പെണ്‍കുഞ്ഞുങ്ങള്‍

11 views
Skip to first unread message

asas foundation

unread,
Nov 17, 2016, 12:37:57 AM11/17/16
to ii...@googlegroups.com

പെണ്‍കുഞ്ഞുങ്ങള്‍

-P M A GAFOOR


ഒരു പെണ്‍കുഞ്ഞിന്റെ ജീവിതം എന്തു
രസമാണ്‌! കൊച്ചു കാര്യങ്ങള്‍ നിറഞ്ഞ ആ ചെറുഹൃദയത്തില്‍ സ്‌നേഹവും അലിവുമായിരിക്കും തുളുമ്പി നില്‍ക്കുന്നത്‌. കുഞ്ഞു സങ്കടങ്ങള്‍ പോലും അസഹ്യമായ ആ മനസ്സില്‍ വലിയ പിണക്കങ്ങള്‍ക്കു പോലും ചെറിയ ആയുസ്സേ ഉണ്ടാകൂ. കൂട്ടുകെട്ടിന്റെ ലോകത്തേക്ക്‌ വേഗം മാറിപ്പോകുന്ന ആണ്‍കുട്ടികളെപ്പോലെയല്ല പെണ്‍കുഞ്ഞുങ്ങള്‍. ഉമ്മയോടും ഉപ്പയോടും അടുപ്പം നിറഞ്ഞ ഇഷ്‌ടം ആ മനസ്സ്‌ എന്നും കരുതിവെക്കും. എത്ര മുതിര്‍ന്നാലും ആ കൊഞ്ചലും കൗതുകവും തീരില്ല.

``എനിക്ക്‌ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. ഒരു പെണ്‍കുഞ്ഞ്‌ ഉണ്ടാകണമെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട്‌. ഇപ്പോഴും മനസ്സ്‌ നിറയെ അവളെയാണ്‌ കൊതിക്കുന്നതും കാത്തിരിക്കുന്നതും. ആണ്‍കുട്ടികള്‍ കളിപ്രായമെത്തുമ്പോഴേക്ക്‌ നമ്മില്‍ നിന്നകലും. ഒന്നു ലാളിക്കാനോ ഉമ്മ വെക്കാനോ അവരെ കിട്ടില്ല. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവരെന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. വിവാഹിതയായാല്‍ പോലും ഉപ്പയുടെ തോളില്‍ തൂങ്ങിയും കൊഞ്ചിപ്പറഞ്ഞും അവളുണ്ടാകും...''

സുഹൃത്തുക്കളിലൊരാള്‍ പങ്കുവെച്ച ഈ സംസാരമാണ്‌ പെണ്‍കുഞ്ഞിനെക്കുറിച്ച്‌ ചിന്തിപ്പിച്ചത്‌. പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്‌നേഹമുള്ള ഇത്തയായും പ്രണയം നിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും സ്‌ത്രീത്വത്തിന്റെ സാന്ത്വനം നുകരുന്നവരാണ്‌ സര്‍വരും. കരുണാവാരിധിയായ അല്ലാഹു അവളിലൊളിപ്പിച്ച ഹൃദയവികാരങ്ങള്‍, സര്‍വ മനസ്സംഘാര്‍ഷങ്ങള്‍ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഒരു വലിയ സാന്ത്വനമാകാന്‍ അവള്‍ക്കു കഴിയും.

സ്‌ത്രീ എന്ന സാന്ത്വനത്തെ അങ്ങേയറ്റം ഇസ്‌ലാം ആദരിച്ചിട്ടുണ്ട്‌. കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ അനന്തരാവകാശം നല്‍കി ഉയര്‍ത്തിയ മതമാണിത്‌. പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ ``പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌'' എന്നുപദേശിച്ച തിരുനബി(സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്‌.

അര്‍ഹതയും ബാധ്യതയും നല്‍കി ഇസ്‌ലാം സ്‌ത്രീയെ ഉയര്‍ത്തി. ജന്മമല്ല, കര്‍മമാണ്‌ മഹത്വത്തിന്റെ അടിയാധാരമെന്ന്‌ വാഴ്‌ത്തി. അഭിപ്രായസ്വാതന്ത്ര്യവും അംഗീകാരവും നല്‍കി. അവരെ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിലേക്ക്‌ കൊണ്ടുവന്നു. പെണ്‍കുഞ്ഞിനെ ശാപമായി കണ്ട അറേബ്യന്‍ മനസ്സിനെ ഇങ്ങനെ ശാസിച്ചു: ``അവരിലൊരാള്‍ക്ക്‌ പെണ്‍കുട്ടി പിറന്ന സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി, അവന്റെ മുഖം കറുത്തിരുളുന്നു. അവര്‍ ജനങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നു. ഈ ചീത്തവാര്‍ത്ത അറിഞ്ഞതിനു ശേഷം ആരെയും അഭിമുഖീകരിക്കാന്‍ അപമാനം സഹിച്ച്‌ അതിനെ വളര്‍ത്താണോ അതോ അവളെ കുഴിച്ചുമൂടണോ എന്നയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു.'' (16:58,59)

നിശിതമായ ഭാഷയില്‍ അല്ലാഹു ആ ക്രൂരകൃത്യത്തെ വിലക്കുകയും ചെയ്‌തു: ``ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞിനോട്‌, അവളെന്ത്‌ അപരാധത്തിന്റെ പേരിലാണ്‌ വധിക്കപ്പെട്ടതെന്ന്‌ ചോദിക്കപ്പെടുമെന്ന്‌'' (81:8,9) താക്കീത്‌ നല്‍കുകയും ചെയ്‌തു.
സുഖാസ്വാദനങ്ങള്‍ക്ക്‌ അടിപ്പെട്ട പുതിയ കാലവും പെണ്‍കുഞ്ഞിനെ ശല്യമായി കാണുന്നു. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടി എന്ന ഗ്രാമം പെണ്‍ ശിശുഹത്യക്ക്‌ കുപ്രസിദ്ധമാണല്ലോ. പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട്‌ `കൊന്നു കളഞ്ഞിട്ട്‌ വാ' എന്നാണത്രെ ഭര്‍ത്താവിന്റെ നിര്‍ദേശം. ഭ്രൂണഹത്യക്ക്‌ ഇരയായി അമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക്‌.

മാതാവിനും പിതാവിനും ജീവിതവിജയത്തിലേക്കുള്ള വഴിയായിട്ടാണ്‌ പെണ്‍കുഞ്ഞ്‌ ലഭിക്കുന്നതെന്ന്‌ തിരുനബി(സ)യുടെ വചനങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു. അവളോടുള്ള പെരുമാറ്റവും അവള്‍ക്കുള്ള ശിക്ഷണവും സംരക്ഷണവും ഏറെ ശ്രദ്ധയോടും കരുതലോടെയുമാകണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു. പ്രിയമകള്‍ ഫാതിമ(റ)യോടും കൗമാരം വിട്ടുമാറും മുമ്പ്‌ പ്രവാചകജീവിതത്തിലേക്ക്‌ കടന്നുവന്ന ആഇശ(റ)യോടുമുള്ള തിരുനബിയുടെ ഇടപെടലുകളും അവരോട്‌ കാണിച്ച വാത്സല്യവും എക്കാലത്തെയും മാതാപിതാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനമാണ്‌. മൃദുലമനസ്സുള്ള രണ്ടുപേരോടും ഏറെ സൂക്ഷ്‌മതയോടും എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടുമാണ്‌ തിരുനബി ഇടപെട്ടത്‌. വിജ്ഞാനത്തോടുള്ള ആഇശയുടെ ആഗ്രഹത്തെ നബി(സ) പ്രോത്സാഹിപ്പിച്ചു. 2210 ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ ആഇശ(റ).

അവിടുന്ന്‌ ഉപദേശിക്കുന്നു: ``ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'' (അബൂദാവൂദ്‌). ``ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.'' (മിശ്‌കാത്ത്‌)

പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിഷ്‌കളങ്ക സാന്നിധ്യമായി, പനിനീര്‍ മൃദുലതയുള്ള നറുവസന്തമായി ഓരോ കുഞ്ഞുമോളും വീടിന്റെ തെളിച്ചമാകട്ടെ. കുണുങ്ങിയും പിണങ്ങിയും പാട്ടുപാടിയും അവള്‍ ജീവിതത്തെ ചുറുചുറുക്കുള്ളതാക്കട്ടെ. വെള്ളം തുളുമ്പി നില്‍ക്കുന്ന ആ കണ്ണുകള്‍ നനയാതിരിക്കട്ടെ. കാരുണ്യവാനില്‍ നിന്നുള്ള സ്‌നേഹസമ്മാനമാണ്‌ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍. ഉള്ളില്‍ കവിഞ്ഞ സ്‌നേഹവാത്സല്യങ്ങളില്‍ അവര്‍ക്ക്‌ കൂടൊരുക്കുക.-


Reply all
Reply to author
Forward
0 new messages