം ഇതര ജീവിവര്‍ഗങ്ങളിലേക്ക് പ്രകടമാക്കിയിരിക്കണമെന്ന സന്ദേശവും ഈ വചനം നമ്മെ അറിയിക്കുന്നുണ്ട്” (സംഗ്രഹം സയ്യിദ് ഖുതുബ്, ഫീ ദ്വിലാലില്‍ ഖുര്‍ആന്‍) ഭക്ഷണം നല്‍കല്‍ സാമൂഹ്യജീവിതത്തിലെ പ്രധാനമേഖലയാണ് ഭക്ഷണസമ്പാദനവും അനുബന്ധ കാര്യങ്ങളും. 

മൃഗങ്ങളില്‍ നമുക്ക് ഭക്ഷണമായി നിശ്ചയിച്ചുതന്നതും അനുവദനീയമായവയുമാണ് ആടുമാടൊട്ടകങ്ങള്‍. അവര്‍ക്കും നമുക്കും ഉപജീവനം നല്‍കുന്നത് സ്രഷ്ടാവാണ് (11:6, 51:58, 15:1921). മനുഷ്യനൊഴികെയുള്ള ജീവികള്‍, ഒന്ന് മറ്റൊന്നിന്റെ ഭക്ഷണമായവയും ഉണ്ട്. നമുക്ക് ഭക്ഷണം നല്‍കുന്നവന്‍ (റാസിഖ്) അല്ലാഹുവാണ്. അവയുടെ ഭക്ഷണം നാം തടസ്സപ്പെടുത്താന്‍ പാടില്ല (54:23-30). അത് ശിക്ഷാര്‍ഹമാണ് (വി.ഖു 7:73, 11:64). ജീവിവര്‍ഗങ്ങളില്‍ പലതും നമ്മുടെ ആഹാരവസ്തുക്കളാണ്. അവയോട് കരുണാവിരുദ്ധമായ ഒരു സമീപനം സ്വീകരിക്കുകയെന്നത് അന്നം തരുന്ന കൈ വെട്ടലല്ലേ? ജീവികളെ മഹത്വവത്കരിക്കുകയല്ല. മനുഷ്യജീവിതത്തിന്റെ ആരോഗ്യത്തിന് ആധാരമായി വര്‍ത്തിക്കുന്നവയെ ‘മിണ്ടാപ്രാണികള്‍’ എന്ന നിലയ്ക്ക് വരിഞ്ഞുമുറുക്കി വാഹനങ്ങളില്‍ കുത്തിനിറച്ച് അറവുശാലകളിലേക്കുള്ള ചരക്കായി തള്ളുന്നത് എന്തുമാത്രം ക്രൂരതയാണ്! 

ഇതരജീവജാലങ്ങളുടെ കാര്യത്തില്‍ വിചാരണ നേരിടേണ്ടിവരുമെന്ന ശക്തമായ താക്കീത് പ്രവാചകവചനങ്ങളില്‍ വ്യക്തമാണ്. നമ്മുടെ ഉത്തരവാദിത്വത്തിലും ശ്രദ്ധയിലും ഉള്ള ജീവികളുടെ ഭക്ഷണം നമ്മുടെ ബാധ്യതയായി നിശ്ചയിച്ചിട്ടുണ്ട് (ശറഹുന്നവവിയ്യ 2:237). സഹ്‌ലുബ്‌നു ഹന്‍ദലിയ്യയില്‍ നിന്ന് റിപ്പോര്‍ട്ട്: ഒരിക്കല്‍ പ്രവാചകന്‍(സ) വിശന്ന് വയറൊട്ടിയ ഒരു ഒട്ടകത്തിന്റെ സമീപത്തുകൂടി നടക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ അറിയിച്ചു: ”സംസാരശേഷിയില്ലാത്ത ഈ മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അവയ്ക്ക് ആരോഗ്യമുള്ളപ്പോള്‍ നിങ്ങള്‍ അവയെ സവാരിക്കും ഭക്ഷണത്തിനും ഉപയോഗിക്കുക.” (അബൂദാവൂദ്, അഹ്മദ്, ഇബ്‌നുഹിബ്ബാന്‍). ജീവജാലങ്ങള്‍ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ അവയുടെ ദാഹവും വിശപ്പും പരിഹരിക്കാനുള്ള ജാഗ്രത, ഇസ്‌ലാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു. (ഔനുല്‍മഅ്ബൂദ് 7/158) അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ പറയുന്നു: നബി(സ) ഒരിക്കല്‍ ഒരു അന്‍സാരിയുടെ തോട്ടത്തില്‍ പ്രവേശിച്ചു. പ്രവാചകനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഒട്ടകം, (വേദനയോടെ) കണ്ണില്‍ വെള്ളം നിറച്ച് ഞരക്കം പ്രകടിപ്പിച്ചു. നബി(സ) അതിനടുത്തേക്ക് ചെന്ന് അതിന്റെ കണ്ണുനീര്‍ തുടച്ച് അതിനെ തടവി. എന്നിട്ട് ചോദിച്ചു: ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍? അന്‍സാരികളില്‍പ്പെട്ട ഒരു യുവാവ് വന്നിട്ട് പറഞ്ഞു: പ്രവാചകരേ, ആ ഒട്ടകം എന്റേതാണ്. ഉടനെ പ്രവാചകന്‍ ചോദിച്ചു: താങ്കളുടെ അധീനതയിലുള്ള ഈ മൃഗത്തിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കുന്നില്ലേ? താങ്കള്‍ അതിനെ പട്ടിണിക്കിട്ടതായും (അധ്വാനഭാരത്താല്‍) തളര്‍ത്തിയതായും അതെന്നോട് പരാതിപ്പെട്ടിരിക്കുന്നു. (അഹ്മദ്, അബൂദാവൂദ്, മുഗ്‌നി:318) മക്കാ വിജയവേളയില്‍ വഴിയില്‍ ഒരു പട്ടി പ്രസവിച്ചുകിടക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍ പെട്ടു. ഈ സമയം നബി(സ) തന്റെ അനുചരനായ ജുലൈലിനെ അതിന് കാവല്‍ നിര്‍ത്തുകയുണ്ടായി. കാരണം നബി(സ)ക്കു പിറകില്‍ ധാരാളം ആളുകള്‍ മക്കയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. (മുഗ്‌നി). പ്രവാചകന്റെ അനുചരന്മാര്‍ ജീവികളുടെ ക്ഷേമകാര്യങ്ങളില്‍ അതീവ തല്പരരും വിചാരണയെ ഭയപ്പെട്ട് ബാധ്യതാ നിര്‍വഹണത്തില്‍ ജാഗ്രത പാലിക്കുന്നവരുമായിരുന്നു. പച്ച കരളുള്ള ഒരു ജീവിയെയും ഉപദ്രവിക്കാതെ കാരുണ്യത്തിന്റെ മകുടോദാഹരണമായി വര്‍ത്തിക്കാന്‍ ശ്രദ്ധിച്ചവരായിരുന്നു. സ്വഹാബിയായിരുന്ന അബുദ്ദര്‍ദാഅ്(റ) തന്റെ ഒട്ടകത്തോട് ഇങ്ങനെ പറഞ്ഞു: ”അല്ലയോ ഒട്ടകമേ… നീ നിന്റെ നാഥന്റെ അടുക്കല്‍ എന്റെ ശത്രുവാകരുത്. നിന്റെ കഴിവിനപ്പുറം ഞാന്‍ നിന്നെ ഭാരം വഹിപ്പിച്ചിട്ടില്ല.” 

‘ഉറുമ്പുകള്‍ തന്റെ അയല്‍വാസികളാണെന്നും അതിനാല്‍ അവയുടെ കാര്യത്തില്‍ എനിക്ക് ബാധ്യതയുണ്ടെന്നും’ പ്രഖ്യാപിച്ച അദിയ്യ്ബ്‌നു ഹാതിം(റ) ഉറുമ്പുകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്കാറുണ്ടായിരുന്നു. യൂഫ്രട്ടീസ് താഴ്‌വരയിലെവിടെയെങ്കിലും ഒരു ഒട്ടകം ഭക്ഷണം കിട്ടാതിരിക്കുന്നത്, നാളെ പരലോകത്ത് തന്നെ വിചാരണ ചെയ്യുന്ന കാര്യമായിരിക്കുമെന്ന തിരിച്ചറിവോടെ ജീവികളോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ ജീവിത മാതൃകയാണ് രണ്ടാം ഖലീഫ ഉമറിന്റേത്(റ).

സംരക്ഷണ ബാധ്യതകള്‍ അകാരണമായി ഒരു ജീവി പോലും ഉപദ്രവിക്കപ്പെടരുതെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ ജീവനും സ്വത്തും പവിത്രമാണ്. അവ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യവും മനുഷ്യാവകാശവുമാണ്. സ്വയം സുരക്ഷ അവകാശമായി അംഗീകരിക്കുന്ന മനുഷ്യന്‍ ഇതര ജീവി വര്‍ഗങ്ങളുടെ സുരക്ഷയും സംരക്ഷണവും ബാധ്യതയായി അംഗീകരിക്കുമ്പോള്‍ മാത്രമേ ‘പാരിസ്ഥിതിക സന്തുലിതാവസ്ഥ’ പക്വമായിത്തീരുകയുള്ളൂ. അക്രമവും അനീതിയും വെടിയുകയെന്നത് ജൈവ ലോകത്ത് മുഴുക്കെ പ്രകടമാവേണ്ടതാണ്. സഹജീവികളോടു മാത്രമല്ല. ഓരോ വസ്തുവിനും അല്ലാഹു കൃത്യമായ രൂപവും പ്രകൃതവും നല്കുന്നുണ്ട് (വി.ഖു 87:1-5). പ്രസ്തുത സൃഷ്ടി പ്രകൃതിയെ തകര്‍ക്കാനും നശിപ്പിക്കാനും പാടില്ലാത്തതാണ്. 

ജാഹിലിയ്യ കാലത്തെ അറബികളിലും ഇന്ന് ചില രാജ്യങ്ങളിലും ദൈവങ്ങള്‍ക്ക് (?) നേര്‍ച്ചയാക്കിയ മൃഗങ്ങളെ പല തരത്തിലുള്ള അംഗവിഛേദങ്ങളും കീറി മുറിക്കലുകളും നടത്തുന്നത് കാണാം. ആത്മീയതയുടെയും മോക്ഷത്തിന്റെയും പേരില്‍ കഠിനമായ പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും നേര്‍ച്ചമൃഗങ്ങള്‍ ഇരയാക്കപ്പെടാറുണ്ട്. പൂര്‍വികരില്‍ കണ്ടിരുന്ന പൈശാചികമായ ഇത്തരം കാര്യങ്ങളെ ഖുര്‍ആന്‍ ആക്ഷേപിച്ചിട്ടുണ്ട്. ”അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി. നിന്റെ ദാസന്മാരില്‍ നിന്ന് ഒരു നിശ്ചിതവിഹിതം (എന്റേതായി) ഞാനുണ്ടാക്കിത്തീര്‍ക്കുന്നതാണ്. അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി)യെ അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.” (വി.ഖു 4:118-119) മൃഗങ്ങളില്‍ നിന്ന് അല്ലാഹു മനുഷ്യര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹന സൗകര്യം, ഭക്ഷണം, കൃഷിയാവശ്യങ്ങള്‍, സൗന്ദര്യകാര്യങ്ങള്‍ എന്നിവയൊഴികെ ഉപയോഗപ്പെടുത്തുന്നത് തെറ്റായ കാര്യവും ‘പ്രകൃതിയെ’ തകര്‍ക്കുന്ന രീതിയുമാണെന്ന് ഇമാം ഖുര്‍തുബി അഭിപ്രായപ്പെട്ടിട്ടുണ്ട്. (5:389) ജീവജാലങ്ങളുടെ ജീവന്റെ സംരക്ഷണവും അവയുടെ പ്രകൃതസുരക്ഷയുമായും ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്. തേനീച്ച, ഉറുമ്പ്, കുരുവി എന്നിവയെ കൊല്ലരുത് (അബൂദാവൂദ് 5247). ജീവനുള്ളവയില്‍ നിന്ന് അവയവങ്ങള്‍ മുറിച്ചെടുക്കരുത്. അറവ് നിര്‍വഹിക്കുന്ന സമയത്ത് പോലും തൊട്ടു മുമ്പായി ഇത്തരം ചെയ്തികള്‍ പാടില്ല. ചാപ്പകുത്തി മുദ്രവെക്കുന്നതിനെ പ്രവാചകന്‍ ശപിച്ചിട്ടുണ്ട് (മുസ്‌ലിം 5672, 5281) അല്ലാഹു നിശ്ചയിച്ച പ്രകൃതിക്ക് വരുത്തുന്ന മാറ്റമാണ് ഇതെന്നതിനാല്‍ അത് നിരോധത്തിന്റെ പരിധിയില്‍ വരുമെന്ന് പണ്ഡിതാഭിപ്രായം ഉണ്ട്. (റൗളുല്‍ മര്‍ബഅ് 3:245). അസ്ത്രപ്രയോഗം, വെടിവെപ്പ് എന്നിവയുടെ പരിശീലന ഉദ്ദേശ്യത്തിലോ അല്ലാതെയോ ഒരു ജീവിയെ ഉന്നം വെച്ച് കൊല്ലുന്നതിനെയും പ്രവാചകന്‍(സ) എതിര്‍ത്തിട്ടുണ്ട്. ”ജീവനുള്ളതിനെ ഉന്നം വെക്കുന്നതിനെ നബി(സ) ശപിച്ചിരിക്കുന്നു.” (മുസ്‌ലിം 5171, സുബ്‌ലുസ്സലാം 6/289). അല്ലാഹു ആദരിച്ച ഒരു ജീവിയെയും അന്യായമായി വധിക്കാന്‍ പാടില്ല (വി.ഖു 6:151, 17:33). ”അകാരണമായി – വിനോദത്തിനോ അലക്ഷ്യമായോ കൊല്ലപ്പെട്ട ഒരു കുരുവി പരലോകത്ത് തന്റെ രക്ഷിതാവിനോട് പരാതി ബോധിപ്പിക്കുമെന്ന്” പ്രവാചകന്‍ പറഞ്ഞു. (ബുഖാരി) ജീവികളെ അംഗഭംഗം വരുത്താവതല്ല. അത്തരം പ്രവൃത്തികള്‍ പരലോകത്ത് നമ്മെ അംഗഭംഗം വരുത്താന്‍ കാരണമാകും. (അഹ്മദ്) ചില ജീവികളെ വാഹനമായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വഹിക്കാവുന്ന ഭാരം മാത്രമേ വഹിപ്പിക്കാവൂ. അത്തരം സന്ദര്‍ഭങ്ങളില്‍ ധാരാളം ഭക്ഷണവും വിശ്രമവും പ്രദാനം ചെയ്തിരിക്കണം (അബൂദാവൂദ് 2561) (വി.ഖു 16:8). ജീവികള്‍ അവയുടെ സ്വച്ഛന്ദമായ പ്രകൃതിയില്‍ നമുക്ക് അലങ്കാരമായി ഉപയോഗിക്കാം (വി.ഖു 16:5-6, 16:8). എന്നാല്‍ സൃഷ്ടിപ്രകൃതിക്ക് വ്യത്യാസം വരുത്തി അലങ്കാരത്തിന് മാത്രമായി അവയെ നശിപ്പിച്ചുകൂടാ. പുള്ളിപ്പുലിയുടെ തോലില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് പ്രവാചകന്‍ വിലക്കിയത് കാണാം. (അബൂദാവൂദ് 4117). മൃഗങ്ങളെ മത്സരത്തിനായി പോരടിപ്പിക്കുന്നത് ചില രാജ്യങ്ങളില്‍ കാണാം. ഇത്തരം രീതികളെ പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. (തിര്‍മിദി). ജീവികളുടെ പ്രകൃതം സൈ്വരവിഹാരമാണ്. എന്നാല്‍ അവയ്ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും നല്കി അവയെ ഉടമപ്പെടുത്തുന്നത് കുറ്റകരമല്ല. ജീവികളില്‍ ഇണങ്ങുന്നവയും അല്ലാത്തവയും ഉണ്ടാവാം. 

പക്ഷികളെ കൂട്ടിലടച്ച് ഭക്ഷണവും സഞ്ചാരവും തടസ്സപ്പെടുത്തുന്നതും കുഞ്ഞുങ്ങളെ തള്ളപ്പക്ഷികളില്‍ നിന്ന് അടര്‍ത്തുന്നതും തിന്മയായി ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം യാത്രയിലായിരിക്കെ ഒരു അടക്കാക്കിളിയുടെ രണ്ട് കുഞ്ഞുങ്ങളെ കൈയിലെടുത്തു. തള്ളപ്പക്ഷി ചിറകിട്ടടിക്കുന്നത് പിന്നീട് പ്രവാചകന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍, ”അതിന്റെ കുഞ്ഞുങ്ങളെ തിരിച്ച് നല്കൂ എന്നാവശ്യപ്പെട്ടു.” (അബൂദാവൂദ്). പ്രത്യുത്പാദനം ജൈവലോകത്തിന്റെ പ്രത്യേകതയാണ്. ഓരോ ജീവിക്കും അതിന്റെ ‘സ്വകാര്യത’കളുണ്ടാവാം. ഇണ ചേരുന്ന സന്ദര്‍ഭം ജൈവ ബാധ്യതയുടെ മഹോന്നത ധര്‍മ നിര്‍വഹണമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവികളെ ഉപദ്രവിക്കുന്നതും ഇണകളില്‍ നിന്ന് ജീവികളെ അകറ്റുന്നതും ലൈംഗികശേഷിയെ നശിപ്പിക്കുന്നതും കൊടും പാതകമാണ്. ഹീനവും നിന്ദ്യവുമാണ്. ഉപദ്രവകരമായതും ഭാരമേറിയതുമായ ലാഡം /ജീനി ഉപയോഗിക്കുന്നതിനെ ഉമറിബ്‌നു അബ്ദുല്‍ അസീസ് നിരോധിച്ചിരുന്നു. അദ്ദേഹം ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്ന ഭാരത്തിന് പരിധി നിശ്ചയിക്കുകയും അവയ്ക്ക് ആശ്വാസം നല്കുന്നവനാണ് യഥാര്‍ഥ ഭരണാധികാരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രവാചകന്റെ കാലത്ത് മദീനയിലെ ‘അയിര്‍’, ‘തൗര്‍’ പ്രദേശങ്ങള്‍ മൃഗസംരക്ഷണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്നു. ഉമറിന്റെ(റ) കാലത്ത് അവശതകളും വാര്‍ധക്യവും ഉള്ള ജീവികളുടെ ചികിത്സക്കും സംരക്ഷണത്തിനുമായി ദമസ്‌കസില്‍ ‘അല്‍മര്‍ജൂല്‍ അഖ്തൂര്‍’ എന്ന പേരില്‍ സ്ഥലം നിശ്ചയിച്ചതും ഇസ്‌ലാമിക നാഗരികതയുടെ മഹനീയ മാതൃകകളാണ്. (ഡോ. മുസ്തഫാ സിബാഇ, മിന്‍ റവായിഇ ഹളറാത്തിനാ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചത്) ഇസ്‌ലാം പഠിപ്പിച്ച ചരിത്രത്തില്‍ ശോഭിച്ചുനിന്ന അടയാളങ്ങളുടെയും മാതൃകകളാണ് വര്‍ത്തമാനലോകം തേടുന്നത്. ജന്തുക്കളുടെ അവകാശങ്ങളും നിര്‍വഹണവും വിശ്വാസത്തിന്റെ താല്പര്യമായി പഠിപ്പിച്ച പ്രവാചകന്റെ(സ) അധ്യാപനങ്ങള്‍ ഇസ്‌ലാമിന്റെ കാരുണ്യ ബോധത്തിന്റെ ഉത്തമ നിദര്‍ശനമത്രെ. 
Reply all
Reply to author
Forward
0 new messages