Mother Mary saved from satan

0 views
Skip to first unread message

Mathews

unread,
Nov 2, 2015, 12:45:36 PM11/2/15
to godexperiencesharinggroup

അന്ന് ബ്ലഡി മേരി, ഇന്ന് ഹോളി മേരി

മറിയം വീണ്ടെടുത്ത ഒരു സാത്താനിക മാന്ത്രികന്റെ കഥയാണിത്. ബ്ലാക്ക് മാസിന്റെ ലോകത്തുനിന്നും ഹോളി മാസിന്റെ ലോകത്തേക്കു യാത്ര ചെയ്ത കഥ. കുഞ്ഞുങ്ങളുടെ ഘാതകൻ പരിരക്ഷകനായി മാറിയതിന്റെ നേർവഴികൾ. സാത്താൻ ലോകത്തുനിന്നും ദൈവമുഖത്തേക്കു നടന്നടുത്ത ഒരു യാത്രയിലെ അനുഭവങ്ങൾ. സാത്താൻ പള്ളിയിലെ പ്രധാനപുരോഹിതനായിരുന്ന സക്കറി കിങ് തന്റെ നാൾവഴികൾ സൺഡേ ശാലോമിനോട് പങ്കുവയ്ക്കുന്നു:

ലോകത്തിലാദ്യമായി സാത്താൻ പള്ളി സ്ഥാപിക്കപ്പെട്ടത് കാലിഫോർണിയയിലാണ്. ഒരു കാലത്ത് സ്പാനിഷ് മിഷനറിമാർ ഒരു ലക്ഷത്തിലധികം ക്രിസ്തീയ ദേവാലയങ്ങൾ പണിതുയർത്തിയ സ്ഥലവും ഇതുതന്നെ. കാലിഫോർണിയയിലെ പ്രധാന നഗരങ്ങളെല്ലാം വിശുദ്ധരുടെ നാമത്തിലാണ് അറിയപ്പെടുക. അതേസമയം സിനിമയുടെ മാസ്മരിക ലോകമായ ഹോളിവുഡും പൊർണോഗ്രാഫിയുടെ തലസ്ഥാനമായ ലോസ് ആഞ്ചലസും ഇവിടെത്തന്നെയാണ്. സാത്താൻ സേവയുടെ നൂറുകണക്കിന് സെന്ററുകൾ കാലിഫോർണിയയിൽ മാത്രമുണ്ട്.

ഭ്രൂണഹത്യയും സാത്താൻ സേവയും കൂട്ടുചേർന്നാലോ? സാത്താൻ ബലിയും കാഴ്ചയുമായി കുഞ്ഞുങ്ങളെ ജനിപ്പിച്ച് നൽകുന്ന വൈകൃതവും ക്രൂരവുമായ ചെയ്തികളുടെ കഥയാണ് സക്കറി കിങ്ങിന് പറയുവാനുള്ളത്. ക്രിസ്തീയ കുടുംബത്തിൽ ജനിച്ചെങ്കിലും പത്താം വയസുമുതൽ ബ്ലാക് മാസിന്റെ രസതന്ത്രത്തിൽ സക്കറിയുടെ മനസ് ചൂടുപിടിച്ചു. പതിമൂന്നാം വയസിൽ ഇതെക്കുറിച്ച് വായന തുടങ്ങിയവൻ പതിനഞ്ചു പിന്നിട്ടപ്പോൾ പത്തുകല്പനകളും തെറ്റിച്ച് ജീവിതം സാത്താന് അടിയറവച്ചു.

മാന്ത്രിക ചെയ്തികൾക്കായി നൂറുകണക്കിന് ഗർഭസ്ഥശിശുക്കളെ കൊന്നുകളഞ്ഞ ഈ മാന്ത്രികൻ വഴിമാറി സഞ്ചരിക്കുകയാണ് കഴിഞ്ഞ നാളുകളിൽ. തന്റെ പൂർവകാലത്തിന് ദൈവത്തോടും സഹജരോടും മാപ്പിരക്കുന്ന സക്കറി, ‘അബോർഷൻ ഒരു പൈശാചിക ബലി’ എന്ന ഗ്രന്ഥത്തിലൂടെ അനേകരുടെ കണ്ണുതുറക്കുന്നു. ഒപ്പം, എല്ലാം പൊറുക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞ്, ശിഷ്ടജീവിതം ക്രിസ്തുവിനായി വലിച്ചെറിയുന്നു. സക്കറിയുടെ വാക്കുകൾ വായിക്കുക:
”വെറുമൊരു ജിജ്ഞാസയിൽ തുടങ്ങിയതാണ് എന്റെ യാത്ര. മാജിക്കിൽ സത്യമുണ്ടോ? നിരന്തരം കാണുന്ന സിനിമകളിലും നാടകങ്ങളിലും സാത്താനിക മാന്ത്രികം ശ്രദ്ധിച്ചു. 1970 കളിൽ ഞാൻ സ്‌കൂൾ പഠനം നടത്തുന്ന കാലം. അവിടെ ഒരു ഗെയിം ഉണ്ടായിരുന്നു, ‘ബ്ലഡി മേരി.’ മന്ത്രജാലക്കാരൻ ഞങ്ങളോട് പറയും, ‘ബ്ലഡി മേരി, നിന്നെ ഞാൻ വെറുക്കുന്നു.’ ക്രൂരയായ മറിയത്തെ വെറുക്കുന്നു എന്ന് ആവർത്തിച്ചാവർത്തിച്ച് പറയും. മുറിയിലെ ജാലകങ്ങൾ അടച്ച്, ലൈറ്റുകൾ അണച്ച് ഈ മന്ത്രം ജപിക്കണമെന്നാണ് നിർദേശം. ഞങ്ങൾ ഏതാനും വിദ്യാർത്ഥികൾ ഇതുചെയ്യും. ഒരു പൈശാചിക ചിത്രം മുറിയിൽ തെളിഞ്ഞുവരുന്നതായി ഞങ്ങളിൽ പലരും കണ്ടു. എല്ലാവരും ഭയപ്പെട്ട് ഓടിപ്പോയി. ഞാൻ അവിടെത്തന്നെ നിന്നു. എനിക്ക് ഭയം തോന്നിയില്ലെന്ന് മാത്രമല്ല, രസകരമായി തോന്നി. തുടർന്ന് എല്ലാ ആവധിദിവസങ്ങളിലും പിശാചിനെ വിളിച്ചുള്ള ഗെയിമുകൾ തുടങ്ങി. ഞാനെപ്പോഴും മുഖ്യമാന്ത്രികനായിരിക്കും.

ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ എന്റെ മാറ്റം ഞാൻ ശ്രദ്ധിച്ചു. പിശാചും ഞാനും ഒന്നായി. എല്ലാം തികഞ്ഞ ഒരു സാത്താനിക മാന്ത്രികൻ. എന്റെ മാന്ത്രിക വിദ്യകൾ കണ്ട് കുട്ടികളും സഹൃത്തുക്കളും പൈസ തരാനും തുടങ്ങി. ‘ബ്ലഡി മേരി, നിന്നെ ഞാൻ വെറുക്കുന്നു’ എന്ന ജപമന്ത്രങ്ങൾ ഉരുവിട്ട് അടുത്തദിവസം ആയിരം ഡോളർ കൈയിലെത്തി. വിദ്യ ഫലിച്ചു, ഇതു തുടരുകതന്നെ എന്നും തീരുമാനിച്ചു.

പന്ത്രണ്ടാം വയസ്സിൽ ഡ്രാഗൺ ഇഷ്ടവിഷയമായി. സ്വപ്‌നവും ചിന്തയും എല്ലാം പിന്നെ ആ ലോകത്താണ്. വിളിച്ചാൽ വിളി കേൾക്കുന്ന ഡ്രാഗൺ. കാര്യങ്ങൾ നടത്തിത്തരുന്ന ഡ്രാഗൺ. ഒരാളെ, പ്രത്യേകിച്ചും കുട്ടികളെ എങ്ങനെ വശത്താക്കാമെന്ന് ഇത്തരം ജീവികൾക്കറിയാം.

വേൾഡ് ചർച്ച് ഓഫ് സേറ്റൻ പ്രധാന സംഘടനയാണ്, ബ്ലാക്ക് മാസ് നടത്തിപ്പുകാർക്ക്. പതിനെട്ടാം വയസിൽ അതിൽ അംഗമായി. അഞ്ചോ പത്തോ പേരടങ്ങുന്ന ഗ്രൂപ്പിനെ നയിക്കാനുള്ള ഉത്തരവാദിത്തവും കിട്ടി. ഇരുപത്തിയൊന്ന് വയസ്സായപ്പോൾ ചർച്ചിലെ മുഖ്യമാന്ത്രികനെന്ന സ്ഥാനം തരാൻ അവർ തീരുമാനിച്ചു. മുഖ്യമാന്ത്രികനെ സാത്താൻ തിരഞ്ഞെടുക്കുന്നു എന്നതാണ് സങ്കൽപം. എന്തായാലും സാത്താൻ പള്ളിയുടെ സി.ഇ.ഓ യും ബോർഡ് മെമ്പേഴ്‌സും വിവരം അറിയിക്കും. തുടർന്ന് മുഖ്യമാന്ത്രികന്റെ വസ്ത്രമിടണം; ബലിചെയ്യണം. പൈശാചിക ചെയ്തികൾക്ക് നേതൃത്വം വഹിക്കണം. സാത്താന്റെ സഹായം ആവശ്യമുള്ളവർക്ക് അത് എത്തിച്ചുകൊടുക്കാൻ ഗ്രൂപ്പായി ചെല്ലും. റോക്ക് മ്യൂസിക് താരങ്ങളും രാഷ്ട്രീയനേതാക്കളും സിനിമക്കാരും വലിയ ധനവാന്മാരുമൊക്കെ സഹായത്തിനെത്തും. സാത്താനിക മാന്ത്രിക വിദ്യയിലൂടെ സഹായമെത്തിക്കും. പന്ത്രണ്ടുവർഷം ഞാൻ ഈ ജോലി ചെയ്തു.

സാത്താൻ സേവകർ എന്താണവിടെ ചെയ്യുന്നത്?

എന്നെപ്പോലെ ഏറെ ചെറുപ്പക്കാർ അവിടെ ഉണ്ടാകും. ആദ്യമെ ഫ്രീയായി ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കും. പതിനെട്ടുതികഞ്ഞ പെൺകുട്ടികളുമായിട്ടാവും ബന്ധം. ഏറെ കൗമാരക്കാർ ഇതിൽ ആകൃഷ്ടരാകും. ഈ ബന്ധപ്പെടലിലൂടെ പല പെൺകുട്ടികളും ഗർഭിണികളാകും. ശിശുക്കളെ സാത്താന് ബലിയായി അർപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അബോർഷനെക്കുറിച്ച് വ്യക്തമായ ധാരണയൊന്നും അന്നെനിക്ക് ഉണ്ടായിരുന്നില്ല. ഇത് തെറ്റാണെന്ന് തീർച്ചയായും അറിയാമായിരുന്നു. എങ്കിലും ഇതിന്റെ ക്രൂരത അന്ന് പിടികിട്ടിയിരുന്നില്ല.

സാത്താന് ഏറ്റവും ഇഷ്ടപ്പെട്ട ബലിയാണ് നരബലി. അതും പിഞ്ചുകുഞ്ഞുങ്ങളെയും ഗർഭസ്ഥശിശുക്കളെയും ബലി ചെയ്യുന്നത്. ഈ നരബലി ചെയ്യാൻ സാത്താൻ പള്ളിയിൽ ഒരു മെഡിക്കൽ ഡോക്ടറും നഴ്‌സുമുണ്ടാകും. ഒരിക്കൽ ഞാൻ ചോദിച്ചു; ‘ഭ്രൂണഹത്യ നിയമപരമാണോ?’ ‘സ്ത്രീയുടെ ഉദരത്തിലായിരിക്കെ കുഞ്ഞിനെ നമുക്ക് എന്തും ചെയ്യാം. നിഷ്‌കളങ്ക കുഞ്ഞുങ്ങളെ കൊന്ന് സാത്താനിൽ നിന്നും കാര്യങ്ങൾ നേടിയെടുക്കുക,’ അവർ പറഞ്ഞു. 145 അബോർഷനുകളിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട്. ആദ്യത്തേത് എനിക്ക് മറക്കാനാവില്ല. എനിക്ക് പതിനഞ്ച് വയസ്സുതികയുന്നതിന് മൂന്നുമാസം മുമ്പായിരുന്നു അത്. പാതിരാത്രി 11.45 നാണ് സാത്താനിക അബോർഷന്റെ ചടങ്ങുകൾ ആരംഭിച്ചത്. ഗർഭിണിയായ സ്ത്രീയും ഡോക്ടറും നഴ്‌സും ഒരു വശത്ത്. പൈശാചിക മന്ത്രങ്ങൾ ജപിച്ച് സാത്താൻ പുരോഹിതൻ മറുവശത്ത്. കുഞ്ഞിനെ അറുത്ത് പുറത്തെടുത്തു. അതിന്റെ രക്തത്തിൽ എന്റെ കൈകളും ചേർത്തുവയ്ക്കാൻ പറഞ്ഞു. രക്തം പുരണ്ട കൈകൾ കൊണ്ടാവണം സാത്താനെ സേവിക്കാൻ. ഞങ്ങളുടെ ശരീരവും മനസും സാത്താന് തരുന്നു എന്ന ഗീതം മുഴക്കിയാണ് രക്തം പുരണ്ട കൈകൾ ചലിപ്പിക്കുന്നത്. വെളുപ്പിന് മൂന്നുമണിവരെ ഇതു നീളും. സാത്താനിക മണിക്കൂറാണ് മൂന്നുമണി. അതുകൊണ്ട് ആ സമയത്ത് കുഞ്ഞിന്റെ ശിഷ്ടഭാഗങ്ങൾ നിലത്തിട്ട് ചവിട്ടിയരയ്ക്കും. ഒരുപറ്റം സാത്താൻ സ്ത്രീപുരോഹിതകൾ ആ രക്തം കുടിക്കും. പൈശാചികതയുടെ ഏറ്റവും വികൃതമായ രൂപം ഞാനവിടെ കണ്ടു. സാത്താനുള്ള കാഴ്ചയാണ് ഈ കൊലയും ബലിയും.

ബ്ലാക് മാസും അബോർഷനും

ബ്ലാക് മാസിന്റെ പ്രധാന ഇനവും അബോർഷനായിരുന്നു. രാത്രിയിൽ രണ്ടും മൂന്നും മണിക്ക് സ്ത്രീകളെ എത്തിക്കാൻ ഏജൻസികളുണ്ട്. പണത്തിനായി അവിടെ എത്തുന്നവരുമുണ്ട്. പ്രണയബന്ധങ്ങളിൽ ഗർഭിണികളായവർ ഭയം മൂലവും ഇവിടെ എത്താറുണ്ട്. ഏതായാലും രക്തദാഹിയായ സാത്താന് കുഞ്ഞുങ്ങളെ സമർപ്പിക്കുകയാണ് മുഖ്യമാന്ത്രികന്റെ ചുമതല. ചുറ്റും സാത്താനിക പുരോഹിതമാർ വൈകൃതമായ വേഷം ധരിച്ച് നിൽക്കുന്നുണ്ടാവും. പിശാചിന്റെ ഈ സേവയ്ക്ക് സാക്ഷ്യം വഹിക്കാൻ കോളജുവിദ്യാർത്ഥികളും കുഞ്ഞുങ്ങളും എത്താറുണ്ട്. ചെറിയ കുട്ടികളെ പ്രധാനമുറിയിൽ പ്രവേശിപ്പിക്കില്ല. അവർക്ക് ചോദ്യം ചോദിക്കാനും ഉത്തരം നൽകാനും സമ്മാനം കൊടുക്കുവാനും പ്രത്യേകം ഒരുക്കപ്പെട്ട കുട്ടിപ്പിശാചുക്കളുടെ മുറികളുണ്ട്. ക്രിസ്തീയമായ യാതൊന്നും, രൂപങ്ങളോ, ജപമാലയോ ആരുടെയും കൈവശമില്ലെന്ന് ഉറപ്പുവരുത്തും. ക്രൈസ്തവമായ ഒരു പ്രാർത്ഥനയും ചൊല്ലില്ലെന്ന് ഉറപ്പുവരുത്താൻ കാവൽക്കാരുണ്ട്. ജപമാല കണ്ടാൽ പിശാചിനവിടെ നിൽക്കാനാവില്ല. കുരിശുകണ്ടാൽ സമനില തെറ്റും. ക്രിസ്തീയ പ്രാർത്ഥന കേട്ടാൽ തകർന്നടിയും. അതുകൊണ്ട് സാത്താനിക ഗീതങ്ങൾ കേൾപ്പിക്കും, വലിയ ശബ്ദത്തിൽ അവ വായിച്ചുകൊണ്ടിരിക്കും.
ഗർഭസ്ഥശിശുക്കളെ ബലിചെയ്ത് കാര്യസാധ്യതകൾ നേടിയെടുക്കാം എന്നുള്ളതുകൊണ്ടാണ് ഏറെപ്പേർ ഇതിലേക്ക് ആകൃഷ്ടരാകുന്നത്. ബ്ലാക് മാസിനെത്തുന്നവരിൽ നാട്ടിലെ മേയറുൾപ്പെടെ പല പ്രധാനികളെയും കണ്ടിട്ടുണ്ട്. വിശുദ്ധി തേടി ക്രൈസ്തവ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും പ്രവേശിക്കുന്നതുപോലെ അശുദ്ധിയും സാത്താൻ നൽകുന്ന നേട്ടങ്ങളും ലക്ഷ്യമാക്കി പൈശാചിക പൗരോഹിത്യത്തിലേക്കും ബ്ലാക് മാസിലേക്കും ആളുകൾ പ്രവേശിക്കുന്നു.

പിശാച് നിസ്സഹായനാകുന്ന സമയങ്ങൾ

അബോർഷൻ ക്ലിനിക്കുകളുടെ ചുറ്റും പ്രാർത്ഥന നടത്തുന്ന നൂറുകണക്കിനാളുകളുടെ നിലവിളി കേൾക്കപ്പെടാതെ പോകുന്നുണ്ടോ? അത്തരം പ്രാർത്ഥനായുദ്ധത്തിന് യാതൊരു സ്വാധീനവുമില്ലേ? തീർച്ചയായും പ്രാർത്ഥനാ യുദ്ധത്തിന് വലിയ സ്വാധീനമുണ്ടെന്ന് തന്നെയാണ് സക്കറിയുടെ മറുപടി. അത്തരം അനുഭവങ്ങളിലൊന്ന്:
ഒരിക്കൽ ഞാനൊരു ക്ലിനിക്കിലെത്തി. സാത്താനിക അബോർഷൻ ക്ലിനിക്കായിരുന്നു. സ്ട്രീറ്റിൽ വിശ്വാസികൾ അബോർഷനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രാർത്ഥനകൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. പരുപരുത്ത നിലത്ത് മുട്ടിൽനിന്നാണ് പ്രാർത്ഥന. ക്ലിനിക്കിനകത്ത് അബോർഷൻ ചെയ്യാൻ ഞങ്ങൾ പലവട്ടം ശ്രമിച്ചിട്ടും നടക്കുന്നില്ല. ജനാലകൾ അടച്ച് അവരുടെ മുഖം മറയ്ക്കാൻ ശ്രമിച്ചു. എന്നിട്ടും എന്തോ ഒരു ശക്തി ഞങ്ങളെ അതിൽനിന്ന് പിൻവലിക്കുന്നതുപോലെ. ജപമാല ചൊല്ലുന്നവരുടെ ശബ്ദം നിലയ്ക്കാൻ ഞങ്ങൾ സാത്താനോട് പറഞ്ഞു. പക്ഷേ, ജപമാല ചൊല്ലുന്നവരുടെ അടുത്തെത്താൻ പോലും സാത്താനാകില്ല. മൂന്നുപ്രാവശ്യം ഇതേ സംഭവമുണ്ടായി. അന്നതിന്റെ അർത്ഥം പിടികിട്ടിയില്ല. ഇന്ന് മനസിലാവുന്നു ഹോളി മേരിയുടെ മധ്യസ്ഥ ശക്തിയെന്തെന്ന്.

ഇത്തരം പ്രാർത്ഥനായുദ്ധത്തിനിറങ്ങുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്? സക്കറി വിശദമാക്കുന്നു. അബോർഷൻ ക്ലിനിക്കുകൾക്കെതിരെയും അബോർഷനെതിരെയുമുള്ള യുദ്ധം പിശാചിനെതിരായ യുദ്ധമാണ്. വിജയം തീർച്ചയായും ദൈവത്തിന്റേതായിരിക്കും. എങ്കിലും യുദ്ധത്തിനിറങ്ങുന്നവർ മുറിവേൽക്കാതിരിക്കാൻ ചില മുൻകരുതലുകൾ ആവശ്യമാണ്. സാധിക്കുമെങ്കിൽ വെഞ്ചരിച്ച ജലം എല്ലായ്‌പ്പോഴും വീട്ടിൽ സൂക്ഷിക്കുക. ഇത്തരം പ്രാർത്ഥനകൾക്കായി പോകുമ്പോൾ ഈ വിശുദ്ധജലം നിങ്ങളുടെയും കുഞ്ഞുങ്ങളുടെയും ശിരസ്സിൽ പൂശണം. വിശുദ്ധബലിയിൽ പങ്കെടുക്കുക. ദിവ്യകാരുണ്യം സ്വീകരിക്കുക. കുറച്ചുസമയമെങ്കിലും ആരാധനയിൽ ചിലവഴിക്കണം. ജപമാല എല്ലായ്‌പ്പോഴും കൈകളിൽ സൂക്ഷിക്കണം. പിശാചിനെതിരായ ആയുധമാണത്. അതവനെ ഭയപ്പെടുത്തും. ആത്മീയസമരത്തെക്കുറിച്ചുള്ള ജ്ഞാനം നമുക്കുണ്ടാവണം.

ഹോളി മേരി നിന്നെ ഞാൻ സ്‌നേഹിക്കുന്നു

2008 മെയ് മാസത്തിൽ സക്കറിയെ ദൈവം വീണ്ടെടുത്തു. ഒരിക്കലും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ. പരിശുദ്ധ മറിയം തന്റെ മുറിയിൽ. അവളുടെ കണ്ണീരിന്റെ കാരണം ഞാൻ തിരിച്ചറിഞ്ഞു. അതിനുശേഷം പിശാചിനെയും അവന്റെ ആഡംബരങ്ങളെയും എന്റെ വീട്ടിൽനിന്നും ഹൃദയത്തിൽനിന്നും പുറത്താക്കി. ബ്ലഡി മേരിയെന്നുവിളിച്ച നാവിലിന്ന് ഹോളിമേരിയെന്ന ജപമാണ്. കഴിഞ്ഞ 26 വർഷം നഷ്ടമാക്കിയതിന്റെ നോവ് അടക്കാനാവാത്തതാണ്. നിലവിളിക്കാത്ത ദിവസങ്ങളില്ല. എങ്കിലും ക്ഷമിക്കുന്ന ക്രിസ്തു തന്നെ ചേർത്തുപിടിച്ചതിന്റെ ആനന്ദത്തിലാണ് സക്കറി. ഫ്‌ളോറിഡയിൽ കുടുംബമായി ജീവിക്കുന്ന ഇദ്ദേഹം തന്റെ നാൾവഴികളെ സാക്ഷ്യമായി അനേകർക്കു മുമ്പിൽ പങ്കുവയ്ക്കുന്നു. ഇതുവെറുമൊരു സാക്ഷ്യം മാത്രമല്ല, സാത്താനിക ചെയ്തികൾ പ്രബലമാകുന്ന കാലത്ത് ഒരു മുൻകരുതൽ കൂടിയാണ്.
Fr. Roy Palatty

Reply all
Reply to author
Forward
0 new messages