ദുബൈ: റണ്‍വേ ബലപ്പെടുന്നതിന്‍െറ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ആറു മാസം ഭാഗികമായി അടച്ചിടുന്നത് മലബാര്‍ മേഖലയിലെ പ്രവാസികളെയും ഉംറ, ഹജ്ജ് യാത്രക്കാരെയും കൊടും ദുരിതത്തിലാക്കും. ഗള്‍ഫുകാര്‍ ഏറ്റവും കൂടുതല്‍ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്ന മെയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. വലിയ വിമാനങ്ങള്‍ക്ക് തിരക്കേറിയ ഈ കാലയളവില്‍ കരിപ്പൂരിലേക്ക് തീരെ സര്‍വീസ് നടത്താനാവില്ല. മറ്റു വിമാനങ്ങള്‍ റണ്‍വേ ജോലിയുടെ സമയം നോക്കി പുതിയ ഷെഡ്യൂള്‍ തയാറാക്കേണ്ടിവരും. റണ്‍വേ ജോലി നടക്കുന്ന ഉച്ച 12 മുതല്‍ രാത്രി എട്ടുവരെ വിമാനത്താവളം പൂര്‍ണമായി അടച്ചിടുമെന്നാണ് അറിയിപ്പ്.
ഗള്‍ഫ് പ്രവാസികള്‍ മിക്കവരും നാട്ടിലേക്ക് യാത്രചെയ്യുന്ന സ്കൂള്‍ അവധിക്കാലം, ഈദുല്‍ ഫിത്വ്ര്‍, ഓണം എന്നിവ ഈ കാലയളവിലാണ് വരുന്നത്. ധാരാളമായി ഉംറ യാത്രകളും നടക്കുന്ന സമയമാണിത്.സെ്പറ്റംബര്‍ പകുതിയോടെ ഹജ്ജ് സീസണും ആരംഭിക്കും. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ പറത്തുന്നത് ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈനും ജിദ്ദ ആസ്ഥാനമായുള്ള സൗദിയ എയര്‍ലൈന്‍സുമാണ്്. സൗദി സെക്ടറിലേക്ക് എയര്‍ ഇന്ത്യയും ജംബോ സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സും സൗദിയയും പൂര്‍ണമായും ആറു മാസം കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവരും. എമിറേറ്റ്സ് എയര്‍ലൈന്‍ മെയ് ഒന്നുമുതലുള്ള കരിപ്പൂര്‍ ബുക്കിങ് നിര്‍ത്തിവെച്ചുകഴിഞ്ഞു. ആഴ്ചയില്‍ 11 വിമാനങ്ങളാണ് എമിറേറ്റ്സ് ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് പറത്തുന്നത്. യു.എ.ഇയിലെ മാത്രമല്ല ഗള്‍ഫ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും എമിറേറ്റസ് എയര്‍ബസ് 330, ബോയിങ് 777 വിമാനങ്ങളിലാണ് കോഴിക്കോട്ടത്തെിക്കുന്നത്. സൗദിയയാകട്ടെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.
എമിറേറ്റ്സിന് വലിയ വിമാനങ്ങള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ സര്‍വീസ് പൂര്‍ണമായൂം നിര്‍ത്തിവെക്കേണ്ടിവരും. മെയ് മുതല്‍ നവംബര്‍ വരെ കോഴിക്കോട്ടേക്ക്് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇവര്‍ക്ക് കൊച്ചിയിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാനാണ് സാധ്യതയെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.സൗദി അറേബ്യന്‍ എയര്‍ലൈന്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തുമോ ചെറിയ വിമാനങ്ങള്‍ ഉപയോഗിക്കുമോ എന്ന കാര്യം വ്യക്തമല്ല.
എയര്‍ അറേബ്യ, ഇത്തിഹാദ് എയര്‍വേസ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ,ജെറ്റ് എയര്‍വേസ്,ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ കമ്പനികള്‍ ഗള്‍ഫില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും താരതമ്യേന ചെറിയ വിമാനങ്ങളായതിനാല്‍ സര്‍വീസ് റദ്ദാക്കേണ്ടിവരില്ല. പക്ഷെ സമയക്രമം മാറ്റേണ്ടിവരും.
275 മുതല്‍ 350 വരെ യാത്രക്കാരെ കയറ്റാവുന്ന വിമാനങ്ങള്‍ പറത്തുന്ന എമിറേറ്റ്സും സൗദി എയര്‍ലൈന്‍സും സര്‍വീസ് നിര്‍ത്തുന്നതോടെ വലിയ തോതില്‍ ടിക്കറ്റ് ക്ഷാമമുണ്ടാകുമെന്ന് ഉറപ്പാണ്. യാത്രക്കാരുടെ എണ്ണം കൂടുന്ന സീസണായതിനാല്‍ നിലവില്‍ തന്നെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്ന കാലയളവിലാണ് സര്‍വീസുകളുടെ എണ്ണം കുറയാന്‍ പോകുന്നത്. കഴുത്തറപ്പന്‍ നിരക്ക് നല്‍കിയാലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് പ്രവാസികളെ കാത്തിരിക്കുന്നതെന്ന് ചുരുക്കം. ഗള്‍ഫിലേക്കുള്ള ചരക്ക് കടത്തിനെയും വിമാനത്താവളം അടച്ചിടുന്നത് ബാധിക്കും.
റണ്‍വേ ബലപ്പെടുത്തല്‍ അത്യാവശ്യമാണെങ്കിലും തിരക്കുപിടിച്ച സമയം തന്നെ അതിന് തെരഞ്ഞെടുത്തതിലാണ് പ്രതിഷേധമുയരുന്നത്. 2014 ഏപ്രിലില്‍ ടെണ്ടര്‍ ക്ഷണിച്ച ജോലിയാണ് ഒരു വര്‍ഷം കഴിഞ്ഞ് ചെയ്യാന്‍ പോകുന്നത്. 40 കോടി രൂപയാണ് വ്യോമയാന മന്ത്രാലയം ഇതിനായി നീക്കിവെച്ചത്. ഇതിന് മുമ്പ് 2009 ലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ റണ്‍വേ ബലപ്പെടുത്തിയത്.