വിശ്വാസി ഓർമ്മിക്കേണ്ടത്‌

39 views
Skip to first unread message

asas foundation

unread,
Nov 8, 2016, 2:40:50 AM11/8/16
to ii...@googlegroups.com


വിശ്വാസി ഓർമ്മിക്കേണ്ടത്‌ 

By പി എം എ ഗഫൂർ  


കുറഞ്ഞ സമയം കൊണ്ട് തീരുന്ന ചെറിയ ജീവിതമാണ് നമ്മുടേത്‌. എപ്പോള്‍ എങ്ങനെ എന്ന് നിശ്ചയമില്ലെങ്കിലും തീര്‍ച്ചയായും നമ്മുടെ തിരിച്ചുപോക്കിന് കൃത്യമായ ഒരു സമയമുണ്ട്. എല്ലാ സന്തോഷങ്ങളോടും വിട ചോദിച്ച്, എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ച്, എല്ലാ ബന്ധങ്ങളെയും തിരസ്ക്കരിച്ചു നാം പോയേ പറ്റൂ. ഇത്രയും ചെറുതും നിസ്സാരവുമായ ജീവിതത്തില്‍ നമ്മുടെ മുന്നിലുള്ളത് കുറഞ്ഞ സമയമാണ്. സെക്കന്റുകളും നിമിഷങ്ങളും! ചെയ്യാവുന്ന നല്ല കാര്യങ്ങള്‍ ചെയ്യുക. ചെയ്യുന്നവയില്‍ ആത്മാര്‍ത്ഥതയുണ്ടാവുക – ഇത്രയുമായാല്‍ ജീവിതം വിജയകരമെന്ന് തീര്‍ച്ചപ്പെടുത്താം. വലിയ കാര്യങ്ങള്‍ കുറേയുണ്ട്, അതിലേറെ ചെറിയ കാര്യങ്ങളുമുണ്ട്. നിസ്സാരമെന്നു നാം ഗണിക്കുന്ന കാര്യങ്ങള്‍ ഒരു പക്ഷെ, മികച്ച പ്രതിഫലത്തിലേക്ക്‌ നമ്മെ നയിച്ചേക്കാം. അഥവാ ഒരു കാര്യവും നിസ്സാരമല്ല.

'മിസ്ഖാലുദര്‍റതിന്‍’ എന്നാണു നന്മതിന്മകളുടെ അളവിന് അടയാളപ്പെടുത്താന്‍ ഖുര്‍ആന്‍ (99:7.8) പ്രയോഗിച്ചത്. ‘കുഞ്ഞുറുമ്പിന്‍റെ കാലിന്‍റെ കഷ്ണം’ തൂക്കമുള്ള അളവാണ് ‘മിസ്ഖാലുദര്‍റതിന്‍’ എന്ന് ചില തഫ്സീറുകളില്‍ കാണാം. അഥവാ അത്രയും നിസ്സാരമായ അളവ്‌ നന്മയോ തിന്മയോ പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം അള്ളാഹു തരിക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ ഈ വചനം നമ്മെ അങ്ങേയറ്റം ജാഗരൂഗരാക്കേണ്ടതില്ലേ? നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിമിഷങ്ങളെ തിന്മകളില്‍ നിന്നൊഴിഞ്ഞും നന്മകളില്‍ കഴിഞ്ഞും ഗുണപരമായി വിനിയോഗിക്കാന്‍ നമ്മെ ഉത്സുകരാക്കേണ്ടതില്ലേ? റസൂല്‍ തിരുമേനി (സ) പറയുന്നു: “അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു തൃപ്തികരമായ ഒരു കാര്യം ഉച്ചരിക്കുക വഴി അല്ലാഹു ഒരാളെ പല പടികളുയര്‍ത്തും.” നേരെ തിരിച്ചുള്ള കാര്യവും റസൂല്‍ താക്കീത് ചെയ്യുന്നുണ്ട്. "അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു ദേഷ്യമുണ്ടാക്കുന്ന ഒരു കാര്യം ഉച്ചരിക്കുക വഴി ഒരാള്‍ നരകത്തില്‍ പതിക്കുകയും ചെയ്യാം” (ബുഖാരി).

നന്മകളില്‍ നിന്നൊന്നിനെയും ചെറുതായി കാണാതിരിക്കല്‍ തന്നെ ഒരു നന്മയാണ്. ‘ഒരു നന്മയെയും നിസ്സാരമാക്കരുത്’ എന്ന ആമുഖത്തോടെയാണ്, 'സഹോദരനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത് നന്മയാണ്' എന്ന് റസൂല്‍ (സ) പറയുന്നത്. 'നിന്‍റെ തൊട്ടിയിലെ വെള്ളം സഹോദരന്‍റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുന്നതും പുണ്യമാണ്’ എന്ന ഉപദേശത്തോടെയാണ് ആ ഹദീസ് അവസാനിക്കുന്നത്. ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസ്: റസൂല്‍ (സ) തിരുമേനി പറയുന്നു: "രണ്ടു പേര്‍ക്കിടയില്‍ നീതി കാണിക്കുന്നത് പുണ്യമാണ്. നിങ്ങളുടെ വാഹനത്തില്‍ ഒരാളെ കയറ്റുകയോ അയാളുടെ ഭാരം കയറ്റുകയോ ചെയ്യുന്നതും പുണ്യമാണ്. നമസ്ക്കാരത്തിനു വേണ്ടി നിങ്ങള്‍ നടക്കുന്ന ഓരോ കാലടിയിലും പുണ്യമുണ്ട്. വഴിയില്‍ നിന്നും ഉപദ്രവം നീക്കുന്നതും പുണ്യമാണ്".

ചെറിയ ജീവിതം, കുറഞ്ഞ സമയം. നന്മകള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ . തിന്മകള്‍ ചെയ്യാനും കുറെ അവസരങ്ങള്‍ . എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാം. സദ്‌കര്‍മങ്ങള്‍ കൊണ്ട് നമ്മുടെ തുലാസ് തൂങ്ങട്ടെ. ‘ജന്മം കൊണ്ടെന്തു ചെയ്തു’ എന്ന അല്ലാഹുവിന്‍റെ ചോദ്യത്തിന് ധൈര്യപൂര്‍വ്വം മറുപടി പറയാന്‍ നമുക്കെന്തെങ്കിലും വേണ്ടേ? കര്‍മങ്ങള്‍ പൂത്തുലയട്ടെ! പ്രതിഫലം കാത്തിരിക്കുന്നു.



Reply all
Reply to author
Forward
0 new messages