ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുത

23 views
Skip to first unread message

Noufel K Mohamed

unread,
Dec 21, 2013, 4:27:04 AM12/21/13
to


ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുത

മുസ്‌ലിം സമുദായത്തില്‍ വ്യത്യസ്ത മദ്ഹബുകളും ചിന്താധാരകളും വീക്ഷണ വൈവിധ്യങ്ങളുമുണ്ട്. സ്രഷ്ടാവ് മനുഷ്യന് ചിന്താസ്വാതന്ത്ര്യം നല്‍കിയതുകൊണ്ടാണ് ഈ വ്യത്യാസങ്ങള്‍ സംഭവിച്ചത്. 'നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ജനങ്ങളെ ഒറ്റസമുദായമാക്കുമായിരുന്നു. അവര്‍ ഭിന്നതയുള്ളവരായിക്കൊണ്ടേയിരിക്കും'- ഖുര്‍ആന്‍.


എന്നാല്‍ അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, ആരാധനയും പ്രാര്‍ത്ഥനയും അവനു മാത്രം, മുഹമ്മദ്‌നബി മനുഷ്യവര്‍ഗത്തിലേക്ക് ദൈവിക സന്ദേശമെത്തിക്കാനും അതനുസരിച്ച ജീവിതക്രമം കാണിച്ചുകൊടുക്കാനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതന്‍, ഖുര്‍ആന്‍ മനുഷ്യന് സന്മാര്‍ഗം നല്‍കുന്ന ദൈവികഗ്രന്ഥം, ദൈവിക നിയമം പാലിച്ചു ജീവിക്കുന്നവര്‍ക്ക് മരണാനന്തരം സ്വര്‍ഗ്ഗ ജീവിതം, അവിശ്വാസികളായി ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ചവര്‍ക്ക് നരകശിക്ഷ എന്നീ മൗലിക വിശ്വാസങ്ങളിലോ, അതനുസരിച്ച് നമസ്‌ക്കാരം നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ ആരാധനാ കര്‍മങ്ങളിലോ ശരീഅത്ത് നിയമങ്ങളിലോ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വാഭിപ്രായം രൂപീകരിക്കാന്‍ മനുഷ്യന് അവകാശമില്ല.

അതിനാല്‍ പ്രപഞ്ചം സ്വയംഭൂവാണ്; പ്രകൃതിക്കപ്പുറം ഒരു ദൈവമുണ്ടെന്ന സങ്കല്‍പം മനുഷ്യസൃഷ്ടിയാണ്; ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളാണ്; മരണത്തിന് ശേഷം മറ്റൊരു ജീവിതമില്ല തുടങ്ങിയ വാദഗതികള്‍ ഉന്നയിക്കാന്‍ ഒരു മനുഷ്യന് സ്വാതന്ത്ര്യമുണ്ടെങ്കിലും അവന്‍ മുസ്‌ലിം സമുദായാംഗമെന്ന് വാദിച്ചാലും യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന് പുറത്താണെന്നതില്‍ പക്ഷാന്തരമില്ല.


എന്നാല്‍ പ്രമാണങ്ങള്‍ ഗ്രഹിക്കുന്നതിലും അവയെ വ്യാഖ്യാനിക്കുന്നതിലും മതത്തില്‍ വ്യക്തമായ വിധികളില്ലാത്ത പുതിയ പ്രശ്‌നങ്ങളില്‍ പ്രമാണങ്ങളെ അടിസ്ഥാനമാക്കി വിധികള്‍ പ്രസ്താവിക്കുന്നതിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. പ്രവാചകന്റെ കാലത്തെ ഒരു സംഭവം ഉദാഹരണം: 'നിങ്ങള്‍ ബനൂഖുരൈറദയിലെത്തിയല്ലാതെ അസര്‍ നമസ്‌കരിക്കരുത്'- പ്രവാചകന്‍ ഒരു സംഘത്തിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വഴിയില്‍ അസര്‍ നമസ്‌കാരത്തിന്റെ സമയമായി. പ്രവാചകന്‍ (സ) പറഞ്ഞതുകൊണ്ട് നാം വേഗത്തില്‍ എത്തണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് വ്യാഖ്യാനിച്ച് ചിലര്‍ അസര്‍ നമസ്‌ക്കരിച്ചു. മറ്റൊരു വിഭാഗമാകട്ടെ പ്രവാചകന്റെ വാക്കുകള്‍ അതിന്റെ ബാഹ്യാര്‍ത്ഥത്തിലെടുത്ത് ബനൂഖുറൈദയുടെ താമസ സ്ഥലത്ത് എത്തിയ ശേഷമേ നമസ്‌കരിച്ചതുള്ളൂ. സംഭവം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ രണ്ടു വിഭാഗത്തിന്റെ നടപടിയും തിരുമേനി ശരിവെച്ചു.


മറ്റൊരു സംഭവം ഒരു യുദ്ധയാത്രയില്‍ അംറുബ്‌നുല്‍ആസിക്കിന് രാത്രി സ്വപ്‌നസ്ഖലനമുണ്ടായി. കൊടുംതണുപ്പ്. കുളിച്ചാല്‍ വല്ലതും പറ്റുമോ എന്ന ഭയം. അദ്ദേഹം തയമ്മും ചെയ്ത് ഇമാമായി നിന്ന് സുബ്ഹ് നമസ്‌ക്കരിച്ചു. പ്രവാചകന്റെ സന്നിധിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യം: 'അംറേ, നീ അശുദ്ധിയോടെ നിന്റെ അനുയായികളെയും കൊണ്ട് നമസ്‌കരിച്ചുവോ? 'അംറിന്റെ മറുപടി: 'നിങ്ങള്‍ നിങ്ങളെ തന്നെ വധിക്കരുത്. നിശ്ചയം, ദൈവം ദയാലുവാണ് എന്ന് അല്ലാഹു പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്'. നബി ചിരിക്കുക മാത്രം ചെയ്തു.


മനുഷ്യന് ബുദ്ധിയും വിവേകവുമള്ളേടത്തോളം കാലം വീക്ഷണവ്യത്യാസം സ്വാഭാവികമാണ്. പല വിഷയങ്ങളിലും പ്രവാചകന്റെ മരണശേഷം അനുയായികള്‍ മത വിഷയങ്ങളില്‍ ഭിന്നവീക്ഷണം പുലര്‍ത്തിയിരുന്നു. പക്ഷേ അതൊന്നുംതന്നെ അവര്‍ തമ്മിലുള്ള സാഹോദര്യത്തിന് തടസ്സമായിരുന്നില്ല. മുസ്‌ലിംകളില്‍ പില്‍ക്കാലത്ത് ഉടലെടുത്ത ഒമ്പത് മദ്ഹബുകളില്‍ ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദുബ്‌നു ഹമ്പല്‍ എന്നീ നാലു പേരിലേക്കും ചേര്‍ക്കപ്പെടുന്ന മദ്ഹബുകളാണല്ലോ ഏറ്റവും പ്രസിദ്ധമായത്. വീക്ഷണ വ്യത്യാസമുള്ള വിഷയങ്ങളില്‍ എതിരഭിപ്രായക്കാരോട് ഇവര്‍ സ്വീകരിച്ച നിലപാടിന് ഉദാഹരണം: അബൂഹനീഫ സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതിയിരുന്നില്ല. ശാഫിഈ നേരെമറിച്ചും. ഷാവലിയുല്ലാഹിദ്ദഹ്‌ലവി പറയുന്നു: ''അബൂഹനീഫയുടെ മഖ്ബറ നിലകൊള്ളുന്ന സ്ഥലത്തിന്റെ സമീപത്ത് വെച്ച് ഇമാം ശാഫിഈ സുബ്ഹ് നമസ്‌ക്കരിച്ചു. ഖുനൂത്ത് ഓതിയില്ല. കാരണം തിരക്കിയപ്പോള്‍ ശാഫിഈയുടെ മറുപടി: 'അദ്ദേഹത്തിന്റെ സന്നിധിയില്‍ വെച്ച് ഞാന്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് എതിരായി പ്രവര്‍ത്തിക്കുകയോ!'

ഇമാം മാലിക് നമസ്‌കാരത്തില്‍ ബിസ്മി ഓതിയിരുന്നില്ല. അദ്ദേഹത്തിന്റെ അനുയായികളായിരുന്നു മദീനയിലെ പള്ളിയില്‍ ഇമാമുകള്‍. അബൂഹനീഫയും ശാഫിയും അവരുടെ അനുയായികളും മദീനയില്‍ ഈ മാലികികളെ തുടര്‍ന്നു നമസ്‌കരിക്കുമായിരുന്നു.


ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: ഐക്യത്തിന് സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്. ഒരു നന്മക്ക് മുന്‍തൂക്കം നല്‍കാനായി ചിലപ്പോഴൊക്കെ ബിസ്മി ഉറക്കെ ഓതാം. മനസ്സുകളെ കൂട്ടിയിണക്കാന്‍ വേണ്ടി കൂടുതല്‍ ശ്രേഷ്ഠമായതിനെ ഉപേക്ഷിക്കാം. ഐക്യത്തിന് പരിരക്ഷ നല്‍കുക, പ്രവാചകചര്യ പരിചയപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടി കൂടുതല്‍ ശ്രേഷ്ഠമായതിനെ ഉപേക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഇമാം അഹ്മദ് പ്രസ്താവിച്ചിട്ടുണ്ട്.
മതവിഷയങ്ങളില്‍ എതിരഭിപ്രായത്തെ എത്ര വിട്ടുവീഴ്ചാ മനോഭാവത്തോടെയാണ് പൂര്‍വികര്‍ സമീപിച്ചിരുന്നത്. എതിരഭിപ്രായക്കാരോ? എത്ര സൗഹാര്‍ദ്ദപരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. ഒരു വിഷയത്തില്‍ തനിക്ക് ശരിയെന്ന് ബോധ്യമായത് സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും ഓരോ വ്യക്തിക്കുമുള്ള സ്വാതന്ത്ര്യം ആര്‍ക്കും തടയാന്‍ അധികാരമില്ല. തെളിവുകളുടേയും ന്യായങ്ങളുടേയും അടിസ്ഥാനത്തില്‍ ആ വിഷയത്തിലുള്ള ശരി മറ്റൊന്നാണെന്ന് ബോധ്യംവന്ന വ്യക്തിക്ക് അത് ഉള്‍ക്കൊള്ളാനും പറയാനും അതേപോലെ സ്വാതന്ത്ര്യമുണ്ട്.


ഖുര്‍ആന്‍ വ്യക്തമായി നിരോധിച്ച ദുഷിച്ച സംസാരമാണല്ലോ ചീത്തവിളി, പരിഹാസം, ദുരാരോപണം, ഏഷണി, പരദൂഷണം, കളവ് പറയല്‍, കുത്ത് വാക്ക് ഉപയോഗിക്കല്‍, അപവാദ പ്രചാരണം മുതലായവ. ഇന്നത്തെ മതപ്രഭാഷണങ്ങളില്‍ പലതും ഇത്തരം ചീത്തത്തരങ്ങളില്‍ ചിലതെങ്കിലും ഉള്‍ക്കൊള്ളുന്നതാണെന്ന ശക്തമായ ആരോപണം പലരും ഉന്നയിക്കുന്നു. പ്രതിരോധത്തിന്റെയോ പ്രത്യാക്രമണത്തിന്റെയോ സ്വഭാവവും ലക്ഷ്യവുമാണ് പല പ്രസംഗങ്ങള്‍ക്കും. ഒരു മതപ്രസംഗം കേട്ടാല്‍ ഭക്തിയും ഈമാനും വര്‍ധിക്കുന്നതിന് പകരം എതിരഭിപ്രായക്കാരോടുള്ള വിരോധവും അകല്‍ച്ചയുമാണ് വര്‍ധിക്കുന്നതെങ്കില്‍ അതെത്രമാത്രം ദൗര്‍ഭാഗ്യകരമാണ്. ഒരു വീക്ഷണത്തെ തെളിവുകളും ന്യായങ്ങളും ഉന്നയിച്ച് എതിര്‍ക്കുന്നതിന് പകരം അത് ഉള്‍ക്കൊള്ളുന്ന വ്യക്തികളെ ആക്ഷേപിക്കാനാണ് പലരും മുതിരുന്നത്.


പ്രസിദ്ധ സഊദി പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ആഇതുല്‍ഖര്‍നി പറയുന്നു: 'അവര്‍ നിന്നെ ഒരു തട്ടിലേക്ക് തള്ളി ഖാരിജി, ഇഖ്‌വാനി, സുറൂരി, തബ്‌ലീഗി, വഹാബി, സൂഫി മതേതരവാദി, ലിബറലിസ്റ്റ് തുടങ്ങിയ ഏതെങ്കിലും പക്ഷത്തിലേക്ക് ചേര്‍ക്കുന്നു. തഖ്‌ലീദ്കാരന്‍ ബിദ്അത്ത്കാരന്‍ തീവ്രവാദി, ഭീകരവാദി, വര്‍ഗീയവാദി, മുരടിച്ച ചിന്തയുള്ളവന്‍, കാഫിര്‍, വഴിപിഴച്ചവന്‍, വ്യതിയാനം വന്നവന്‍ യാഥാസ്ഥിതികന്‍, പിന്തിരിപ്പന്‍ തുടങ്ങി ഡിക്ഷണറിയിലെ എല്ലാ ശകാരവാക്കുകളും ഉപയോഗിക്കുകയും നിനക്കെതിരില്‍ സാധാരണക്കാരെ ഇളക്കിവിടുകയും ചെയ്യുന്നു. ചില സംഘടനകള്‍ സ്വര്‍ഗത്തിലെ എല്ലാ സീറ്റുകളും അവര്‍ക്ക് റിസര്‍വ് ചെയ്യുകയും മറ്റുള്ളവരുടെ മുമ്പില്‍ സ്വര്‍ഗത്തിന്റെ എട്ടു കവാടങ്ങളും കൊട്ടിയടക്കുകയും ചെയ്യുന്നു'.


ഇതര മതസ്ഥരുമായും നിരീശ്വരവാദികളുമായിപ്പോലും സൗഹാര്‍ദത്തില്‍ പെരുമാറുമ്പോള്‍ തങ്ങളുടെ മതസംഘടനയില്‍ പെടാത്തവരും മറ്റൊരു മതസംഘടനയുടെ ആശയങ്ങള്‍ സ്വീകരിക്കുന്നവരുമായ സ്വന്തം സമുദായത്തില്‍പെട്ടവരോട് അകലം പാലിക്കുക- സംഘടനാ താല്‍പര്യത്തിനു വേണ്ടി. അനുയായികളെ സ്വന്തം താവളത്തില്‍ തളച്ചിടാന്‍ വേണ്ടി. ഇവരൊക്കെ പടച്ചവനെ ഭയപ്പെടാത്തതെന്തുകൊണ്ട്? സ്‌നേഹവും സാഹോദര്യവും സംബന്ധിച്ച് മുസ്‌ലിം വിശ്വാസി പാലിക്കാന്‍ മതം നിര്‍ദേശിക്കുന്ന കടമകളൊക്കെ സ്വന്തം സംഘടനയിലെ അനുയായികളോട് മാത്രമെന്നോ? ഈ സമീപനത്തിലൂടെ എന്തൊക്കെ നേടിയാലും അതിന്റെയെല്ലാം ഫലം പരലോകത്ത് എന്തായിരിക്കും? ദൈവപ്രീതി ലഭിക്കുമോ?


ഇമാം അലിയുടെ ഒരു മാതൃക: ഖവാരിജുകള്‍ അദ്ദേഹത്തെ എത്രമാത്രം ആക്രമിച്ചു. എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും അദ്ദേഹം പറഞ്ഞതിങ്ങനെ: അവര്‍ നമ്മുടെ സഹോദരന്മാര്‍; നമ്മോട് അതിക്രമം കാണിച്ചിരിക്കുകയാണ്'. പള്ളികളില്‍ അവര്‍ക്ക് പ്രവേശം തടഞ്ഞില്ല. സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിയില്ല. അവര്‍ കാഫിറുകളല്ലേ എന്ന് ചോദിച്ചപ്പോള്‍ അലിയുടെ മറുപടി: കുഫ്‌റില്‍ നിന്ന് രക്ഷപ്പെട്ടവരാണ് അവര്‍'
സംഘടനാ സംവിധാനം ഇന്നത്തെ പരിതസ്ഥിതിയില്‍ അനിവാര്യമാണെന്നതില്‍ സംശയമില്ല.


പക്ഷേ, ഇന്നലെ വരെയും സംഘടനയില്‍ ഒന്നിച്ച് സഹോദരന്മാരായി പ്രവര്‍ത്തിച്ചവര്‍, നിസ്സാരമായ ഒരു വിഷയത്തില്‍ വിരുദ്ധാഭിപ്രായമുണ്ടാകുന്നു. പിന്നെ തമ്മില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി. പണ്ഡിതന്മാരില്‍ നിന്നു നല്ല മാതൃക നഷ്ടപ്പെട്ടാല്‍ പിന്നെ എന്തായിരിക്കും ജനങ്ങളുടെ അവസ്ഥ. പണ്ഡിതന്മാരുടെ പ്രബോധന- പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും പെരുമാറ്റ രീതികളുമെല്ലാം സമൂഹത്തിന് വെളിച്ചമേകുന്നതാകണം; സല്‍ഗുണങ്ങള്‍ നഷ്ടപ്പെടുത്തുന്നതും പരസ്പരം വിരോധവും അകല്‍ച്ചയും വര്‍ധിപ്പിക്കുന്നതുമാകരുത്.

Reply all
Reply to author
Forward
0 new messages