അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി വിദ്യാഭ്യാസം സാര്‍വത്രികമായ ഒരു കാലമാണിത്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും മാത്രമല്ല അവികസിത രാജ്യങ്ങള്‍പോലും അവയുടെ വാര്‍ഷിക ബജറ്റിന്റെ നല്ലൊരു ശതമാനം വിദ്യാഭ്യാസത്തിനുവേണ്ടി നീക്കിവയ്‌ക്കുന്നുണ്ട്. പ്രാചീന കാലത്തും എല്ലാ സമൂഹങ്ങളിലും വിദ്യാഭ്യാസം നടന്നിരുന്നു. അതേസമയം ഇന്നത്തെ ഔപചാരിക വിദ്യാഭ്യാസ സങ്കല്‌പങ്ങളോ സങ്കേതങ്ങളോ ഇല്ലാത്ത അക്കാലത്ത് അതിന്റെ രീതിയും പ്രായോഗികതയും വളരെ വ്യത്യസ്‌തമായിരിക്കുമെന്ന് പറയേണ്ടതില്ല.
ജ്ഞാനികളായ ഗുരുക്കളെത്തേടി `വിജ്ഞാനദാഹിയായ പഠിതാവ്’ അനേകം നാഴികകള്‍ താണ്ടി ലക്ഷ്യം നേടി വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചുവരുന്ന ഒരു രീതി സങ്കല്‌പിച്ചുനോക്കൂ. ഏത് വിഭാഗത്തിലും ഗുരുകുലമായിരുന്നു വിദ്യാഭ്യാസ രീതി. ഗുരുവിന്റെ കൂടെ താമസിച്ചു പഠിക്കുക, ഗുരുവിന് ദാസ്യവേലയെടുത്ത് അവിടെ കഴിഞ്ഞുകൂടുക. എന്നാല്‍ അന്ന് ഗുരുവര്യന്മാര്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി വിദ്യാഭ്യാസം നടത്തിയിട്ടില്ല. ജീവിതമാര്‍ഗം തേടാന്‍ വേണ്ടി വിദ്യ ഉപയോഗിക്കാമെന്ന് ശിഷ്യന്മാരും കണ്ടില്ല. ഏത് കാലത്തും ഏത് സമൂഹത്തിലും വിവരമുള്ളവര്‍ ആദരിക്കപ്പെട്ടിരുന്നതായി കാണാം.
പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറേബ്യന്‍ സമൂഹത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്‌ത അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) അധ്യാപനത്തിന്റെ ഒരു നൂതന മാര്‍ഗം തന്നെ ലോകത്തിന് മുന്‍പില്‍ കാഴ്‌ചവെച്ചു. അധ്യാപനം എന്നതായിരുന്നില്ല മുഹമ്മദ് നബിയുടെ ദൗത്യം. അദ്ദേഹം ദൈവത്തിന്റെ സന്ദേശങ്ങള്‍ ഭൂമിയിലുള്ള മനുഷ്യരിലേക്കെത്തിക്കുവാന്‍ അല്ലാഹു നിയോഗിച്ച ദൂതനായിരുന്നു. എങ്കിലും അദ്ദേഹം ഒരു മാതൃകാധ്യാപകനും കൂടിയായിരുന്നു .അദ്ദേഹത്തിന് ദിവ്യബോധനമായി ലഭിച്ച കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. അധ്യാപനമെന്നത് ഒരു പ്രവാചകന്‍ വന്നു പഠിപ്പിക്കേണ്ട `ദീന്‍ കാര്യമല്ല’. എന്നാല്‍ പ്രവാചകന്‍ പഠിപ്പിച്ച രീതി എക്കാലത്തേക്കും മാതൃകാപരമായിരുന്നു. കുടുംബനാഥന്‍, ഭര്‍ത്താവ്, പിതാവ്, നേതാവ് തുടങ്ങിയ ജീവിതത്തിന്റെ എല്ലാ റോളിലും പ്രവാചകന്‍ മാതൃകയായിരുന്നതുപോലെ ഒരു നല്ല അധ്യാപകനായിരുന്നു. മുഹമ്മദ് നബി(സ). വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
പ്രവാചകന്‍ അല്ലാഹുവിന്റെ ആയത്തുകള്‍ വായിച്ചു കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുന്നു. അവരെ ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുന്നു (62:2)
ഈ അടുത്ത കാലത്ത് അധ്യാപകര്‍ക്കുവേണ്ടി നടത്തപ്പെട്ട ഇന്‍സര്‍വീസ് കോഴ്‌സുകളില്‍ അധ്യാപനം ഫലപ്രദവും രസകരവും ആക്കിത്തീര്‍ക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാമെന്ന് പഠിപ്പിക്കുകയും ഈ രംഗത്തുള്ള ഏറെ ആധുനികമായ കണ്ടെത്തലുകള്‍ വിലയിരുത്തപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. പ്രസ്‌തുത കോഴ്‌സുകളിലൂടെ കടന്നുപോകുമ്പോള്‍ എന്റെ മനസ്സിലേക്കോടിയെത്തിയത്, ഇതിലധികവും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നബി(സ) കാണിച്ചുതന്ന രീതിയാണല്ലോ എന്നായിരുന്നു. അത്തരം ഏതാനും കാര്യങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുകയാണിവിടെ ഉദ്ദേശിക്കുനനത്. വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക ലക്ഷ്യം എന്തെന്ന് പ്രവാചകമാതൃകയിലൂടെ ആലോചിക്കുമ്പോള്‍ നമ്മുടെ മതപഠനം ആ നിലവാരത്തിലേക്കെത്തിച്ചേരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടി നാം ബാധ്യസ്ഥരാണ്.
വിദ്യാഭ്യാസം നല്‌കുന്നത് എങ്ങനെ എന്നതിനേക്കാള്‍ എന്തിന് എന്നതാണ് പ്രധാന ചോദ്യം. അധ്യാപകന്റെ വിവരമോ, പാഠപുസ്‌തകത്തിലുള്ള തത്വങ്ങളോ പഠിതാക്കളിലേക്കെത്തിക്കുക എന്ന വിജ്ഞാനക്കൈമാറ്റ പ്രക്രിയയാണ് പലപ്പോഴും സ്ഥാപനവത്‌കരിക്കപ്പെട്ട വിദ്യാഭ്യാസത്തില്‍ നടക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസത്തിലൂടെ നടത്തേണ്ടത് യഥാര്‍ഥ മനുഷ്യനെ വാര്‍ത്തെടുക്കലാണെന്ന് ഗാന്ധിജിയുള്‍പ്പെടെ പല ദാര്‍ശനികരും സമര്‍ഥിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണ്ടെത്തല്‍ സമൂഹ നിര്‍മിതിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നതാണ്. സോഷ്യല്‍ കണ്‍സ്‌ട്രക്‌റ്റിവിസം എന്ന ഒരു കാഴ്‌ചപ്പാട് തന്നെ ഈ രംഗത്ത് ഉടലെടുത്തിട്ടുണ്ട്.പ്രവാചകന്റെ ഒരധ്യാപനം നോക്കൂ. മദ്യം കഴിക്കാന്‍ പാടില്ലെന്ന ആശയം ജനങ്ങളിലെത്തിക്കണം. അതിന്നായി പ്രവാചകന്‍ ചെയ്‌തതെന്തായിരുന്നു എന്നല്ലേ? നിയമനിര്‍മാണത്തിലൂടെ നിരോധിക്കുകയോ ശക്തി ഉപയോഗിച്ച് നിഷ്‌കാസനം ചെയ്യുകയോ ആയിരുന്നില്ല. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ ഒരു ദീര്‍ഘകാല പ്രോജക്‌ട് ആയിരുന്നു അത്. ആദ്യമായി മദ്യപാനം ഗുണകരമല്ല എന്നബോധം ജനിപ്പിച്ചു. രണ്ടാമതായി നമസ്‌കാരം പോലെ ഗൗരവതരമായ കാര്യങ്ങള്‍ മദ്യപിച്ച നിലയില്‍ നിര്‍വഹിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചു. അതും പാകപ്പെട്ടപ്പോള്‍ മദ്യം തീരെ വര്‍ജ്യമാണെന്ന് ഉണര്‍ത്തി. ഇതൊരു ഉദാഹരണം മാത്രമാണെങ്കിലും ഒരു ഉത്തമസമൂഹനിര്‍മിതി വിദ്യാഭ്യാസത്തിലൂടെ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്ന് നാം ഇവിടെ കാണുന്നു.
ഇഷ്യൂബെയ്‌സ്‌ഡ് കരിക്കുല(പ്രശ്‌നോന്നിത വിദ്യാഭ്യാസ)മാണ് ഇന്ന് പ്രയോഗിക്കുന്നത്. സമൂഹം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നവും വിശദമായി വിലയിരുത്തിവേണം പരിഹാരം നിര്‍ദേശിക്കാന്‍. കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ എന്നത് ആധുനിക വിദ്യാഭ്യാസത്തിലെ ഒരു ഇഷ്യൂ ആണ്. അതിന്റെ വിശകലന സന്ദര്‍ഭത്തില്‍ മൂന്നാം തരം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള കുട്ടികള്‍ സ്വപ്രയത്‌നത്താല്‍ വിളയിച്ചെടുത്ത കൃഷിവിളവെടുപ്പ് ഉത്സവങ്ങള്‍ പത്രങ്ങളില്‍ നാം വായിച്ചു.
സ്രഷ്‌ടാവിനെ മറന്ന് സൃഷ്‌ടികളെ പൂജിക്കുക, ആള്‍ദൈവങ്ങള്‍ മുളച്ചുപൊങ്ങുക എന്നത് മതവിദ്യാഭ്യാസരംഗം ചര്‍ച്ച ചെയ്യുമ്പോള്‍ വലിയ ഒരു ഇഷ്യൂ(പ്രശ്‌നം) അല്ലേ? സൃഷ്‌ടിപൂജ ശിര്‍ക്കാണെന്ന കേവല പഠനത്തിനപ്പുറം ആ സന്ദേശം സമൂഹത്തിലെത്തിക്കുകയും പരിവര്‍ത്തനം സൃഷ്‌ടിക്കുകയും ചെയ്യാനാവശ്യമായ ദത്തശേഖരണങ്ങളും പ്രോജക്‌ട് റിപ്പോര്‍ട്ടും മറ്റുമായി മതവിദ്യാര്‍ഥികള്‍ ഇറങ്ങിത്തിരിച്ചാല്‍ ആശാവഹമായ മാറ്റം പ്രതീക്ഷിക്കാമെന്നതിന് സംശയമില്ല.വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശ്രദ്ധേയവും നിത്യപ്രസക്തവുമായ ഒരു കാര്യമാണ് റോള്‍ മോഡല്‍. അധ്യാപകന്‍ മാതൃകയായിരിക്കുക എന്നത് പൊതുവിദ്യാഭ്യാസരംഗത്ത് എത്ര പ്രധാനമാണോ അതിനേക്കാള്‍ എത്രയോ ഇരട്ടി പ്രധാനമാണ് മതരംഗത്ത്. താന്‍ പഠിപ്പിക്കുന്ന കാര്യത്തിന് ഏറ്റവും വലിയ റോള്‍ മോഡല്‍ ആയിരുന്നു പ്രവാചകന്‍ (സ).
ഗുരുക്കന്മാരെ ചോദ്യം ചെയ്യാതെ അംഗീകരിക്കണമെന്നാണ് പ്രാചീന-ആധുനിക സങ്കല്‌പങ്ങള്‍. എന്നാല്‍ അതിലെ നന്മയുടെ വശം നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്രിട്ടിക്കല്‍ പെഡഗോജി പരീക്ഷിക്കുകയാണിന്ന് ലോകം. നബി(സ) പഠിതാവിന്റെ ചിന്താശേഷിയും നിരീക്ഷണപാടവവും പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. വിശ്വാസ കാര്യങ്ങളില്‍ ബുദ്ധിക്കും യുക്തിക്കും സാധ്യതയില്ല എന്നാണ് നാം കേട്ടത്. എന്നാല്‍ ഖുര്‍ആന്‍ വിശ്വാസം പഠിപ്പിക്കുന്നത് ഏകപക്ഷീയ പ്രഭാഷണങ്ങളിലൂടെയല്ല, പ്രപഞ്ചയാഥാര്‍ഥ്യങ്ങള്‍ മുന്നില്‍വെച്ച് ചിന്തിക്കാന്‍ അവസരം കൊടുത്തുകൊണ്ടാണ്.
പ്രായോഗിക പഠനത്തിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. ശാസ്‌ത്രം പ്രവര്‍ത്തനമാണ് എന്ന് നാം പാഠപുസ്‌തകങ്ങളില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഒരു ഗ്രാമീണന്‍ നബി(സ)യുടെ സദസ്സില്‍ വന്ന് അഞ്ചുനേരത്തെ നമസ്‌കാരങ്ങളുടെ കൃത്യമായ സമയവിവരം ആരാഞ്ഞു. നബി(സ) ഒറ്റവാക്കില്‍ മറുപടി പറഞ്ഞില്ല. നിനക്ക് മനസ്സിലാക്കാം എന്ന് മാത്രം പറഞ്ഞുവച്ചു. അദ്ദേഹം അവിടെ താമസിച്ചു. നബി ഒരു ദിവസം അഞ്ച് നമസ്‌കാരങ്ങളും അവയുടെ ആദ്യസമയത്ത് നിര്‍വഹിച്ചു. പിറ്റെ ദിവസം അഞ്ചു നമസ്‌കാരങ്ങളും അവയുടെ അവസാന സമയങ്ങളിലും നിര്‍വഹിച്ചു. എന്നിട്ട് ചോദ്യകര്‍ത്താവ് എവിടെ എന്നന്വേഷിച്ചു. അദ്ദേഹം ഹാജരായി. നീ കണ്ട ഈ രണ്ട് സമയങ്ങള്‍ക്കിടയിലാണ് നമസ്‌കരിക്കേണ്ടതെന്നു പറഞ്ഞു. ആ സമൂഹത്തിന് മുഴുവനും അത് രേഖപ്പെട്ടുകിടക്കുന്നതിനാല്‍ പിന്‍കാലക്കാര്‍ക്കും – ഉപചോദ്യങ്ങള്‍ക്കുപോലും ഇടയില്ലാത്തവിധം വ്യക്തമായ പ്രായോഗിക പഠനം.
ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്, മുഹമ്മദ് നബി(സ) തന്റെ അനുചരന്മാരെ അനൗപചാരികമായി പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ശ്രദ്ധിച്ച കാര്യങ്ങള്‍ തന്നെയാണ് ഈ അത്യാധുനിക കാലത്ത് ഏറ്റവും പുതിയ കണ്ടെത്തലുകളായി വിദ്യാഭ്യാസരംഗത്ത് പരീക്ഷിക്കുന്നത് എന്ന് പറയാനാണ്. എന്നാല്‍ നമ്മുടെ ചിന്തയ്‌ക്ക് വിഷയമാക്കേണ്ട ഒരു കാര്യമുണ്ടിവിടെ. കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് സമാന്തരമായി മതവിദ്യാഭ്യാസം നടന്നുവരുന്നുണ്ട്. ഉള്ളടക്കത്തില്‍ മാത്രമേ മാറ്റമുള്ളൂ. വിദ്യാഭ്യാസത്തോട് സമൂഹം പറംതിരിഞ്ഞുനിന്ന കാലഘട്ടത്തെ നമുക്ക് വിടാം. എന്നാല്‍ ഏകപക്ഷീയമായ, ചോദ്യം ചെയ്യപ്പെടാത്ത, തത്വപഠനങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്റെ മാനവികമായ മാനങ്ങള്‍ സമൂഹസൃഷ്‌ടിക്കുപയുക്തമായ രീതിയില്‍ പഠിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഉയരാന്‍ ഇനിയെത്രകാലം കാത്തിരിക്കണം?
മരപ്പലകയില്‍ നിന്ന് ബോര്‍ഡിലേക്കും ക്ലാസ് റൂമിലേക്കും മാറിയിട്ട് എട്ട് പതിറ്റാണ്ടുകഴിഞ്ഞു. സിലബസും പാഠപുസ്‌തകവുമുണ്ടായി. കെട്ടിടങ്ങളും സൗകര്യങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്ന് പുറത്തിറങ്ങുന്ന ഉത്‌പന്നങ്ങള്‍ക്ക് ഗുണമേന്മയുണ്ട് എന്ന് പറയാനായിട്ടില്ല. വല്ലതുമുണ്ടെങ്കില്‍ അത് അപരനോടുള്ള വിദ്വേഷം മാത്രം. അതില്‍നിന്ന് മാറ്റം വരണം. ആര്‍ദ്രമായ മനസ്സ്, ആകര്‍ഷകമായ പെരുമാറ്റം, കറകളഞ്ഞ വിശ്വാസം എന്നിവ കൈമുതലാക്കിയ തലമുറ വളര്‍ന്നുവരണം. അതിന് വിശുദ്ധ ഖുര്‍ആനിന്റെ ശൈലി, പ്രവാചകന്റെ രീതി, ആധുനികതയുടെ കണ്ടെത്തലുകള്‍ എല്ലാം സമന്വയിപ്പിച്ച് മതപഠനം സാധ്യമാക്കാന്‍ കഴിയണം. ആധുനിക സങ്കേതങ്ങള്‍ വിനോദോപാധി എന്നതില്‍നിന്ന് വിജ്ഞാന ദായിനികളായിത്തീരണം. അതിന് മുസ്‌ലിം സമൂഹത്തിന്റെ ബോധപൂര്‍വമായ ഇടപെടലുകള്‍ ആവശ്യമായി വന്നിരിക്കുന്നു.
മനശാസ്‌ത്രപരമായ സമീപനങ്ങള്‍, ശിക്ഷയ്‌ക്കുപകരം ശിക്ഷണം, പങ്കാളിത്തപഠനം തുടങ്ങിയ ആധുനിക സമീപനങ്ങളില്‍ ഇസ്‌ലാമിന്നാണ് ഏറെ സംഭാവനകള്‍ നല്‍കാനുള്ളത്. ഇതിന്റെയൊക്കെ പ്രാവചക മാതൃകകള്‍ നിരവധിയാണ്. വിശ്വാസം പഠിപ്പിക്കാന്‍പോലും പരിസ്ഥിതി സന്തുലിതത്വം ഉപാധിയാക്കിയ ഖുര്‍ആനിന്റെ സമീപനരീതിയിലേക്ക് ലോകം മടങ്ങിവരുന്ന കാഴ്‌ചയാണ് നാം കാണുന്നത്. എന്നിട്ടും നാം വിറങ്ങലിച്ചുനില്‌ക്കുന്നു.
http://pudavaonline.net/?p=1987#more-1987