
കോട്ടയം: കോട്ടയം നഗരമധ്യത്തിലെ സ്വര്ണ്ണാഭരണക്കട കൊള്ളയടിക്കാന് രണ്ടാം പ്രതി മനോജ് സേവ്യറെ (36) പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യത.
ദുബായില് ഐ.ടി. ബിസിനസ് നടത്തി ഉണ്ടായ 45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീര്ക്കാനാണ് മനോജ് തന്റെ തൊഴിലാളി ഇടുക്കി ശാന്തമ്പാറ സ്വദേശി മുരുകേശന്റെ (28) സഹായത്തോടെ ആഭരണക്കടയില്‍ നിന്ന് ഏഴ് കിലോ സ്വര്ണ്ണം കൊള്ളയടിച്ചത്.
ഇടുക്കി ജില്ലയിലെ ശാന്തമ്പാറയില്‍ ഒന്നേകാല്‍ കോടി രൂപയോളം വിലവരുന്ന പന്ത്രണ്ടേക്കര്‍ ഏലത്തോട്ടമുള്ളയാളാണ് മനോജ്. കേസില്‍ രണ്ടാം പ്രതിയായ ഇടപ്പള്ളി പോണേക്കര കുരിശിങ്കല്‍ മനോജിനെ വ്യാഴാഴ്ച രാത്രിയാണ് പോലീസ് പിടികൂടിയത്.
മനോജ് സേവ്യര്‍ 12 വര്ഷത്തോളം ഗള്ഫിലായിരുന്നു. ഒരു വര്ഷം മുന്പ് ഗള്‍ഫില്‍ നിന്ന് തിരികെയെത്തി. ഐ.ടി. സംബന്ധമായ ബിസിനസ് ചെയ്യുന്നതിനിടെ ദുബായില് സാമ്പത്തികമാന്ദ്യം വന്നു. ഇതോടെ മനോജിന് 45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായി. ഇത് തീര്‍ക്കാന്‍ വേണ്ടിയാണ് ജുവലറിയില്‍ നിന്ന് സ്വര്ണ്ണം കൊള്ളയടിച്ചത്.
ഒരു വര്ഷം മുമ്പാണ് ശാന്തമ്പാറയില്‍ ഏലത്തോട്ടം വാങ്ങിയത്. വളരെ ഉയര്ന്ന സാമ്പത്തിക സ്ഥിതിയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ എസ്റ്റേറ്റ് വിറ്റ് കടം തീര്‍ക്കാന്‍ മനസുവന്നില്ല. അങ്ങനെയാണ് മോഷണത്തിന് തീരുമാനിച്ചത്. പണമിടപാട് സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന് ആദ്യം പദ്ധതിയിട്ടു. പിന്നീടത് മാറ്റി. ജുവലറി കൊള്ളയടിക്കാന് തീരുമാനിച്ചു. ഇതിനായി ഏറ്റുമാനൂര്‍, പാമ്പാടി, കോട്ടയം എന്നീ സ്ഥലങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ എത്തി നിരീക്ഷണം നടത്തി.ഒന്നാം പ്രതി മുരുകേശന്റെ ആത്മാര്ത്ഥതയും മനോജിന് മോഷണത്തിന് പ്രേരണയായി. മുരുകേശന് വഴിയാണ് കവര്ച്ചയ്ക്കുപയോഗിച്ച നാടന്‍ തോക്കുകള്‍ സംഘടിപ്പിച്ചത്.തലേദിവസം പ്രതികള്‍ ബൈക്കുമായി കോട്ടയത്തെത്തി. കോട്ടയത്തെ ഒരു കടയില്‍ നിന്ന് ബൈക്കിന് വ്യാജ രജിസ്ട്രേഷന് നമ്പര്‍ സ്റ്റിക്കര്‍ സംഘടിപ്പിച്ചു. രാത്രിയില്‍ പാമ്പാടിയിലെത്തി കൊള്ള ആസൂത്രണം ചെയ്തു. പിറ്റേന്ന് കോട്ടയത്ത് വന്നു. നഗരത്തില്‍ ഒരു വട്ടം നിരീക്ഷണം നടത്തിയശേഷം കുന്നത്ത്കളത്തില്‍ ജുവലേഴ്സില്‍ നിന്ന് സ്വര്ണ്ണം കൊള്ളയടിച്ച് കുമരകത്തിന് പോയി. ഒന്നാം പ്രതി മുരുകേശനെ വൈക്കം ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സില്‍ കയറ്റിവിട്ടു. തുടര്ന്ന് മെഡിക്കല്‍ കോളേജ് ഭാഗത്ത് ബൈക്ക് ഉപേക്ഷിച്ച് നേരത്തെ ഇവിടെ എത്തിച്ചിരുന്ന കാറില്‍ വൈക്കത്തേക്ക് തിരിച്ചു. ഇതിനിടയില്‍ മുരുകേശനെ മൊബൈല്‍ ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല. ഇതോടെ അസ്വസ്ഥനായ മനോജ് അഞ്ച് മണിവരെ വൈക്കത്ത് കാത്തു നിന്നശേഷം എറണാകുളത്തേക്ക് പോയി. 6.30 ഓടെ ഭാര്യവീട്ടിലെത്തി ടി.വി.യിലെ വാര്‍ത്തകളില്‍ നിന്ന് മുരുകേശന് പിടിയിലായതറിഞ്ഞു. കേരളത്തിന് വെളിയിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടു. ഇതിന് മുമ്പ് ഭാര്യയെയും കുട്ടികളെയും കത്തൃകടവ് റോഡിലുള്ള ഡി.സി.നെറ്റ് ഫ്ളാറ്റിലെ വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. ഇവിടെ തനിക്ക് ഫ്ളാറ്റുണ്ടെന്ന വിവരം മുരുകേശന് അറിയില്ലെന്ന വിശ്വാസം കൊണ്ടാണ് അങ്ങോട്ട് പോയത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ മനോജിന്റെ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് മനസ്സിലാക്കിയാണ് പോലീസ് സംഘം ഇവിടെയെത്തിയത്. കത്തൃകടവിലെ ഫ്ളാറ്റിലേക്ക് വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെ ഭാര്യയും കുട്ടികളുമായി എത്തുമ്പോഴാണ് മനോജ് പോലീസ് പിടിയിലാകുന്നത്.മുരുകേശന് ആണ് കേസിലെ ഒന്നാം പ്രതി. പ്രതികളെ വെള്ളിയാഴ്ച കുന്നത്തുകളത്തില്‍ ജുവലറിയില്‍ എത്തിച്ച് തെളിവെടുത്തു.
ഇതിനിടെ പ്രതികളെ ജനങ്ങള്‍ ചെറിയ തോതില്‍ കൈകാര്യം ചെയ്തു. പോലീസ് വലയം തീര്ത്താണ് ഇവരെ വാഹനത്തിലെത്തിച്ചത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (മൂന്ന്)യില്‍ ഹാജരാക്കിയ പ്രതികളെ 14-ാം തിയ്യതിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.