തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക് ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം. ചൂഷണവും പണാര്‍ത്തിയുമാണല്ലോ ചികില്‍സയില്ലാത്ത അര്‍ബുദങ്ങള്‍. മുല്ലപ്പൂ വിപ്ലവകാരികളോട് ഐക്യപ്പെട്ട് വിളിച്ച മുദ്രാവാക്യങ്ങളും മുല്ലപ്പെരിയാറിന്റെ പേരില്‍ തെളിച്ച മനുഷ്യസ്നേഹ ജ്വാലകളും ആത്മാര്‍ഥമായിരുന്നെങ്കില്‍ സൌമ്യ,പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളില്‍ കാണിച്ച പല്ലുഞെരിച്ചിലിന് ലേശമെങ്കിലും നെറിവുണ്ടായിരുന്നെങ്കില്‍ കേരളം ഈ സമരം ഏറ്റെടുക്കണം. നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശപ്പോരാട്ടം പരാജയപ്പെടുക എന്നാല്‍ അതു പൌരസമൂഹത്തിന്റെ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും, ഒരിക്കലും ഉണങ്ങാത്തൊരു മുറിവായിരിക്കുമത്