ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്)
അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങളെ ബാധിച്ച ഒരു വിപത്തുകാരണം ആരും തന്നെ മരിക്കാനാഗ്രഹിക്കരുത്. അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ ! ജീവിതമാണെനിക്കുത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ! മരണമാണെങ്കില്‍ എന്നെ നല്ല നിലക്ക് മരിപ്പിക്കുകയും ചെയ്യേണമേ! (ബുഖാരി : 7-70-575)
അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റുപലതും അവന്‍ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)