ട്രോളില്‍ നിറയുന്ന പ്രഭാഷണ തൊഴിലാളികളും പരിഹാസ്യമാവുന്ന മതവും

8 views
Skip to first unread message

asas foundation

unread,
Nov 13, 2016, 12:57:33 AM11/13/16
to ii...@googlegroups.com

ട്രോളില്‍ നിറയുന്ന
പ്രഭാഷണ തൊഴിലാളികളും
പരിഹാസ്യമാവുന്ന മതവും
•┈┈┈┈•✿❁✿•┈┈┈┈•

✿ മുഖ്താര്‍ ഉദരംപൊയില്‍


ചില മതപ്രഭാഷകരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. മഴത്തുള്ളി വീണ് മനുഷ്യരുടെ തലപൊട്ടാത്തതിന്റെ ശാസ്ത്രീയത പറഞ്ഞും സ്വര്‍ഗത്തില്‍ നിന്ന് വരുന്ന പത്തിരിയുടെ പോരിശ വിവരിച്ചും നേതാവിന്റെ ശബ്ദഗാംഭീര്യത്താല്‍ സൗണ്ട് ബോക്‌സ് പൊട്ടിത്തകര്‍ന്ന വമ്പ് പറഞ്ഞും ചോദിക്കുന്നതിനെല്ലാം വിവരക്കേട് ഫത്‌വകള്‍ കൊടുത്തും സ്വയം അപമാനിതരും പരിഹാസ്യരുമായി മാറുന്ന പ്രാസംഗികരെ കാണുമ്പോള്‍ അയ്യേ, ദെന്ത് കഥ എന്ന് ചിന്തിച്ചുപോകുന്നവരില്‍ അവരുടെ അനുയായികള്‍ പോലുമുണ്ട്. പ്രസംഗാവേശത്തിനിടക്ക് വരുന്ന അബദ്ധങ്ങളല്ല, പ്രാസംഗികരുടെ അറിവില്ലായ്മയും വിവരക്കേടുകളുമാണ് ഇപ്പോള്‍ വൈറലാവുന്നത്.


മുന്‍കാലങ്ങളില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് വെട്ടിയെടുത്ത ഭാഗങ്ങളാണ് ഓണ്‍ലൈന്‍ സൈറ്റുകളിലും മറ്റും വാര്‍ത്തയായത്. പ്രസംഗം ഒരു തൊഴിലായി മാറിയപ്പോഴുണ്ടായ അപചയം കൂടിയാണിത്. വിഷയത്തെക്കുറിച്ച് ആധികാരികവും ശാസ്ത്രീയവുമായ അറിവില്ലാതെയാണ് ഇവര്‍ മൈക്കിനുമുന്നിലെത്തുന്നത്. അറിവില്ലെന്ന തിരിച്ചറിവ് പോലുമില്ലാത്തതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രാസംഗികര്‍ പുലര്‍ത്തേണ്ട ജാഗ്രതയും സൂക്ഷ്മതയും ഓര്‍മപ്പെടുത്തുക കൂടിയാണ് ഇത്തരം പ്രഭാഷണ ശകലങ്ങള്‍.


പ്രാസംഗികന്റെ അറിവുകേടുകളും വിവരമില്ലായ്മയും പ്രസംഗം കേള്‍ക്കുന്നവരെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്ന ആശങ്കയെങ്കിലും ഒരു പ്രഭാഷകന് ഉണ്ടാവേണ്ടതുണ്ട്. വിവരക്കേടുകള്‍ വിളമ്പാനുള്ള ഇടമല്ല പ്രഭാഷണ സദസ്സുകള്‍. പ്രാസംഗികന്റെ പാണ്ഡിത്യത്തില്‍ മതിപ്പുപുലര്‍ത്തിയാണ് വിശ്വാസികള്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ വരുന്നത്. ജുമുഅ ഖുത്തുബകളില്‍ പോലും ഇത്തരം വിടുവായത്തങ്ങള്‍ വിശ്വാസികള്‍ സഹിക്കുന്നുണ്ട്. എത്രമാത്രം ലാഘവത്തോടെയാണ് മിക്ക പ്രാസംഗികരും ഈ 'തൊഴിലിനെ' കാണുന്നത്. പറയുന്ന വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവുകള്‍ ശേഖരിക്കാനും അവയെക്കുറിച്ചുള്ള വിവിധ നിരീക്ഷണങ്ങള്‍ വിലയിരുത്താനും കൂടുതല്‍പേരും ശ്രമിക്കാറില്ല. പ്രാസംഗികര്‍ പഠിക്കാനും തിരുത്താനും തയ്യാറല്ല.


മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്ന പാതിരാപ്രസംഗങ്ങളുടെ പ്രഫഷണല്‍ രൂപമാണ് ഇന്ന് വ്യാപകമായിട്ടുള്ളത്. പണ്ഡിതന്മാരുടെ കുറവ് പ്രസംഗവേദികളില്‍ പ്രകടമാണ്. പക്വതയും വിനയവും ആഴത്തിലുള്ള ജ്ഞാനവുമുള്ള പണ്ഡിതന്മാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ആശങ്ക ബലപ്പെടുത്തുന്നുണ്ട് പുതിയ പ്രഭാഷകര്‍.


പ്രഭാഷണം ഇന്നൊരു തൊഴിലായി മാറിയിട്ടുണ്ട്. അരമണിക്കൂര്‍ പ്രസംഗത്തിന് പതിനായിരങ്ങളും ലക്ഷവും പ്രതിഫലം വാങ്ങുന്ന പ്രഭാഷകര്‍ കേരളത്തിലുണ്ട്. ഫോട്ടോ പതിച്ച ഫ്‌ളക്‌സും വലിയ ബോര്‍ഡുകളും വെച്ച് നടത്തപ്പെടുന്ന 'ഭീകരമായ' പ്രഭാഷണ സദസ്സുകളുടെ ലക്ഷ്യം പണപ്പിരിവാണ്. പിരിക്കുന്ന പണത്തിന്റെ ശതമാനം കണക്കാക്കി പ്രതിഫലം വാങ്ങുന്ന പ്രഭാഷകരുമുണ്ടത്രെ. ഈണത്തിലും താളത്തിലും വിശ്വാസികളുടെ മനംകവരുന്ന കഥകളും വാക്കുകളുമായി കള്ളക്കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളോടെ പണപ്പിരിവ് നടത്തുന്ന വിദഗ്ധമായ പ്രൊഫഷണലിസ്റ്റുകള്‍ ഗാനമേള-നാടക ട്രൂപ്പുകള്‍ പോലെ സജീവമാണ്. പ്രഭാഷത്തിന്റെ ലക്ഷ്യങ്ങള്‍ മാറി. ഇന്ന് പ്രഭാഷണ സദസ്സുകള്‍ കരിസ്മാറ്റിക് ബിസിനസാണ്. മത പ്രബോധനം എന്താണെന്നും എങ്ങനെയാണെന്നും ബോധമില്ലാത്തവരാണ് മതപ്രബോധന രംഗത്ത് സജീവമാവുന്നത് എന്നതാണ് പുതിയ കാലത്തിന്റെ ഭീഷണി. 


മതപ്രബോധനമെന്ന പേരില്‍ ഇവര്‍ നടത്തുന്ന കോപ്രായങ്ങള്‍ സത്യത്തില്‍ വിരസവും ആഭാസകരവുമായിരിക്കുന്നു. തീര്‍ത്തും നിരര്‍ഥകവും അനാവശ്യവുമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇന്ന് ഇസ്‌ലാമിക പ്രബോധനമെന്ന പേരില്‍ കവലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ വ്യക്തിയും കൂടുതല്‍ യാഥാസ്ഥിതികനും സങ്കുചിതനുമായിക്കൊണ്ടിരിക്കുകയാണ്. അന്യമതസ്ഥര്‍ക്കിടയില്‍ ഇസ്‌ലാമിനെ വില കുറച്ചു കാണിക്കാനും അവഹേളിക്കാനും അവമതിക്കാനും അവസരമൊരുക്കുകയാണ് ഇവിടുത്തെ പല മുസ്‌ലിം പ്രഭാഷകരും.


മഴത്തുള്ളി വീണ് തല പൊട്ടാത്തതിന്റെ ശാസ്ത്രീയ കാരണം പറഞ്ഞ പ്രഭാഷകനെ സോഷ്യല്‍ മീഡിയ നേരിട്ട രീതി നോക്കിയാല്‍ മനസ്സിലാക്കാം, ഇത്തരം പ്രഭാഷണങ്ങള്‍ ഇസ്‌ലാമിനെയും അല്ലാഹുവിനെയും പ്രവാചകനെയും പരിഹസിക്കാനും അവഹേളിക്കാനും അവസരം ഒരുക്കിക്കൊടുക്കുകയാണെന്ന്. മഴത്തുള്ളിയെ തടുത്തു നിര്‍ത്തുന്ന പടച്ചോന്‍ എന്ന് പറഞ്ഞ് ട്രോളുകളില്‍ പരിഹസിക്കപ്പെട്ടത് അല്ലാഹുവായിരുന്നു. ഇത്തരം പ്രഭാഷണങ്ങള്‍ കൊണ്ട് ആര്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുക.

രാഷ്ട്രീയപ്പാര്‍ട്ടികളെ പോലും ലജ്ജിപ്പിക്കുന്ന ഗ്രൂപ്പിസവും അസഹിഷ്ണുതയുമാണ് പൊതുനിരത്തില്‍ പ്രബോധനമെന്ന പേരില്‍ പലരും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസാരത്തിലും പ്രവര്‍ത്തനത്തിലും സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണമെന്ന് പഠിപ്പിച്ച മതത്തിന്റെ പ്രചരണമെന്ന നിലക്കാണ് ലെക്കുംലെവലുമില്ലാത്ത ചിലര്‍ നാവിട്ടലച്ച് ഇസ്‌ലാമിനെ തന്നെ കൊല്ലുന്നത് എന്നതാണ് ഏറെ വേദനാജനകം.


ഇസ്‌ലാമിക പണ്ഡിതന്‍മാരെന്ന് അറിയപ്പെടുന്നവര്‍ തന്നെ കുട്ടികളെപ്പോലെ തെരുവില്‍ തമ്മില്‍ തല്ലുകയും തെറിവിളിക്കുകയും ചെയ്യുന്നത് നാം കാണുന്നു. ആദര്‍ശ വിശദീകരണം, മതപ്രബോധന സദസ്സ്, ആത്മീയ വേദി എന്നൊക്കെ പറഞ്ഞ് സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിലൊന്നും മതവും ഇസ്‌ലാമും ആത്മീയതയുമില്ലാതായിരിക്കുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ അസഭ്യം പറയുന്നതാണ് ഇന്നത്തെ പ്രബോധനമെന്ന് വന്നിരിക്കുന്നു. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന കാലത്ത് നാവിനു നീളം വെച്ചവരെല്ലാം പണ്ഡിതരാവുന്നു. എതിരാളിയെ അടച്ചാക്ഷേപിച്ച് അടിച്ചിരുത്തുന്നവനാണ് ഇന്ന് പണ്ഡിതന്‍. അവന്റെ പിന്നാലെയാണ് ഇന്ന് യുവമുസ്‌ലികള്‍. വല്ലാത്തൊരു അപചയമാണിത്.


ഇസ്‌ലാമിക ജീവിതമെന്നാല്‍ മാനസികവും ശാരീരികവുമായ സംസ്‌കരണമാണ്. എന്നാലിന്ന് ഇസ്‌ലാം ചില ചിഹ്നങ്ങളില്‍ മാത്രമായിരിക്കുന്നു. ആ ചിഹ്നങ്ങളില്ലാത്തവരെല്ലാം കാഫിറാണ്. ആ ചിഹ്നങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ വിശ്വാസി എന്നു വന്നിരിക്കുന്നു. ആളുകളെ കാഫിറും മുശ്‌രിക്കും മുനാഫിക്കുമാക്കലാണ് കവല പ്രഭാഷകരുടെ പുതിയ പ്രബോധന രീതി!. ആത്മസംസ്‌കരണത്തിന് പ്രേരിപ്പിക്കുന്ന ഉദ്‌ബോധനങ്ങളും ജീവിത മാതൃകകളും ഇന്നെവിടെയും കാണുന്നില്ല.

ഒരു ബഹുമത സമൂഹത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന വിചാരം പോലും പലര്‍ക്കുമില്ല. എല്ലാവരും തങ്ങള്‍ക്കു ചുറ്റും ഒരു മതിലു തീര്‍ത്ത്, അതാണ് ലോകം എന്ന് നിനച്ച് കഴിഞ്ഞുകൂടുകയാണ്. മതത്തിന്റെയും മറ്റും പേരില്‍ വിഭാഗീയത വര്‍ധിക്കുന്ന കാലത്ത് അതിന് ആക്കം കൂട്ടുകയും ഇസ്‌ലാമിന്റെ വിമര്‍ശകര്‍ക്ക് അനുകൂലമായ കാലാവസ്ഥ നിര്‍മിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങളാണ് പല മുസ്‌ലിം പ്രഭാഷകരില്‍ നിന്നും ഉണ്ടാവുന്നത്. ഈയിടെ ഒരു പ്രഭാഷകന് യു എ പി എ ചുമത്തപ്പെട്ട സാഹചര്യം കൂട്ടിവായിക്കേണ്ടതാണ്. ഇസ്‌ലാമിനെ ഇടുങ്ങിയ മുറിയിലിട്ട് പൂട്ടാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എത്രമാത്രം അസഹിഷ്ണുതയും പിന്തിരിപ്പന്‍ കാഴ്ചപ്പാടുകളുമാണ് ഇവര്‍ ഇസ്‌ലാമിന്റെ പേരില്‍ വെച്ചുപുലര്‍ത്തുന്നതെന്നത് വിശ്വാസികളെ പോലും ലജ്ജിപ്പിക്കുന്നുണ്ട്.


കാലം മാറുന്നത് അവരറിയുന്നില്ലെന്നു തോന്നുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നവര്‍ക്കിടയില്‍ പോലും വളര്‍ന്നുവരുന്ന പിന്തിരിപ്പന്‍ ചിന്തകള്‍ ഇസ്‌ലാമിനെ തെറ്റായി വായിക്കാന്‍ സമൂഹത്തെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മതപരവും ഭൗതികവുമായ അറിവും അനുഭവവും കാഴ്ചപ്പാടുമുള്ള ഭക്തരും സാത്വികരുമായ പണ്ഡിതന്‍മാര്‍ നേതൃസ്ഥാനങ്ങളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പക്വതയില്ലാത്ത ചെറുപ്പക്കാരുടെ അവിവേകങ്ങളെ തടയാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നേര്‍വഴിയുമുപദേശിക്കാനും പ്രാപ്തിയുള്ള നേതൃത്വത്തിന്റെ അഭാവം വലിയ അപകടമാണ് സമൂഹത്തില്‍ വരുത്തിവെക്കുക. മുറിമൊല്ലമാരാണ് രംഗം കയ്യടക്കിയിരിക്കുന്നത്. മുറിവൈദ്യന്‍ ആളെക്കൊല്ലും, മുറിമൊല്ലമാര്‍ മതത്തെ കൊല്ലും.

തങ്ങളുടെ കുടുസ്സായ ചിന്തകളില്‍ നിന്നും പുറത്തുകടക്കാനും മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മുസ്‌ലിം പ്രാസംഗികര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാം പ്രകാശമാണെന്നും ആ വെളിച്ചത്തെയാണ് പ്രബോധനം നടത്തുന്നതെന്നും പറയുന്നവര്‍ തന്നെ വിശ്വാസികളുടെ ഉള്ളില്‍ ഇരുട്ടു നിറക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.


കളവു പറയാന്‍ ആര്‍ക്കും മടിയില്ലാതായിരിക്കുന്നു. ആശയാദര്‍ശങ്ങളെ തനിക്കനുകൂലമായി വ്യാഖ്യാനിക്കാനും ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും പണ്ഡിതാഭിപ്രായങ്ങളെയും വ്യക്തിതാല്‍പര്യങ്ങള്‍ക്കായി വളച്ചൊടിക്കാനും യാതൊരു മനപ്രയാസവുമില്ല പലര്‍ക്കും.

എല്ലായിടത്തും ആഭാസകരമായ മല്‍സരമാണ് നടക്കുന്നത്. അധികാരത്തിനും ഭൗതികമായ സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള കിടമല്‍സരങ്ങള്‍. പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവും മാറി. അല്ലാഹുവിന്റെ പ്രീതിക്കും അവിടെനിന്നുള്ള പ്രതിഫലത്തിനുമാണ് തങ്ങളുടെ സേവനം എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അതൊന്നുമല്ല പലരുടെയും പരമമായ ലക്ഷ്യമെന്ന് ഇവിടെ ഇതൊക്കെ കണ്ടും കേട്ടും ജീവിക്കുന്നവര്‍ക്കെല്ലാം അറിയാം. പത്രത്തില്‍ റിപ്പോര്‍ട്ട് വരണം, ഫോട്ടോ വരണം. നാലാളറിയണം. ഹോ. ഭയങ്കര സംഭവമെന്ന് ആളുകള്‍ പറയണം. അവരേക്കാള്‍ നന്നായി എന്ന് പറയിക്കണം. സാമ്പത്തികമായി വല്ല ലാഭവും കിട്ടണം.

ഒരു സംഘടന എന്തെങ്കിലും പരിപാടി നടത്തിയാല്‍ പിന്നെ അതിനു പകരം വെക്കുന്ന, അതിനെ തോല്‍പ്പിക്കുന്ന പരിപാടി സംഘടിപ്പിക്കലാണ് മറു സംഘടനയുടെ അടുത്ത അജണ്ട. അല്ലെങ്കില്‍ അവരുടെ പരിപാടികള്‍ കലക്കാന്‍, അതിനു തടസ്സമുണ്ടാക്കാന്‍ എന്തൊക്കെ ചെയ്യാനാവും എന്ന ആലോചനയാണ്.

പഴയകാല പണ്ഡിതന്‍മാരുടെ ജീവിതം പഠിക്കാന്‍ നാം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. അറിവുണ്ടെന്ന അഹങ്കാരമല്ല, അറിയില്ലെന്ന വിനയം കൂടിയാണ് പാണ്ഡിത്യം. സംശയങ്ങളുമായി വന്നയാളോട് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് പറയുകയും ചെയ്ത ഇമാമുമാരെയെങ്കിലും പഠിക്കാന്‍ തയ്യാറാവണം.
നീ വിട്ടുവീഴ്ച ചെയ്യുകയും നല്ലതുകൊണ്ട് കല്‍പിക്കുകയും മൂഢന്‍മാരില്‍ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുക (7:119) എന്ന് ഖുര്‍ആന്‍ പറയുന്നത് പ്രാസംഗികരോട് കൂടിയാണ്. വാശിപ്പുറത്തു നടത്താനുള്ളതല്ല ഇസ്‌ലാമിക പ്രബോധനമെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം സംഘടനകള്‍ക്കും പ്രാസംഗികര്‍ക്കും മഹല്ലുസംവിധാനങ്ങള്‍ക്കും കഴിയേണ്ടതുണ്ട്.


ഇസ്‌ലാമിക പ്രബോധനങ്ങളും ആത്മീയ പ്രഭാഷണങ്ങളും ഇത്രയേറെ നടന്നിട്ടും അതിന്റെ ഫലം പ്രകടമാവാത്തതെന്തേ എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഉദ്ദേശ്യശുദ്ധിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം ലഭിക്കില്ല എന്നതാണ്. ഒരാള്‍ എന്തിനു വേണ്ടിയാണോ കര്‍മം ചെയ്യുന്നത് അതവന് ലഭിക്കുമെന്നത് ഇസ്‌ലാം നല്‍കുന്ന പ്രഥമവും പ്രധാനവുമായ തിരിച്ചറിവുകളില്‍ ഒന്ന്. ഉദ്ദേശ്യമനുസരിച്ചാണ് ഫലം ലഭിക്കുക, പ്രതിഫലവും.

പ്രാസംഗികരെപ്പോലെ ജാഗ്രത പുലര്‍ത്തേണ്ടവരാണ് മദ്‌റസാധ്യാപകരും. മതത്തെ തനതായ നിലയില്‍ കുട്ടികളിലേക്ക് പകര്‍ന്നുനല്‍കേണ്ടവര്‍ക്ക് ആ വിഷയത്തില്‍ വേണ്ട അറിവും ആ അറിവ് പകര്‍ന്നുനല്‍കാനുള്ള കാര്യപ്രാപ്തിയുമുണ്ടോ? കെ എം മൗലവിയെപ്പോലുള്ള പണ്ഡിതന്മാരാണ് ആദ്യകാലത്ത് മദ്‌റസയിലെ അധ്യാകരായിരുന്നത്. അവര്‍ തന്നെയാണ് പ്രാസംഗികരും കോളജ് അധ്യാപകരും ഖുര്‍ആന്‍ ക്ലാസെടുക്കുന്നവരുമെല്ലാം. എന്നാലിന്ന് മദ്‌റസയില്‍ പഠിപ്പിക്കുന്ന എത്ര പണ്ഡിതന്മാരുണ്ട്. വായിക്കാനും പഠിക്കാനും തയ്യാറില്ലാത്ത, അസഹിഷ്ണുക്കള്‍ പ്രാസംഗികര്‍ക്കിടയിലെന്ന പോലെ മദ്‌റസാധ്യാപകര്‍ക്കിടയിലും ഏറിക്കൊണ്ടിരിക്കുന്നുണ്ടെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.

ആവശ്യമായ അറിവും പ്രാപ്തിയുമുള്ളവരെ മദ്‌റസാധ്യാപകരായി ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ബൗദ്ധികമായി ഉയര്‍ന്നുനില്‍ക്കുന്നവര്‍ മതപ്രബോധന രംഗത്ത് നിന്നും മാറിനില്‍ക്കുന്നതും അവരെ മാറ്റിനിര്‍ത്തുന്നതുമാണ് ഇത്തിക്കണ്ണികള്‍ക്ക് വളമാവുന്നത്. ബുദ്ധിപരമായും ചിന്താപരമായും തെളിച്ചമുള്ളവരെ കണ്ടെത്തി അവരെ പണ്ഡിതന്മാരായി വളര്‍ത്തിയെടുക്കാനും പ്രബോധന മേഖലയില്‍ ഉപയോഗപ്പെടുത്താനും ആസൂത്രിത സംവിധാനങ്ങളുണ്ടാവണം. ഒരു തൊഴിലും ലഭിക്കാത്തവന് ഉപജീവനത്തിനുള്ള ഇടമല്ല മദ്‌റസയും പള്ളിയും മതപ്രബോധന മേഖലയും. അന്തംകെട്ട പ്രസംഗതൊഴിലാളികള്‍ക്ക് മൂക്കുകയറിടാന്‍ സംഘടനകള്‍ക്കും വിശ്വാസികള്‍ക്കും സാധിക്കേണ്ടതുണ്ട്.


''നന്മയിലേക്ക് ക്ഷണിക്കുകയും സുകൃതം കൊണ്ട് കല്‍പ്പിക്കുകയും ചീത്ത തടയുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്നും ഉണ്ടായിത്തീരട്ടെ. അവരാകുന്നു വിജയികള്‍''. (വി ഖു 3:104)            


Reply all
Reply to author
Forward
0 new messages