ഒരു ഇടവേളയ്ക്കു ശേഷം...
ആരും ഞരമ്പ് രോഗികളായി ജനിക്കുന്നില്ല, പ്രായം, സമൂഹം ഒക്കെ ആണ് അവരെ രോഗികള് ആക്കുന്നത്!
ഈ Valentines day, Valentines day എന്ന് വച്ചാൽ എന്താന്നാ നിങ്ങളുടെ ഒക്കെ വിചാരം? പത്രങ്ങളിൽ ചില ദിവസങ്ങളായി കണ്ടു വരുന്നു. എനിക്ക് തോന്നുന്നു ഓരോ വർഷം കൂടും തോറും ഈ ദിവസത്തിന്റെ പ്രാധാന്യം കൂടി കൂടി വരികയാണെന്ന്. എന്താ അല്ലെ? Valentines day!!!
ഒരു കൊച്ചു സംഭവം ഓർമ വന്നപ്പോഴാണ്, ഇതിലൊന്നും വല്യ കാര്യം ഇല്ല എന്ന് മനസ്സിലായത്.
അഞ്ജനയെ ഞാൻ ആദ്യം കാണുന്നത് തിരുവനന്തപുരം ബേക്കർ junction വച്ചാണ്. അവൾ Ambrosiaയിൽ നിന്ന് ഇറങ്ങി വരികയും ഞങ്ങൾ ഒരിറ്റു സ്നേഹത്തിനു വേണ്ടി ആ റോഡിനോട് ചേർന്നുള്ള തട്ടു കടയിലേക്ക് പോവുകയും ആയിരുന്നു. അന്നും ഇതുപോലെ ഒരു വെള്ളിയാഴ്ച!
മുന്പിലുള്ള കലുങ്കിന്റെ താഴെയുള്ള കാനയില്‍ നിന്നും ഒരു കാക്ക ഒരു മുട്ടത്തോടെടുത്ത് പറന്നു. മുട്ടത്തോട് വീണ ശബ്ദം കേട്ട് അതെടുക്കാന്‍ നൂറേ നൂറില്‍ വന്നൊരു പെരുച്ചാഴി, ‘ അപ്പോഴേക്കും അതും കൊണ്ട് പോയോ?’ എന്നുപറഞ്ഞ് ഒരു മിനിറ്റ് വളരെ ഇമ്പോര്ട്ടന്റായ എന്തോ ഒന്ന് പോയ അണ്ണാന്റെ പോലെ നിന്ന്, കുറച്ച് കഴിഞ്ഞപ്പോള്‍ തിരിച്ച് തന്റെ മാളം ലക്ഷ്യമാക്കി ആടിയാടി പോയി.
അഞ്ജനയെ ഞാനാദ്യമായി കാണുമ്പോള്‍ അവളുടെ കയ്യില്‍ അന്നത്തെ ദേശാഭിമാനി ദിനപത്രം കണ്ടു ഞാൻ ഉള്പുളകിതനായി (ഭാഗ്യത്തിന് അവൾ അന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ മറന്നു പോയിരുന്നു). അന്ന് തമ്പാനൂരിൽ നിന്നടിക്കുന്ന, ചെങ്കൽ ചൂള കടന്നു വരുന്ന ഒരു പ്രത്യേക തരം കാറ്റുണ്ട്, അതവളുടെ മുടിയിൽ തട്ടി തടഞ്ഞു പോവുന്നുണ്ടായിരുന്നു, ഓട്ടോ സ്റ്റാൻഡിൽ ഓരോ ഓട്ടോ പിന്നിടുമ്പോഴും പെണ്ണിന്റെ മൊന്ജ് കൂടി കൂടി വന്നു. വേറെ ഒരു പണിയും ഇല്ലാത്തതു കൊണ്ട്, ആ കാനയുടെ നാറ്റം സഹിച്ചു കൊണ്ട് ഞാൻ മനസ്സിലുറപ്പിച്ചു, മറ്റൊരുത്തനും ഇവളെ വിട്ടു കൊടുക്കില്ല എന്ന്!
അഞ്ജന! ഇരു നിറം. ഒതുക്കമുള്ള ശരീരം. തിളക്കമാര്ന്ന സ്കിന്‍. ചര്മ്മം കണ്ടാല്‍ പ്രായപൂര്‍ത്തി ആയെന്ന് തന്നെ തോന്നില്ല.
അതിന് ശേഷം പല പല രാത്രികളിലും ഞാന്‍ അവളെക്കുറിച്ച് കഥകള്‍ മിനഞ്ഞു. ഞാനുമവളും കൂടി ബോട്ടില്‍ പോകുന്നതും, ബോട്ട് മുങ്ങുന്നതും, അങ്ങിനെ ഞങ്ങള്‍ നീന്തി ഒരു കൊടും കാട്ടില്‍ അകപ്പെടുന്നതും, രാത്രി സിംഹത്തിന്റെ കരച്ചില് കേട്ട്... എന്റെ അടുത്തേക്ക് അവള് ഒട്ടിയൊട്ടി വരുന്നതും..... അങ്ങിനെയെല്ലാമെല്ലാം... !!
അങ്ങിനെ ക്ലൈമാക്സ് സെയിമായ എത്രയെത്ര വെര്ഷന്‍!
അങ്ങിനെയിരിക്കെ ഒരു ദിവസം... അവള്ക്കു വേണ്ടി സ്പെഷലായി തലയില്‍ മൂലോട് കമിഴ്ത്തി വച്ച സ്റ്റൈലില്‍ മുടി ചീകിയൊതുക്കി വന്ന എന്റെ ഹൃദയം പുളിമൂട് വച്ച് രണ്ട് മിനിറ്റ് സ്തംഭിച്ചു. ഏതാണ്ട് ഹെൽ സിറ്റിയ്ക്ക് (നമ്മുടെ സിനിമയിലൊക്കെ ഡാൻസ് (അതോ പ്രാന്തോ) ചെയ്യുന്ന അയ്യപ്പൻറെ കട) മുൻപിൽ നില്ക്കുന്ന അനേകം അവശൻമാരിൽ ഒരാൾ മാത്രം ആയി ഞാൻ മാറുന്നതായി തോന്നി. കലവറയിൽ നിന്നും ഒരു കൊശവന്റെ കൈ പിടിച്ചു ആ മൂധേവി ഇറങ്ങി വരുന്നു. (അന്ന് എന്റെ സുഹൃത്ത് പ്രസാദ് ആണ് കലവറയിലെ കാഷ്യർ. ബിൽ അടിച്ചടിച്ച് ഒരു കസ്റ്റമർ + രണ്ടു കുട്ടികളുമായി പ്രസാദ് ഇന്ന് സുഘമായി കഴിയുന്നു, അത് വേറെ കഥ)
എന്നാലും എന്റെ സ്വപ്നങ്ങളിൽ ഒരു ക്ലൂ പോലും ഇല്ലായിരുന്നല്ലോ?
... എന്തെങ്കിലുമാവട്ട്... നമുക്കതന്ന്വേഷിക്കലല്ലേ പണി!
പിറ്റേന്ന്, അന്നും ഇതുപോലെ ഒരു വെള്ളിയാഴ്ച ആയിരുന്നു. സമയം നാലുമണി ആവുന്നേയുള്ളു.ഇടവിട്ടിടവിട്ട് കൈപ്പക്ക കൊണ്ടാട്ടത്തിന്റെ (മാർത്തോമക്കാര് പാവയ്ക്ക എന്ന് പറയും) ഡിസൈനുള്ള മഞ്ഞ ചുരിദാറുകാരിയെ ഞാന്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. പി എം ജി junctionനിൽ അമ്മച്ചിയോടൊപ്പം താമസിക്കുന്ന, 12 പട്ടികളുള്ള വീട്ടിലെ പെണ്കുട്ടി, വർഷ!!!
അവിടെ വച്ച്, ആ സ്പോട്ടില്‍ വച്ച്, ഞാന്‍ അഞ്ജനക്കുട്ടിയുടെ ഫോട്ടോ എന്റെ മനസ്സിന്റെ ക്ലിപ്പ് ബോര്‍ഡില്‍ നിന്ന് മാറ്റി, അവിടെ വർഷക്കുട്ടിയെ കയറ്റി വച്ചു.
അന്ന് രാത്രി ഞങ്ങളൊരുമിരിച്ചായിരുന്നു ബോട്ടില്‍ പോയത്.
ഈ അനുഭവം വച്ച് നോക്കുമ്പോൾ എന്ത് Valentines day ഭായ്? ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല! പിന്നാ...