വികാരാവേശത്താലുള്ള എടുത്തുചാട്ടമല്ല വിവേകപൂര്‍ണമായ ജീവത്യാഗമാണ് രക്തസാക്ഷിത്വം

207 views
Skip to first unread message

asas foundation

unread,
Mar 12, 2017, 1:09:51 AM3/12/17
to ii...@googlegroups.com

വികാരാവേശത്താലുള്ള എടുത്തുചാട്ടമല്ല
വിവേകപൂര്‍ണമായ ജീവത്യാഗമാണ്
രക്തസാക്ഷിത്വം
-   സി മുഹമ്മദ് സലീം സുല്ലമി

ഏതൊരു മഹത്തായ ആദര്‍ശത്തിനുവേണ്ടിയും ചെയ്യുന്ന ത്യാഗങ്ങളെ ലോകം മതിപ്പോടുകൂടിയാണ് കാണുന്നത്. ത്യജിക്കുന്നവന് അതില്‍ മനസ്സംതൃപ്തിയും ആത്മാഭിമാനവും അനുഭവപ്പെടുകയും ചെയ്യുന്നു. കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്ന ത്യാഗം വേദനയെക്കാളേറെ അനുഭൂതിയും ആനന്ദവും പകരുന്നു. കാരണം, താന്‍ വിശ്വസിക്കുന്ന സത്യമായ ആദര്‍ശത്തിന്റെ മാര്‍ഗത്തില്‍ തനിക്ക് നിര്‍വഹിക്കാനായ ത്യാഗമായി അതിനെ വിലയിരുത്തുന്നു എന്നതാണ്. പലതരത്തിലുള്ള ത്യാഗങ്ങള്‍ ആദര്‍ശസംരക്ഷണത്തിനു വേണ്ടി മനുഷ്യന്‍ സഹിക്കുന്നു. സാമ്പത്തികം, ശാരീരികം തുടങ്ങി ജീവാര്‍പ്പണം വരെ ഇതില്‍പെടുന്നു. രക്തസാക്ഷ്യം എന്നതാണ് ഇതില്‍ ഏറ്റവും മഹത്തായത്.

ഇസ്‌ലാം രക്തസാക്ഷ്യം ഏറ്റവും വലിയ അര്‍പ്പണമായി കാണുന്നു. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ അല്ലാഹുവിന് സമര്‍പ്പിക്കാവുന്ന ഏറ്റവും മികച്ചത് ജീവന്‍ ആന്നെന്നതാണ് ഇതിന് കാരണം. ഇത്തരം അര്‍പ്പണങ്ങള്‍ വഴിയാണ് ജീവിതത്തില്‍ നിര്‍ണായകമായ വിജയങ്ങള്‍ മനുഷ്യര്‍ കൈവരിക്കുന്നത്. വിലപ്പെട്ടതൊന്നും അര്‍പ്പിക്കാന്‍ തയ്യാറില്ലാത്തവര്‍ക്ക് നിര്‍ണായകമായ വിജയങ്ങളൊന്നും നേടിയെടുക്കാനാവില്ലെന്നത് ഒരുയാഥാര്‍ഥ്യമാണ്. കേവല ഭൗതികമായ വിജയത്തിനുപോലും വിലപ്പെട്ട അര്‍പ്പണങ്ങള്‍ ആവശ്യമായി വരുന്നു. ഇസ്‌ലാമിന്റെ വിജയത്തിനും നിലനില്പിനും വിശ്വാസികളുടെ പാരത്രിക നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും ഏറ്റവും വിലപ്പെട്ട അര്‍പ്പണമാണ് രക്തസാക്ഷ്യം അഥവാ ജീവാര്‍പ്പണം. മറ്റേതൊരു ആദര്‍ശത്തെയുംപോലെ ഇസ്‌ലാമും ഇതിനെ വിലമതിപ്പോടെ കാണുന്നു.

രക്തസാക്ഷ്യം എന്നതിന് ശഹാദത്ത് എന്ന അറബി പദമാണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിക മാര്‍ഗത്തില്‍ ശഹാദത്ത് വരിച്ചുവെന്ന് പറയുമ്പോള്‍ തന്റെ ജീവന്‍ ഇസ്‌ലാമിനുവേണ്ടി അല്ലാഹു ഇഷ്ടപ്പെടുന്ന രീതിയില്‍ അര്‍പ്പിച്ചുവെന്നാണ് അര്‍ഥമാക്കുന്നത്. ഇത് ഇസ്‌ലാമിനുവേണ്ടിയുള്ള ഒരു യുദ്ധത്തില്‍ കൊല്ലപ്പെടുമ്പോഴും ഉപയോഗിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തുപോലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നതിന് ശഹാദത്ത് എന്ന പദം ഉപയോഗിച്ചതായി കാണുന്നില്ല. മറിച്ച്, ഖതല എന്നതിന്റെ വിവിധ രൂപങ്ങളാണുള്ളത്. ഖതല എന്നാല്‍ കൊന്നുവെന്നും ഖിതാല്‍ എന്നാല്‍ യുദ്ധമെന്നും അര്‍ഥം വരുന്നു. യുദ്ധത്തിന് ഖുര്‍ആനില്‍ ഉപയോഗിച്ച മറ്റൊരു വാക്ക് ഹര്‍ബ് എന്നാണ്. എന്നാല്‍ നബിവചനങ്ങളില്‍ ശഹീദ്, ശഹാദത്ത് എന്നത് ധാരാളമായി വന്നിരിക്കുന്നു. ശഹാദത്ത് എന്നതിന് സാക്ഷ്യമെന്നും ദൃശ്യമായത് എന്നും മറ്റും അനേകം അര്‍ഥങ്ങള്‍ സന്ദര്‍ഭംപോലെവരുന്നു. രക്തസാക്ഷ്യം എന്നര്‍ഥത്തിലും ഇത് ഉപയോഗിക്കുന്നു. അപ്പോള്‍ അതിന്റെ ആശയം താന്‍ പ്രഖ്യാപിച്ച ആദര്‍ശത്തിന്റെ സത്യസാക്ഷ്യം തന്റെ ജീവാര്‍പ്പണത്തിലൂടെ നടക്കുന്നുവെന്നതായിരിക്കും.

വിശുദ്ധ ഖുര്‍ആനില്‍
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്ക് ഉന്നതസ്ഥാനമാണ് വിശുദ്ധ ഖുര്‍ആന്‍ നല്കുന്നത്. അവര്‍ക്ക് പരലോക ജീവിതത്തില്‍ ലഭിക്കുന്ന ഉന്നതമായ നേട്ടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി അവര്‍ക്ക് യാതൊന്നും ഭയപ്പെടാനോ ദു:ഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു.'' (വി.ഖു 3:169,170)

മരണാനന്തര ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന ദൈവികാനുഗ്രഹങ്ങളെക്കുറിച്ചാണ് ഈ പറഞ്ഞതെല്ലാം. കേവലം മരിച്ചുപോയി എന്നുപറഞ്ഞ് രക്തസാക്ഷിത്വത്തെ നിസ്സാരവത്കരിക്കരുതെന്ന അല്ലാഹുവിന്റെ പ്രസ്താവം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. യഥാര്‍ഥത്തില്‍ ഐഹിക ലോകത്തെ ക്ഷണികമായ ജീവിതത്തെ അവഗണിച്ച് അല്ലാഹുവിന്റെ തൃപ്തി നേടി വിജയിക്കാനാവുക എന്നതിലും വലിയ നേട്ടമൊന്നുമില്ല. അത്തരം ആളുകള്‍ക്ക് പാരത്രിക ജീവിതത്തില്‍ അല്ലാഹു ജീവിതവും ഉപജീവനവും നല്‍കുകയും ചെയ്യുമെന്നറിയുമ്പോള്‍ എന്തുമാത്രം വലിയ പരിഗണനയാണ് രക്തസാക്ഷികള്‍ക്ക് ലഭിക്കുന്നത്! മറ്റൊരു ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കുക: ''ഇഹലോക ജീവിതത്തെ പരലോക ജീവിതത്തിന് പകരംവില്ക്കാന്‍ തയ്യാറുള്ളവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.'' (4:74)

യുദ്ധം അനിവാര്യമായി വരുന്ന ഘട്ടത്തില്‍ ഇസ്‌ലാമിനുവേണ്ടി ജീവാര്‍പ്പണം നടത്തുന്ന വ്യക്തികള്‍ ഐഹിക ജീവിതത്തിന് പകരം പാരത്രിക ജീവിതവിജയം നേടുന്നവരാണ്. യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളെല്ലാം അതിന്റെ ശരിയായ പശ്ചാത്തലത്തോടുകൂടിയാണ് മനസ്സിലാക്കേണ്ടത്. നബി(സ)യുടെ പ്രബോധനത്തിന്റെ മൊത്തം ഇരുപത്തിമൂന്നു വര്‍ഷത്തിനിടയില്‍ ആദ്യത്തെ പതിമൂന്ന് വര്‍ഷം യുദ്ധം അനുവദിച്ചിരുന്നില്ല. ഇത് മക്കാ കാലഘട്ടമാണ്. പിന്നീട് മദീനയില്‍ വന്നശേഷമാണ് യുദ്ധാനുമതി ലഭിക്കുന്നത്. മര്‍ദനത്തിനിരയാകുന്നവര്‍ എന്നനിലയ്ക്ക് തിരിച്ച് പ്രതിരോധിക്കാനുള്ള അനുമതിയായിരുന്നു ഇത്. (വി.ഖു 22:39).

എന്നാല്‍ ഈ അനുമതിക്ക് ശേഷം ഹിജ്‌റ 6-ാം വര്‍ഷം തന്നെ ഹുദയ്ബിയ എന്ന പ്രസിദ്ധമായ സന്ധിയിലൂടെ യുദ്ധം തല്ക്കാലം നിര്‍ത്തല്‍ ചെയ്തുകൊണ്ടുള്ള തീരുമാനവും വന്നു. അങ്ങനെ വളരെ കുറഞ്ഞ കാലമാണ് ഒരു പ്രത്യേക സാഹചര്യത്തില്‍ യുദ്ധത്തിന് വിശ്വാസികള്‍ മുതിരേണ്ടിവന്നത്. അതല്ലാതെ, മേല്‍ സൂക്തങ്ങളുടെയും അതുപോലുള്ള മറ്റു സൂക്തങ്ങളുടെയും അടിസ്ഥാനത്തില്‍ യുദ്ധത്തിനുള്ള കാരണങ്ങളുണ്ടാക്കുകയോ യുദ്ധസാഹചര്യമന്വേഷിച്ചു നടക്കുകയോ ചെയ്യുന്ന ഒരു സ്ഥിതിയും ഇസ്‌ലാമികമായി ന്യായീകരണമില്ലാത്തതാണ്. യുദ്ധം അനിവാര്യമാകുന്ന ഒരു സാഹചര്യം വന്നുചേരുമ്പോള്‍ നിലനില്ക്കാനും അതിജീവിക്കാനും ആഗ്രഹിക്കുന്ന ഒരാദര്‍ശമെന്ന നിലയ്ക്ക് ഇസ്‌ലാം യുദ്ധാനുമതി നല്‍കുന്നു. ഇതില്‍ അപാകതയൊന്നുമില്ലതാനും.

നബിവചനങ്ങളില്‍
രക്തസാക്ഷ്യത്തിന്റെ മഹത്വങ്ങള്‍ വിളംബരം ചെയ്യുന്ന അനേകം നബിവചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരനിവാര്യസാഹചര്യം ആവശ്യപ്പെടുമ്പോള്‍ ജീവാര്‍പ്പണം നടത്തുന്നവര്‍ക്ക് ലഭിക്കുന്നതാണ് ആ മഹത്വങ്ങളത്രയും. രക്തസാക്ഷിത്വം ഒരിക്കലും സ്വയം നിര്‍മിച്ചെടുക്കാവുന്ന ഒരു കാര്യമല്ല. അത് അല്ലാഹുവിന്റെ വിധിയും തീരുമാനവുമനുസരിച്ച് സംഭവിക്കുന്ന കാര്യമാണ്. അതിനായി കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് ആത്മഹത്യയായി മാറുന്നു. ആത്മഹത്യയാകട്ടെ, ഇസ്‌ലാം അങ്ങേയറ്റം അപലപനീയമായി കാണുകയും ചെയ്യുന്നു. ഒരിക്കല്‍ നബി(സ) രക്തസാക്ഷിത്വത്തിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞു: ''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്റെ പേരില്‍ സത്യം ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു മരണമടയുവാന്‍ ഞാനാഗ്രഹിക്കുന്നു. വീണ്ടും യുദ്ധം ചെയ്യുവാനും വധിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. ഇത് ഒരിക്കല്‍ കൂടി അവിടുന്നാവര്‍ത്തിച്ചു.'' (മുസ്‌ലിം)

മറ്റൊരിക്കല്‍ രക്തസാക്ഷിയുടെ മനസ്ഥിതിയെക്കുറിച്ച് അവിടുന്ന് പറഞ്ഞത് ''രക്തസാക്ഷി അദ്ദേഹത്തിന് പാരത്രിക ജീവിതത്തില്‍ ലഭിക്കുന്ന നേട്ടം കാരണം ഒരിക്കല്‍ കൂടി ഐഹിക ജീവിതത്തിലേക്ക് മടങ്ങിവന്നു വീണ്ടും രക്തസാക്ഷിത്വം വരിക്കാന്‍ ആഗ്രഹിക്കും'' എന്നാണ്. അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേല്ക്കുന്ന മനുഷ്യന്‍ പരലോകത്ത് വരുന്നത് മുറിവുകള്‍ രക്തമൊലിച്ചുകൊണ്ടാണ്. എന്നാല്‍ രക്തം രക്തത്തിന്റെ നിറമാണെങ്കിലും അതിന് കസ്തൂരിയുടെ മണമായിരിക്കും.'' (ബുഖാരി)

മറ്റനേകം നേട്ടങ്ങള്‍ക്ക് രക്തസാക്ഷി അര്‍ഹനായിത്തീരുമെന്ന് റസൂല്‍(സ) പറയുകയുണ്ടായി. ''ഒന്നാം ഘട്ടത്തില്‍ തന്നെ രക്തസാക്ഷിയുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും. സ്വര്‍ഗത്തില്‍ ലഭിക്കുന്ന സ്ഥാനങ്ങളും കാണിക്കപ്പെടും. നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. പരലോകത്തെ ഭീതിയില്‍ നിന്ന് നിര്‍ഭയത്വം ലഭിക്കും. അദ്ദേഹത്തിന്റെ ശിരസ്സില്‍ ആദരവിന്റെ കിരീടമണിയിക്കപ്പെടും. സുന്ദരികളായ ഹൂറുല്‍ഈനുകളെ വിവാഹം കഴിക്കും. തന്റെ വീട്ടുകാരില്‍ നിന്ന് എഴുപത് പേര്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യാന്‍ അനുമതി ലഭിക്കും.'' (തിര്‍മിദി). ''വധിക്കപ്പെടുന്ന സമയത്ത് നിസ്സാരമായ വേദനപോലും അനുഭവിക്കുകയില്ലെന്നും അവിടുന്ന് പറയുകയുണ്ടായി.'' (തിര്‍മിദി)

ഇങ്ങനെ വന്‍നേട്ടങ്ങളാണ് നബിവചനങ്ങളില്‍ രക്തസാക്ഷിയെ കാത്തിരിക്കുന്നത്. ഇവയെല്ലാം പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ഥിക്കുന്നവനും ആഗ്രഹിക്കുന്നവനും പായയില്‍ കിടന്നു മൃതിയടഞ്ഞാല്‍ പോലും ഇവയ്‌ക്കെല്ലാം അര്‍ഹനാകുമെന്നും തിരുദൂതര്‍ അറിയിച്ചത് ശ്രദ്ധേയമാണ്. അതായത് എല്ലാ പുണ്യവും കരഗതമാകുന്നത് വ്യക്തികളുടെ മാനസികാവസ്ഥയ്ക്കനുസരിച്ചാണെന്ന് വ്യക്തം.

ചാവേറും ശഹാദത്തും
ഏറെ പുണ്യകരവും അത്യധികം ഉദാത്തവുമായ ശഹാദത്ത് എന്ന ജീവാര്‍പ്പണവും, കേവലം വൈകാരികതയുടെ പേരില്‍ നടക്കുന്നതും ഒരു മൗലികതയുമില്ലാത്തതുമായ ചാവേറും തമ്മില്‍ അജഗജാന്തരമുണ്ട്. ഉന്നതമായ ലക്ഷ്യസാക്ഷാത്കാരത്തിനായി തികഞ്ഞ ഇസ്‌ലാമിക മൂല്യങ്ങള്‍ പാലിച്ച് സ്രഷ്ടാവിന്റെ അപരിമേയമായ സംതൃപ്തി ആശിച്ചും ദൈവഹിതത്തിനനുസരിച്ചും നടക്കുന്ന ശഹാദത്ത് എന്ന വിശുദ്ധ ജീവത്യാഗം, അകക്കാമ്പോ ഉള്‍ക്കരുത്തോ ഇല്ലാത്ത പൊള്ളയായ വൈകാരിക തീവ്രതയുടെ പേരില്‍ അരങ്ങേറുന്ന ചാവേറും ഒരിക്കലും ഒരു താരതമ്യം പോലും അര്‍ഹിക്കുന്നില്ല. മതത്തിന്റെ മൗലികത ജീവിതത്തിലുടനീളം പാലിച്ചും സംരക്ഷിച്ചും നല്ല മുസ്‌ലിമായി ജീവിക്കുന്ന വിശ്വാസി അനിവാര്യമായ ഒരു ഘട്ടത്തില്‍ മതത്തിനുവേണ്ടി ജീവാര്‍പ്പണം നടത്തുന്നത് 'ശഹാദത്താ'ണെങ്കില്‍ അച്ചടക്കത്തോടെ ഇസ്‌ലാമിക കാര്യങ്ങള്‍ ജീവിതത്തിലുടനീളം പാലിച്ചുനടക്കുന്നതിലേറെ താല്പര്യം ഒരു ബെല്‍റ്റ് ബോംബിലൂടെയോ സ്‌ഫോടനത്തിലൂടെയോ ഒരുനിമിഷംകൊണ്ട് വെണ്ണീറാകുന്നതിന് കല്പിക്കുന്ന മാനസികാവസ്ഥയും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുകയില്ല. ഒന്ന് ശഹാദത്തും മറ്റേത് ചാവേറും തന്നെ.

മതസ്വാതന്ത്ര്യമനുവദിക്കുന്ന, അനുഭവിക്കുന്ന രാജ്യത്ത് ബഹുസ്വരത നിലനില്ക്കുന്ന പ്രദേശത്ത് ഇസ്‌ലാമനുസരിച്ച് ജീവിക്കുന്നതിന് പ്രസക്തമായ തടസ്സങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ നാടുവിട്ടും, രാജ്യദ്രോഹം ചെയ്തും, വികലവും അപക്വവുമായ ചിന്തയുടെ അടിസ്ഥാനത്തിലും മുന്‍പിന്‍ നോക്കാതെയുമുള്ള എടുത്തുചാട്ടത്തിലൂടെയും ഇസ്‌ലാമിനെ 'രക്ഷിക്കാന്‍' തുനിയുന്ന ചിന്ത ഏതായാലും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ന്യായീകരണം സാധിക്കുന്നതല്ലതന്നെ. ഇതിനെ എത്രവലിയ ധീരതയായി പ്രകീര്‍ത്തിച്ചാലും ഉന്നതമായ 'ശഹാദത്തി'ന്റെ വിതാനത്തിലേക്കുയര്‍ത്താന്‍ സാധിക്കുകയില്ല.

ഹിജ്‌റയും രക്തസാക്ഷിത്വവും
ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഒരു പ്രദേശത്ത് ജീവിക്കാനാകുന്നില്ലെങ്കില്‍, അവിടംവിട്ടു അനുകൂലമായ സാഹചര്യങ്ങള്‍ തേടിപ്പോവുക എന്നത് അതിനുള്ള പരിഹാരങ്ങളില്‍ പെട്ടതാണ്. നബി(സ)യുടെ കാലത്തും മുമ്പും ഹിജ്‌റ ഉണ്ടായിട്ടുണ്ട്. ഏത്യോപ്യയിലേക്ക് ഹിജ്‌റ പോയവര്‍ കൂടുതല്‍ സൗകര്യപ്രദമായ പ്രദേശമന്വേഷിച്ചു പോയവരാണ്. അവരെ യാത്രയാക്കുന്ന പ്രവാചകതിരുമേനി അവരോട് പറഞ്ഞത്, 'നീതിമാനായ ഒരു ഭരണാധികാരിയുണ്ട് അവിടെ. അവിടെ മര്‍ദിതരാകേണ്ടിവരില്ല' എന്നുമാണ്. അവിടെ ഭരിച്ചിരുന്ന നജ്ജാശി ചക്രവര്‍ത്തി മുസ്‌ലിമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. 'ഹിജ്‌റ' ചെന്നവര്‍ക്ക് അര്‍ഹമായ പരിഗണന അവിടെ ലഭിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ തങ്ങളുടെ ആദര്‍ശം ഒട്ടും മറച്ചുവെക്കാതെ രാജാവുമായി സംവദിക്കുകയും ചെയ്തു. ക്രിസ്ത്യാനിയായിരുന്ന അദ്ദേഹത്തിന് അത് ബോധ്യമാവുകയും ചെയ്തു. അങ്ങനെ മുസ്‌ലിംകള്‍ അവിടെ സമാധാനത്തോടെ കഴിഞ്ഞുകൂടി.

ഇന്ത്യാ രാജ്യത്തുനിന്ന് മതസംരക്ഷണാര്‍ഥം നാടുവിട്ടെന്ന് പറയുന്നവര്‍ യുദ്ധമുഖങ്ങളില്‍ എത്തിച്ചേരുകയും രക്തസാക്ഷിത്വം വരിച്ചുവെന്ന് വീട്ടുകാര്‍ക്ക് സന്ദേശം ലഭിക്കുകയുമാണ് ചെയ്യുന്നത്.ഈ റിപ്പോര്‍ട്ടുകളുടെ ശരിതെറ്റുകള്‍ നമുക്കറിയില്ല. ഏതായാലും ഇവിടെ എല്ലാവരും നാശത്തിലാണെന്നും ഒരു നിലക്കും ഇസ്‌ലാമിക ജീവിതം നയിക്കാന്‍ ഇവിടെ സാധ്യമല്ലെന്നും വിലയിരുത്താന്‍മാത്രം ഇസ്‌ലാമിക വിരുദ്ധമാണോ ഇന്ത്യന്‍ സാഹചര്യം? അല്ലെന്നാണ് പക്വതയും വിവേകവുമുള്ളവരെല്ലാം വിലയിരുത്തുന്നത്. അതിനാലാണ് ഇത്രയേറെ മുസ്‌ലിംകള്‍ ഇന്ത്യാരാജ്യത്ത് ജീവിച്ചുപോകുന്നത്. ഒറ്റപ്പെട്ട ഏതാനും വ്യക്തികള്‍ ഒരു പ്രത്യേക കാഴ്ചപ്പാടിലൂടെ മതവിഷയങ്ങളെ സമീപിക്കുകയും അതിനപ്പുറമുള്ള കാഴ്ചപ്പാടുകളെയൊന്നും കേള്‍ക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ ഒരുതരം വികാരജീവികളായി മാറുകയും അങ്ങനെ ചുറ്റുപാടുകള്‍ മുഴുവന്‍- തങ്ങളുടെ മാതാപിതാക്കളും കുടുംബങ്ങളുമടക്കം-തങ്ങള്‍ക്കെതിരാണ് എന്ന് വെറുതെ ഊഹിച്ചെടുക്കുകയും അതിനാല്‍, ഈ വിരുദ്ധ സാഹചര്യത്തില്‍നിന്നുകൊണ്ട് ദീന്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് നിഗമനം നടത്തി നാടുവിടുകയുമാണ് ചെയ്യുന്നത്.

ഇത് ഒരു മതനേതൃത്വത്തിന്റെയോ ഇവിടെയുള്ള ഏതെങ്കിലും മതസംഘടനയുടെയോ നിലപാടല്ല; സ്വയം വരുത്തിവെക്കുന്ന അനര്‍ഥം മാത്രമാണ്. മതത്തെ സംബന്ധിച്ച് ഗൗരവതരമായ തെറ്റിദ്ധാരണകളും ഇവരെ പിടികൂടിയിട്ടുണ്ടെന്നും കണ്ടെത്താവുന്നതാണ്. മതത്തെ നിലവിലുള്ള ചുറ്റുപാടുകള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ വെറുമൊരു വികാരമായി മനസ്സിലാക്കി എന്നതല്ലാതെ, മൗലികമായ മതവിജ്ഞാനം ഇവര്‍ ആര്‍ജിക്കുന്നില്ല. അവരുടെ ഈ വികാരവും അതിനനുബന്ധമായി സ്വയം ചിന്തിച്ചുണ്ടാക്കുന്ന ധാരണകളും വസ്‌വാസുകളുമെല്ലാം പിന്നീട് യഥാര്‍ഥ മതത്തിന്റെ സ്ഥാനം കയ്യേല്ക്കുകയാണ് ചെയ്യുന്നത്. ഇവരെ യാഥാര്‍ഥ്യബോധത്തിലേക്ക് നയിക്കുക എന്നതാണ് ഇതിനുള്ള ശരിയായ പരിഹാരം. ഇതിന് പ്രമാണങ്ങളെ ശരിയായി സമീപിച്ചുകൊണ്ടുള്ള മതാധ്യാപനമാണ് ആവശ്യം.

വലാഉം ബറാഉം
ഈ വിഷയകമായി ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട രണ്ട് പദങ്ങളാണ് വലാഉം ബറാഉം. രണ്ടിന്റെയും വിവക്ഷകള്‍ ശരിയായി മനസ്സിലാക്കാത്തതുകൊണ്ടുണ്ടായ പ്രശ്‌നങ്ങളാണ് വിഷയത്തിന്റെ അടിസ്ഥാനം. ഇന്ത്യയുടെ ബഹുസ്വര/ബഹുമത സാഹചര്യത്തെ മുന്നില്‍ കാണാതെ പ്രമാണങ്ങളെ കേവല അക്ഷരവായനനടത്തി തെറ്റിദ്ധാരണയിലകപ്പെടുകയാണ് ഇവര്‍ ചെയ്യുന്നത്.

മുസ്‌ലിംകള്‍ ആരുമായിട്ടെല്ലാം മൈത്രീബന്ധം പുലര്‍ത്താം, ആരുമായിട്ടെല്ലാം ബന്ധമായിക്കൂടാ എന്നതാണ് വലാഅ്-ബറാഅ് എന്നതിന്റെ താല്പര്യം. ഇസ്‌ലാം ഒരാദര്‍ശ പ്രസ്ഥാനമെന്ന നിലക്ക് അതിന്റെ അനുയായികള്‍ ഒരുപക്ഷത്തും എതിരാളികള്‍ മറുപക്ഷത്തും നില്‌ക്കേണ്ടിവരുന്ന ഘട്ടത്തില്‍ അനുയായികള്‍ സ്വീകരിക്കേണ്ട നിലപാട് എന്ത് എന്നതാണ് വലാഇലേയും ബറാഇലേയും വിഷയത്തിന്റെ മര്‍മ്മം. അതായത്, ഇസ്‌ലാമികാദര്‍ശമുള്ളവര്‍ ആദര്‍ശബന്ധക്കളോടും അല്ലാത്തവരോടും ഏതെല്ലാം കാര്യത്തില്‍ സഹകരിക്കുകയും നിസ്സഹകരിക്കുകയും ചെയ്യണം? ഈ വിഷയകമായി ഇസ്‌ലാമിക പ്രമാണങ്ങള്‍ ശരിയായ കാഴ്ചപ്പാട് മുസ്‌ലിംകള്‍ക്ക് നല്കുന്നുണ്ട്.

ബന്ധം ചേര്‍ക്കുന്നതിന്റെയും വിഛേദിക്കുന്നതിന്റേയും അടിസ്ഥാനതത്വമായി ക്വുര്‍ആന്‍ പറയുന്നത് : ''പുണ്യത്തിലും ധര്‍മ്മത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്''(വി.ഖു.5:2). എല്ലാ നല്ല കാര്യങ്ങളിലും എല്ലാവരുമായി സഹകരിക്കാം. ദുഷിച്ച കാര്യങ്ങളിലും തിന്മയിലും ആരുമായും സഹകരിച്ചുകൂടാ എന്നും ഈ സൂക്തം പഠിപ്പിക്കുന്നു. എന്നാല്‍, മുസ്‌ലിംകള്‍ ഒരു സമുദായമെന്ന നിലക്ക് അവര്‍ പരസ്പരം പുലര്‍ത്തേണ്ട നിലപാടിനെക്കുറിച്ച് നബി തിരുമേനി (സ) പഠിപ്പിക്കുന്നത്. 'ഒരൊറ്റ ശരീരം പോലെ'യും 'പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു കെട്ടിടം പോലെ'യും എന്നുമാണ്  (ബുഖാരി, മുസ്‌ലിം). അപ്പോള്‍ സമുദായമെന്ന നിലക്കുള്ള പരസ്പരബന്ധവും ഇതര വിഭാഗങ്ങളുമായുള്ള ബന്ധവും കണിശപ്പെടുത്തി പറയേണ്ടതുണ്ട്. അത് ആദര്‍ശത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള ഏറെ ഉദാരമായ നിലപാടാണെന്ന് കാണാവുന്നതാണ്.

വിശ്വാസികളുടെ മൈത്രി ബന്ധത്തെക്കുറിച്ച് ഖുര്‍ആന്റെ ഒരു പ്രസ്താവം ഇങ്ങനെയാണ്. ''അല്ലാഹുവും അവന്റെ ദൂതനും, താഴ്മയുമുള്ളവരായിക്കൊണ്ട് നമസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്ന സത്യവിശ്വാസികളും, മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍ (വി.ക്വു.5:55,56) ആദര്‍ശരംഗത്ത് കൂടെ നില്ക്കുന്നവരുമായി തുറന്ന ആത്മബന്ധം നിലനിര്‍ത്തണമെന്നാണ് ഇതിന്റെ താല്പര്യം. ആദര്‍ശരംഗത്ത് ശത്രുത പുലര്‍ത്തുന്നവരുമായി സ്വകാര്യതകള്‍ കൈമാറുന്നവിധത്തിലോ, ആദര്‍ശത്തിന് കോട്ടം തട്ടുന്നവിധത്തിലോ ഉള്ള ഏതുതരം സൗഹൃദവും പാടില്ലെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഈ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും ത്യാഗങ്ങളും പുണ്യകരമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടേയും ശത്രുക്കളുമായി മൈത്രീബന്ധവും ആത്മബന്ധവും പുലര്‍ത്തുകയും സ്വകാര്യതകള്‍ അവര്‍ക്ക് കൈമാറുകയും ചെയ്യുന്നത് കടുത്ത കുറ്റമായി കാണുകയും അത്തരം ആളുകളെ അവരുടെ കൂട്ടത്തിലെ ആളുകളായി എണ്ണുകയുമാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത് (5:51) അവരെ, വഴിപിഴച്ചവര്‍ എന്നും (60:11) അക്രമികള്‍ എന്നും (60:9) അല്ലാഹുവിന്റെ സഹായം ലഭിക്കാത്തവര്‍ എന്നും (3:28) കൂടി വിശേഷിപ്പിക്കുന്നു.

ആദര്‍ശശത്രുക്കളല്ലാത്ത, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലാത്ത, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉന്മൂലനം ചെയ്യണമെന്ന് ഉദ്ദേശ്യമില്ലാത്ത ഇതര വിഭാഗങ്ങളുമായി സഹകരിച്ചുപോകണമെന്നും അവര്‍ക്ക് പുണ്യവും നീതിയും ചെയ്യണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. രണ്ടു വിഭാഗവുമായിട്ടുള്ള ഈ വ്യത്യസ്തമായ നിലപാട് നിലനില്ക്കണമെന്നും അതിജീവനം ആഗ്രഹിക്കുന്ന ഏതൊരു ആദര്‍ശത്തിന്റെയും സ്വാഭാവികമായ നിലപാട് മാത്രമാണ് ഇതെന്നും വ്യക്തമാണ്. അല്ലാഹു പറയുന്നു ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം  ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് - അവരോട് മൈത്രി കാണിക്കുന്നത്- അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അത്തരക്കാരോട് മൈത്രീ ബന്ധം പുലര്‍ത്തുന്നപക്ഷം അവര്‍ തന്നെയാകുന്നു അക്രമികള്‍ (വി.ഖു. 60:8,9). 

ചുരുക്കത്തില്‍, ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ വിരുദ്ധമായി അവിശ്വാസികളോടോ ശത്രുക്കളോടോ, മാനസികമായോ ശാരീരികമായോ വ്യക്തി എന്ന നിലക്കോ സമൂഹമെന്ന നിലക്കോ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും കോട്ടമോ നഷ്ടമോ വരുത്തുന്ന വിധത്തില്‍ മുസ്‌ലിം/ ഇസ്‌ലാം പക്ഷത്ത് നിന്ന് സഹകരിക്കുന്നതും മൈത്രീ ബന്ധം പുലര്‍ത്തുന്നതുമാണ് ഇസ്‌ലാം നിരോധിക്കുന്നത്. ഇതല്ലാത്തവിധം വിശാലമായ ജീവിതമേഖലയിലാകെ മറ്റുള്ളവരുമായി സഹകരണം ഉണ്ടാകണമെന്നും സൗഹാര്‍ദ്ദം  വെച്ചുപുലര്‍ത്തണമെന്നും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. അതിന്നായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ഇസ്‌ലാമിന്റെ മാതൃകാപുരുഷന്‍ നബി (സ) തിരുമേനിയുടെ ചരിത്രത്തില്‍ ഇതിന്ന് ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.

ഐ എസിന്റെ പതനം
ഏറ്റവും പുതിയ വാര്‍ത്ത ഐ എസ് നേതാവ് സിറിയയില്‍ യുദ്ധരംഗത്തുനിന്ന് പിന്‍മാറുന്നു എന്നും രക്തസാക്ഷിത്വം കൊതിച്ച് വന്നുചേര്‍ന്ന വിദേശികളെല്ലാം സ്വദേശത്തേക്ക് തന്നെ തിരിച്ചുപോകണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു എന്നുമാണ്. ഇത്രയും കാലം ഇസ്‌ലാമിക നീതിശാസ്ത്രത്തിന്റേയോ മറ്റേതെങ്കിലും നീതിബോധത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു നീതീകരണവും സാധ്യമാകാത്ത അറുംകൊലകളും കാടത്തവും കാപാലികത്വവും നടത്തി മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ചുനിര്‍ത്തിയ ചെയ്തികള്‍ക്കെല്ലാം എന്ത് ന്യായീകരണമാണ് ഇവര്‍ക്ക് പറയാനുണ്ടാവുക? നാടുവിട്ട് കൊല്ലപ്പെട്ടവര്‍ക്ക് എന്ത് നേടാനായി എന്നതും ആലോചിക്കേണ്ടതുണ്ട്. ഇന്ത്യയേക്കാള്‍ സൗകര്യത്തില്‍ ഇസ്‌ലാമികമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്കാണോ ഈ ആളുകളെല്ലാം ഹിജ്‌റ പോയിട്ടുള്ളത്? ഒരിക്കലുമല്ലെന്ന് വാര്‍ത്താമാധ്യമങ്ങള്‍ ശ്രദ്ധിക്കുകയും അവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്.

തികഞ്ഞ മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താനാവശ്യമായ ഭരണഘടനാ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ഏത് രാജ്യത്തെയുമെന്നപോലെ ഇസ്‌ലാം വിരുദ്ധ നിലപാടുകളും അധാര്‍മികതയുമെല്ലാം ഇവിടെയുമുണ്ട്. ഇവയ്‌ക്കെല്ലാമിടയില്‍ ക്ഷമാപൂര്‍വം ഇസ്‌ലാമിക ജീവിതം നയിക്കുകയും ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുകയുമാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. ഇപ്പോള്‍ നടക്കുന്നതുപോലുള്ള ഹിജ്‌റയും രക്തസാക്ഷിത്വവും ഒരു മാര്‍ഗമോ പരിഹാരമോ അല്ലെന്ന് കാണാവുന്നതാണ്. ഇത്തരം നിലപാടുകള്‍ ഇസ്‌ലാമിക ജീവിതത്തെ അപ്രായോഗികമാക്കുകയും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. അച്ചടക്കത്തോടെ ഇസ്‌ലാമിക ജീവിതം നയിച്ച് മാതൃകയാവുക എന്നതാണ് വികാരത്തിന് വിധേയരായി കൊല്ലപ്പെടുക എന്നതിനെക്കാള്‍ ഇന്ന് പ്രസക്തം.           


•┈┈┈┈•✿❁✿•┈┈┈┈•
ശബാബ് വാരിക
2017 മാർച്ച് 10 വെള്ളി

Reply all
Reply to author
Forward
0 new messages