അങ്ങനെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യാരാജ്യത്തിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം കുറിച്ചിട്ടു. രാജ്യത്തിന്റെ നട്ടെല്ലായ കറന്‍സിയെ വളരെ പെട്ടെന്ന് രാക്ക് രാമാനം മരവിപ്പിച്ചുകൊണ്ടായിരുന്നു അത്. അതാകട്ടെ ജനജീവിതം തെല്ലൊന്നുമല്ല ദുസ്സഹമാക്കിയതും. നേരം പരപരാ വെളുക്കും മുമ്പേ അസാധുവാക്കപ്പെട്ട നോട്ടു കെട്ടുകളുമായി ബാങ്കിലേക്ക് നെട്ടോട്ടമോടേണ്ട ഗതികേടിലാണവര്‍. ജാതി, മത, ദേശ, ഭാഷ, അവര്‍ണ, സവര്‍ണ, തൊഴിലാളി, മുതലാളി, ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ. യാനഫ്‌സീ, എന്റെ കറന്‍സി എന്നും പറഞ്ഞുകൊണ്ട് കൈക്ക് ചാപ്പകുത്തി തിരിച്ചു മടങ്ങുമ്പോള്‍ കൈയിലണയുന്നതോ വളരെ തുച്ഛമായ തുക. അതാകട്ടെ എല്ലാവര്‍ക്കും തുല്യ അളവില്‍.
മാവേലി നാട് വാണിടും
കാലം
മാനുജരെല്ലാരുമൊന്നു
പോലെ
എന്നത് അര്‍ഥവത്താക്കിക്കൊണ്ട് കൂട്ടത്തില്‍ അന്നന്നത്തെ അരി വാങ്ങേണ്ടവനും, മക്കളെ കെട്ടിച്ചയയ്‌ക്കേണ്ടവനും, ഭാര്യയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിക്കേണ്ടവനും എല്ലാം ഉള്‍പ്പെടും.
എല്ലാവരും ഉള്ളതുകൊണ്ട് ഓണമാക്കി ഒപ്പിച്ചോളണം. അങ്ങനെയാണ് പുതിയ ഭരണ രീതിശാസ്ത്രത്തിലെ സന്തുലനം പോലും.
എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ്.
മാളിക മുകളേറിയ
മന്നന്റെ തോളില്‍ മാറാപ്പു
കേറ്റുന്നതും ഭവാന്‍
രണ്ട് നാല് ദിനം കൊണ്ടൊ
രുത്തനെ തണ്ടിലേറ്റി
നടത്തുന്നതും ഭവാന്‍
എന്നുള്ളത് മലയാളി ഇപ്പോള്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞു. ആകെക്കൂടി ഒരു ആശ്വാസമുള്ളത് ഒന്ന് മാത്രമാണ്. ‘ക്ഷമിക്കിന്‍ ജനങ്ങളെ, ഒരു ആറ് മാസം കാത്തിരിക്കിന്‍ എന്നാല്‍ എല്ലാം നേരെയാവു’മെന്ന പ്രധാനമന്ത്രിയുടെ
അരുളപ്പാട്. ശരിയാകുമായിരിക്കാം. ഇതിന് മുമ്പും ഈ രാജ്യത്തെ എത്ര പേര് അങ്ങനെ ശരിയാക്കിയതാണ്.
കള്ളപ്പണക്കാരെ പിടിക്കാനാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പക്ഷേ, കഷ്ടപ്പെട്ടതോ കള്ളപ്പണക്കാരായിരുന്നില്ല. മുണ്ട് മുറുക്കിയുടുത്തും വറ്റ് കഞ്ഞി ഊറ്റിക്കുടിച്ചും പാവം പെണ്ണുങ്ങള്‍ ശേഖരിച്ചുവെച്ച അല്പം നോട്ട് കെട്ടുകള്‍ എല്ലാം എണ്ണിപ്പെറുക്കി അവര്‍ക്ക് ആണുങ്ങളുടെ മുമ്പില്‍ വെച്ചുകൊടുക്കേണ്ടി വന്നത് എത്ര നെഞ്ചിടിപ്പോടെയാണ്. പോരെങ്കില്‍ നാണക്കേട് ബാക്കിയും. ഇനിയുള്ള കാലം ആണുങ്ങളുണ്ടോ അവരെ വിശ്വസിക്കുന്നു. എല്ലാം ഒരു മറിമായം. പേക്കിനാവ് കണ്ടതുപോലെ!!
എന്തായാലും ഒരു യഥാര്‍ഥ ഇസ്‌ലാംമത വിശ്വാസിക്ക് ഈ ദുരനുഭവങ്ങളില്‍ നിന്നുമുണ്ടാകും വായിച്ചെടുക്കാന്‍ ചില ഗുണപാഠങ്ങള്‍. നാളെ വരാനിരിക്കുന്ന ഇതിനേക്കാള്‍ എത്രയോ ഭയാനകമായ ഒരു നിസ്സഹായാവസ്ഥയെക്കുറിച്ചാണത്.
പരലോകം അഥവാ മഹ്ശറിലെ വിചാരണ. അന്ന് ഇതുപോലെ മൂല്യം നഷ്ടപ്പെട്ട ഒരു കൂട്ടം അമലിന്റെ കെട്ടുകളുമായിട്ട് അവന്‍ നെട്ടോട്ടമോടേണ്ടി വരുന്ന ദുരവസ്ഥ അതെത്ര പരിതാപകരമായിരിക്കും!
അന്ത്യനാളിലെ വിചാരണ അതേക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലായി ഓര്‍മപ്പെടുത്തുന്നുണ്ട്.
‘നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതായ) ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ)
യും ഇടയില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചുപോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹു തന്റെ ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു. (വി.ഖു 3:30). പരലോക വിചാരണയെക്കുറിച്ചുള്ള ഗൗരവമാണ് ഖുര്‍ആന്‍ ഇവിടെ
വരച്ചിടുന്നത്.
അന്ന് ഓരോ വ്യക്തിയുടെയും കണ്‍മുമ്പില്‍ സ്വന്തം കര്‍മങ്ങളും അവയുടെ ധാര്‍മിക ഫലങ്ങളും സുവ്യക്തമാകും. സല്‍കര്‍മങ്ങള്‍ക്ക് സത്ഫലങ്ങള്‍. ദുഷ്‌കര്‍മങ്ങള്‍ക്ക് ദുഷ്ഫലങ്ങള്‍. അല്ലാഹുവിന്റെ ശിക്ഷയില്‍
നിന്ന് രക്ഷപ്പെടാന്‍ ജീവിതത്തിലുണ്ടായിരിക്കേണ്ട ജാഗ്രത. അതേ സമയം അല്ലാഹുവിന്റെ ദയാദാക്ഷിണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ ഈ രണ്ട് അനുഗ്രഹങ്ങളും സ്വീകരിച്ച് സ്വര്‍ഗസ്ഥാനത്തിന് അര്‍ഹനാകുക. അതിനെയെല്ലാം ധിക്കരിച്ച് പരോക്ഷവും പരസ്യവുമായ പാപം ചെയ്ത് നരകശിക്ഷ ഏറ്റുവാങ്ങാതിരിക്കുക.
ഇതാണ് മനുഷ്യധര്‍മമെന്ന് പഠിപ്പിക്കുകയാണവിടെ വിശുദ്ധ വേദവാക്യങ്ങള്‍ ചെയ്യുന്നത്.
പ്രവാചക പത്‌നി ആഇശ(റ) ഒരിക്കല്‍ ഒറ്റക്കിരുന്ന് കരയുകയാണ്. തിരുമേനി(സ) ചോദിച്ചു: ആഇശാ, എന്തിനാണ് നീ കരയുന്നത്. ആഇശ(റ) മറുപടി നല്കി: അല്ലാഹുവിന്റെ റസൂലേ നരകത്തെക്കുറിച്ചോര്‍ത്താണ് ഞാന്‍
കരഞ്ഞത്. അന്ത്യനാളില്‍ അങ്ങ് അങ്ങയുടെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമോ? തിരുമേനി(സ)യുടെ മറുപടി. ആഇശാ, മൂന്ന് സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെക്കുറിച്ച് ഓര്‍ക്കുകയില്ല. ഒന്ന്, നന്മതിന്മകള്‍ തൂക്കിക്കണക്കാക്കുന്ന തുലാസിനടുത്തുവെച്ച്. ആ സമയം തന്റെ തുലാസില്‍ ഘനം
തൂങ്ങുന്നത് നന്മയാണോ തിന്മയാണോ എന്ന് ആശങ്കയിലായിരിക്കുമവന്‍. മറ്റൊന്ന് കര്‍മപുസ്തകങ്ങള്‍ കൈയില്‍ കിട്ടുമ്പോഴാണ്. വലതു കൈയിലോ ഇടത് കൈയിലോ അത് കിട്ടുക എന്നതായിരിക്കും അപ്പോഴത്തെ അവന്റെ ഭയപ്പാട്. വേറൊന്ന് നരകത്തിന് അഭിമുഖമായ പാലം കടന്നുപോകേണ്ടിവരുമ്പോഴാണ്. (അബൂദാവൂദ്).
‘ഉപ്പയുടെ കരളിന്റെ ഭാഗമായ മോളേ, ഫാത്തിമാ, ഉപ്പയുടെ പക്കല്‍ സ്വത്തുണ്ടെങ്കില്‍ മോള്‍ക്ക് തരാന്‍ ഉപ്പ തയ്യാറായിരിക്കും. പക്ഷേ, നരകത്തീയില്‍ നിന്ന് നിന്റെ തടി നീ തന്നെ കാത്തുകൊള്ളണം. അവിടെ
നിന്നെ സഹായിക്കാന്‍ ഉപ്പക്ക് സാധിച്ചുകൊള്ളണമെന്നില്ല’. എന്ന് മറ്റൊരവസരത്തില്‍ മക്കയിലെ സഫാ താഴ്‌വരയില്‍ വെച്ച് തിരുമേനി(സ) മകള്‍ ഫാത്തിമയെ ഉപദേശിക്കുകയുണ്ടായി.
നെഞ്ച് തകര്‍ത്ത് ഹൃദയങ്ങളോളം ആളിക്കത്തുന്ന നരകത്തീനാളങ്ങള്‍. നിഷ്‌ക്കരുണം ശിക്ഷ നടപ്പില്‍ വരുത്തുന്ന മാലാഖമാര്‍. അതിനിടയില്‍ ഓടിയകലനാവാതെ നിസ്സഹായരായ മനുഷ്യര്‍. ഇതായിരിക്കും പലര്‍ക്കും
പരലോകം.
‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും അതിശക്തരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പിച്ച കാര്യത്തില്‍ അവനോട് അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്പിക്കുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും (വി.ഖു 66:6)
നരകത്തീയില്‍ നിന്ന് പ്രതിരോധ നിര തീര്‍ക്കേണ്ട സത്യവിശ്വാസി ആദ്യം മുന്‍ഗണന കൊടുക്കേണ്ടത് സ്വന്തത്തെപ്പറ്റിയായിരിക്കണം എന്നതാണിവിടെ സൂചന. എങ്കിലേ ആ രക്ഷാകവാടത്തിന്റെ സൗന്ദര്യം അവനാസ്വദിക്കാനാവൂ.
ആത്മവിചാരണയുടെ താളുകളില്‍ അവനെന്തൊക്കെ വായിച്ചെടുക്കാനുണ്ടാകും. ജീവിതമാകുന്ന കാന്‍വാസില്‍ കറുപ്പ് മഷി പടര്‍ന്നു എത്രയെത്ര പാപക്കറകള്‍ അവന് മായ്ച്ചുകളയേണ്ടതുണ്ടാകും. പൊയ്‌പ്പോയ കാലഘട്ടത്തിലെ കുതിപ്പും കിതപ്പും കിനാവുമുണ്ടായിരുന്ന ജീവിതത്തെ വിലയിരുത്തേണ്ടവനാണ്
വിശ്വാസി.
മഹാനായ ഹസന്‍ ബസരി പറഞ്ഞതുപോലെ. ‘അല്ലയോ മനുഷ്യാ നീ ദിവസങ്ങളുടെയും മാസങ്ങളുടെയും സാകല്യമാണ്. ഓരോ ദിവസവും ആഴ്ചയും മാസവും നിന്നില്‍ നിന്ന് പോയ് മറയുന്നു. അവസാനം നീ തന്നെയും വിട പറയുന്നു’ ഈ വിട പറയലിനു മുമ്പാണ് ജീവിതത്തെക്കുറിച്ച് ഒരു സ്വയം വിചാരണക്ക് അവന്‍ തയ്യാറാവേണ്ടത്.
പാപത്തിന്റെ ചതിക്കുഴികളില്‍ അറിഞ്ഞോ അറിയാതെയോ ആപതിച്ചുപോയത്. സാമൂഹിക സംഘര്‍ഷങ്ങളുടെ കലക്കുവെള്ളത്തില്‍ നിന്ന് മീന്‍ പിടിച്ചത്. അന്യരുടെ കുറ്റങ്ങളും കുറവുകളുമന്വേഷിച്ച് കാതങ്ങളോളം നടന്ന്
കാലുകള്‍ തേഞ്ഞുപോയത്. അതേ സമയം സ്വന്തം തെറ്റുകള്‍ തിരിച്ചറിയാതിരുന്നത്. നോക്കിലും വാക്കിലും വന്ന പാകപ്പിഴവുകള്‍. പിന്നീട് പിന്‍വലിക്കേണ്ടിവന്ന പ്രസ്താവനകള്‍, ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍. കൊടുത്തു തീര്‍ക്കേണ്ട കടബാധ്യതകള്‍. ഒഴിവാക്കേണ്ടിയിരുന്ന നിഷിദ്ധങ്ങള്‍.
മുറിച്ചുകളഞ്ഞ കുടുംബ ബന്ധങ്ങള്‍. അതിലെല്ലാമുപരി വിശ്വാസവഴിയിലുണ്ടായ വൈകല്യങ്ങള്‍. ഇങ്ങനെ ജീവിതമാകുന്ന കര്‍മ പുസ്തകത്തില്‍ ഒരു വിശ്വാസിക്ക് തിരുത്താന്‍ തെറ്റുകള്‍ ഒരുപാടുണ്ടാകും.
ആത്മവിചാരണക്കുള്ള സമയമോ ഒരിക്കലും നിര്‍ണയിച്ച് വെച്ചിട്ടില്ലാത്തതും.
ഉമറുല്‍ ഫാറൂഖ്(റ) ഒരിക്കല്‍ ഇപ്രകാരം പറഞ്ഞുവെച്ചു. കാഠിന്യമുള്ള വിചാരണക്ക് മുമ്പ് നീ സ്വയം വിചാരണ നടത്തുക. അതാണ് ഉത്തമ ഭാവിക്ക് നല്ലത്. ഇങ്ങനെയൊരു ആത്മവിചാരണക്ക് തയ്യാറാകാത്തവന് പരലോകം
ദു:ഖത്തിലും നഷ്ടത്തിലുമായിരിക്കും. സ്വയം വിചാരണയുടെ മഹത്വമറിഞ്ഞതുകൊണ്ടാണ് ഉമര്‍(റ) ഏകനായിരുന്നുകൊണ്ട് സ്വന്തത്തോട് ഇപ്രകാരം സംവദിച്ചത്. ‘അല്ലാഹുവില്‍ സത്യം ഖത്താബിന്റെ പുത്രന്‍ ഉമറേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഇല്ലെങ്കില്‍ അവന്‍ നിന്നെ കഠിനമായി ശിക്ഷിക്കുക
തന്നെ ചെയ്യും. ഞാന്‍ ഒരു മരുപ്പച്ചയായിരുന്നെങ്കില്‍, ഒരു കല്ലായിരുന്നെങ്കില്‍, അല്ല ഒരു പുല്‍കൊടിയെങ്കിലുമായാണ് നീ എന്നെ സൃഷ്ടിച്ചതെങ്കില്‍ നിന്റെ ശിക്ഷക്ക് ഞാന്‍ വിധേയമാകേണ്ടിവരില്ലായിരുന്നല്ലോ എന്ന് വിലപിച്ചതും സ്വഹാബത്ത് തന്നെ.
സ്വന്തത്തെക്കുറിച്ചുള്ള ഒരു കണക്കെടുപ്പ് എപ്പോഴും ഒരു വിശ്വാസിക്ക് അഭികാമ്യമാണെന്നുള്ളതാണ് സച്ചരിതരുടെ ഇത്തരം സല്‍ഗുണങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. അസാധുവാക്കപ്പെട്ട കറന്‍സി നോട്ടുകളുമായി
ഇന്ന് നാം നെട്ടോട്ടമോടുന്നതുപോലെ നാളെ മൂല്യം കുറഞ്ഞുപോയ അമലുകളുമായി പരലോകത്തില്‍ നെട്ടോട്ടമോടാതിരിക്കാനും അതാണത്യാവശ്യം. മുന്നില്‍ അതിവേഗമണയേണ്ട സ്വര്‍ഗം. പിന്നില്‍ ഓടിയകലേണ്ട നരകം. കൂടെ ആത്മാവിനെ അനുഗമിക്കുന്ന മലക്കുകള്‍. മഹ്ശറില്‍ അഭിമുഖീകരിക്കേണ്ട വിചാണ
എത്രയോ ഭയാനകമായിരിക്കും. ആശ്വസിപ്പിക്കാന്‍ ഒരു നേതാവോ മന്ത്രിയോ അന്ന്് കൂട്ടിനുണ്ടായിരിക്കുകയില്ല.
‘പിന്നീട് കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് അവര്‍ക്കിടയില്‍ കുടുംബ ബന്ധങ്ങളൊന്നും ഉണ്ടെന്നിരിക്കില്ല.
അവര്‍ അനോന്യം അന്വേഷിക്കുകയുമില്ല. (വി.ഖു 22:101)
അവനവന് ഉത്ക്കണ്ഠാകുലരാകാന്‍ താന്താങ്ങളുടെ കാര്യം തന്നെ അന്ന് ധാരാളമുണ്ടായിരിക്കും.
വാചാലമാകേണ്ട നാവുകള്‍ക്ക് മുദ്രവെക്കപ്പെടും. നിശബ്ദമാകേണ്ട അവയവങ്ങള്‍ വാചാലമാവുകയും ചെയ്യും.
തനിക്ക് ഒരു പ്രതിയോഗിയെപ്പോലെ അവ സാക്ഷി പറയുകയും ചെയ്യുന്ന മഹ്ശറിലെ വിചാരണയെക്കുറിച്ച് ഖുര്‍ആന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
‘അന്ന് ഞാന്‍ അവരുടെ വായ അടച്ച് മുദ്ര വെക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കും. കാലുകള്‍ സാക്ഷ്യം വഹിക്കും. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്തായിരുന്നു എന്ന് (വി.ഖു 36:65)
മഹ്ശറിലെ വിചാരണയെക്കുറിച്ച് ഒരിക്കല്‍ പ്രവാചക പത്‌നി ആഇശ(റ) അവിടുന്നിനോട് ഇപ്രകാരം ചോദിച്ചു.’പ്രവാചകരേ, കര്‍മപുസ്തകം വലതു കൈയില്‍ ലഭിക്കുന്നവര്‍ക്ക് വിചാരണ ലഘുവായിരിക്കുമെന്ന് അല്ലാഹു
പറഞ്ഞിട്ടില്ലേ. തിരുമേനി(സ) ഉത്തരം പറഞ്ഞതിങ്ങനെ: ‘അത് കര്‍മങ്ങള്‍ വെളിപ്പെടുത്തുക മാത്രം ചോദ്യങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നവന്‍ നശിച്ചതു തന്നെ (മുസ്‌ലിം).
വന്നതും വരാനിരിക്കുന്നതുമായ പാപങ്ങളൊക്കെയും പൊറുത്തുകൊടുക്കപ്പെട്ടവനാണ് പ്രവാചകന്‍(സ). എന്നിട്ടും അവിടുന്നിന്റെ നിത്യ പ്രാര്‍ഥനയില്‍ ഇപ്രകാരം കാണപ്പെടുന്നതായി ആഇശ(റ) സൂചിപ്പിക്കുന്നു. ‘അല്ലാഹുവേ, മുഹമ്മദിനെ ലഘുവായി മാത്രം വിചാരണ ചെയ്യേണമേ'(തിര്‍മിദി)
ആത്മവിചാരണയുടെ മറ്റൊരു ഉദാഹരണമാണ് അഹ്‌നഫ്ബ്‌നു ഖൈസ്(റ) പ്രപഞ്ചം മൊത്തം കണ്ണടച്ചുറങ്ങുന്ന പാതിരാവില്‍ അദ്ദേഹം ദിക്‌റുകള്‍ ഉണര്‍ത്തുപാട്ടാക്കി എഴുന്നേല്ക്കും. കത്തിച്ചുവെച്ച വിളക്കിന്റെ
തീനാളങ്ങളിലേക്ക് തന്റെ വിരലുകള്‍ നീട്ടിക്കൊടുക്കും. അസഹ്യമായ ചൂടേറ്റ് പിറകോട്ട് വലിക്കുന്ന വിരലുകളോട് അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെ ‘വിരലുകളേ നിനക്ക് പൊള്ളുന്നു അല്ലേ, പിന്നെ സ്വന്തത്തോട് ഇതിനേക്കാള്‍ വലിയ ഒരു വിചാരണ നേരിടാനിരിക്കുന്നില്ലേ. കഴിഞ്ഞുപോയ ദിനരാത്രങ്ങളില്‍
പാപങ്ങള്‍ ചെയ്യാന്‍ എന്നിട്ടും എന്താണ് നിന്നെ പ്രേരിപ്പിച്ചത്. ‘ഹൃദയത്തെ തൊട്ടറിഞ്ഞ ഇത്തരം ആത്മവിചാരണയാണ് അഹനഫ്ബ്‌നു ഖൈസിന്റെ ജീവിത വിശുദ്ധിക്ക് കാരണമായത്.
പരിചരിച്ച് പോറ്റിയ അവയവങ്ങളും ലേപനങ്ങള്‍ കൊണ്ട് സൗന്ദര്യപ്പെടുത്തിയ ചര്‍മങ്ങളും വരെ മനുഷ്യനെ തള്ളിപ്പറയുന്ന വിചാരണ എത്ര അസഹ്യമായിരിക്കണം.
‘അവര്‍ അവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കും. അപ്പോള്‍ അവര്‍ തൊലിയോട് ചോദിക്കും നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ
സാക്ഷി പറഞ്ഞത്. അവ പറയും സകല വസ്തുക്കള്‍ക്കും സംസാര ശേഷി നല്കിയ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു. അവനാണ് ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടതും അവങ്കലേക്ക് തന്നെ. (വി.ഖു 41:20-21)
ഇഹലോക ജീവിതം എപ്പോഴും വിശ്വാസിക്ക് ആത്മവിചാരണക്ക് അവസരമൊരുക്കിത്തരുന്നുണ്ട്. പൊടുന്നനെയുണ്ടായ കറന്‍സിയുടെ മൂല്യശോഷണവും വേണമെങ്കില്‍ അവന് വിചിന്തനത്തിന് നിദാനമാക്കാം. നാളെ പരലോകത്തില്‍
അസാധുവാക്കപ്പെട്ട ഒരു കൂട്ടം അമലിന്റെ കെട്ടുകളുമായിട്ട് നെട്ടോട്ടമോടേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍, പരിശുദ്ധ ഖുര്‍ആന്‍ നമ്മോട് ചോദിക്കുന്ന ഒരു ചോദ്യവും പ്രസക്തമാണ്. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നാളേക്ക് വേണ്ടി താന്‍ തയ്യാറാക്കിയത്
എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു. (വി.ഖു 59:18)