സ്ത്രീവിരുദ്ധമല്ല ഇസ്‌ലാമിക പ്രമാണങ്ങള്‍

159 views
Skip to first unread message

asas foundation

unread,
Nov 6, 2016, 6:39:04 AM11/6/16
to ii...@googlegroups.com

സ്ത്രീവിരുദ്ധമല്ല ഇസ്‌ലാമിക പ്രമാണങ്ങള്‍

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


‘മതത്തിന്റെ പേരില്‍ മാത്രം ഒരു വ്യക്തിയുടെ പദവിക്കോ ലക്ഷ്യങ്ങള്‍ക്കോ തടയിടരുത്. ലിംഗനീതി എന്നത് ഭരണഘടനാപരമായ ലക്ഷ്യമാണ്. മുത്വലാഖ്, അതിന്റെ സാധുത, ബഹുഭാര്യാത്വം എന്നീ വിഷയങ്ങള്‍ ലിംഗനീതി, സമത്വം, സ്ത്രീകളുടെ അന്തസ്സ് എന്നിവയുടെ പശ്ചാത്തലത്തിലേ കാണാനാകൂ. ഏത് മതത്തില്‍ പെട്ട സ്ത്രീയായാലും അവരുടെ വ്യക്തിഗത അവകാശങ്ങള്‍ക്ക് മതാചാരങ്ങള്‍ തടസ്സമാവരുത്” -മുത്വലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ 2016 ഒക്‌ടോബര്‍ 7-ന് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കുറിച്ചിട്ട വരികളാണിവ.
ഇസ്‌ലാംമതം പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയാണെന്നും സ്ത്രീ ഇസ്‌ലാമില്‍ അടിച്ചമര്‍ത്തപ്പെട്ടവളാണ് എന്നുമുള്ള സ്ത്രീ പക്ഷവാദികളുടെ ആരോപണവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.
ഇസ്‌ലാം ദൈവപ്രോക്ത മതമാണ്. മനുഷ്യപ്രകൃതത്തെയും സ്ത്രീ പുരുഷ അന്തരങ്ങളെയും സസൂക്ഷ്മം അറിയാവുന്ന ദൈവത്തിന് മനുഷ്യന്റെ ഗുണകരമായ ജീവിതത്തിന് അനുക്രമമായ പ്രകൃതിയേതാണെന്നും കൃത്യമായി അറിയാം. അതിനനുസരിച്ച് അല്ലാഹു തയ്യാറാക്കിയിരിക്കുന്ന ജീവിത രേഖയാണ് ഇസ്‌ലാം. ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മനുഷ്യരില്‍ ജൈവപരമായി ശാരീരിക, മാനസിക വ്യത്യസ്തതകള്‍ നിലനില്ക്കുന്നുണ്ട്. ഈ വ്യത്യസ്തതകള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയല്ല. മനുഷ്യര്‍ക്കിടയില്‍ നിലനില്ക്കുന്ന വര്‍ണ- വര്‍ഗ- ദേശ- ഭാഷ- ലിംഗ വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീതി നിര്‍വഹണത്തില്‍ ഇസ്‌ലാം വിവേചനം കാണിച്ചിട്ടില്ല. ‘ഒരു ജനവിഭാഗത്തോടുള്ള വിദ്വേഷം അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍  നീതി പാലിക്കുവിന്‍. അതാവുന്നു ദൈവഭക്തിയോട് ഏറ്റവും അടുത്തു നില്ക്കുന്നത്” (5:08)
വിശുദ്ധ ഖുര്‍ആനിന്റെ ഈ ആഹ്വാനത്തില്‍ ശത്രു-മിത്രം, മേല്‍ ജാതി-കീഴ്ജാതി, അടിമ-ഉടമ, കറുത്തവന്‍-വെളുത്തവന്‍, സ്വന്തക്കാര്‍-അന്യര്‍, ആണ്‍-പെണ്‍ എന്നിങ്ങനെ മനുഷ്യര്‍ക്കിടയില്‍ നിലനില്ക്കുന്ന എല്ലാ വിഭാഗീയതയുമുള്‍പ്പെടും. അവയൊന്നും നീതിയുടെ പൂര്‍ത്തീകരണത്തിന് തടസ്സമാവരുതെന്നും ഇത്തരം വിഭാഗീയതകള്‍ക്കനുസരിച്ച് നീതിയില്‍ നിമ്‌നോന്നതികളുണ്ടാവുന്നത് ദൈവഭക്തര്‍ക്ക് നിരക്കുന്നതല്ലെന്നും ഈ വചനം വ്യക്തമാക്കുന്നു.,
ലിംഗനീതി മനുഷ്യാവകാശമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ജീവിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാന സംരക്ഷണ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ എല്ലാ മനുഷ്യാവകാശങ്ങളിലും ആണിനും പെണ്ണിനും നീതിപൂര്‍വമായ തുല്യപരിഗണനയാണ് മതം നല്കിയിട്ടുള്ളത്. ഈ മേഖലകളിലെല്ലാം സ്ത്രീയും സ്‌ത്രൈണതയും ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷാ കവചവും മതമവള്‍ക്ക് ഒരുക്കിയിട്ടുണ്ട്. പ്രവാചകന്‍ നിയുക്തനായ അറേബ്യന്‍ സമൂഹം അവളോട് കടുത്ത നീതിനിഷേധം വെച്ചുപുലര്‍ത്തിയിരുന്നു. പെണ്‍കുഞ്ഞിന് ജീവിക്കാനുള്ള അവകാശം പോലും അവര്‍ നിരസിച്ചു. കത്തിയമര്‍ന്ന ചാരക്കൂനയില്‍ നിന്നും കിളിര്‍ത്തുവരുന്ന കരുത്തുറ്റ തൈകള്‍ കണക്കെ പ്രവാചക-ഖലീഫമാരുടെ സുവര്‍ണ യുഗങ്ങളില്‍ സ്ത്രീശക്തി കരുത്താര്‍ജിച്ചത് ചരിത്രത്തില്‍ നിന്നും നമുക്ക് വായിക്കാന്‍ കഴിയും. രണ്ടില്‍ കൂടുതല്‍ പെണ്‍മക്കളെ പരിപാലിച്ചു വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന പ്രവാചക പ്രഖ്യാപനത്തിലൂടെ നിലവിലുള്ള ആണ്‍കോയ്മയെ അദ്ദേഹം തളര്‍ത്തുകയും പെണ്ണിന് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്തു. ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് പള്ളി അവള്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടു. ആരാധനകളനുഷ്ഠിച്ചാല്‍ ആണിന് ഒരു പ്രതിഫലവും പെണ്ണിന് മറ്റൊരു പ്രതിഫലവും കല്പിക്കാതെ ഇരുവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തി (16:97). ജൈവപരമായ അവളുടെ അബലതകള്‍ക്കനുസരിച്ച് ആരാധനാകാര്യങ്ങളില്‍ അവള്‍ക്കു മാത്രം പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യം (്ീശേിഴ) പൂര്‍ണമായി അവള്‍ക്കും നല്കി. ഇസ്‌ലാമിന്റെ സുവര്‍ണ യുഗങ്ങളില്‍ ഭരണകാര്യങ്ങളിലും സേനാവിന്യാസത്തിലും യുദ്ധരംഗത്തും സേവന മേഖലകളിലും കൂടിയാലോചനകളില്‍ അഭിപ്രായമറിയിച്ചുകൊണ്ട് അവളും പങ്കാളിയായിരുന്നു. ഹുദൈബിയ സന്ധി വേളയില്‍ ഉംറ ചെയ്യാതെ തിരിച്ചുപോകണമെന്ന വ്യവസ്ഥയില്‍ ശത്രുപക്ഷവുമായി പ്രവാചകന്‍ ഒപ്പുവെച്ചെങ്കിലും അനുചരന്മാര്‍ക്കത് അസഹ്യമായി തോന്നി. അവര്‍ അക്ഷമരായപ്പോള്‍ അതിനു പരിഹാരം നിര്‍ദേശിച്ചത് ഉമ്മുസലമ(റ) ആയിരുന്നു. അവളുടെ നിര്‍ദേശാനുസരണം പ്രവാചകന്‍ തലമുണ്ഡനം ചെയ്തുകൊണ്ട് ഇഹ്‌റാമില്‍ നിന്നും വിരമിച്ചു. അതോടുകൂടി അനുചരന്മാരും അതിന് നിര്‍ബന്ധിതരായി. രംഗം ശാന്തമായി. സമാധാനപരമായി അവര്‍ മദീനയിലേക്ക് മടങ്ങി.
പൊതുരംഗത്തെ സ്ത്രീ പ്രവേശത്തിനും ഭരണരംഗത്തെ സ്ത്രീസാന്നിധ്യത്തിനും ഇസ്‌ലാം എതിരുനിന്നിട്ടില്ല. പ്രവാചകപത്‌നി ആഇശ(റ) പണ്ഡിതയും വാഗ്മിയുമായിരുന്നു. ഹജ്ജ് വേളയില്‍ സൗര്‍ മലയുടെ താഴ്‌വരയില്‍ ആഇശ(റ) തമ്പടിക്കുകയും ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ ദേശങ്ങളിലെ ആണുങ്ങളടക്കമുള്ളവര്‍ക്ക് മതവിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു. ‘നീ ഒരു പെണ്ണാണ്. പെണ്ണിന് അന്യപുരുഷന്മാരോട് സംസാരിക്കാന്‍ പാടില്ല’ എന്ന യാഥാസ്ഥിതിക ചിന്തയുയര്‍ത്തി പ്രവാചകന്‍ അവളെ തടഞ്ഞില്ല. ഉഹ്ദ്, ഖന്‍ദഖ്, ഖൈബര്‍, യര്‍മൂക്ക്, ഖാദിസിയ്യ യുദ്ധങ്ങളില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കുവഹിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് അടിപതറിയ ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന് സംരക്ഷണകവചം തീര്‍ത്ത് പോരാടിയത് ഉമ്മുഅമ്മാറ(റ) എന്ന വനിതയായിരുന്നു. ഉമ്മുഅതിയ്യ പ്രവാചകനോടൊപ്പം ഏഴു യുദ്ധങ്ങളിലും അദ്ദേഹത്തിനു ശേഷം രണ്ടു യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
അസ്മാ ബിന്‍ത് യസീദ് എന്ന ധീരവനിതയുടെ ഇടപെടലില്ലായിരുന്നുവെങ്കില്‍ യര്‍മൂക്ക് യുദ്ധം മുസ്‌ലിംകള്‍ക്ക് കയ്പനുഭവമാകുമായിരുന്നു. ഉമര്‍(റ) മദീനയിലെ ചന്തയുടെ ഭരണച്ചുമതല ശിഫാഅ എന്ന വനിതയെയായിരുന്നു ഏല്പിച്ചത്. സബഇലെ രാജ്ഞിയുടെ ബഹുദൈവാരാധനയെ ചോദ്യം ചെയ്യുന്ന ഖുര്‍ആനും (27:23-35) അന്നത്തെ പ്രവാചകനായ സുലൈമാന്‍ നബിയും മുഹമ്മദ് നബിയും അവളുടെ ഭരണനേതൃത്വത്തെക്കുറിച്ച് ഒരു പരാമര്‍ശം നടത്തുന്നില്ലെന്നത് പ്രസ്താവ്യമത്രെ. സ്ത്രീ ഭരണാധികാരിയാവുന്നത് കുറ്റകരമായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ അതിനെതിരില്‍ പ്രതികരിക്കാതിരിക്കുകയില്ല. ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് അനന്തരാവകാശം നിയമമാക്കിയതിലൂടെ അവള്‍ക്ക് സ്വത്ത് ആര്‍ജിക്കാനും വിനിമയം ചെയ്യാനുമുള്ള അവകാശം നല്കുകയായിരുന്നു മതം. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുള്ള വരവിന് ഇസ്‌ലാം തടസ്സമായിരുന്നുവെങ്കില്‍ ഈ അനശ്വരഗാഥകള്‍ക്ക് ചരിത്രത്തിലിടം ലഭിക്കില്ലായിരുന്നു.
ഇസ്‌ലാമിന്റെ സുവര്‍ണ യുഗങ്ങളിലും പ്രാപ്തരായ സ്ത്രീകളുടെ സ്ത്രീശക്തി പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സമൂഹത്തില്‍ ലിംഗനീതി ഉറപ്പുവരുത്തിയിരുന്നതായി കാണാന്‍ കഴിയും. മറ്റേതു ദര്‍ശനങ്ങളെയും പോലെ ഇസ്‌ലാമിനെയും യാഥാസ്ഥിതിക പൗരോഹിത്യം പിടിമുറുക്കിയ കാലങ്ങളില്‍ വര്‍ത്തമാന സങ്കല്പങ്ങള്‍ വരിഞ്ഞുമുറുക്കിയ അവരുടെ പരിമിത ചിന്തകള്‍ക്കനുസരിച്ച് ഇസ്‌ലാമികാധ്യാപനങ്ങളെ വ്യാഖ്യാനിച്ചപ്പോള്‍ പലപ്പോഴും പുരുഷ മേധാവിത്വം മേല്‍ക്കോയ്മ സ്ഥാപിക്കുകയും ലിംഗനീതി നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വ്യക്തിനിയമത്തില്‍ നിലനില്ക്കുന്ന മുത്വലാഖും യാഥാസ്ഥിതികര്‍ നിഷിദ്ധമായി കരുതുന്ന സ്ത്രീ പള്ളിപ്രവേശം, പൊതുരംഗ പ്രവേശം, ഭരണസാരഥ്യമേറ്റെടുക്കല്‍, വനിതാ പ്രസ്ഥാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍ തുടങ്ങിയ ഒട്ടേറെ അനീതികള്‍ക്ക് മതമല്ല, മതയാഥാസ്ഥിതികതയാണ് കാരണം.
മതത്തിന്റെ വിലക്കുള്ളതുകൊണ്ടല്ലേ മുസ്‌ലിം സ്ത്രീകളില്‍ നിന്നും വ്യാപകമായി ഭരണാധികാരികളും പൊതു പ്രവര്‍ത്തകരും ഉണ്ടാവാത്തത് എന്ന ചോദ്യമുന്നയിക്കുന്നവരെ കാണാന്‍ കഴിയും. മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു മാത്രമല്ല ലോകത്തെ ഒരു ജനസമൂഹത്തില്‍ നിന്നും സ്ത്രീകള്‍ വ്യാപകമായി പൊതുരംഗം കയ്യടക്കുകയും പുരുഷന്മാര്‍ പ്രജകളായി മാത്രം കഴിഞ്ഞുകൂടുകയും ചെയ്യുന്ന ഒരവസ്ഥ ചരിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. 1975 അന്താരാഷ്ട്ര സ്ത്രീവര്‍ഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചു. ലോകത്തുടനീളം ജാതി-മത ഭേദമന്യേ സ്ത്രീജനം പുരുഷമേധാവിത്വത്തിന്റെ നുകം പേറി കഴിയുകയാണെന്നും അവര്‍ക്ക് പൊതുജീവിതത്തില്‍ മാന്യമായ പദവി ലഭ്യമാക്കുന്നതിന് ലോകാഭിപ്രായം ആരായുന്നതിനു വേണ്ടിയായിരുന്നു യു എന്‍ സ്ത്രീവര്‍ഷമാചരിച്ചത്.
അല്ലാതെ ഇസ്‌ലാമിക കാലത്ത് സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടതുകൊണ്ടു മാത്രമല്ല. 1975-നു ശേഷം ലോകവ്യാപകമായി സ്ത്രീ മുന്നേറ്റമുണ്ടായി. അത് മുസ്‌ലിം ലോകത്തുമുണ്ടായിട്ടുണ്ട്. നോബല്‍ സമ്മാന ജേത്രികളായ ഷിറിന്‍ ഇബാദി, തവക്കല്‍ കര്‍മാന്‍, നോബല്‍ സമ്മാനത്തിന് പേര് നിര്‍ദേശിക്കപ്പെട്ട ഇറാന്‍ ഗണിത ശാസ്ത്രജ്ഞ മര്‍യം മീര്‍സാഖാനി, സുഊദി ഗസറ്റിന്റെ ചീഫ് എഡിറ്റര്‍ സുമയ്യ ജബ്ബാറ, ജോര്‍ദാന്‍ നിയമജ്ഞ ഹിന്‍ദ് അല്‍ ഹാഇസ്, ഇന്ത്യന്‍ സുപ്രീംകോടതി ജഡ്ജ് ഫാത്തിമ ബീവി, ലോകോത്തര പ്രശസ്തകളായ ആഇശ അബ്ദുറഹ്മാന്‍, സൈനബുല്‍ ഗസ്സാലി, മര്‍യം ജമീല, ആസിഫ ഖുറൈഷി, ഫര്‍ഹത്ത് ആഷ്മി തുടങ്ങിയ പണ്ഡിതകളും ബേനസീര്‍ ഭൂട്ടോ, മെഗാവതി സുഗര്‍ണോപുത്രി (ഇന്തോനേഷ്യ) തന്‍സ ഡില്ലര്‍ (തുര്‍ക്കി), മാംമാഡിയര്‍ ബോയി (സെനഗല്‍), മഅ്‌സൂമ എബ്തകര്‍ (ഇറാന്‍), സിസ്സ് മര്‍യം ഖൈദമ സിദ്ധീഖി (മാലി), ആതിഫത് ഇഹ്ജഗാ (കൊസോന), ബിബി അമീന ഫിര്‍ദൗസ് (മൗറിറ്റസ്), ബീഗം ഖാലിദാസിയ, ശൈഖ് ഹസീന വാജിദ് (ബംഗ്ലാദേശ്) തുടങ്ങിയ പ്രഗത്ഭരായ ഭരണാധികാരികളും മുസ്‌ലിം സമൂഹം സംഭാവന ചെയ്തവരാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പറുദീസയായ ഇന്ത്യയില്‍ നിന്നും വിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റ് പിറവിയെടുത്തിട്ട് വര്‍ഷം തികയുന്നേയുള്ളൂ.
എന്നാല്‍ മര്‍യം അല്‍മന്‍സൂരി എന്ന മുസ്‌ലിം അറബ് വംശജയായ പൈലറ്റ് 2014-ല്‍ ഐ എസ് ഐ എസിനെതിരെയുള്ള വ്യോമാക്രമണത്തിന് നേതൃത്വം നല്കി. നാജിയ ജബ്ബാറ എന്ന മറ്റൊരു വനിതാ പൈലറ്റ് ഐ എസുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഇസ്‌ലാം സ്ത്രീകള്‍ക്കു മുമ്പിലുള്ള വൈതരണികള്‍ വകഞ്ഞുമാറ്റുമ്പോള്‍ പൗരോഹിത്യം വികലമാക്കിയ മതത്തെ മറയാക്കി അവള്‍ക്കു മുമ്പില്‍ ഇരുട്ടിന്റെ കല്‍ഭിത്തികള്‍ തീര്‍ക്കുന്നതുകൊണ്ട് മാത്രമാണ് വനിതാ മുന്നേറ്റത്തിന് കിതപ്പ് അനുഭവപ്പെടുന്നത്.


Reply all
Reply to author
Forward
0 new messages