കേരള മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവുംഎ വി ഫിർദൗസ്
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. വിശ്വാസ പ്രേരിതവും മതകീയ മൂല്യങ്ങളുടെ പിന്‍ബലമുള്ളതുമായ ഒരാവശ്യം എന്ന നിലയില്‍ രാഷ്ട്രത്തിന്റെയും ജനതയുടെയും സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും ആദ്യം ചിന്തിച്ചുതുടങ്ങിയതും ഇന്ത്യന്‍ മുസ്‌ലിംകള്‍ തന്നെയാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പ്രഥമവും പ്രധാനവുമായ ഘടകം രാഷ്ട്രീയമായ സ്വാതന്ത്ര്യമാണെന്ന് ചിന്തിക്കാന്‍ പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലെ മുസ്‌ലിം മതനേതൃത്വം മുന്‍പന്തിയില്‍ നിന്നു. അതുകൊണ്ടാണ് കൊളോണിയല്‍ അധിനിവേശ ശക്തികള്‍ മുസ്‌ലിംകളെ അവരുടെ പ്രഥമ ശത്രുക്കളായി കണ്ടതും കിരാതവും ക്രൂരവുമായ ഭരണകൂട നടപടികളിലൂടെയും കരിനിയമങ്ങളിലൂടെയും മുസ്‌ലിംകളെ വരിഞ്ഞുമുറുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതും. ഉത്തരേന്ത്യയിലെ വിശേഷിച്ച് പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉന്നതരായ മുസ്‌ലിം പണ്ഡിതന്മാര്‍ അവരുടെ മതപരമായ ഉപദേശങ്ങളിലും നിര്‍ദേശങ്ങളിലും ബ്രിട്ടീഷ് ദുര്‍ബുദ്ധികളുടെ രാജ്യവിരുദ്ധ നടപടികളെക്കുറിച്ചുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും പല പ്രദേശങ്ങളിലും മുസ്‌ലിംകള്‍ സാമ്രാജ്യത്വ സംവിധാനങ്ങളെ തിരസ്‌കരിക്കുന്ന പ്രതികരണ ശീലങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഘര്‍ഷ ശൃംഖലകള്‍ക്കു തുടക്കം കുറിക്കുകയും അത് പടര്‍ന്നു പിടിക്കുകയും ചെയ്തതില്‍ മുസ്‌ലിം ഉലമാക്കള്‍ക്ക് വലിയ പങ്കുണ്ട്. 1837-ല്‍ പഞ്ചാബിലെ സിയാല്‍ക്കോട്ട് നിന്ന് മൗലവി സിറാജുദ്ദീന്‍ സിയാല്‍ക്കോട്ടി പുറത്തിറക്കിയ രിസാലതുത്തഹ്‌രീര്‍ എന്ന ഉറുദു ലഘുലേഖ പത്താന്‍കോട്, ലുധിയാന, സിയാല്‍കോട്ട് മേഖലകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി മുസ്‌ലിം വികാരം ഇളക്കിവിടുകയുണ്ടായി. ഈ ഘട്ടത്തില്‍ ആ മേഖലയിലെ സവര്‍ണ ഹൈന്ദവരില്‍ ഒരു വലിയ വിഭാഗം ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്. സമാനമായ ചെറുകിട വികാര ധ്രുവീകരണങ്ങള്‍ ആ ഘട്ടത്തില്‍ ബീഹാറിലും ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയര്‍ന്നുവരികയുണ്ടായി. 1900-നു ശേഷം ഇന്ത്യയില്‍ ശക്തമായ സവര്‍ണ ദേശീയതയുടെ വക്താക്കള്‍ പില്‍ക്കാലത്ത് അവകാശപ്പെട്ടതിനു വിരുദ്ധമായി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലൊക്കെയും ഉത്തരേന്ത്യയില്‍ സവര്‍ണര്‍ സാമ്രാജ്യത്വ ശക്തിക്കൊപ്പം നില്‍ക്കയാണ് ചെയ്തത്. മുസ്‌ലിംകളെ രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കുന്ന പ്രവണതയുടെ തുടക്കം കുറിക്കുന്നതില്‍ ബ്രിട്ടീഷുകാരും സവര്‍ണരായ ബ്രിട്ടീഷ് അനുകൂലികളും ഒന്നിച്ചുനിന്നു. ഭരണകൂടത്തിന്നെതിരായി വര്‍ത്തിക്കുന്നവരെ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ശത്രുപക്ഷത്ത് നിര്‍ത്തുകയും അവരെക്കുറിച്ച് മുന്‍വിധികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ അവലംബിച്ച അതേ ഉപാധികള്‍ തന്നെയാണ് അവരുടെ ആദ്യകാല പിന്തുണക്കാരായ സവര്‍ണസാമ്രാജ്യത്വാനുകൂലികളും സ്വീകരിച്ചത്. ആര്‍ എസ് എസ്സിന്റെ ആവിര്‍ഭാവത്തോടെ മുസ്‌ലിംകളെ മൊത്തത്തില്‍ രാഷ്ട്രവിരുദ്ധരായി ഭാവന ചെയ്യുന്ന വംശീയ വിദ്വേഷത്തോളം വികസിച്ച ഉപായത്തിന്റെ ആവിഷ്‌കര്‍ത്താക്കള്‍ ബ്രിട്ടീഷുകാരാണ്. കൊളോണിയല്‍ വിരുദ്ധ വികാരങ്ങളെ വര്‍ഗീയവും വംശീയവുമായി വഴിതിരിച്ചു വിടുകയും ബ്രിട്ടീഷ് അധിനിവേശത്തേക്കാള്‍ വലിയ പ്രശ്‌നം മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരികമായ വ്യതിരിക്തതയാണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതിലാണ് ഹൈന്ദവ തീവ്രവാദവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ദേശീയ ചിന്ത ചെന്നെത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ മുസ്‌ലിം പങ്കാളിത്തത്തിന്റെ സമുജ്വല പാഠങ്ങള്‍ തിരസ്‌കൃതമാകുന്ന ചരിത്ര സമീപനം രൂപപ്പെട്ടു വന്നത് സംഘപരിവാര്‍ പ്രേരിതമായ ഭൂതകാല വിശകലനങ്ങളില്‍ നിന്നാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും വ്യാപനത്തിലും ഏതൊരു സമുദായത്തെയും മതവിഭാഗത്തെയും അപേക്ഷിച്ച് ഗണ്യമായ പങ്കാളിത്തം വഹിച്ച ഇന്ത്യയിലെ മുസ്‌ലിംകളെ സാംസ്‌കാരികമായ അന്യതാവാദത്തിന്റെ മറപിടിച്ച് ബഹിഷ്‌കരിക്കാനാണ് തീവ്രവാദ ഹിന്ദുത്വശക്തികള്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും തദ്ദേശീയമായ ചരിത്ര സ്മൃതികള്‍ നിലനില്‍ക്കുന്നതിന്റെ കാരണങ്ങളും അവയുടെ വേരുകളും ചികയുമ്പോള്‍ മുസ്‌ലിംകള്‍ ഉയര്‍ന്നുവരുന്നതു കാണാം.
ഇത്തരത്തില്‍ ഒരു ചരിത്രാവസ്ഥയുള്ളവരാണ് കേരളീയ മുസ്‌ലിംകളും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധവും സ്വാതന്ത്ര്യാഭിവാഞ്ഛയില്‍ അധിഷ്ഠിതവുമായ മുന്നേറ്റങ്ങള്‍ ആരംഭിച്ചിരുന്നു. ഡച്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും എതിരായ തദ്ദേശീയ പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന പാരമ്പര്യം കേരളത്തിലെ മുസ്‌ലിംകള്‍ക്കുണ്ട്. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പാണ്ടികശാലകളും വ്യവസായ കേന്ദ്രങ്ങളും ആരംഭിച്ച് രാഷ്ട്രീയാധികാരം ഉറപ്പിക്കാന്‍ ശ്രമിച്ച ഡച്ചുകാരെ ചെറുത്തുതോല്പിക്കുന്നതില്‍ ദളിത് പാരമ്പര്യമുള്ള ക്രൈസ്തവരും അതേ പാരമ്പര്യമുള്ള മുസ്‌ലിംകളും ഒന്നിച്ചുനിന്ന ചരിത്രമുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലെ ഡച്ചുവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ പോയ മുസ്‌ലിം പോരാളികള്‍ നിരവധിയാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വിദേശാധിനിവേശത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ തകര്‍ത്തുകൊണ്ട് മുസ്‌ലിം ദേശാഭിമാനികള്‍ തീര്‍ത്ത പ്രതിരോധ സജ്ജീകരണങ്ങളെയാണ് പഴമയും പാരമ്പര്യവും കുലീനത്വവും അവകാശപ്പെടുന്ന നാട്ടുരാജാക്കന്മാരും നാടുവാഴി വംശങ്ങളും ഉള്ളില്‍ നിന്നു തകര്‍ക്കുവാന്‍ ശ്രമിച്ചത്. തദ്ദേശീയരായ ഭരണ കര്‍ത്താക്കള്‍ക്ക് കീഴൊതുങ്ങിക്കൊണ്ടും വിദേശീയാധിനിവേശത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ടും കേരളത്തിലെ മുസ്‌ലിംകള്‍ സ്വീകരിച്ച സമീപനങ്ങള്‍ക്ക് ചരിത്രപരവും രാഷ്ട്രീയവുമായ മൂല്യങ്ങള്‍ ഏറെയാണ്. വാസ്‌കോഡഗാമയുടെയും സംഘത്തിന്റെയും വരവോടെ ആരംഭിച്ച പോര്‍ച്ചുഗീസ് ബാന്ധവത്തിന്റെ അപകടങ്ങളെക്കുറിച്ച് സാമൂതിരിമാരെ ബോധ്യപ്പെടുത്താന്‍ കോഴിക്കോട്ടെ മുസ്‌ലിം നേതൃത്വം നിരവധി തവണ ശ്രമിക്കേണ്ടിവന്നു. മതപരവും വിശ്വാസപരവുമായ സങ്കീര്‍ണ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം സ്വസ്ഥമായ സാമൂഹിക നിലനില്പ് അസാധ്യമാക്കുകയും ചെയ്യുന്ന ബാഹ്യമായ ഇടപെടല്‍ എന്ന നിലയ്ക്കാണ് കേരള മുസ്‌ലിംകള്‍ വിദേശ അധിനിവേശ നീക്കങ്ങളെ കണ്ടുവന്നിട്ടുള്ളത്. രാഷ്ട്രീയവും മതവും വിശ്വാസവും കൂടിക്കുഴയുന്ന സംഘര്‍ഷങ്ങള്‍ ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയവര്‍ക്കെതിരെ കേരള മുസ്‌ലിംകള്‍ക്കു നടത്തേണ്ടിവന്നു. പൂര്‍വ നൂറ്റാണ്ടുകളിലെ അധിനിവേശശ്രമങ്ങളുമായി ദേശാഭിമാനികളായവര്‍ നടത്തിയ മുഖാമുഖ പോരാട്ടങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കങ്ങളും. സമൂഹത്തിന്റെ സ്വാതന്ത്ര്യവും രാഷ്ട്രത്തിന്റെ ഭദ്രതയും ജനതയുടെ അന്തസ്സും തമ്മില്‍ ബന്ധമുണ്ട് എന്ന പാഠം മുസ്‌ലിംകള്‍ക്ക് സ്വതസിദ്ധമാണ്. ലോകത്തെവിടെയും പ്രസക്തമായ ഈ പാഠം കേരള മുസ്‌ലിംകളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പ്രേരണയും പ്രചോദനവുമായി വര്‍ത്തിച്ചിട്ടുണ്ട്. തഹ്‌രീള്, തുഹ്ഫതുല്‍ മുജാഹിദീന്‍ എന്നിങ്ങനെയുള്ള കൃതികളില്‍ കൃത്യമായ ഈ പാഠം കാണാം. വിദേശ വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്‌ലിം ഇടപെടലുകളെ മാത്രം മതഭ്രാന്തിന്റെ രക്താവേശമായി തരംതാഴ്ത്തുന്ന ചരിത്ര സവര്‍ണതയെ കേരളീയ മുസ്‌ലിം പോരാട്ട അനുഭവങ്ങള്‍ പുച്ഛിച്ചു തള്ളുന്നുണ്ട്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ കേരളത്തില്‍ സജീവമായ മുസ്‌ലിംകളുടെ രാഷ്ട്രബോധത്തില്‍ നിന്നുമാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനം ഊര്‍ജം സ്വീകരിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരായ മുസ്‌ലിം അടിസ്ഥാന ജനതയുടെ പോരാട്ടങ്ങള്‍ ബ്രിട്ടീഷനുകൂല ജന്മിത്വത്തിനെതിരായ കലാപമായി വ്യതിചലിച്ച അനുഭവം നല്‍കുന്ന മലബാര്‍ കര്‍ഷക സംഘര്‍ഷങ്ങളെക്കുറിച്ച് റോബര്‍ട്ട് ഹേസ്റ്റിംഗ്, വില്യം ലോഗന്‍, മാനുവല്‍ ഹോഫര്‍ തുടങ്ങിയവര്‍ രേഖപ്പെടുത്തിയത് മുസ്‌ലിംകള്‍ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്കും നാട്ടുകാര്‍ക്കും എതിരായി ആയുധമെടുക്കുന്നവരാണ് എന്നാണ്. ഇത്തരത്തില്‍ ശ്രേണീകരിക്കുന്നതില്‍ കൊളോണിയല്‍ താല്‍പര്യത്തോടൊപ്പം നില്‍ക്കുന്നവരെ മാത്രം നാട്ടുകാരും തദ്ദേശീയരുമായി അംഗീകരിക്കുകയും അല്ലാത്തവരെ നാട്ടുകാരല്ലാതാക്കി പുറംതള്ളുകയും ചെയ്യുന്ന ബഹിഷ്‌കരണ തന്ത്രമാണ് ഉള്ളത്. കേരള മുസ്‌ലിംകളുടെ സ്വാതന്ത്ര്യസമര പ്രസ്ഥാന പങ്കാളിത്തത്തെ പുറംതള്ളാന്‍ കോണ്‍ഗ്രസിലെ സവര്‍ണലോബി മലബാറില്‍ ഈ തന്ത്രം വളരെ കൂടുതല്‍ ഉപയോഗിക്കുകയുണ്ടായി. സോഷ്യലിസ്റ്റു ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാരാണ് ആ ശ്രമങ്ങളെ അന്ന് ചെറുത്തത്. എന്നിട്ടും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ളവരെ കുഞ്ഞാലി മരക്കാരായി ചിത്രീകരിക്കുന്ന ഹൈന്ദവ വികാരം ഇളക്കിവിടുന്ന സവര്‍ണ കോണ്‍ഗ്രസ് കുതന്ത്രങ്ങളില്‍ പലതും പിന്നീടും നിലനിന്നതുകൊണ്ടാണ് ആ കുതന്ത്രങ്ങളെ പശ്ചാത്തലമാക്കി കേരളത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിത്തിറക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ദേശീയ സമരധാരക്കകത്തും പുറത്തുമായി അണിനിരന്ന കേരളീയ മുസ്‌ലിംകള്‍ നിരവധിയാണ്. ഗാന്ധിജിയുടെയും ദേശീയ നേതൃത്വത്തിന്റെയും പ്രഭാവത്തിനു വഴിപ്പെട്ടവരെ മാത്രമേ മുസ്‌ലിം സ്വാതന്ത്ര്യദാഹികളായി കാണൂ എന്ന വാശിയും സവര്‍ണനുമാത്രമേ ദേശാഭിമാനിയാകാന്‍ കഴിയൂ എന്ന മുന്‍വിധിയും ഒരുവിഭാഗം മുസ്‌ലിംകളെയും അവരുടെ ഉജ്വലമായ ദേശീയ സമര പങ്കാളിത്തത്തെയും പച്ചക്കു തിരസ്‌കരിക്കാന്‍ പലര്‍ക്കും പ്രേരണയായി മാറുകയുണ്ടായി. എന്നാല്‍ പാടങ്ങളിലും പറമ്പുകളിലും പണിയെടുക്കുന്ന സാധാരണ കര്‍ഷകര്‍ മുതല്‍ പള്ളികളില്‍ ബാങ്ക് വിളിക്കുന്ന വൃദ്ധ മുസ്‌ലിംകള്‍ മുതല്‍ മതവിജ്ഞാനത്തിന്റെ ഉന്നതികള്‍ പ്രാപിച്ച പണ്ഡിതന്മാര്‍വരെയും അണിനിരന്ന ഒരു ധാര സ്വാതന്ത്ര്യസമരത്തില്‍ ഇടപെടുകയും പങ്കാളികളായി മാറുകയും ചെയ്തിട്ടുണ്ട് എന്ന ചരിത്ര വസ്തുത നിലനില്‍ക്കുന്നതാണ്. ഇന്ത്യയുടെ മറ്റെവിടെയും എന്ന പോലെയല്ല കേരളത്തിലെ മുസ്‌ലിംകളുടെ ദേശീയ സമരപ്രസ്ഥാനത്തിലെ പങ്കാളിത്തം. കൂടുതല്‍ സമുജ്വലവും തീഷ്ണവുമായ അനുഭവങ്ങള്‍ കൊണ്ട് ദേശീയ സമരധാരയെ സജീവമാക്കിയ നിരവധി സാധാരണക്കാരായ മുസ്‌ലിംകളുടെ ജീവിത ത്യാഗങ്ങളെക്കൂടി രേഖീകരിക്കുന്ന ഒരു തദ്ദേശീയവും പ്രദേശീയവുമായ ദേശീയ സമരചരിത്ര സമാഹരണം അനിവാര്യമാണ്.