ഫലസ്തീന്‍ - ചെറുത്തു നില്‍പ്പിന്റെ ആറു പതിറ്റാണ്ട്

55 views
Skip to first unread message

Vahid K

unread,
Jan 20, 2009, 10:51:10 AM1/20/09
to
ഫലസ്തീന്‍ - ചെറുത്തു നില്‍പ്പിന്റെ ആറു പതിറ്റാണ്ട്

ഇന്നിന്റെ പകലിരവുകള്‍ക്ക്‌ രോദനത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ല. ഫലസ്തീനി മക്കളെ നിരന്തരമായി പീഡിപ്പിക്കുന്നതിനെതിരെ ലോക മനസ്സാക്ഷിയുടെ വികാരം എന്തു തന്നെയായായായാലും അതുള്‍ക്കൊള്ളാന്‍ ഇസ്രായേലോ അവരുടെ സംരക്ഷകരായ ഹിപ്പോക്രസിയുടെ മേലാപ്പണിഞ്ഞ അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ തയ്യാറാവുന്നില്ല. ചരിത്രത്തെ വളച്ചൊടിച്ച് ഒരു ജനതയുടെ അസ്ഥിത്വത്തെയും മണ്ണിനെയും അധിനിവേശം ചെയ്യുന്ന സയണിസ്റ്റ് ഭീകരത നമ്മുടെ മനസ്സാക്ഷിയെ ചോദ്യം ചെയ്തു തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി.

തിയോഡര്‍ ഹെര്‍സലാണ് രാഷ്ട്രീയ സയണിസത്തിന്റെ ഉപജ്ഞാതാവ്. 1882 ല്‍ രൂപം നല്കിയ തന്റെ ആശയങ്ങള്‍ 1887 ബാസിലില്‍ ചേര്‍ന്ന ആദ്യ സയണിസ്റ്റ് കോണ്ഗ്രസ്സില്‍ അവതരിപ്പിച്ചു. ഹോളോകാസ്റ്റിനെ കുറിച്ചും സെമിറ്റിക്‌ വിരോധത്തെ കുറിച്ചും ഊതി പെരുപ്പിച്ച നുണകളും അര്‍ദ്ധ സത്യങ്ങളും പ്രചരിപിച്ച്‌ ജൂത സമൂഹത്തെ ഒരു പീഡിത സമൂഹമായി അവതരിപ്പിച്ചു. ഹെര്‍സലിന്‌ തന്റെ സയണിസ്റ്റ് രാഷ്ട്രത്തിന്റെ പ്രദേശം ഏതെന്നത് പ്രാധാന്യമുള്ളതായിരുന്നില്ല. അര്ജന്റീനയോ ഉഗാണ്ടയോ ഫലസ്തീനോ എന്ന് മുന്നോട്ടു വച്ചു. ഫലസ്തീന്‌ മുന്‍ഗണന നല്‍കുകയും ചെയ്തു. അധിനിവേശ ശക്തികളുമായുള്ള വിലപേശലിനതായിരുന്നു നല്ലതെന്ന കാരണത്താല്‍. തികച്ചും കോളോണിയല്‍ മാതൃകയിലുള്ള പടിഞ്ഞാറന്‍ ദേശീയതയിലധിഷ്ഠിതമായ ഒരു രാജ്യമായിരുന്നു അവര്‍ ലക്ഷ്യം വച്ചത്.  കോളോണിയലിസം നില നില്‍ക്കുന്ന ജന സമൂഹത്തിന്റെ വികാരം തെല്ലും പരിഗണിക്കേണ്ടതില്ല എന്നാണല്ലോ. സയണിസ്റ്റ് മനസ്ഥിതിയും അങ്ങനെ തന്നെ. എന്നാല്‍ 1917 ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ തദ്ദേശവാസികളുടെ താല്‍ര്യങ്ങള്‍ ഹനിക്കാതെ ഫലസ്തീനില്‍ യഹൂദന്‍മാര്‍ക്ക്‌ ഒരു ദേശീയ ഗേഹമുണ്ടാക്കുന്നതിനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ്‌ പിന്തുണ നല്‍കിയത്. സയണിസ്റ്റ് രാഷ്ട്രീയത്തിന്റെ നേതാക്കള്‍ ഫലസ്തീനു മേല്‍ മുഴുവനായും സയണിസ്റ്റ് രാഷ്ട്രീയ മേധാവിത്വം സ്ഥാപിക്കുന്നതിന് അനുഗുണമാം വിധം തദ്ദേശവാസികളെ പുറത്താക്കി അവിടെ ഒരു യഹൂദ രാഷ്ടം സ്ഥാപിക്കുക എന്ന അര്ത്ഥകല്‍പ്പന നല്‍കി ഇതിനെ ദുരുപയോഗപ്പെടുത്തുകയായിരുന്നു.

ഒന്നാം ലോകയുദ്ധാനന്തരമായി  1922ല്‍ ഫലസ്തീനു വേണ്ടിയുള്ള ബ്രീട്ടീഷ് മാന്ഡേറ്റിലും തദ്ദേശിയരുടെ വികാരത്തെ മാനിക്കാനുള്ള വാക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം സൌകര്യ പൂര്‍വ്വം മറക്കുകയാണ്‌ സയണിസത്തിന്റെ വക്താക്കള്‍ ചെയ്തത്. 1947 നവം. 29 നാണ് ഫലസ്തീനെ വിഭജിക്കാനുള്ള ഐക്യരാഷ്ട്ര സഭാ തീരുമാനമുണ്ടായത്. 1948 മെയ് 5 ന് ബ്രിട്ടീഷ് മാന്‍ഡേറ്ററി ഭരണം അവസാനിച്ചു. ജനസംഖ്യയില്‍ 68% വരുന്ന അറബികളെ അവരുടെ കയ്യിലുണ്ടായിരുന്ന 93% ഭൂമിയില്‍ നിന്ന് 45% ജൂതനു പകുത്തു നല്‍കി അവരെ പുറത്താക്കുന്ന ഇരുപതാം നുറ്റാണ്ടു കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു അരങ്ങേറിയത്.

പിന്നീടങ്ങോട്ട് അതിക്രമങ്ങളുടെ പരമ്പരയായിരുന്നു. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്‌, ചെക്കോസ്ളോവാക്യ എന്നീ രാജ്യങ്ങളുടെ പിന്തുണയുമായി ജൂത സൈന്യവും മറുവശത്ത് പതിത്വം പേറി ആരാലും സഹായിക്കപ്പെടാതെ ഫലസ്തീനികളും. അറബ് ലീഗിന്റെ നിരുത്തരവാദപരമായ നടപടികളും ഫലസ്തീനികളെ നിസ്സഹായരാക്കി. 1949 ലെ ആദ്യ അറബ് ഇസ്രായേല്‍ യുദ്ധം കഴിഞ്ഞപ്പോഴേക്കും ഫലസ്തീനിന്റെ എണ്‍‌പത്‌ ശതമാനവും സയണിസ്റ്റുകളുടെ നിയന്ത്രണത്തിലായിരുന്നു. 7,70,000 ഫലസ്തീനികള്‍ രാജ്യ ഭ്രഷ്ടരുമായി.

അതിഭീകരമായ ദെര്‍യാസീന്‍ കൂട്ടക്കൊലയോടു കൂടി സയണിസം തങ്ങളുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെക്കുന്ന ആ നയം ഇന്നും മാറ്റമില്ലാതെ തുടരുന്നു. 1956 ലെയും 1967 ലെയും 1973 ലെയും അറബ് ഇസ്രായേല്‍ യുദ്ധങ്ങളില്‍ അമേരിക്കന്‍ യൂറോപ്പ്യന്‍ ശക്തികളുടെ സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ ഇസ്രായേലിനെ അറബികളെ പരാജയപ്പെടുത്തുന്നതിന് സഹായിച്ചു. അറബ്‌ ലീഗിന്റെയും മറ്റു അറബ് ഇസ്ലാമിക് രാജ്യങ്ങളുടെയും നിരുത്തരവാദ സമീപനങ്ങളും സമ്രാജ്യത്വ വിധേയത്വവും ഫലസ്തീനികളെ നിസ്സഹായരും പീഡിതരുമാക്കിത്തീര്ത്തു.

50 കളുടെ അവസാനത്തില്‍ യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍  ഫതഹ്‌ പാര്‍ട്ടി രൂപീകൃതമായി. അറുപതുകളില്‍ ശക്തമായ വിമോചന പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഫതഹ്‌, ഫലസ്തീന്‍ വിമോചനത്തിന്റെ പ്രതീക്ഷയേറ്റി. എണ്‍പതുകളില്‍ പോരാട്ടത്തിന്റെ മാര്‍ഗത്തില്‍ നിന്ന്‌ പിറകോട്ട്‌ പോവുന്ന ഫതഹിന്റെ രീതികള്‍ യാസര്‍ അറഫാത്തിനു മേലുള്ള ഫലസ്തീനികളുടെ വിശ്വാസത്തിന്‌ കോട്ടം വരുത്തി. യാസര്‍ അറഫാത്തിനു നേരെയുണ്ടായ അഴിമതി ആരോപണങ്ങളും  പി.ല്‍.ഓ യുടെ കെടുകാര്യസ്ഥതകളും യാസര്‍ അറഫാത്തിനെയും ഫതഹിനെയും സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി. 1988 ല്‍ ഇസ്രായേലിനെ അംഗീകരിച്ചതും സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശത്തെ പിന്തുണച്ചതും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയാന്‍ കാരണമായി.

വംശീയത ആഭ്യന്തര നയവും വിസ്‌തൃതവല്‍ക്കരണം വിദേശ നയവുമാണ് ഇസ്രായേലിന്. ഈ നയസമീപനം ഇസ്രായേലിലുള്ള അറബികളോട്‌ കടുത്ത വിവേചനം കാണിക്കാനും അയല്‍ രാജ്യങ്ങളില്‍ കടന്നു കയറുന്നതിനും സയണിസ്‌റ്റുകളെ ഉല്‍ത്സുകരാക്കിത്തീര്‍ക്കുന്നു. 1982 ലെ ശബ്റ ശത്തീല അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കടന്നു കയറിയ ഏരിയല്‍ ഷാരോണും സംഘവും 3500 പേരെയാണ് ഒറ്റ രാത്രി കൊണ്ട് കൊന്നൊടുക്കിയത്.

1987 ലാണ് ഒന്നാം ഇന്‍തിഫാദ ആരംഭിക്കുന്നത്. ഉയര്‍ത്തെഴുന്നേല്‍പ്പെന്ന ഈ പദം തീര്‍ച്ചയായും ശരി വെക്കുന്നതായിരുന്നു അതിന്റെ ജനകീയ പങ്കാളിത്തം. നാല്‍പതു വര്‍ഷം കൊണ്ടു വേരെടുത്ത ഉദാസീനതയും ദൌര്‍ബല്യവും ഇന്‍തിഫാദ പറിച്ചു കളഞ്ഞു. ചെറുത്തു നില്‍പ്പിനുല്‍ത്സുകരായ ഒരു പുതു തലമുറ ഉയര്‍ന്നു വന്നു. സന്ധിയില്ലാത്ത സമര പാതയിലൂടെ ചടുലമായ നേതൃത്വത്തിലൂടെ ഹമാസ്‌ രംഗപ്രവേശനം ചെയ്തു.

വഞ്ചനയുടെ ശിശുവായ ഇസ്രായേലിനെ അംഗീകരിക്കാന്‍ ഫതഹും യാസര്‍ അറഫാത്തും തയ്യാറായപ്പോള്‍, ഹമാസ് ഇന്നു വരെ ഇസ്രായേലിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. കീഴൊതുങ്ങാന്‍ തയ്യാറാവാത്തവരുടെ ശബ്ദമായിരുന്നു ഹമാസ്. ജനസേവന പ്രവര്‍ത്തങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയ ഹമാസിന്‌ പെട്ടെന്നു തന്നെ ജനപിന്തുണയേറി. ശൈഖ് അഹ്‌മദ് യാസീനെന്ന വികലാംഗന്‍ തന്റെ ഓരോ പ്രഭാഷണങ്ങളിലൂടെയും ഫലസ്തീനികളുടെ ആത്മ ധൈര്യം വര്‍ദ്ധിപ്പിച്ചു. മധ്യധരണ്യാഴി മുതല്‍ ജോര്‍ദ്ദാന്‍ വരെയുള്ള ഫലസ്തീന്റെ വിമോചനമെന്ന തങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് അണുകിട വ്യതിചലിക്കാന്‍ ഹമാസ് തയ്യാറാകുന്നില്ല.

അമേരിക്ക പി.ല്‍.ഒ യെ ഫലസ്തീന്റെ ഔദ്യോഗിക മുഖമായി അംഗീകരിച്ച് ചര്‍ച്ചകള്‍ നടത്തി. 1993 സപ്തംബറില്‍ ഓസ്ലോ സാമധാന കരാറില്‍ ഒപ്പ് വെച്ചു. ആദ്യമായി ഒരു ഫലസ്തീനീ വിമോചന പ്രസ്ഥാനം ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിക്കുകയായിരുന്നു പി.ല്‍.ഓയും യാസര്‍ അറഫാത്തും.  78% ഫലസ്തീന്‍ ഭൂമി നഷ്ടമാവുന്ന ഈ കരാറിനെ ഫലസ്‌തീന്‍ വിമോചന പ്രസ്ഥാനങ്ങള്‍ തള്ളിക്കളഞ്ഞു. അപ്പക്കഷ്ണങ്ങള്‍ കൊണ്ട് തൃപ്‌തരായി വിമോചന പോരാട്ടം നിര്‍ത്തി വക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

1993 ല്‍ ഒന്നാം ഇന്‍തിഫാദ നിര്‍ത്തി വച്ചു. ഹമാസിന്റെ നേതൃനിരകളിലെ ആറു നിരകള്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകത ലോക സമൂഹത്തിന്  ബോധ്യപ്പെടുത്തുകയും ഫലസ്‌തീനോടുള്ള അനുഭാവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതില്‍ ഇന്‍‌തിഫാദ മുഖ്യപങ്കു വഹിച്ചു. അതുപോലെ, ഇസ്രായേലിന്റെ കപട ജനാധിപത്യവും മര്‍ദ്ദക നയങ്ങളും തുറന്നു കാട്ടി. ഫലസ്തീന്‍ ജനതയുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാനും ഒരു സ്വതന്ത്ര ഫലസ്തീന്‍ സാമ്പത്തിക മേഖല നിലവില്‍ വരുത്താനും സഹായിച്ചു. ചതിയരെയും വഞ്ചകരെയും തുറന്നു കാട്ടി. സ്വാതന്ത്ര്യവും മോചനവും കാംക്ഷിക്കുന്ന  പോരാടാന്‍ തയ്യാറായ ഒരു ജനതക്ക് അത് ജന്മം നല്‍കി.  ഇസ്രായേല്‍ അതിന്റെ ക്രൂരതകള്‍ അന്യുസ്യൂതം തുടര്‍ന്നു. യഹ്‌യാ ഇയ്യാശിനെ മൊബൈല്‍ ബോംബിലൂടെ കൊലപ്പെടുത്തുകയും ഖാലിദ് മിശ്അലിനെ വിഷ വാതകം വിട്ട് വധിക്കാനുദ്ദ്യമിക്കുകയും ചെയ്തു. ഈ സമയത്തെല്ലാം ഇസ്രായേല്‍ തങ്ങളുടെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. 2000 മാണ്ടില്‍ റഷ്യന്‍ ജൂത കുടിയേറ്റക്കാരുടെ എണ്ണം മാത്രം 10 ലക്ഷം കവിഞ്ഞിരുന്നു.

2000ല്‍ നടന്ന ക്യാംപ്‌ ഡേവിഡ് ചര്‍ച്ച തീരുമാനമൊന്നുമാകാതെ പിരിഞ്ഞു. 2000 സപ്തംബര്‍ 28 ന് ഏരിയല്‍ ഷാരോണ്‍ 3000 സൈനികരുടെ അകമ്പടിയോടെ മസ്‌ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ചു. മുസ്ലീങ്ങളോടുള്ള ഈ അവഹേളനം രണ്ടാം ഇന്‍തിഫാദക്ക് തിരികൊളുത്തി. ലോക മനസ്സാക്ഷിയെ മരവിപ്പിച്ച മുഹമ്മദ് അബുദ്ദുറ എന്ന കൊച്ചു ബാലന്റെ രക്തസാക്ഷിത്വം ലോകം ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെ ദര്‍ശിച്ചു. ലോകം ഈ ഹീന കൃത്യത്തെ അപലപിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. ആദ്യ ഇന്‍തിഫാദയെ നേരിട്ടപോലെ തന്നെ അതി ക്രൂരമായാണ്‌ രണ്ടാം ഇന്‍തിഫാദയെയും ഇസ്രായേല്‍ നേരിട്ടത്. ഒന്നാം ഇന്‍തിഫാദയെ എതിര്‍ത്ത പോലെ രണ്ടാം ഇന്‍തിഫാദയെയും എതിര്‍ക്കുകയാണ്‌ യാസര്‍ അറഫാത്തും പി.ല്‍.ഓ യും ചെയ്തത്. രണ്ടാം ഇന്‍തിഫാദയെ നേരിടാന്‍ വിമോചന പ്രസ്ഥാനങ്ങളുടെ നേതാക്കളെ വധിക്കുക എന്ന നയവും ഇസ്രായേല്‍ നടപ്പാക്കി. സ്വലാഹ്ശഹാദ, ഡോ. ഇബ്രാഹീം അല്‍ മുഖാദിമ, അബ്ദുല്ല അഹ്‌ല്‍, അബൂ ശനബ് തുടങ്ങിയവരെയും 2004  ല്‍ ശൈഖ് അഹ്‌മദ്‌ യാസീനെയും അബ്ദുല്‍ അസീസ് റന്‍തീസിയെയും ഇസ്രായേല്‍ കൊലപ്പെടുത്തി. ഇതേ വര്‍ഷം തന്നെ യാസര്‍ അറഫാത്ത്‌ രോഗാതുരനാകുകയും നവം. 11 ന്‌ മരണമടയുകയും ചെയ്തു. മഹ്‌മൂദ്‌ അബ്ബാസ് പി.എല്‍.ഓ യില്‍ യാസര്‍ അറഫാത്തിന്റെ പിന്‍ഗാമിയായി.

കുടിലമായ വംശീയ ഒറ്റപ്പെടുത്തലിന്റെ മതില്‍ നിര്‍മ്മാണം ന്യായികരിക്കാന്‍ ലോക സമൂഹം തയാറാകുന്നതാണ്‌ നാം കാണുന്നത്. 8 മീറ്റര്‍ ഉയരമുള്ള 700 കിലോമീറ്റര്‍ നീളത്തിലുള്ള മതില്‍ നിര്‍മാണം ഫലസ്തീനികളെ ഒറ്റപ്പെടുത്തുക എന്നതു മാത്രം ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നു.  കൊളോണിയല്‍ സയണിസ്റ്റ് മനശ്ശാസ്ത്രത്തിന്റെ ഉദാഹരണങ്ങളിലൊന്ന്. ലോക നീതിന്യായ കോടതി അപലപിച്ചിട്ടു പോലും ഇസ്രായേല്‍ മതില്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോയി.

2005 ലെ ഇസ്രായേലിന്റെ ഗാസാ പിന്‍മാറ്റം പൂര്‍ണ്ണാര്‍ത്ഥത്തിലുള്ളതായിരുന്നില്ല, അത്തരമൊന്നായാണ് ലോകം അതിനെ നോക്കി കണ്ടെതെങ്കിലും..! 2006 ലെ 33 ദിവസ ലബനാന്‍ അധിനിവേശം ഇസ്രയേലിന്റെ നിരുപാധിക പിന്‍മാറ്റത്തിലാണ്‌ കലാശിച്ചത്. ഹസന്‍ നസ്സ്റുല്ല നേതൃത്വം കൊടുക്കുന്ന ഹിസ്‌ബുല്ലയുടെ ശക്തമായ തിരിച്ചടികള്‍ നേരിടാന്‍, സിവിലിയന്‍  കേന്ദ്രങ്ങളില്‍ ബോംബിടുന്ന പരാജയ യുദ്ധതന്ത്രം പുറത്തെടുക്കാന്‍ ഇസ്രായേലിനെ നിര്ബന്ധിതമാക്കി. ഇസ്രായേലിന്‌ നേട്ടങ്ങളൊന്നും നല്‍കാതെ ഏറെ ആള്‍ നഷ്ടവും വിഭവ നഷ്ടവും ഉണ്ടാക്കിയ യുദ്ധമായിരുന്നു 2006 ലേത്.

2006-ലാണു ഹമാസ് ആദ്യമായി പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. ഫതഹിനെ പരാജയപ്പെടുത്തി ഹമാസ്‌ നേടിയ വിജയം ഫലസ്തീനികളെ ഞെട്ടിക്കുന്നതായിരുന്നില്ലെങ്കിലും യൂറോപ്പിനെയും ബുഷിനെയും പശ്ചാത്യ മീഡിയെയും ഞെട്ടിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ ഹമാസിന്റെ ഈ വിജയത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ആയുധ കച്ചവടത്തിന്റെയും അസമാധാനത്തിന്റെയും ഇസ്രായേലിനെ നിരായുധരാക്കേണ്ടതിന്റെ ആവശ്യകത പറയേണ്ടതിനു പകരം ജനാധിപത്യ പാര്ട്ടികള്‍ നിരായുധരായിരിക്കേണ്ടതുണ്ടെന്ന മുടന്തന്‍ ന്യയമാണ്‌ കോഫി അന്നാന്‍ പ്രകടിപ്പിച്ചത്.

ഫലസ്തീന്റെ ചരിത്രാപഗ്രഥനങ്ങള്‍ ചര്‍വിതചര്‍വണങ്ങളാകുകയും നാലു മില്യണിലധികം വരുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളെ കുറിച്ച് മുതലക്കണ്ണീരൊഴുക്കുകയും ഇസ്രായേല്‍ നയങ്ങളെ കേവല വിമര്‍ശനത്തിലൊതുക്കുകയും ചെയ്യുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നു എന്നു കരുതിന്നിടത്താണ്‌ പ്രശ്നങ്ങളുടെ കാതല്‍. ഇസ്രായേല്‍ അതിന്റെ കുടിലതകളുമായി മുന്നോട്ടു പോകുകയാണ്. മാസങ്ങളായുള്ള ബഹിഷ്കരണത്തില്‍ വീര്‍പ്പു മുട്ടുകയായിരുന്ന ഗാസയില്‍ ബോംബുകള്‍ വര്‍ഷിച്ച് രക്തകേളി നടത്തുകയാണ്‌ ഇസ്രായേല്‍. വിദേശ സഹായം ഒട്ടുമില്ലാതെ, ഒറ്റപ്പെട്ട്‌, വൈദ്യുതി  ബന്ധം വിച്ചേദിക്കപ്പെട്ട്‌, ഭക്ഷണം കഴിക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ മേല്‍ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളെ കാറ്റില്‍പറത്തുകയും ശാസനാ പ്രമേയങ്ങള്‍ക്ക്‌ വീറ്റോയെന്നുമുള്ള പതിവ്‌ തമാശകള്‍ തീരുന്നില്ല.

ക്രിയാത്മകമായ ഒരറബ്-മുസ്ലിം ഇടപെടല്‍ ഉണ്ടായേ തിരൂ. എണ്ണയെ ആയുധമാക്കുന്ന ഫൈസല്‍ രാജാവിന്റെ പഴയ യുദ്ധതന്ത്രം പൊടി തട്ടിയെടുക്കേണ്ടതുണ്ട്. ബഹിഷ്കരണമെന്ന ഗാന്ധിയന്‍ ആയുധത്തിനും പ്രസക്തിയുണ്ട്. കേവലം കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണമല്ല, മറിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേലുമായി ഉണ്ടാക്കിയുട്ടുള്ള ആയുധ കച്ചവട കരാറുകള്‍ റദ്ദാക്കപ്പെടേണ്ടതുണ്ട്. പൊതു മനസ്സിന്റെ ശബ്ദം മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പാശ്ചാത്യ സഹായം നിലക്കുകയും അറാബ്‌രാജ്യങ്ങളുടെ അതിര്‍ത്തികള്‍ യുവാക്കള്‍ക്ക്‌ ഫലസ്തീനികളെ സഹായിക്കാനുതകും വിധം തുറക്കപ്പെടുകയും ചെയ്‌താല്‍ ഫലസ്തീന്റെ മോചനവും മധ്യേഷ്യയുടെ സമാധാനവും സാധ്യമാകും.

http://www.thusharam.com/article.asp?artId=325
--
Thanks
Best Regards

ABDUL VAHID K
Dubai UAE
+971503455387
+971552298487
Gaza Genocide .pps
Reply all
Reply to author
Forward
0 new messages