പാവം യാത്രക്കാരോട് എയര്‍ ഇന്ത്യ സമാനതകളില്ലാത്ത ധിക്കാരവും ക്രൂരതയും തുടരുമ്പോള്‍ നാടുനീളെ പ്രതിഷേധം അണപൊട്ടുന്നു. യുദ്ധസമയത്ത് എതിര്‍ രാഷ്ട്രത്തോടുപോലും
തോന്നാത്ത അമര്‍ഷമാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയോട് ഉണ്ടായിരിക്കുന്നത്.
പ്രവാസികള്‍ പ്രതിഷേധമത്രയും രേഖപ്പെടുത്തുന്നത് തങ്ങളുടെ ഏറ്റവും വലിയ ആശയവിനിമയ മാര്‍ഗ്ഗമായ ജനകീയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഫേസ് ബുക്കിലൂടെയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ഫേസ് ബുക്കില്‍ നിറയുന്ന പോസ്റ്റുകളില്‍ സങ്കടവും കണ്ണീരും അമര്‍ഷവും പ്രതിഷേധവുമെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നു. അതിനിടയിലും കമ്പനിയുടെ നിരുത്തരവാദിത്വത്തെ കളിയാക്കാനും
മടിക്കുന്നില്ല.
വിവിധതരം പോസ്റ്റുകളില്‍ കമ്പനിയെ രൂക്ഷമായി വിര്‍ശിക്കുന്നതോടൊപ്പം ഭരണാധികാരികളുടെ ഉദാസീനതയെ ചോദ്യം ചെയ്യുന്നുമുണ്ട്. കാശുനല്‍കി യാത്രചെയ്യുന്നവരെ ഗുണ്ടകളോട് ഉപമിച്ച് പീഡിപ്പിക്കുകയും വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിക്കാന്‍ കല്പിക്കുകയും ചെയ്ത പൊലീസുകാര്‍ക്കുനേരെയും പ്രതിഷേധാഗ്‌നി കത്തിജ്വലിക്കുന്നുണ്ടിവിടെ.
എന്നത്തേയും പോലെ അധികൃതരുടെ നിലപാടുകളെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ തന്നെയാണ് ഏറെ ശ്രദ്ധേയം. നിരവധി പേര്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റില്‍ എയര്‍ ഇന്ത്യയുടെ നിരുത്തരവാദിത്വത്തെ ശരിക്കും
കളിയാക്കുന്നുണ്ട്.
ഹലോ അച്ഛനല്ലെ…
അതെ, ഞങ്ങള്‍ ഇവിടെ നിന്ന് തിരിച്ചു…
എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ആണ് അതുകൊണ്ട് അപ്പച്ചന്‍ ഒരു കാര്യം ചെയ്യ്.
നിങ്ങള്‍ രണ്ടായി പിരിഞ്ഞ് കുറച്ചുപേര്‍ തിരുവനന്തപുരത്തേക്കും കുറച്ചുപേര്‍ കൊച്ചിയിലേക്കും വിട്ടോളു…ഇനി കോഴിക്കോട്ട് ഇറങ്ങുന്നതെങ്കില്‍ ഒരു ടാക്‌സി പിടിച്ച് വന്നോളാം…
ഒരുപക്ഷെ മംഗലാപുരം ആണെങ്കില്‍ ഒരു ആംബുലന്‍സ് മാത്രം അയച്ചാല്‍ മതി…
രണ്ട് എയര്‍ഹോസ്റ്റസുമാര്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രം കൊടുത്ത് ഒരു യുവാവ് ഇങ്ങനെ പോസ്റ്റടിച്ചു. കൊച്ചിയിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെ എല്ലാ വിമാനതാവളങ്ങളും കാണിച്ചുകൊടുക്കുന്ന ഒരേയൊരു
കമ്പനി…
എയര്‍ ഇന്ത്യ കൂതറ കമ്പനി…
ജീവനക്കാരുടെ സേവനത്തെ കളിയാക്കികൊണ്ട് പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റില്‍ പൈലറ്റ് പാരച്യൂട്ടിലൂടെ ഭൂമിയിലിറങ്ങുന്ന ചിത്രത്തിനു താഴെ ഇങ്ങനെ എഴുതിവെച്ചു. സമയത്തിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യ പൈലറ്റുമാര്‍
ഭയങ്കര കൃത്യനിഷ്ഠതയാ..
നടന്‍ സുരാജ് വെഞ്ഞാറംമൂട് ഫോണ്‍ ചെയ്യുന്ന ചിത്രം കൊടുത്ത് മറ്റൊരിടത്ത് ഇങ്ങനെ കുറിച്ചുവെച്ചു. അമ്മേ ഞാന്‍ നാട്ടിലേക്ക് വരുന്നത് എയര്‍ ഇന്ത്യ വിമാനത്തിലാണ്.
മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു വക്കീലിനെയും രണ്ട് പൈലറ്റുമാരെയും ഏര്‍പ്പാട് ചെയ്യുക. കുടിവെള്ളം മറക്കാതെ കൊണ്ടുവരണം. പൈലറ്റുമാരെ പാടികേള്‍പ്പിക്കാനുള്ള കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ശശിയോട് പറഞ്ഞ് എനിക്ക് മെയില്‍ ചെയ്ത് തരിക.
ഒരു കാര്‍ട്ടൂണിലെ ഹാസ്യം ഇപ്രകാരമായിരുന്നു:
അമ്മേ ഞാനിന്നലെ മുറ്റത്ത് കളിച്ചോണ്ടിരിക്കുമ്പോള്‍ മുറ്റത്തുനിന്നും തെറിയും ബഹളവും കേട്ടു…
മോന്‍, പേടിക്കണ്ട അത് എയര്‍
ഇന്ത്യയുടെ വിമാനം പോയതായിരിക്കും.
മറ്റൊരു രസകരമായ പോസ്റ്റിലെ വാചകം. അളിയാ, എന്നും ഇങ്ങനെ കുശാലായി നടന്നാല്‍ മതിയോ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഒന്നു യാത്ര ചെയ്യേണ്ടേ…
ഹാസ്യത്തിനേക്കാളേറെ അമര്‍ഷവും സങ്കടവും തന്നെയായിരുന്നു നിരന്തരം അപ്‌ലോഡ് ചെയ്യപ്പെട്ടത്. അതില്‍ അധികവും എയര്‍ ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ആവശ്യവുമായിരുന്നു.
ഉണരുക പ്രവാസികളെ എന്ന തലക്കെട്ടുമായി വന്ന പോസ്റ്റില്‍ ശരിക്കും പ്രതിഷേധം കത്തുന്നുണ്ടായിരുന്നു.
അതിങ്ങനെ, ഗദ്ദാഫിയെയും ഹുസ്‌നി മുബാറക്കിനെയും മുട്ടുകുത്തിച്ച ഫേസ് ബുക്ക്, നിരവധി വിപ്ലവകരമായ സംഭവങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ഫേസ് ബുക്ക്…വിപ്ലവത്തില്‍ ഊറ്റം കൊള്ളുന്ന നമുക്ക് എയര്‍ ഇന്ത്യക്കെതിരെയും പടനയിക്കണം. കൈകോര്‍ക്കുക. ഈ നീചന്മാര്‍ക്കെതിരെ…
മറ്റൊരു പോസ്റ്റ്, മനുഷ്യത്വമില്ലാത്ത എയര്‍ഇന്ത്യക്കെതിരെ മന:സാക്ഷി ഒന്നിക്കുക. സൗജന്യ യാത്രപ്രഖ്യാപിച്ചാല്‍ പോലും യാത്രചെയ്യില്ലെന്ന് പ്രതിജ്ഞ എടുക്കുക.
ധിക്കാരത്തിനുമുന്നില്‍ ശബ്ദിച്ചതിന് അപമാനിക്കപ്പെട്ട യാത്രക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. എയര്‍ ഇന്ത്യയുടെ ക്രൂരന്മാര്‍ക്കെതിരെ ധീരമായി ശബ്ദിച്ച സഹോദര, നിങ്ങള്‍ക്ക് പിറകില്‍ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. ധൈര്യമായി മുന്നേറുക…
കഠിനമായ ദ്രോഹത്തിനൊടുവില്‍ ദാഹിച്ചുവലഞ്ഞപ്പോള്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ച യാത്രക്കാരനോട് മൂത്രം കുടിക്കാന്‍ പറഞ്ഞ പൊലീസിനുനേരെ അടക്കാനാവാത്ത അമര്‍ഷമാണ് എല്ലാവരും രേഖപ്പെടുത്തിവെച്ചത്. നിറഞ്ഞ സങ്കടത്തോടെ അവര്‍ ഇങ്ങനെ ചോദിച്ചു.
നിനക്ക് വിശക്കുമ്പോള്‍ നീ കഴിക്കുന്നതും കുടിക്കുന്നതും മലവും മൂത്രവും തന്നെയാണോ. ആയിരിക്കാം, പക്ഷെ, ഞങ്ങള്‍ പ്രവാസികള്‍ കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് അന്തസും അഭിമാനവുമുണ്ട്.
എയര്‍ ഇന്ത്യയുടെ സേവനത്തെ കളിയാക്കുന്ന സ്റ്റാറ്റസുകളും വാളില്‍ നിരന്നു. അതില്‍ ചിലതിങ്ങനെ:
ഞങ്ങള്‍ ഞങ്ങള്‍ക്കു തോന്നുന്ന സ്ഥലത്തു നിന്ന് തോന്നുന്ന സ്ഥലത്തേക്ക് തോന്നുന്ന സമയത്ത് തോന്നുന്ന റൂട്ടു വഴി വിമാനം പറപ്പിക്കും. സൗകര്യമുള്ള തെണ്ടിപ്പട്ടി ചെറ്റകള്‍ കയറിയാല്‍ മതി. അലവലാതികള്‍ അവധിയാകുമ്പോ
പെട്ടീം കെട്ടിപ്പെറുക്കി നാട്ടില്‍ക്കെടക്കുന്ന തന്തേം തള്ളേം കെട്ടിയോളേം പിള്ളേരേം കാണാന്‍ വേണ്ടി ഞങ്ങടെ വിമാനത്തിലേക്ക് വലിഞ്ഞു കയറിവരുമ്പോള്‍ ഞങ്ങള്‍ വിമാനക്കൂലി രണ്ടിരട്ടിയോ മൂന്നിരട്ടിയോ
ഒക്കെയാക്കിയെന്നിരിക്കും. സൗകര്യമുള്ളവര്‍ കയറിയാല്‍ മതി…
ഓരോ പോസ്റ്റും വന്‍ ചര്‍ച്ചക്കാണ് വഴിയൊരുക്കിയിട്ടുള്ളത്.