(ബദ്രി റൈനയുടെ കവിത)
സമ്മതിച്ചു
നിങ്ങള്‍ ആദിമ ഭാരതീയരാണ്
ആര്യന്മാര്‍ വരുന്നതിനും മുന്‍പേതന്നെ
ഇവിടെ ഉണ്ടായിരുന്നു.
സമ്മതിച്ചു
ഞങ്ങളുടെ നാമം അനശ്വരമാക്കാന്‍ വേണ്ടിയാണ്
ഞങ്ങള്‍ നിങ്ങളെ ദളിതുകളാക്കിയത്.
നിങ്ങള്‍ നിരക്ഷരരായിരുന്നു;
നിശ്ശബ്ദരാക്കപ്പെട്ടിരുന്നു;
നിങ്ങള്‍ തൊട്ടുകൂടാത്തവരായിരുന്നു;
തീണ്ടാപ്പാടകലെ നിര്‍ത്തപ്പെട്ടവരായിരുന്നു;
ഞങ്ങളുടെ വളര്‍ച്ച നിങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.
നിങ്ങളുടെ വിയര്‍പ്പും ചോരയും ഉപയോഗിച്ചാണ്
ഞങ്ങള്‍ അഭിവൃദ്ധി നേടിയത്
അതൊക്കെ ശരിയായിരിക്കാം.
നിങ്ങളുടെ പെണ്ണുങ്ങളെ ഞങ്ങള്‍ ബലമായി ഭോഗിച്ചിട്ടുണ്ടാകാം
ഞങ്ങള്‍ക്ക് മാര്‍ഗ്ഗഭ്രംശം വന്നിട്ടുണ്ടാകാം
നിങ്ങളുടെ നീചജന്മദാഹങ്ങളെ തണുപ്പിക്കാന്‍
ഞങ്ങളുടെ കിണറുകള്‍ തന്നിട്ടുണ്ടാവില്ലായിരിക്കാം
അതും സമ്മതിച്ചു.
ഞങ്ങളുടെ ഭരണഘടന ഞങ്ങളുടേതാണ്,
ഞങ്ങളുടേതുമാത്രം
ഞങ്ങളുടെ ദേവാലയങ്ങള്‍ നിങ്ങളെ പ്രവേശിപ്പിച്ചിട്ടുമുണ്ടാകില്ല.
അതൊക്കെ സമ്മതിച്ചു
നിങ്ങളുടെ നിലവും കാടുകളും ഞങ്ങള്‍ പിടിച്ചെടുത്തു
വെട്ടിനിരത്തി തീയിട്ടു
ഞങ്ങളുടെ ബാങ്കുകളും അങ്ങാടികളും
നിങ്ങളെ സേവിച്ചിട്ടുണ്ടാകില്ല,
ഒക്കെ ശരിതന്നെ
എന്നുവെച്ച്?
ഹൈന്ദവതയെ ഉപേക്ഷിച്ചുപോകാന്‍ മാത്രം വളര്‍ന്നോ നിങ്ങള്‍?
ഇത്ര വലിയ വഞ്ചനക്ക് എങ്ങിനെ നിങ്ങള്‍ക്ക് മാപ്പു തരാന്‍ കഴിയും?
ചെല്ല്, ചെന്ന് പറ
നിങ്ങളെ വഞ്ചിക്കുന്ന ആ പള്ളീലച്ചന്മാരോട്
ലോകം ഉണ്ടായ അന്നുതൊട്ട്
എല്ലാ സസ്യ-ജന്തുജാലങ്ങളും മനുഷ്യരും സൃഷ്ടിക്കപ്പെട്ടത്
സനാതന ഹിന്ദുക്കളായിട്ടായിരുന്നു എന്ന്
സ്വന്തമാളുകളുടെ അതിക്രമങ്ങളേക്കാള്‍
നിങ്ങള്‍ക്കിഷ്ടം
ക്രിസ്ത്യാനിയാകുന്നതിന്റെ സുഖലോലുപതയാണെന്നോ?
ഹോ, ഈ പുഴുക്കളുടെ ലോകം
എത്രമാത്രം വഞ്ചകന്മാരും ദൈവരഹിതവുമായി മാറിക്കഴിഞ്ഞിരിക്കുന്നു!!
SAHMAT (Safdar Hasmi Memorial Trust Publications, Delhi) 2000-ല്‍ പ്രസിദ്ധീകരിച്ച, 'Modest Proposal and other Rhymes for the Times' എന്ന സമാഹാരത്തില്‍ ബദ്രി റൈന എഴുതിയ Betrayal Beyond Belief എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ. ബദ്രി റൈനയെക്കുറിച്ച് വായിക്കാന്‍ ഇവിടെ നോക്കുക
posted by Rajeeve Chelanat at 1:49 AM on Oct 16, 2008
മാരീചന്‍ said...
സമ്മതിക്കില്ല
നിങ്ങള്‍ ആദിമ ഭാരതീയരാണെന്ന്
ആര്യന്മാര്‍ ഇവിടെ കുടിയേറിയവരാണെന്നും
ഞങ്ങള്‍ സമ്മതിക്കില്ല
ഞങ്ങളുടെ നാമം അനശ്വരാക്കിയതും
നിങ്ങളെ ദളിതരാക്കിയതും ദൈവമാണ്... സാക്ഷാല്‍ ദൈവം
ദൈവഹിതം ഇതാണ്
നിങ്ങള്‍ എന്നെന്നേയ്ക്കും നിരക്ഷരാകേണ്ടവര്‍
നിങ്ങള്‍ തൊട്ടുകൂടാത്തവര്‍
തീണ്ടാപ്പാടകലെ നിര്‍ത്തപ്പെടേണ്ടവര്‍ നിങ്ങള്‍
മിണ്ടരുത്.......നിശബ്ദരാകണം നിങ്ങള്‍
നിങ്ങളുടെ
ഒച്ച പൊങ്ങുന്നത് ദൈവത്തിനിഷ്ടമല്ല...
ഞങ്ങളുടെ വളര്‍ച്ചയില്‍ നിങ്ങള്‍ക്ക് പ്രകോപനമെന്തിന്?
നിങ്ങളുടെ ചോരയും വിയര്‍പ്പും ഞങ്ങള്‍ക്ക് വിധിച്ചത് ദൈവമാണ്..
ഞങ്ങളെ സമൃദ്ധിയിലും സമ്പത്തിലും നിലനിര്‍ത്തേണ്ടത്
നിങ്ങളുടെ കടമ..
അതാണ്
ദൈവവിധി.. അനുസരിക്കുക..
ഞങ്ങള്‍ക്ക്
ഭോഗിക്കാനുളളതാണ് നിങ്ങളുടെ പെണ്ണുങ്ങള്‍
ഒരുബലപ്രയോഗവുമില്ലാതെ വഴങ്ങേണ്ടത്
നിങ്ങളുടെ കടമ
ഞങ്ങളുടെ
മാര്‍ഗങ്ങളാണ് ഞങ്ങളുടെ ശരി
ഞങ്ങളുടെ മാര്‍ഗങ്ങള്‍ തന്നെയാവണം നിങ്ങളുടെയും ശരി
പക്ഷേ,
നിങ്ങളുടെ മാര്‍ഗങ്ങള്‍
ഞങ്ങള്‍ നിശ്ചയിക്കും...
ഞങ്ങളുടെ ദാഹം ശമിപ്പിക്കാനാണ് നിങ്ങള്‍
കിണറു വെട്ടേണ്ടത്..
ആ വെളളം ഞങ്ങള്‍ക്കു മാത്രം കുടിക്കാനുളളത്
അതില്‍
പാളയിറക്കാന്‍ നിങ്ങളോട് ആരു പറഞ്ഞു?
ഞങ്ങള്‍ക്കു വേണ്ട
ഭരണഘടന ഞങ്ങളെഴുതും
നിങ്ങള്‍ക്കു വേണ്ടതും എഴുതുന്നത് ഞങ്ങള്‍ തന്നെ
ഞങ്ങളുടെ ദേവാലയങ്ങള്‍ക്കു വേണ്ട കരിങ്കല്ലുകള്‍
ചുമക്കേണ്ടവരാണ് നിങ്ങള്‍
അവിടെ ദൈവങ്ങളെ ഇരുത്തിയത്
ഞങ്ങള്‍ക്ക് പറയാനുളളത് കേള്‍ക്കാനാണ്..
നിങ്ങള്‍ക്കവിടെ
എന്തു കാര്യം...?
വെടിയുണ്ടയ്ക്ക് . വില കയറിയത് നിങ്ങളറിഞ്ഞില്ലേ..
നിങ്ങളുടെ നിലവും കാടുകളും ഞങ്ങള്‍ക്കുളളത്
പിടിച്ചെടുക്കാനും വെട്ടി നിരത്താനും തീയിടാനും
അവകാശം തന്ന് ദൈവം
ബാങ്കുകളും അങ്ങാടികളും
സേവിക്കേണ്ടത് ഞങ്ങളെ...
ഇതെല്ലാം
കൂടിച്ചേരുന്നതാണ് ഹൈന്ദവതയെന്ന് നിങ്ങള്‍ക്കറിയില്ലേ
സൃഷ്ടിച്ചവന് സംഹരിക്കാനും അവകാശമുണ്ട്..
സനാതനഹിന്ദുവിന്റെ വിഴുപ്പുപേറാന്‍
ദൈവം തന്ന നിയോഗം ഉപേക്ഷിച്ച് രക്ഷപെടാമെന്നോ
പടുവിഡ്ഢികളേ... ഒരു പളളീലച്ചന്റെ ളോഹയ്ക്കും നിങ്ങളെ ഒളിപ്പിക്കാനാവില്ല
ഗര്‍ഭപാത്രം കുത്തിപ്പിളര്‍ന്ന് ഭ്രൂണത്തെ പുറത്തെടുത്തപ്പോള്‍
തെല്ലും വിറയ്ക്കാത്ത കൈകളാണ് ഞങ്ങളുടേത്..
പ്രാണനു വേണ്ടി, അതിനു വേണ്ടി മാത്രം
കണ്ണീരൊഴുക്കി യാചിച്ചവന്റെ തലയില്‍ മണ്ണെണ്ണ കമിഴ്ത്തി
തീപ്പെട്ടിയുരച്ചിട്ടതും ഇതേ കൈകളാണ്...
കണ്ണീരുകള്‍ നിങ്ങളുടേത്.. കരയാന്‍ പിറന്നവരുടേത്..
ഞങ്ങള്‍ കരയിക്കാന്‍ പിറന്നവര്‍...
ഹിന്ദുവായി പിറന്ന് ഹിന്ദുവിന്റെ കൈകൊണ്ട്
ചാകേണ്ടവരേ
ക്രിസ്ത്യാനിയായി സുഖിക്കാമെന്ന് കരുതിയ
നിങ്ങള്‍ മണ്ടന്മാര്‍........
ഒരു ജന്മത്തിലും മോക്ഷം കിട്ടാത്തവര്‍...
Courtesy: http://anti-inhuman.blogspot.com