നാടുമുഴുവന്‍ ഡെങ്കിയാണ്. വെറും പനിവന്ന് ആളുകള്‍ കണ്ട് കണ്ടിരിക്കെ
മരിച്ചുപോകുന്ന ഭീകരമായ അവസ്ഥ. പ്ലേറ്റ് ലറ്റ്സിന്റെ എണ്ണം വളരെവേഗം
താഴുന്നതാണ് ഡെങ്കി മാരകമാകുന്നതിന് ഒരു കാരണം. രക്തലോമികകള്‍ തകര്‍ന്ന്
ആന്തരിക രക്തസ്രാവം ഉണ്ടാകാതെ നോക്കുന്നത് രക്തത്തിലെ പ്ലേറ്റ്
ലെറ്റുകളാണ്.സാധാരണയായി 1.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെ പ്ലേറ്റ് ലറ്റുകള്‍
വേണ്ടിടത്ത് ഡെങ്കി അത് വളരെ വേഗം
അന്‍പതിനായിരത്തിലും താഴേക്ക് കൊണ്ടുപോകുന്നു. രക്തകോശങ്ങള്‍
സൃഷ്ടിക്കപ്പെടുന്ന മജ്ജയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നതും ഡെങ്കു
വൈറസ് പ്ലേറ്റ്ലറ്റുകളെ നശിപ്പിക്കുന്നതുമാണ് കാരണം. പ്ലേറ്റ് ലറ്റുകളുടെ
എണ്ണം ക്രമാതീതമായി താഴുന്നത് ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും രോഗം
മാരകമാക്കുകയും ചെയ്യും
രണ്ടുമൂന്നു മാസങ്ങള്‍ക്കു മുന്‍പ്
എറണാകുളത്ത് നാടോടിമന്നന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് നടക്കുമ്പോള്‍. എനിക്ക്
കടുത്ത പനി പിടിച്ചു. ആറു ദിവസത്തോളം പനിമാറാന്‍ കാത്തെങ്കിലും
ഭേദമാകാത്തതുകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് വീട്ടിലേക്ക്
മടങ്ങേണ്ടിവന്നു. അപ്പോഴാണ് ചിന്ത എന്ന എന്റെ സുഹൃത്ത് ഡെങ്കു
ഭീഷണിയെക്കുറിച്ചും പ്ലേറ്റ് ലറ്റ് കുറഞ്ഞാലുണ്ടാകുന്ന
പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞത്. അവള്‍ക്ക് എവിടെനിന്നോ കിട്ടിയ ലൊടുക്കു
വിദ്യ എനിക്കുപദേശിച്ചു തരാനും മറന്നില്ല. ഡെങ്കുവിനെ തോല്പിക്കാന്‍ പപ്പായ
ഇലയുടെ ജ്യൂസ്. പപ്പായയുടെ ഇലകള്‍ നന്നായി കഴുകി മിക്സിയിലടിക്കുക്ക
അരിച്ചെടുക്കുക ഒരോ ഗ്ലാസുവീതം രാവിലേയും വൈകുന്നേരവും കുടിക്കുക.
അതായിരുന്നു ആ ലൊടുക്കു മരുന്ന്. എനിക്ക് ഡെങ്കിയാണോ എന്ന്
പരിശോധിച്ചുപോലുമില്ലെങ്കിലും.
കയ്പാണ് കുടിക്കുമോ എന്നുള്ള പുരികം ചുളിക്കലുകളെ വെല്ലുവിളിക്കാനായി
പാവയ്ക്കാ നീരിനെക്കാള്‍ കയ്പുള്ള ആ പാനീയം ഞാന്‍ രണ്ടുനാലു ഗ്ലാസ്
കുടിച്ചിരുന്നു. അന്ന് പനിമാറി. അത് എന്തുകൊണ്ടാണെന്നറിയില്ല.
പനിയ്ക്കുമില്ലേ ഒരു എക്സ്പയറി ഡേറ്റൊക്കെ. അങ്ങനെ പോയതാകും.
ഈയിടെയായി ഡെങ്കി വന്ന കുറേ ആളുകളെ കാണാനിടയായി. അവരോടൊക്കെ ഞാനിതു
പറഞ്ഞു. ആരും ചെവിതന്നില്ല. ഓ. മെഡിക്കല്‍ കോളേജിലെ പ്രഫസറന്മാരും
ആരോഗ്യമന്ത്രിയുമൊക്കെ തലകുത്തി നിന്നിട്ട് നടക്കാത്ത കാര്യമാണ് പപ്പായ
നീരുകൊണ്ട് തീര്‍ക്കാന്‍ വരുന്നത് എന്ന മട്ടായിരുന്നു അവര്‍ക്കെല്ലാം.
കഴിഞ്ഞ ആഴ്ച എന്റെ ഒരടുത്ത ബന്ധുവിനും പിടിച്ചു ഡെങ്കി. പ്ലേറ്റ് ലെറ്റ്
കൌണ്ട് ഒരുലക്ഷത്തിനു താഴെയാണെന്ന് അറിഞ്ഞ ദിവസം തന്നെ പപ്പായ വിദ്യ പറഞ്ഞു
നോക്കി. ആരും അത് ശ്രദ്ധിച്ചുപോലുമില്ല. ആളെ തിരുവനന്തപുരം മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഡ്രിപ്പായി ഇഞ്ചക്ഷനായി.. ചികിത്സ
തകൃതിയായി നടന്നു.. പ്ലേറ്റ് ലറ്റ് കൌണ്ട് താഴേക്കുതന്നെ
വന്നുകൊണ്ടിരുന്നു. ഒടുവില്‍ 49000 ആയപ്പോള്‍ ഞാന്‍ തന്നെ രണ്ടും കല്പിച്ച്
പപ്പായ ജ്യൂസുണ്ടാക്കി. പെപ്സിക്കുപ്പിയിലടച്ചുകൊണ്ടുപോയി
കുടിപ്പിച്ചു. പിറ്റേ ദിവസത്തെ ബ്ലഡ് ടെസ്റ്റില്‍ കൌണ്ട് 68000.
ആളുകള്‍ക്ക് വിശ്വാസമായി പിന്നെ പപ്പായ നീര് പലേടത്തു നിന്നും വന്നു.
കാഞ്ഞിരം പോലെ കയ്ക്കുന്ന നീര് നാലഞ്ചുതവണ വിഴുങ്ങി. രണ്ടു ദിവസത്തിനകം
അവള്‍ വീട്ടിലെത്തി. ഇപ്പോള്‍ സുഖമായിരിക്കുന്നു.
ഇതിന്റെ
ശാസ്ത്രീയ വശം ഒന്നറിയാന്‍ എന്തുവഴി എന്നു നോക്കി നെറ്റില്‍
തപ്പിയിറങ്ങിയതാണ്. അതാ കിടക്കുന്നു ലിങ്കസമാജം. ശാസ്ത്രീയ വശമല്ല.
അനുഭവങ്ങള്‍. എന്നിട്ടെന്തേ എവിടെത്തിരിഞ്ഞു നോക്കിയാലും പപ്പായച്ചെടികള്‍
കാണാന്‍ കഴിയുന്ന, ഡെങ്കി കൊണ്ട് കിടുകിടുങ്ങുന്ന നമ്മുടെ നാട്ടില്‍
ചര്‍ച്ചയാവുന്നില്ല!!! ആരുമെന്തേ ഇതിന്റെ ശാസ്ത്രീയത പഠിക്കുന്നില്ല!!!